Saturday, April 2, 2016

പെരുമാള്‍ മുരുകന്‍



ഈ അടുത്തകാലത്ത് ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ച "മാതൊരുപാകൻ "
എന്ന നോവൽ രചിച്ച പെരുമാൾ മുരുകനെയാണ് ഞാൻ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്

ഫേയ്സ്ബുക്ക് വ്യാപകമായിട്ട് അധികനാളുകളായിട്ടില്ല.. എങ്കിലും കോടാനുകോടി പോസ്റ്റുകൾ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പല ഭാഷയിലും നിമിഷങ്ങൾ തോറും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

പക്ഷെ ലോകജനതയെ മുഴുവൻ ഞെട്ടിച്ച..... അമ്പരപ്പിച്ച ഒരു പോസ്റ്റ കുറച്ചു നാൾ മുമ്പ് വന്നു. ആത്മാഹൂതി നടത്തിയ ഒരു സാഹിത്യകാരന്റെ....
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സാഹിത്യ ലോകത്തോട് സ്വന്തം മരണം പ്രഖ്യാപിച്ച ആ പ്രതിഭയാണ് പെരുമാൾ മുരുകൻ.

ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ കടക്കൽ ആഞ്ഞു വെട്ടിയ ഫാസിസ്റ്റുകളുടേയും ഭരണകൂടത്തിനേറെയും മുമ്പിൽ തന്റെ സർഗ്ഗ ശക്തി അടിയറ വെക്കേണ്ടി വന്ന സാഹിത്യകാരന്റെ തിരിച്ചടി

പോസ്റ്റ് ഇതാണ്:
മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ ഉയിർത്തെഴുനേൽക്കാനും പോകന്നില്ല. പുനർജന്മത്തിൽ അയാൾക്കു വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനി മുതൽ പി.മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക. ഇനിയുള്ള ജീവിതം മരണത്തിന് തുല്യമായിരിക്കും.

വർഗ്ഗീയതക്കെതിരെ ഇ.വി.രാമസ്വാമി നയിച്ച വമ്പൻ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച സമരഭൂമി തമിഴകത്താണ് ഇത് സംഭവിച്ചത്.തമിഴകത്തെ സുപ്രധാന കക്ഷികൾ രണ്ടും മൌനം പാലിക്കുകയാണ് ചെയ്തതെന്നറിയുമ്പോൾ ഭരണ കേന്ദ്രങ്ങളിൽ വർഗ്ഗീതയുടെ സ്വാധീനശക്തി ഊഹിക്കാവുന്നതേയുള്ളു.

ഇതിനു കാരണമായി ഭവിച്ചത് അദ്ദേഹത്തിന്റെ "മാതൊരുപാകൻ " എന്ന നോവലാണ്. മാതൊരുഭാഗൻ (മാത് -സ്ത്രീ ഭാഗമായിട്ടുള്ള) അർദ്ധനാരീശ്വരൻ എന്നാണർത്ഥo.
തിരുച്ചെങ്കോട് അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പതിറ്റാണ്ടു
കൾക്കു മുമ്പ് നിലവിലിരുന്ന ഭദ്രമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ തന്റെ രചനകളിലൂടെ ജനങ്ങൾക്കു മുമ്പിൽതുറന്നുകാട്ടിയതാണ്ഫാസിസ്റ്റുകളെ വികാരം കൊള്ളിച്ചത്. ഹൈന്ദവ സംഘടനകൾ ഒന്നടങ്കം പുസ്തകം പിൻവലിക്കാനും അല്ലാത്തപക്ഷം പുസതകൾ തീയിട്ടു നശിപ്പിക്കാനും ആഹ്വാനം ചെയ്തു. മതേതര രാഷ്ട്രമെന്നു വീമ്പിളക്കുന്ന ഇന്ത്യയിലാണ് ഇതു സംഭവിച്ചതെന്നോർക്കണം

.അനപത്യതാ ദുഃഖം സമൂഹത്തെ ദുർഭൂതം പോലെ വേട്ടയാടിയിരുന്ന കാലം.
സ്ത്രീ പുരുഷ സംഗമമാണ് ദൈവമെന്ന സങ്കല്പത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ജനങ്ങൾ..............അർദ്ധനാരീശ്വര ക്ഷേത്രത്തിലെ വൈകാശി വിശാഖം രഥോത്സവത്തിന്റെ അവസാന നാളിൽ.... (ദൈവം തിരിച്ചു മലകയറുന്ന നാളിൽ.).... കുട്ടികളില്ലാത്ത സ്ത്രീകൾ ഭർത്താവിനേറെയും കുടുംബത്തിനേറെയും സമ്മതത്തോടെ അന്യപുരുഷനുമായി ചേർന്നു ഗർഭിണികളാകുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു സാമൂഹ്യ പശ്ചാത്തലത്തിന്റെ കഥയാണ് മാതൊരു പാകൻ. ഇങ്ങിനെ ജനിക്കുന്ന കുട്ടികളെ സ്വാമികുഴൻതൈ സ്വാമിപിള്ളെ എന്നാണ് വിളിച്ചിരുന്നത്.
125 വർഷം മുമ്പ് ചിന്നത്തായമ്മാളും വെങ്കിട്ട നായ്ക്കറും അർദ്ധനാരീശ്വര ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതിനെ തുടർന്നാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സാമൂഹ്യ പരിഷ്ക്കർത്താവുമായ ഇ.വി.രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ജനിച്ചത്.

തിരച്ചെങ്കോട്ടു മാത്രമാണ് മാതൊരുപാകൻ എന്ന പേരിൽ ശിവൻ ആരാധിക്കപ്പെടുന്നത്.കർഷകരുടെ നാടാണ് തിരുച്ചെങ്കോട്. അവകാശികളില്ലാതെ കൃഷിസ്ഥലങ്ങൾ നശിച്ചുപോകാതിരിക്കാനും അനപത്യതാ ദുഃഖത്തിന് പരിഹാരവുമായിട്ടാണ് അന്നത്തെ യാഥാസ്ഥിതികർ ഇതിനെ കണ്ടിരുന്നത്.

അടിച്ചമർത്തപ്പെട്ട ആത്മാവിന്റെ ആശ്രയമാണ് അന്ധവിശ്വാസം. സാഹിത്യ കൃതികൾ ഓരോ കാലഘട്ടത്തിന്റേയും സാംസ്കാരിക പ്രതിഫലനമാണ്.

ഇംഗ്ലീഷ് പതിപ്പായ One Part Woman ഇറങ്ങിയ ശേഷമാണ് വിവാദങ്ങൾ കത്തിപ്പടർന്നത്. 2010 ൽ കേന്ദ്ര സാഹിത്യ അക്കാദമി പരിഗണിച്ച നോവലാണ്.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ഈ റോഡ് നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കുമേഖലയുടെ കഥാകാരനാണ് പെരുമാൾ മുരുകൻ. തമിഴ് സാഹിത്യത്തിൽ Ph.D നേടിയ അദ്ദേഹം കുറേക്കാലം നാമക്കൽ ഗവ: ആർട്ട്സ് കോളേജിൽ പ്രൊഫസർ ആയിരുന്നു. ഇപ്പോൾ ചെന്നൈയിൽ പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനാണ്.അദ്ദേഹത്തിന്റെ പത്നിയും തമിഴ് സാഹിത്യത്തിൽ Ph.D കരസ്ഥമാക്കിയ അദ്ധ്യാപികയാണ്.

ആധുനികോത്തര സാഹിത്യത്തിൽ പുതിയ വഴികൾ വെട്ടി തെളിയിച്ച മുരുകന്റെ കൃതികൾ കോളേജ് ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളാണ്.
1990 ൽ എഴുതിയ ഏറു വെയിൽ ആണ് ആദ്യ കൃതി.രണ്ടാമത്തെ നോവൽ നിഴൽ മുറ്റം വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ നേടി.
ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ തായിട്ടുണ്ട്.
67 കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പേരിനു തന്നെ ഒരു പ്രത്യേകതയുണ്ടു്. ആഴ്ചകളെ മാറ്റി വെള്ളി ശനി ബുധൻ ഞായർ വ്യാഴം എന്നിങ്ങിനെയാണ്.ക്രിസ്തുവിന്റെ ജനനകഥയെ പരാമർശിച്ചു കൊണ്ടാണ് രചിച്ചിട്ടുള്ളത്...
തമിഴ്നാട്ടിലെ ദ്രാവിഡ രാഷട്രീയ പാർട്ടികളോട് വിധേയത്വം കാണിക്കാത്ത എഴുത്തുകാരനാണ് മുരുകൻ.
9 നോവലുകളും 4 കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ടു

വിവാദം സൃഷ്ടിച്ച ഒരു കവിത
വേലക്കാരിയുടെ ഉടുവസ്ത്രം / പെരുമാൾ മുരുകൻ ( തമിഴ്‌ )
----------------------------------------------------------------------------------------------
ചോറ്റുപാത്രത്തെ മരക്കൊമ്പിൽ തൂക്കിയിട്ട്‌
തൂങ്ങിക്കിടന്ന സഞ്ചിയിൽ നിന്നും നരച്ച വസ്ത്രത്തെ
എടുത്ത്‌ ഉടുത്തതും അവൾ വേലക്കാരിപ്പെണ്ണായി മാറി.
അവളുടെ കണ്ണുകൾ തറയിൽ പതിഞ്ഞു
യന്ത്രവേഗതക്ക്‌ സമാനമായ്‌
അവളുടെ കൈകൾ പ്രവർത്തനക്ഷമമായി.
വേലക്കാരിയല്ലാതാവുമ്പോൾ അവൾ
വാചാലയാവും വാനിറയെ ചിരിക്കും.
ഭക്ഷണത്തിന്റെ വിശ്രമവേളകളിൽ മണലിൽ കിടന്ന്
ശൃംഗാരക്കണ്ണെറിഞ്ഞ്‌ ശിലപോലെ നോക്കും
കൂടെയുള്ളവർക്കൊപ്പം നൃത്തവും ചെയ്യും.
പകൽ വേളകളിൽ അലറുന്ന വവ്വാലിനെ 
മരശിഖരങ്ങളിൽ തേടുന്നു.
അന്തിമയങ്ങുമ്പോൾ
ശൃംഗാരപ്പൂച്ചുകളെ കഴുകിക്കളഞ്ഞ്‌
സാരി മാറ്റുന്നു.
വേലക്കാരിയുടെ സാരി മരക്കൊമ്പിലേക്ക്‌ മടങ്ങുന്നു
ഇപ്പോൾ അവൾ കൈയും വീശി നടക്കുകയാണ്
മരക്കൊമ്പിലിരുന്ന് പറന്നുയരുന്ന
പ്രഭാതത്തിലെ പറവകളെ പോലെ.
(മൊഴിമാറ്റം --- പി.സുദർശൻ )

അദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവലാണ് മാതൊരു പാകൻ
ഇംഗ്ലീഷിൽ one Part Woman എന്ന പേരിലും മലയാളത്തിൽ അർദ്ധനാരീശ്വരൻ എന്ന പേരിലും പരിഭാഷകളുണ്ടു്

അർദ്ധനാരീശ്വരന്റെ ആമുഖത്തിൽ രവി.ഡി.സി
"വർഗ്ഗീയ വാദികളുടെ വാൾത്തലയിൽ അക്ഷരങ്ങളെ ബലി നൽകാൻ തയ്യാറല്ലാത്തതിനാൽ എഴുത്തു തന്നെ ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയ പെരുമാൾ മുരുകന്റെ വിവാദ നോവൽ മാതൊരുപാകൻ അക്ഷര മണ്ഡലത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയാണ്.
വർഗ്ഗീയതയ്ക്ക് എതിരെയുള്ള ഒരു പ്രതികരണം എന്ന നിലയിലും ഈ നോവലിന്റെ പ്രസിദ്ധീകരണം പ്രസക്തമാണ് " എന്നെഴുതിയിട്ടുണ്ട്

അതിനു ശേഷം പെരുമാൾ മുരുകൻ ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ പ്രഹരം
മൌനത്തിലേക്കുള്ള അദ്ദേഹത്തിന്റെ നിഷ്ക്രമണം കാണുമ്പോൾ വയലാറിന്റെ വരികൾ ഓർത്തു പോകുന്നു

" മൌനത്തെ മഹാശബ്ദമാക്കുവാൻ നിശ്ചഞ്ചല -
ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരിന്ദ്രിയനാഭിപത്മത്തിനുള്ളിൽ പ്രാണ -
സ്പന്ദങ്ങൾ സ്വരൂപിച്ചു വിശ്വരൂപങ്ങൾ തീർക്കാൻ "

അതാവുമോ അദ്ദേഹത്തിന്റെ നിശ്ശബ്ദത !

എങ്കിൽ അതിൽചിതറിത്തെറിക്കണം ഹൈന്ദവ ഫാസിസ്റ്റുകളുടെ ശിരസ്സുകൾ!

ക്ഷേത്രപ്രവേശന വിളംബരം



മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ കന്യാകുമാരിയിൽ നിന്നും ഗോകർണ്ണം വരെ മഴുവെറിഞ്ഞതിലൂടെ നിർമ്മിക്കപ്പെട്ടതെന്ന് പുരാണങ്ങളിൽ പറയുന്ന ഭൂമി.
കേരളം ,
ബി. സി. 4000 മുതലുള്ള കേരളചരിത്രം കുറിക്കപ്പെട്ടിട്ടുണ്ടെങ്കിലും , ബി . സി . 300 ൽ ആര്യന്മാർ ഉത്തരേന്ത്യയിൽ നിന്നും ഇവിടെയെത്തിയതുമുതലുള്ള ചരിത്രത്തിനു മാത്രമേ കൃത്യമായ പിൻബലമുള്ളൂ.
അന്നുമുതൽക്കു തന്നേ ഈ നാട്ടിൽ ജാതിമത വർഗ്ഗവർണ്ണ വ്യത്യാസവും നിലനിന്നിരുന്നു.
ഉന്നതകുലജാതർക്കും ,ശ്രേഷ്ഠജാതിക്കാർക്കും അനുവദിച്ചു കൊടുക്കപ്പെട്ടിരുന്ന സ്ഥാനമാനങ്ങളും അവകാശങ്ങളും അവർ സസന്തോഷം കൈയ്യാളുകയും അധ:കൃതരെ അടിമകളെപ്പോലെ ഉപയോഗിക്കുകയും ചെയ്തുപോന്നു .
കാലം ദീർഘദൂരം പിന്നിട്ടിട്ടും , പല വിദേശ പ്രമാണിമാർക്ക് വിധേയരായി കൊടുക്കേണ്ടി വന്നിട്ടും ഇവിടത്തെ ജാതിചിന്തകൾക്ക് തെല്ലുപോലും തുരുമ്പെടുത്തില്ല . പരമ്പരാഗതമായി വാഗ്ദത്തഭൂമിക്കു കിട്ടിയ അവകാശം പോലെ അവ അഭംഗുരം തുടർന്നുപോന്നു.
ഭൂമി ജന്മിക്കു സ്വന്തം, വിള യജമാനനു സ്വന്തം , അടിയാളന്മാരിലെ സ്ത്രീശരീരങ്ങളെ ഇഷ്ടപ്പെട്ട മേലാളൻമാർക്ക് അത് സ്വന്തം. മാറു മറക്കാൻ അനുവാദമില്ലാത്ത സ്ത്രീകൾ , യന്ത്രം പോലെ ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ട , അവകാശങ്ങളോന്നും ആഗ്രഹിക്കാൻ പോലും അനുമതിയില്ലാത്ത ജന്മങ്ങൾ. ക്ഷേത്രങ്ങളിൽ കയറാനും ദൈവങ്ങളെ ആരാധിക്കാനും അനുവാദമില്ലാത്ത കീഴ്ജാതിക്കാർ . അവർക്കായി അധ:കൃത ദൈവങ്ങളും സൃഷ്ട്ടിക്കപ്പെട്ടു . താണ ജാതിക്കാരന് ആരാധിക്കാൻ , വണങ്ങാൻ താണ ദൈവങ്ങൾ . ഇന്ന് നാം സമാനതയും , തുല്യനീതിയും , മതനിരപേക്ഷതയും ഒക്കെ പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ മുൻകാല അവസ്ഥയാണ് നാം കണ്ടത് .
1947 ൽ ഭാരതം സ്വതന്ത്രമായപ്പോൾ തിരുവതാകൂറും കൊച്ചിയും അതിന്റെ ഭാഗമായി .1949 ജൂലൈ 1 ന് രണ്ടു സംസ്ഥാനങ്ങളും ചേർന്ന് തിരുക്കൊച്ചി രൂപീകൃതമായി . പിന്നീട് 1956 നവംബർ 1 നു മലബാറും കൂട്ടിച്ചേർത്ത് കേരളസംസ്ഥാനം നിലവിൽവന്നു .
കുറെയേറെ ചരിത്രസംഭവങ്ങൾക്ക് ഈ കൊച്ചു നാട് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും 1936 നവംബർ 12 നു പുറപ്പെടുവിക്കപ്പെട്ട ക്ഷേത്രപ്രവേശന വിളംബരം ഈ നാടിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവമാണ് .
കേരളജനത സാമൂഹികമാറ്റങ്ങൾക്കു വേണ്ടി നൂറ്റാണ്ടുകൾക്കുമുൻപു മുതലേ മുറവിളി കൂട്ടിയിട്ടുള്ള ഒരു സമൂഹമാണ് . തിരസ്കരിക്കപ്പെടെണ്ടിയിരുന്നതും , പൗരാണികവുമായ വിശ്വാസങ്ങളെയും അനുഷ്ട്ടാനങ്ങളെയും മുറുകേപ്പിടിച്ചു നടന്നു നീങ്ങിയ ഒരു ജനതതിയെ എതിർക്കാനും പുരോഗമനപരമായ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ആയി പല വ്യക്തികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നെങ്കിലും സവർണ്ണരും ഉന്നതകുല ജാതരും വിദ്യാസമ്പന്നരും, ധനികരുമായ ഒരു കൂട്ടം അതിനെ എതിർത്തു. ബുദ്ധി കൊണ്ടും പണം കൊണ്ടും മാനുഷികശക്തി കൊണ്ടും അവയെ ചവിട്ടിമെതിച്ചു . പക്ഷേ എന്നും എന്തിനെയും അടക്കിവക്കാനാവില്ലല്ലോ . നിരന്തരമായ ചെറുത്തുനിൽപ്പിനോടുവിൽ കേരളത്തിൽ ആരാധനാലയങ്ങളിൽ നിലനിന്നിരുന്ന ജാതീയ ദുരവസ്ഥ അവസാനിപ്പിച്ചുകൊണ്ട് തിരുവതാംകൂറിന്റെ അവസാനത്തെ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ തന്റെ ഇരുപത്തിനാലാം ജന്മദിനത്തിൽ ക്ഷേത്രപ്രവേശന വിളമ്പരം പുറപ്പെടുവിച്ചു . ജന്മം കൊണ്ടോ വിശ്വാസം കൊണ്ടോ ഹിന്ദുവായ ആർക്കും ജാതി വർണ്ണവ്യത്യാസമില്ലാതെ തിരുവതാംകൂർ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാനും ആരാധിക്കാനും അനുമതി നല്കപ്പെട്ടു .
ഈ പുരോഗമനപരമായ ചിന്തയിലേക്ക് മഹാരാജാവിനെ കൊണ്ടുചെന്നെത്തിച്ചതിന് സാത്വികനായ ഒരു നല്ല മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം എന്നതിനപ്പുറം നാളുകളായി സമൂഹത്തിൽ ഉയർന്നു കേട്ടിരുന്ന എതിർപ്പുകളും മുറവിളികളും കാരണമായിട്ടുണ്ടാവം . വൈക്കം സത്യാഗ്രഹം , നിവർത്തന പ്രക്ഷോഭണം , ഗുരുവായൂർ സത്യാഗ്രഹം എന്നിവയൊക്കെ ഇതിനു കാരണമായിട്ടുണ്ടാവും എന്ന് നിശ്ചയമായും കരുതാം . ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ മഹാരാജാവ് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരേയും ഒക്കെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിച്ചാലുണ്ടാവുന്ന പരിണിത ഫലങ്ങളെപ്പറ്റി മനസ്സിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു 1932 ൽ . 1934 ൽ എല്ലാ പൗരന്മാർക്കും പൊതുവഴികളും പൊതുസത്രങ്ങളും പൊതുകിണറുകളും ഉപയോഗിക്കാനുള്ള അവകാശവും കൊടുത്തു .
1936 നവംബറിൽ ഗാന്ധിജിയുടെ ഉപദേശപ്രകാരം കുറെയേറെ സവർണ്ണ ഹിന്ദുക്കൾ ഒപ്പിട്ട ഒരു അപേക്ഷ മഹാരാജാവിനു സമർപ്പിക്കപ്പെട്ടു . അദ്ദേഹം നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശയും മാറ്റങ്ങൾക്കു വേണ്ടിയുള്ള ജനങ്ങളുടെ അനിതരസാധാരണമായ മുറവിളിയും ഗാന്ധിജിയുടെ പിന്തുണയും ഒക്കെ കൂടി ഈ വിളംബരം പുറപ്പെടുവിക്കുവാൻ മഹാരാജാവിനെ നിര്ബന്ധിതനാക്കി എന്നു കരുതണം .
ഇതിന്റെ ചുവടുപിടിച്ച് 1947 ഡിസംബർ 2 നു കൊച്ചിയിലും എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചു . മദ്രാസ് ഗവൺമെന്റ് 1947 ജൂൺ 12 ന് ഇത് നിയമമാക്കി .
വീണ്ടും അസഹിഷ്ണതയുടെയും , ജാതിയുടെയും , മതത്തിന്റെയും , ഭാഷയുടെയും , വസ്ത്രത്തിന്റെയും , ഭക്ഷണത്തിന്റെയും നിമ്നൊന്നതികളിലേക്ക് നാം നടന്നുപോകുന്ന ഇക്കാലത്ത് , നമ്മുടെ മുൻതലമുറക്കാർ കൂട്ടിയ മുറവിളിയും സഹിച്ച ഇകഴ്ത്തലുകളും അതുവഴി കൈവരിച്ച സമത്വവും ഓർമ്മിക്കാം.
വീണ്ടും ഒരു സമത്വ , സഹിഷ്ണതാ വിളംബരത്തിനുവേണ്ടി മുറവിളി കൂട്ടേണ്ടി വരാതിരിക്കട്ടെ .

ഷാജി കായംകുളത്തിന്‍റ നാടക അഭിനയം



ഞങ്ങള് സ്കൂളില്‍ പഠിക്കുന്ന സമയം.......!!!😉
കലോല്‍സവത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നു......
ഞാന്‍ ഒരു നാടകം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു
രാമായണത്തിലെ ചില ഏടുകള്‍ കോര്‍ത്തിണക്കി നാടകമാക്കി.....🛎
''രാമനെ സ്‌നേഹിച്ച ഹനുമാന്‍ ''
അതായിരുന്നു നാടകത്തിന്‍റ പേര്...
ഞങ്ങളുടെ അദ്ധ്യാപകന്‍‍ ആയിരുന്നു നാടകം എഴുതിയതും ഞങ്ങളെ സഹായിച്ചതും......!!
ഞാനെന്ന സംവിധായകനുകീഴില്‍ റിഹേഴ്സല്‍ ഭംഗിയായി നടന്നു....😃
അതില്‍ ഹനുമാന്‍െറ വേഷം ആയിരുന്നു നമ്മുടെ ഷാജിക്ക് (Shaji kayamkulam)
(മേക്കപ്പ് വേണ്ടിവന്നില്ല, വാലും വസ്ത്രങ്ങളും മാത്രം മതിയായിരുന്നു.)
കലോല്‍സവദിവസം വന്നെത്തി...
ഷാജി ഹനുമാന്‍ ആയി ഒരുങ്ങി..
പക്ഷേ ഒരു പ്രശ്നമുണ്ട്....
ഹനുമാന്‍ മരുത്വാമലയുമായി പറന്ന് വരുന്ന ഒരു രംഗമുണ്ട്..അതിന് ഷാജിയെ കയറില്‍ തൂക്കിയിട്ടു വലിക്കുകയാണ് ചെയ്യുന്നത് ..
ഫോക്കസ് ലൈറ്റ് ഉപയോഗിക്കുന്നതിനാല്‍ കയറ് ആരും കാണില്ല..
മുതുകില്‍ വെച്ച് കെട്ടിയിരിക്കുന്ന വാല്‍ കയറ് വലിയുമ്പോള്‍ ഇളകിപ്പോകും...!!!
അവസാനം ഒരു തരത്തില്‍ വാല് വെച്ച് പിടിപ്പിച്ചു...അങ്ങനെ ആ പ്രശനം തീര്‍ത്തു......
.
വൈകിട്ട് ഏഴു മണിമുതലാണ് ഞങ്ങളുടെ നാടകം ..
ഉച്ചക്ക് ശേഷം നടന്ന അവസാന റിഹേഴ്സലില്‍ എല്ലാം ഓകെ ആയിരുന്നു ...
ഞാനാണ് ഷാജിയെ കയറില്‍ പോക്കുന്നത് , വലിക്കുന്നത് നമ്മുടെ ജയരാജും.(വേറേ ആരേയും ഷാജിക്ക് വിശ്വാസമില്ല.
എന്ത് ചെയ്യാന്‍ ?
സംവിധായകന്‍ ആയിപ്പോയില്ലേ? ചെയ്യാതെ തരമില്ലാലോ ?...)
......
നാടകം തുടങ്ങി..
ആദ്യ രണ്ട് രംഗങ്ങളിലും നിലക്കാത്ത കൈയ്യടി...👏🏽
(ഷാജി അവന്‍റ ഭാഗം വരുമ്പോള്‍ കൈയ്യടിക്കാന്‍ കൂലിക്ക് ആളെ വരുത്തിയെന്ന് ആരോ പറയുന്നത് കേട്ടു )👀
...
അവസാനരംഗമായി.....
സ്റ്റേജിന്‍റ ഒരു ഭാഗത്ത് മരണാസന്നനായ ലക്ഷ്മണനും, ദുഃഖിതനായ രാമനും മറ്റുള്ളവരും...
.
ഒരു ഭാഗത്ത്
ഹനുമാന്‍ മരുത്വാമലയുമായി പറന്ന് വരുന്നു...
രണ്ട് ഫോക്കസ് ലൈറ്റുകളില്‍ ഈ രംഗം ക്രമീകരിച്ചിരിക്കുകയാണ്....📡💡
(ഹനുമാന്‍ വന്ന് നിലത്തിറങ്ങി ആരും കാണാതെ കയറ് അഴിച്ച് വിട്ടുകഴിഞ്ഞേ ബാക്കി ലൈറ്റുകള്‍ കത്തിക്കൂ....)💡
.
ഹനുമാന്‍ പറക്കാന്‍ തുടങ്ങിയ സമയത്ത് എന്‍റ കൂടെ നിന്ന് കയറ് വലിച്ച ജയരാജിനെ അവന്‍റ അമ്മ‍ വന്ന് പിടികൂടി കൊണ്ടുപോയി....😳
(ജയരാജിനെ വീട്ടുകാര് വൈകിട്ട്6 മണിക്ക് പിടിച്ച് പൂട്ടും )
.
ഞാന്‍ ചുറ്റി...😇😥
ഷാജി ഏഴടി ഉയരത്തില്‍ പറക്കുകയാണ്...
ഒരു കണക്കിന്ന് സ്റ്റേജിന്‍റ നടുവിലെത്തി....ഞാന്‍ എത്തിച്ചു....!😰
.
ആ സമയത്ത് ഒരു കൊതുക് എന്‍റ മൂക്കിന്‍തുമ്പത്ത് ഇരുന്ന് ചോരകുടിക്കാന്‍ തുടങ്ങി...💦
.( രണ്ട് കയ്യിലും എന്തെങ്കിലും ഇരിക്കുമ്പോള്‍ മൂക്കിന്‍ തുമ്പത്ത് കൊതുക് കടിച്ചാല്‍ എന്ത് ചെയ്യുംനിങ്ങള്‍..?)🤔
.
ഞാന്‍ പോലും അറിയാതെ ഞാന്‍ ആ കൊതുകിനെ അടിച്ചു...(അടിച്ച് പോയി )
.
.
പെട്ടന്ന്......
.
എന്തോ ഒന്ന് തട്ടിന്‍പുറത്ത് വീണത് പോലെ ഒരു ശബ്ദം...കൂട്ടത്തില്‍ ഒരു നിലവിളിയും.....😱
.
കര്‍ട്ടന്‍ താഴ്ന്നു....
വേദിയിലെ ലൈറ്റുകള്‍ എല്ലാം കത്തി......
എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല.....
(ഒരു കൊതുകിനെ അടിച്ചതിന് ഇത്ര വലിയ കോലാഹലമോ...? എന്നാണ് ഞാന്‍ ചിന്തിച്ചത്....)
.
ഒരു നിമിഷം കഴിഞ്ഞപ്പോള്‍ എനിക്കും കാര്യം പിടികിട്ടി....
ഞാനും ഓടിച്ചെന്നു....
.
ഷാജിയുടെ മുഖം ചളുങ്ങിയിരിക്കുന്നു..
ആശുപത്രിയില്‍ കൊണ്ടു പോകേണ്ടിവരും....
ആ വാല്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ച ഞാന്‍ ഞെട്ടിപ്പോയി...വീഴ്ചയില്‍ വാല് എവിടേക്കോ കയറിപ്പോയി.....
.(ആ വാല് ഊരി എടുക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ..)
.
ഷാജിയുടെ മുഖം ഇന്നുള്ള അവസ്ഥയില്‍ എത്താന്‍ കാരണം ആ വീഴ്ചയുടെ ഭൂമിശാസ്ത്രമാണ്....!!
അന്നത്തെ കൂവല്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു

അവിന്ധ്യൻ


രമായണത്തിൻ ഏടുകൾക്കുള്ളിൽ
ആദികവിയൊളിപ്പിച്ച
രാക്ഷസകുലോത്തമൻ.
അധികമാരും കേൾക്കാത്ത
നാമം - അവിന്ധ്യൻ,
നേരുനേരെന്ന് ആരെയും
കൂസാതെ ചൊല്ലുന്നൊരുത്തൻ.
കുലമിതു നിശാചരമെങ്കിലും
മനമിതു കാണാതെ വയ്യ.
ലങ്കാപതിക്കുമിവനുടെ
വാക്കിലെതിർപ്പില്ല.
ആശയെല്ലാമൊടുങ്ങി-
യശോകവനിയിൽ
നാളുകളെണ്ണി കാത്തിരിക്കും
മൈഥിലിക്കു കൂട്ടിനായ്
തോഴിയെ നല്കിയും,
ശിംശിപാവൃക്ഷച്ചുവട്ടിലൊരു ദിനം
ഘോരാട്ടഹാസമൊടു സീതയെ കൊല്ലുവാനെത്തിയ
രാവണഗർവ്വത്തെ,
മനസ്സു മരിച്ചവൾ ഇവളെ കൊന്നാൽ
നീ ഒന്നുമേ നേടില്ല,
കൊല്ലുക ഇവൾ പതി
രാമനെയെന്നോതി
വാക്കാൽ അടക്കിയും,
ഒടുവിൽ യുദ്ധമെല്ലാമൊടുങ്ങി, രാവണരാജ്യമനുജനു സമ്മാനിച്ച് അയോധ്യാപതി യാത്രയാകവേ
അരികിലെത്തി
ജനാകിയെ കൈയിലേല്പിച്ചു മടങ്ങുന്നവിന്ധ്യൻ.....
******************
+ രാവണ സഭയിലെ അംഗം
ആശയം ലഭിച്ചത്: പുരാണിക് എൻസൈക്ലോ പീഡിയ- (വെട്ടം മാണി)
വാത്മീകി രാമായണത്തിൽ
സുന്ദരകാണ്ഡത്തിലും,
മഹാഭാരതം വനപർവത്തിലും
അവിന്ധ്യനെ പറ്റി വിവരണം ഉണ്ട്.

തരുണി സച്ദേവ



തരുണി സച്ദെവ് -ഈ പേര് ഒരു പക്ഷെ നിങ്ങൾക്ക് ഓർമ്മ കാണില്ല. പക്ഷെ വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം സിനിമയിലെ ബാലതാരം ,പ്രിത്വി രാജിന്റെ മകൾ. സത്യം എന്ന സിനിമയിലെ പ്രിത്വിരാജിനോപ്പം അഭിനയിച്ച കുരുന്ന്. മുംബൈക്കാരായ ഹരേഷ് സച്ദെവിന്റെയും ഗീതാ സച്ച്ദെവിന്റെയും മകൾ. മെയ്‌ 14 1998 ൽ ജനിച്ചു . മുംബൈ ബാന്ദ്രയിലെ ആവാഭായി ഫ്രാമ്ജി സ്കൂളിൽ പഠനം ആരംഭിച്ചു തരുണി
.
പഠന കാലത്ത് തന്നെ അമ്പതോളം പരസ്യ ചിത്രങ്ങളിലും ,ഹിന്ദി ,തമിൾ സിനിമാ രംഗത്തും അത്ഭുതകരമായ അഭിനയം കാഴ്ച വെച്ച ആ കുരുന്ന് പ്രതിഭ 2012 ലെ മറ്റൊരു മെയ്‌ പതിനാലിന് ലോകത്തിലെ ഇനിയും കാണാത്ത സുന്ദര കാഴ്ചകൾ ബാക്കി വെച്ച് നമ്മെ വിട്ടു പിരിഞ്ഞു .
Rasna, Colgate, ICICI Bank, Reliance Mobile, LG, Coffee Bite, Gold Winner, Shakti Masala, Star Flush ഡ്രീംസ്‌ തരുണി അഭിനയിച്ചു പൊലിപ്പിച്ച പരസ്യചിത്രങ്ങൾ അനവധിയാണ്. കരിഷ്മാ കപൂറിന് ഒപ്പം അവൾ ചെയ്ത രസ്ന പരസ്യം ആ കുഞ്ഞു പ്രതിഭയുടെ അഭിനയ തികവിന്റെ ആദ്യ പടിയായിരുന്നു. രസ്ന ഗേൾ എന്നാണ് അതിനു ശേഷം അവൾ അറിയപ്പെട്ടത്.
2009 ൽ അമിതാഭ് ബച്ചന്റെ '' പാ '' എന്നാ സിനിമയിൽ കുട്ടിയായ അമിതാഭിനൊപ്പം ക്ലാസ്മേറ്റ് ആയി തരുണി കാഴ്ച വെച്ച അഭിനയം ആരെയും വിസ്മയിപ്പിക്കും. തരുണിയുടെ അപകടമരണം അമിതാഭിനെ വല്ലാതെ ഉലച്ചതിന്റെ കാരണവും മറ്റൊന്നല്ല.
2007 ൽ പുറത്തിറങ്ങിയ '' The Mystery of the the planet ''
' ലെ ആലിസ് ന്റെ ശബ്ദം വളരെ സൂക്ഷ്മ ഭാവങ്ങൾ പോലും പരിഗണിച്ചു തരുണി രംഗത്ത് അവതരിപ്പിച്ചു
2004 ൽ തന്നെ വെള്ളിനക്ഷത്രം എന്നാ മലയാള സിനിമയിലെ അമ്മുക്കുട്ടി ആയും ,' സത്യം എന്ന മറ്റൊരു മലയാള സിനിമയിലെ ചിന്നു ക്കുട്ടി ആയും തരുണി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
2012 ൽ '' വെട്രി സെൽവൻ'' എന്ന അവസാന തമിഴ് സിനിമ കൂടി .
..
പക്ഷെ ,വിധിക്ക് ഇനിയും കാത്തുനിൽക്കാൻ കഴിഞ്ഞില്ല.. ആ കഴിവുകൾ ദേവലോകത്തിന് മാത്രം അവകാശപ്പെട്ടതെന്നാണോ കരുതിയത്‌ എന്ന് തോന്നിപോകും അവളോട്‌ വിധിവിളയാടിയത് ഓർക്കുമ്പോൾ ....
നെപാളിലെ പോക്രക്കുള്ള യാത്രക്കിടെ ആണ് വിമാനപകടത്ത്തിന്റെ രൂപത്തില വിധി അവളെ തട്ടി എടുത്തത് അതും പതിനാലാം വയസ്സിൽ..

പുഴ



ഓർമ്മകള്‍ പലപ്പോഴും പുഴകളിലേക്ക് നയിക്കാറുണ്ട്.ബാല്യ കൗമാരങ്ങളുടെ കുസൃതികരയിലേക്ക്. യൗവ്വനത്തിന്റെ കുരുത്തക്കേടിലേക്ക് .. അങ്ങിനെയങ്ങിനെയങ്ങിനെ.
പുഴയെന്നും മാടി വിളിക്കുന്ന മനോഹര ദൃശ്യമാണ് എഴുതിതുടങ്ങിയപ്പോഴുള്ള ശാന്തത ഇപ്പോള്‍ പുഴയെനിക്ക് നല്കു്ന്നില്ല എങ്കിലുമെനിക്കു പറയാതെവയ്യ അംഗലാവണ്യം ആവോളംതന്ന പുഴ യാത്രകളെകുറിച്ച്‌.
എന്റെ ഗ്രാമത്തിലെ കുളങ്ങളുടെ നീണ്ടരൂപമായി അത്ഭുതത്തോടെകണ്ട കുട്ടിക്കാലത്തെ പുഴ. ഏതോ ബസ്‌യാത്രയില്‍ അമ്മ ചൂണ്ടികാണിച്ചുതന്ന തൃപ്രയാര്‍ പുഴയാണ് എന്റെ ആദ്യപുഴകാഴ്ച.
മുന്നോട്ടുപായുന്ന ബസ്സിനെതോല്പ്പിക്കാന്‍ പിന്നോട്ട്പായുന്ന എത്രയോപുഴകള്‍ കണ്ടു പിന്നീട്.
അമ്മയുടെയോ അമ്മാവന്റെയോ കൈപിടിച്ചു തെല്ലു ഭയത്തോടെ എന്നാല്‍ ഏറെഉത്സാഹത്തോടെ മുളംകോലിനാല്‍ കുത്തിയടുപ്പിച്ച വഞ്ചിയില്‍കയറി പുഴകടക്കുന്നത് ഇന്ന് സുഖമുള്ള ഒരു ഓര്മ യാണ്.
പുഴയെ നെടുകെമുറിച്ച്‌ ഒരു ചാലുതീര്ത്ത് ‌ മുന്നോട്ടൊഴുകുന്ന വഞ്ചിയില്‍ നില്ക്കുമ്പോള്‍ , അങ്ങുദൂരെ കാലൻ കുടയുടെ പിടിയില്‍ മുറുകെ പിടിച്ചു എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ അകന്നകന്നു പോകുന്ന ഇളംനീല കുപ്പായത്തില്‍ അപ്പൂപ്പന്റെ വാത്സല്യനോട്ടവും കരകളും,
ഒരുബ്ലാക്ക്‌ ആന്റ് വൈറ്റ് ചിത്രം പോലെ അങ്ങ് അകലേക്ക്‌ അലിഞ്ഞലിഞ്ഞ് ഓര്മകളിലേക്ക് മറയുന്നു.
എന്റെ ഗ്രാമത്തിന്റെ കിഴക്കന്‍ അതിര്ത്തി യിലൂടെ സായ്പ്പിന്റെ പേരില്‍ ഒഴുകുന്ന കനോലികനാല്‍.(ചരിത്രം എന്റെ വിഷയമല്ല.അതുകൊണ്ട് വിവരണവും ഇല്ല) തൃപ്രയാറപ്പന്റെ മുന്നിലെത്തുമ്പോള്‍ നാണിച്ചു മിഴികൂമ്പി തിരുവോണതോണിയെ തഴുകി ഒഴുകുന്ന സുന്ദരമായ പുഴ.
കലാലയ ജീവിതത്തിന്റെ അഥവാ കലാപ ജീവിതകാലത്ത്, വിദ്യാര്ഥിരാഷ്ട്രീയത്തിന്റെ വീര്യം തലച്ചോറില്‍ നിറഞ്ഞ യൗവ്വനത്തില്‍, പ്രണയാതുരമായി മനമൊഴുകിയ കൌമാര പ്രണയത്തില്‍, മനസ്സ് പങ്കിടാന്‍ ഞാന്‍ ഓടിയെത്തിയിരുന്നത് ആ പുഴയുടെ തീരത്തായിരുന്നുവല്ലോ....
പിന്നെയെപ്പോഴോ അവളുടെ പാദസരത്തില്‍ തട്ടി ഞങ്ങളുടെ പാദങ്ങളെ തഴുകിയൊഴുകിയ പുഴയുടെ ആഴങ്ങളിലേക്ക്‌ പ്രണയം ആത്മഹൂതിചെയ്തപ്പോള്‍,എന്റെ ജീവിത വഞ്ചി ചെന്ന്നിന്നത്, തൃപ്രയാര്‍ പുഴയുടെ തീരത്ത്‌ മരബഞ്ചിട്ട ചെമ്മപ്പിള്ളിയുടെ ഷാപ്പിനരികിലായിരുന്നു.
ചുവന്നുള്ളിയും ഉണക്കമുളകും കുത്തിക്കാച്ചിയ കപ്പയും, മീനും മൺ കുടുക്ക യില്‍ കിട്ടിയ ലഹരിയും നുണഞ്ഞു തൃപ്രയാര്‍പുഴയുടെ ഒഴുക്കിനൊപ്പം അലഞ്ഞുനടന്നിരുന്നു എന്റെ മരവിച്ച കാമുകഹൃദയം.
ജീവിതത്തിന്റെ നടവഴികളിൽ പിന്നെയും അലഞ്ഞു. ഒരുപാട് ഒരുപാട് .
ഞാന്‍ ഒരു തോറ്റ ജന്മ്മായിരുന്നു. എന്നിട്ടുംപുഴ എന്നെ കൈ വെടിഞ്ഞില്ല. ഒഴുകുന്നപോലെ ഞാനും . അന്വേഷണങ്ങള്‍... ജീവിതത്തെ,ഭാവിയെ.............
സ്നേഹത്തിന്റെ ഉരുളകള്‍ എനിക്ക് നല്കിീയ ഗൌരവത്തിന്റെപുറകിലെ സ്നേഹമെന്നഅച്ഛനെ,ആ കൈത്തണ്ടയില്‍ ഉതിരുന്ന വിയര്പ്പിന് ഒരു സ്നേഹത്തിന്റെ തൂവാലയാകുവാന്‍
യാത്രകള്‍ പിന്നെയും .....
പുഴകള്‍ പിന്നെയും ഒഴുകി. പുഴയുടെ ഒഴുക്കിനെതിരെയും നേരെയും ഞാനും. യാത്രകള്‍ ജീവിതം തേടിയായിരുന്നു. പിന്നിട്ട വഴികളും പുഴകളും ഏറെ...
നിള അതെന്നും ഒരു മോഹമായിരുന്നു.പിന്നിട്ട വഴികളില്‍ പാടി പതിഞ്ഞ പേര്. മലയാളത്തിന്റെ മുത്തച്ചന്‍ ചോറൂണ് നല്കിയ ,തെച്ചിയും മുക്കുറ്റിയും ഇരു കരയുംപൂത്തുനില്ക്കുന്ന, നിറഞ്ഞു കവിഞ്ഞൊഴുകുന്ന മനോഹരിയായ നിള. നമ്മുടെ ഭാരതപ്പുഴ ....
ഓര്മകളില്‍ കൈവഴികള്‍ നിറഞ്ഞൊഴുകിയ ഭാരതപ്പുഴ . ചരിത്രം ചോരയില്‍ ചാലിച്ച മാമാങ്കത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ്.
കേരള സർക്കാരിന്റെ ലേബലൊട്ടിച്ചു പ്ലാസ്റ്റിക്കുപ്പിയിൽ നിറച്ച വിലകുഞ്ഞ മദ്യത്തിന്റെ ലഹരി എന്നെ ഉണര്ത്തിയത് ഭാരതപുഴയുടെ തീരത്ത്‌ വെച്ചാണ്‌.
നനുത്ത കാറ്റിന്റെ തലോടല്‍..
സുഹൃത്തായിരിക്കണം എന്നോട് പറഞ്ഞത്.“നമ്മളിപ്പോള്‍ ഭാരതപുഴയുടെ കുറുകെയാണെന്ന്”.
ആകാംക്ഷയോ അതോ മനസ്സില്‍ പാടിപതിഞ്ഞ വരികളോ.. അതാകണം എന്നെ തീവണ്ടിയുടെ ജനാല കണ്ണിലൂടെ പുറംകാഴ്ചകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.
ദൂരെ.................
കയ്യില്‍ ചിതാഭസ്മം, ഈരിഴ തോര്‍ത്തില്‍ പാതി നനഞ്ഞ ശരീരവുമായി അശാന്തിയില്‍ മരിച്ച പിതാവിന് ആത്മശാന്തിക്കായി മുട്ട് മുങ്ങാത്ത വെള്ളത്തില്‍ ശാന്തിമന്ത്രം ജപിക്കുന്ന മകന്‍ ....
അപ്പുറം
ചാലുകള്‍ മാറിയൊഴുകിയിട്ടും ആത്മ ശാന്തി കിട്ടാതെ കൈവഴികള്‍.
എന്റെ സ്വപ്‌നങ്ങള്‍പോലെ വറ്റിവരണ്ട പുഴയുടെനോവുകള്‍. ഉപ്പു ണങ്ങിയ കണ്ണീർ
ചാലുപോലെ നിളയുടെ ഞരമ്പുകൾ...
ചത്ത മീനിന്റെ,
ചെമ്പോത്തിന്റെ,
കൊറ്റിയുടെ ഫോസിലുകള്‍ ....................
പുഴ മരിച്ചിരിക്കുന്നു.......
ഒപ്പം ഞാനും .........

പിൻതിരിപ്പൻ രാമകൃഷ്ണപിളള



ഈ കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്താം . സമാന വ്യക്തിത്വങ്ങൾ നിങ്ങടെ നാട്ടിലും കാണും!
ലോകത്ത് ഉള്ള സകല വിഷയങ്ങളിലേയും ദോഷവശങ്ങൾ കണ്ടെത്തി അവ മറ്റുളളവരോട് പറഞ്ഞ് ഉൽസാഹം കെടുത്തലാണ് സ്ഥിരം കലാരൂപം!
ഉത്സാഹം കെടുത്തികളുടെ ആഗോള തലസ്ഥാനമായ കേരളത്തിൽ ഞങ്ങടെ പഞ്ചായത്തിന്റെ മുഴുവൻ ഉൽസാഹം കെടുത്തലും രാമകൃഷൻ ചേട്ടൻ വക ആണ് !
ഈ അറുപത്തിനാല് വർഷത്തെ ജീവിതാനുഭവങ്ങളും സ്വന്തം ചിലവിൽ സ്വയം മനസ്സിലാക്കിയ ദോഷവശങ്ങളും ചേർത്ത് ദോഷവശങ്ങളുടെ ഒരു വിക്കിപീഡിയ ആണ് രാമകൃഷ്ണൻ ചേട്ടൻ! .. ഒരു വീട് വച്ചാൽ ഒരു കലുങ്ക് പണിതാൽ എന്നു വേണ്ട കണ്ണാടി മുതൽ കല്ല് പെൻസിൽ വരെയും എന്തിന് ഇൻജക്ഷൻ ചെയ്യുന്ന സൂചിയുടെ ദ്വാരത്തിൽ വരെ ദോഷ വശങ്ങൾ രാമകൃഷ്ണൻ ചേട്ടൻ നമുക്ക് പറഞ്ഞ് തരും!
... ഹെയർ ഡൈ ചെയ്യുന്നവരോട് അന്യായ കലിയാ ..! മൈലാഞ്ചി ആണത്രേ പ്രകൃതി വിഭവം .അതുകൊണ്ട് സ്വന്തം തലമുടി മഞ്ഞയും വെളളയും കറുപ്പും ചേർന്ന് ഏതോ ആഫ്രിക്കൻ രാജ്യത്തിന്റെ ദേശീയ പതാക പോല തലയിൽ നില കൊള്ളുന്നു !
ഒരു പലചരക്ക് കടക്കാരൻ ആണ് രാമകൃഷ്ണപിള്ള .കടയുടെ വരാന്തയിൽ മറ്റുളളവരുടെ പ്രവർത്തി ദോഷം കണ്ടെത്തുകയാണ് മുഖ്യ അജണ്ട ! സൈക്കിളാണ് വാഹനം ..പ്രകൃതി സ്നേഹിയാ ...!! ഏറ്റവും പുച്ഛം അമ്പലങ്ങളോടാണ്. ഭാഗവതം വായിക്കുന്നവന്റെ രാഗം ശരിയല്ല! കെട്ടുകാഴ്ചക്ക് ഭംഗി പോരാ .. തുടങ്ങി ഉൽസവം ആർഭാടമാണ് ആ കാശ് കൊണ്ട് പാവങ്ങടെ പട്ടിണി മാറ്റ് ! എന്നൊക്കെ ഫേസ്ബുക്ക് പിൻതിരിപ്പൻമാരേക്കാളേറെ ആവേശത്തോടെ സംസാരിക്കാറുണ്ട് രാമകൃഷ്നൻ ചേട്ടൻ!
ഞങ്ങടെ കണ്ടത്തിൽ നെല്ല് വിളഞ്ഞ് നിൽക്കുന്ന കാലം .. അച്ഛൻ 20 രൂപയുടെ ഈർക്കിലി പടക്കം രാവിലെ വാങ്ങിച്ച് തരും .പ്രാവ് പാടത്ത് ഇറങ്ങിയാൽ പൊട്ടിക്കാൻ ഉളള ഗ്രനേഡ് ആണത് ! ഇടക്കിടെ പൊട്ടിച്ചാൽ മതി! ഇതിനിടയിൽ ദേ ... സൈക്കിൾ വാഹന രൂപനായ് 'സർവശ്രീ രാമകൃഷ്ണൻ ചേട്ടൻ! വരുന്ന കട തുറക്കാനുളള പോക്കാ ..!
ഞങ്ങളെ കണ്ടതും ഒരു പിൻതിരിപ്പൻ സ്കോപ്പ് മനസ്സിലാക്കി സൈക്കിൾ നിന്നു! കൊച്ചുപ്രേമ ന്റെ ശബ്ദത്തിൽ ഒരു ചോദ്യം ! ..
"എന്തു വാടാ പടക്കവും ഒക്കെ ആയിട്ട് ?"
"പ്രാവിനെ ഓടിക്കാനാ ചേട്ടാ "
ഞാൻ അനാവശ്യ ഭവ്യത ലോണെടുത്ത് വച്ച് കാച്ചി!
പൊടുന്നനെ രാമകൃഷ്ണൻ ചേട്ടന്റെ മുഖത്ത് പതിവ് പുച്ഛം ബാനർ കെട്ടി!
"ഡാ... ചെറുക്കാ ഒന്ന് പോ .. മലനട അമ്പലത്തിൽ പന്ത്രണ്ട് ലക്ഷത്തിന്റെ വെടിക്കെട്ട് കണ്ടിട്ട് വന്ന പ്രാവിനെയാ അവൻ ഈർക്കിലി പടക്കം കാണിച്ച് പേടിപ്പിക്കുന്നത് !! "
സപ്ത നാഡിയും തളർന്ന് ഞാനിരുന്നു രാമകൃഷ്ണൻ ചേട്ടന്റെ സൈക്കിൾ മുന്നോട്ട് നീങ്ങി! .
പക്ഷേ ഈ പിൻതിരിപ്പൻ ആശയങ്ങൾ ഇദ്ദേഹം സ്വയം നൃഷ്ടിക്കുന്നതല്ല ! രാവിലെ കേരളത്തിലെ ഏറ്റവും നെഗറ്റീവ് പത്രം കടയിൽ വരും .ദത് കൊണ്ട് തീരുന്നില്ല .വൈകിട്ട് 5.10 ന്റെ " പ്രഭാത് ' ബസ്സ് വരും! അതിൽ നിന്നും ഇറങ്ങും ഞങ്ങടെ വില്ലേജിലെ ഏറ്റവും വലിയ പിൻതിരിപ്പൻ മൂരാച്ചി .. വില്ലേജാപ്പീസർ രഘുനാഥൻ സാർ! വന്നാലുടനേ വെറ്റില കൂട്ടി രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് ഒരു മുറുക്കുണ്ട് ! .. മുറുക്കാൻ പാതി ചവച്ച് ..അത് കവിളിലും ചുണ്ടിനും ഇടയിൽ തടയണ കെട്ടി ഒരു പ്രഭാഷണമുണ്ട്! സർക്കാരിന്റെ ... ജനനയങ്ങളുടെ .. എന്നുവേണ്ട സകല സംഭവത്തിന്റേയും ദോഷ വശങ്ങൾ മുറുക്കാൻ തുപ്പൽ ചേർത്ത് വിളമ്പും! .ഈ അറിവ് സ്വാംശീകരിക്കാൻ മുണ്ടിന്റെ മടിക്കുത്ത് അഴിച്ചിട്ട് തൂണിൽ ചാരി രാമകൃഷ്ണൻ ചേട്ടൻ വിനയാന്വനാവും .ആ സ്വാംശീകരണം ഒരു പ്രക്രിയ ആണ്. പ്രകാശസം സ്ളേഷണത്തേക്കാൾ കോംപ്ലിക്കേറ്റ് ആയ ഒരു പ്രതിഭാസം
പിറ്റേന്ന് നാട്ടിലെ ഒരോ സ്‌പോട്ടിലും ക്യത്യമായി സംപ്രേഷണം ചെയ്തോളും! ഇതു കൂടാതെ വേറൊരു പിൻതിരിപ്പൻ ആചാര്യനുണ്ട് വക്കീൽ ഗുമസ്തൻ ഓമനക്കുട്ടൻ! 6.10 ന് ഉളള വണ്ടീൽ വന്നിറങ്ങും .വന്നിറങ്ങിയാൽ ഉടനേ കടയിൽ നിന്ന് ഒരു പാക്കറ്റ് " ശംബു " വാങ്ങി കയ്യിൽ ഗോളരൂപത്തിലാക്കി മേൽ ചുണ്ടിന്റെ ഇടയിലേക്ക് .. പെരുപ്പിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ട് ഇടം കണ്ണടച്ച് ഒന്ന് ഒന്ന് മുക്രയിട്ട് തുടങ്ങും!
കല്യാണത്തിന് ക്ഷണിച്ചാൽ വിവാഹ മോചനത്തെക്കുറിച്ച് .. വീട് വച്ചാൽ ഭൂകമ്പത്തെക്കുറിച്ച് .. പനി പിടിച്ചാൽ ചിക്കൻ ഗുനിയയെക്കുറിച്ച് ..ഇങ്ങനെ മനുഷ്യന്റെ സകല ഊർജവും ചോർത്തുന്നതിൽ തീരെ മോശമല്ലാത്ത നമ്മുടെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ ആവാൻ സകല ശേഷിയുമുള്ള രാമകൃഷ്ണൻ ചേട്ടനെ സർക്കാർ ഒന്ന് ആദരിച്ചാൽ എങ്കിലും മതിയായിരുന്നു!
അങ്ങനിരിക്കേ .ഒരു ദിവസം ... ഒരു ഞായറാഴ്ച ' പറമ്പിൽ മൊത്തം കരിയില ആണന്ന് ഭാര്യ അമ്മിണി ചേച്ചി പരാതി പറഞ്ഞതിൻ പ്രകാരം .. " തൊഴിലുറപ്പ് കാരൊന്നും വേണ്ട! ചുമ്മാ ഉഴുന്ന് വട തിന്നാൻ ആരും വരണ്ടാ ..! ആണൊരുത്തൻ ഞാൻ ഇവിടുള്ളപ്പോൾ വേറെ ആരും വേണ്ട ! രാമകൃഷ്ണൻ ചേട്ടൻ തൂങ്ങിയ തൊലിക്കിടയിലെ മസിൽ ഒന്ന് വിറപ്പിച്ചു
ഒരു തീപ്പെട്ടി എടുത്തു ... റബ്ബർ തോട്ടത്തിന്റെ ഒരറ്റത്തൂന്ന് കത്തിച്ചു! പരസ്പരം ചേർന്ന് കിടന്ന കരിയിലകൾ പെൺ വിഷയം കേട്ട ചാനൽ ക്യാമറ പോലെ പരസ്പരം കൈകോർത്തു! പിന്നെ ഒരു ആന്തൽ ആയിരുന്നു ! ഒരു ലങ്കാ ദഹനം!
കുട്ടിത്തോർത്തുമുടുത്ത് രാമകൃഷ്ണൻ ചേട്ടൻ പറമ്പിലൂടെ ഹനുമാനേ പ്പോലെ ഓടിത്തകർത്തു .! !
അപ്പെഴേക്കും പത്ത് മുപ്പത് വാഴയും കുറേ റബ്ബർ മരങ്ങളും കത്തിത്തീർന്നു!
തൊഴുത്തിന്റെ മേൽക്കൂരയിലേക്ക് തീ പടർന്നു !!
വീടിനു താഴെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളേരേ രാമകൃഷ്ണൻ ചേട്ടൻ വിളിച്ചു! പക്ഷേ ....
ക്രിക്കറ്റിന്റെ ദോഷവശങ്ങളെ പറ്റി കഴിഞ്ഞ ദിവസം പിളേള രോട് പറഞ്ഞതിനാൽ പ്രതിപക്ഷത്തെപ്പോലെ കളി നിർത്തി അവർ വീട്ടിൽ പോയി!
തീ .. ഒരു മല പോലെ ആളിക്കത്തി! തൊഴുത്തിലെ ഒരു പശുവിന്റെ കാല് വെന്തു! ഒടുക്കം നാട്ടുകാർ പമ്പാ ഇറിഗേഷൻ കാലിൽ നിന്ന് വെളളം എടുത്ത് തീയണച്ചു!
ഇത്ര നാശനഷ്ടങ്ങളോടെ തീയണച്ച ശേഷം ഞാൻ അറിയാതെ രാമകൃഷ്ണൻ ചേട്ടനോട് ചോദിച്ചു!
'എന്റെ പൊന്ന് ചേട്ടാ ... ഈ പമ്പാ കനാൽ മുറ്റത്തിനടുത്ത് ഉണ്ടായിട്ടും രണ്ട് ബക്കറ്റ് വെളളം കോരി ഒഴിച്ചാൽ തീരാവുന്ന തീയല്ലേ ഉളളായിരുന്നു?:
രാമകൃഷ്ണൻ ചേട്ടൻ ശബ്ദം ഒന്ന് ശരിയാക്കി! പറഞ്ഞു
"എടാ കുഞ്ഞേ ... ഈ കനാലിൽ ഒഴുകുന്നത് പമ്പാനദിയിലെ വെളളം അല്ലിയോ ..
മൊത്തം കോളിഫോം ബാക്ടീരിയയാ .. നമ്മൾ ഇതിൽ ഇറങ്ങി നിന്ന് വെളളമെടുത്താൽ കാലിലെ നഖത്തിനിടയിൽ ഈ ബാക്ടീരിയ കേറിയാൽ .. കുഴിനഖം ഉണ്ടേൽ പ്രശ്നമാ .! അതല്ലേ ....
എനിക്ക് ഒരു സോഡാ കിട്ടിയാൽ കൊളളാം എന്ന് തോന്നി ... തലകറക്കം മാറ്റാൻ !!

കളികള്‍



നേരം വെളുക്കുമ്പോള്‍ തന്നെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങളൊക്കെക്കഴിഞ്ഞു യൂണിഫോറം ധരിച്ച് മുറ്റത്തു വന്നുനില്‍ക്കുന്ന സ്കൂള്‍ ബസ്സില്‍ കയറിപ്പോകുന്ന കുട്ടികളെയാണ് നാം ഇന്ന് കൂടുതലും കാണുന്നത്. വൈകുന്നേരം ഒരു കുന്നുഹോം വര്‍ക്കുകളുമായി അവര്‍ മടങ്ങിയെത്തുന്നു. ഉറക്കം തൂങ്ങി എല്ലാംതീര്‍ത്ത്‌ കിടന്നുറങ്ങുന്നു. അവധി ദിവസങ്ങളിലാകട്ടെ ടൂഷനും. ഇതിനിടയില്‍ കുട്ടികള്‍ക്ക്നഷ്ടപ്പെടുന്ന പലതും ഉണ്ട്. നാം നമ്മുടെകുട്ടിക്കാലത്തേക്ക് ഒന്ന്തിരിഞ്ഞുനോക്കൂ. എന്തൊക്കെ കളികളായിരുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും പറയാന്‍കാണും അന്ന്കളിച്ച കളികളെക്കുറിച്ചും കളി കാര്യമായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍......
ചില കളികളെക്കുറിച്ചു സൂര്യകാന്തി ടീം.
ഉണ്ണീ , അപ്പുവേ , സാജോ , സന്തോഷേ , ഷഫീ ,രാജേഷേ , ബിന്ദൂ എല്ലാരേം വിളിച്ചോണ്ട് വായോ .... കളി തുടങ്ങിയേയ് ...... കൂയ് ........
അടിച്ചുകളികള്‍
-----------------
ഉറിയടിക്കളി, കട്ടയടി, കാരകളി, കുറ്റിപ്പന്തുകളി, ചട്ടിയരച്ചുകളി ,ചെണ്ടടിച്ചുകളി, പന്തടിച്ചുകളി
അക്ഷരക്കളികള്‍
____________
അക്ഷരപൂരണി, അക്ഷരശ്ലോകം, ആ പെസി രാജ, ഉറുമ്പ്കളി ,കൊമ്പേറാംമൂളല്‍ , നാവുവഴക്കം,പദപ്രശ്നം, പറപറ കാക്ക പറ,
പൂ പറിക്കാന്‍ പോരണോ , പെണ്ണിനെത്തരുമോ, മറിച്ചുചൊല്ല് , പ്രതിമാല, വട്ടം വട്ടം നാരങ്ങ, വെള്ളം കര കളി.
ഊഹക്കളികള്‍
___________
അച്ചും തലയുംകളി, അണ്ടക്ക മുണ്ടക്ക, ആന-മയില്‍-ഒട്ടകം , കഞ്ഞീംകുഞ്ഞീം, കണ്ണാംപൊത്തി , കൊടുതിരക്ക് , ചെമ്പഴുക്കാക്കളി, താരം കളി, പുള്ളിക്കുഞ്ഞു, മോതിരംകളി, സൂചിയിട്ടുകളി.
എണ്ണല്‍ക്കളികള്‍
____________
അടിച്ചുകളി, പത്താനകളി , മൈനസ് കളി, സാറ്റുകളി
ഏറുകളികള്‍
_________
അമ്പെയ്ത്തുകളി, അപ്പച്ചെണ്ടുകളി, അമ്മാനക്കളി, ആട്ടക്കളി, ആറാട്ടുകളി, ഉച്ചൂളിക്കളി , ഉണ്ടയുംകോലും കളി, ഉപ്പുസോഡി, ഏറുപന്ത്, ഒന്നകോകളി, ഒന്നാംതല്ലിപ്പാറ്റി, കമ്പിത്തായം, കല്ലെട്ടാംകുഴി ആരെടുക്കും, കാരകളി, കുട്ടിയുംകോലും, കൊത്തുകളി, കൊത്തംകല്ലുകളി, കൊരട്ടകളി, ചേരിയുംകോലും കളി, തലപ്പന്ത് കളി, ലതികളി.
കളം കളികള്
____________
അക്കുകളി , ആട്ടക്കളം കുത്തുക , ഇട്ടാം ,ഇരുപത്തെട്ടുനായും പുലിയും , എട്ടുകളി , എട്ടും കുറ്റിയും , ഏണിയും പാമ്പും, കണ്ണുകെട്ടിക്കളി , കബഡി , കിളിത്തട്ടുകളി, പല്ലാംകുഴി
തൊട്ടുകളികള്‍
______________
അക്കുണിക്കുത്ത്, അച്ചുതൊട്ടുകളി, അണ്ടചുണ്ടകളി , അത്തളപിത്തള തവളാച്ചി, അരിപ്പോ തിരിപ്പോ കളി ,ഈര്‍ക്കില്‍ കളി, ഒളിച്ചു പ്രാന്തി ,കമ്പടി കളി ,കള്ളനും പോലീസും,കള്ളനും പോലീസും , കാക്കയും പൊന്നും കളി, കാക്കപ്പീലി ക്കളി , കുറ്റി -ചൂ കളി , കുറ്റിപ്പത്താന , കൈകോര്‍ത്തുകളി , കൊലകൊല മുന്തിരി
ഞൊണ്ടിപ്രാന്തി , വളപ്പൊട്ട് കളി ,തീപ്പെട്ടി പടം കളി .
കൂട്ടുകാരേ , നിങ്ങള്‍ ഇതില്‍ ഏതൊക്കെ കളികളാണ് കളിച്ചിട്ടുള്ളത് ? വരൂ , നമുക്കൊരിക്കല്‍ക്കൂടി അന്നത്തെക്കാലത്തേക്ക് ഒന്നുകൂടി പോയിവരാം.

എൻറെ അച്ഛൻ



ഒരു തുലാവർഷത്തിനൊടുവിൽ,
ഏകാദശിയിൽ മറഞ്ഞ സൂര്യൻ -
അന്നാദ്യമായ് കാറ്റിൽ, ആകാശത്തിൽ,
പ്രകൃതിയിൽ, ദേഹിയായ്
അച്ഛനെ ഞാനറിഞ്ഞു.
കാതങ്ങൾക്കിപ്പുറം യാത്രയിലെൻ
സാന്ത്വനമായതും,
അച്ഛനെന്നാൽ ഒരു 'അനുഭവം' എന്നെൻ
കാതിലുരുവിട്ടതും
ദുഃഖത്തിനുമേൽ വേദാന്ത
സാരപ്പുതപ്പണിഞ്ഞതും
ധനഞ്ജയരൂപിയായെൻ പിതൃവാത്സല്യം.
ഊട്ടിവളർത്തിയ മൂല്യങ്ങളായെനിക്കച്ഛൻ,
ലോഭമില്ലാതെ ചൊരിഞ്ഞ
അനുഗ്രഹകവചം-
കടുത്ത പുറന്തോടിൽ മറച്ച വാത്സല്യവും.
ദ്വാദശിയിൽ ചിതയൊരുങ്ങും മുൻപ് ഞാൻ കണ്ടു -
ശാന്തമായ് മയക്കത്തിലും ഗാംഭീര്യം മായാത്ത മുഖം,
അൽപമാം നരകളിൽ മങ്ങാത്ത തേജസ്സ്.
കരയാനെനിക്കനുവാദമില്ല -
അമ്മയെ കാണണം
നിറകണ്ണുകളിൽ കിനിയുന്ന ചോദ്യമറുക്കണം
എന്തിനൊറ്റയ്ക്കു പോയി?
ഒടുവിൽ, തെക്കിനിയിൽ
ചിതയൊരുങ്ങുമ്പോൾ,
പെട്ടിയിൽ നിന്നെടുത്ത തണുത്ത
ശരീരത്തിൽ ഒന്നു തൊടണം -
എന്നും അനുഗ്രഹത്തിനായ് മാത്രം നീട്ടിയ
ആ കരങ്ങൾ അവസാനമായ് ശിരസ്സിൽ വയ്ക്കണം -
എന്തേ ഞാനേട്ടനോടത് പറഞ്ഞില്ല?
ദു:സ്സഹമാക്കുന്നിന്നതെൻ നഷ്ടത്തെ
പുകയുമോരോർമയായ്, വിങ്ങലായ്.
കാലം മുന്നോട്ടു പോവും,എല്ലാം മറക്കും,
ദുഃഖങ്ങളൊക്കെയും മുറിവായും,
പിന്നെ മുറിപ്പാടുകളായും മാറും
പുതിയ ഓർമ്മകൾ പലതും മറയ്ക്കും -
തത്വങ്ങൾ വ്യാമോഹങ്ങളാവുന്നതും
ഞാനറിഞ്ഞു.
ചില വിടവുകൾ നികത്താനാവാത്തത്,
ചില അനുഭവങ്ങൾ അനന്തഗാമികളും.

ആധുനിക ലോകത്ത് പരസ്യങ്ങളുടെ സ്വാധീനം




"മോളേ ...തുണികള്‍ സര്ഫിവല്‍ മുക്കി ഇട്ടിട്ടുണ്ട്..അത് കഴുകി ഉജാല മുക്കി ഇട്ടേക്കണേ..."
"കഷ്ണം വെന്തു പാകമാകുമ്പോള്‍ ഇത്തിരി മാഗി കലക്കി ഒഴിക്കണം.."
ഇതൊക്കെ നമ്മള്‍ സാധാരണ പറയുന്ന വാചകങ്ങള്‍ ആണ്.നമ്മള്ക്കിന്നു സോപ്പുപൊടി എന്നാല്‍ സര്ഫുംക തുണിയില്‍ മുക്കുന്ന നീലം എന്നാല്‍ ഉജാലയും ആണ്...അതുപോലെ തന്നെ തേങ്ങാപ്പാല്‍ എന്നാല്‍ മാഗി. അത്രത്തോളം ആ ഉല്പ്പ്ന്നങ്ങളും പരസ്യങ്ങളും നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരസ്യങ്ങളാണ് മിക്ക വ്യാപരങ്ങളുടെയും ഉല്പ്പ്ന്നങ്ങളുടെയും വിജയ രഹസ്യങ്ങളുടെ മുഖ്യഘടകങ്ങളിലൊന്നെന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ ഇടയില്ല.സാങ്കേതിക വിദ്യയുടെ പുരോഗതി ,പരസ്യങ്ങളുടെ വ്യാപനത്തിലും,സ്വാധിനത്തിലും അഭൂതപൂർവ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് നാം കണ്ണുതുറന്നാല്‍ കാണുന്നത് പരസ്യ വാചകങ്ങളും ദൃശ്യങ്ങളുമാണ്. ദൃശ്യ പത്രമാധ്യമങ്ങള്‍, വഴിയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിങ്ങനെ എവിടെതിരിഞ്ഞു നോക്കിയാലും പരസ്യങ്ങളാണ്. ഈ കാലഘട്ടത്തില്‍ പരസ്യങ്ങള്ക്ക്് വളരെ പ്രാധാന്യമുണ്ട്, ഒരു ഉല്പന്നത്തിന്റെ പരസ്യം ഒന്നില്‍ കൂടുതല്‍ തവണ മനുക്ഷ്യമനസുകളില്‍ പതിഞ്ഞുകഴിഞ്ഞാല്‍ അവന്‍ അറിയാതെതന്നെ ആ ഉല്പന്നത്തോട് അടുപ്പം തോന്നിക്കും അത് ഒരിക്കലെങ്കിലും വാങ്ങി ഉപയോഗിക്കുവാന്‍ അവനില്‍ ആഗ്രഹവും ഉങ്ങായികഴിഞ്ഞാല്‍ ആ പരസ്യം വിജയിച്ചു എന്ന് പറയാം.
പരസ്യങ്ങളുണ്ടാക്കുന്ന ആകാംക്ഷയോ അല്ലെങ്കില്‍ പരസ്യത്തോട്‌ തന്നെയുള്ള ഇഷ്ടമോ തന്നെയാണ് പലര്ക്കും പല ഉത്പന്നങ്ങളും വാങ്ങാന്‍ പ്രചോദനമാവുന്നത്. ഭൂരിഭാഗം പേര്ക്കും പരസ്യത്തിന്റെ സത്യസന്ധത വിഷയമേയല്ല. അതിന്റെ ഗുണം സ്ഥിരീകരിക്കാതെ തന്നെ മിക്ക ഉപഭോക്കാക്കളും പരസ്യങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാറുണ്ട്.
പരസ്യചിത്രങ്ങളാൽ സ്വയം വഞ്ചിതരും ബലിമൃഗവുമായി മാറുകയാണ്‌ ഓരോ മലയാളിയും. തങ്ങൾ വിദ്യാസമ്പന്നരാണ്‌, ബുദ്ധിജീവികളാണ്‌, സമ്പൂർണ്ണ സാക്ഷരരാണ്‌, എന്നൊക്കെ വീമ്പിളക്കുമ്പോഴും, തലമുടി വളരാനും കഷണ്ടി മാറാനുമുള്ള എണ്ണകൾ, കുട്ടികൾ വളരാനും ബുദ്ധിവർധി്കാനുമുള്ള ഫോർമുലഫുഡുകൾ, സോപ്പുകൾ, ടൂത്ത്‌ പേസ്റ്റുകൾ അങ്ങനെ അനവധി പ്രോഡക്‌ടുകൾ പരസ്യങ്ങളുടെ സ്വാധീനത്താൽ വിറ്റഴിക്കപ്പെടുകയാണ്‌. മൾട്ടിനാഷനൽ പ്രോഡക്‌ടുകളും സ്വദേശി ഉൽപന്നങ്ങളും അക്കൂട്ടത്തിൽ വരുന്നു.കേരളത്തില്‍ പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന സാധനങ്ങള്‍ ടോയ്ലറ്റ് സോപ്പും ചമയവസ്തുക്കളുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സോപ്പാണ്‌ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം എന്ന്‌ ജനം കരുതുകയാണ്‌. അത്‌ എന്ത്‌ അസംബന്ധമെന്ന്‌ ആരും ചിന്തിക്കുന്നില്ല. സോപ്പ്‌ തേയ്‌ച്ച്‌ ചർമകാന്തിയും സൗന്ദര്യവും പതിൻമടങ്ങ്‌ വർധിച്ച്‌ ആളെത്തന്നെ അറിയാനാവാതെ പോയി എന്ന പരസ്യവാചകങ്ങൾ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. ഒരു സിനിമാനടി സോപ്പുപതയിൽ ആറാടി സ്വന്തം ചർമകാന്തിയുടെ രഹസ്യം ഈ സോപ്പിൻപതയെന്നു പറയുമ്പോൾ ആരാണതിൽ വീണുപോവാത്തത്‌? അമ്മ മോളേക്കാൾ സുന്ദരിയാവുമ്പോൾ അതിനു സഹായിച്ച സോപ്പ് വാങ്ങി ഉപയോഗിക്കാതെ എങ്ങനെ?
ഇന്ന് പല പരസ്യങ്ങളിലും സോപ്പിന്റെ ശക്തി പറയുന്നത്‌ നാരങ്ങയുടെ ശക്തിയിലാണ്‌. നമ്മുടെ മനസിൽ എവിടെയോ നാരങ്ങയുടെ പോഷകഗുണവും അണുനശീകരണശേഷിയും ഉറങ്ങിക്കിടപ്പുണ്ട്‌. അത്‌ പരസ്യ കമ്പനികള്‍ വേണ്ട വിധത്തില്‍ ചൂഷണം ചെയ്യുന്നു. ഒരാളുടെ മനസിൽ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങൾക്ക്‌ ജീവൻ നൽകുകയാണ്‌ പരസ്യങ്ങൾ ചെയ്യുന്നത്‌.
തലമുടി വളർച്ചയ്‌ക്കുള്ള എണ്ണയുടെ പരസ്യവാചകത്തില്‍ പറയും, എണ്ണ പുരട്ടാനെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. കൈവെള്ളയിൽ വരെ മുടി കിളിർക്കാമത്രേ. പിന്നെ കഷണ്ടിയിൽ മുടി കിളിർക്കാതിരിക്കുമോ? എണ്ണപുരട്ടി ആഴ്‌ചകൾക്കുള്ളിൽ കഷണ്ടിയിൽ മുടി മുളയ്‌ക്കുകയാണ്‌. നെറ്റിയിൽ നിന്നും ഉച്ചിയോളം മുടി ശൂന്യമായ കഷണ്ടിയിൽ നിറയെ മുടി കിളിർത്തു വരുന്ന കംപ്യൂട്ടർ ജനറേറ്റഡ്‌ ചിത്രവും കൂടിയാവുമ്പോൾ ജനം എണ്ണയുടെ ആരാധകരും പ്രചാരകരുമാവുകയാണ്‌. ആഴ്‌ചകൾ അല്ല മാസങ്ങൾ ഉപയോഗിച്ചിട്ടും പ്രയോജനമില്ലായെന്നു കണ്ടിട്ടും ജനം പ്രതീക്ഷ കൈവിടാതെ ഉൽപന്നം പിന്നെയും വാങ്ങി ഉപയോഗിക്കുകയാണ്‌. പരസ്യങ്ങളുടെ ശക്തമായ സ്വാധീനം സാധാരണക്കാരെ ഒരുൽപന്നത്തിന്റെ അടിമയാക്കുന്നു. അങ്ങനെ ഉൽപാദകരും കച്ചവടക്കാരും ആഗ്രഹിച്ച വഴിയെ കൺസ്യൂമേഴ്‌സ്‌ ചിന്തിച്ചു തുടങ്ങുകയായി.ടൂത്ത്‌ പേസ്റ്റ്‌ കണ്ടുപിടിക്കാതിരുന്നുവെങ്കിൽ കീടാണുക്കൾക്കെതിരെ നാം എന്തു ചെയ്യുമായിരുന്നു? നമ്മുടെ പല്ല്‌ (വായ്‌) നിറയെ കീടാണുക്കളത്രേ? ടൂത്ത്‌ പേസ്റ്റ്‌ അടിസ്ഥാനപരമായി സോപ്പ്‌ ആണ്‌. പല്ലിന്റെ ഇടയില്‍ പറ്റിയിരിക്കുന്ന ആഹാരാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്‌ അത്‌ ചെയ്യുന്നത്‌. പല്ല്‌ വൃത്തിയാക്കാൻ ടൂത്ത്‌പേസ്റ്റ്‌ തന്നെ വേണമെന്നില്ല. എത്രയോതരം ആയൂർവേദിക്‌ പൊടികളുണ്ട്‌. മാവിന്റെ ഇളംതണ്ട്‌, മാവില, വേപ്പിന്റെ ഇളംതണ്ട്‌ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ ടൂത്ത്‌ പേസ്റ്റിനേക്കാൾ ഗുണം ചെയ്യും. പണ്ടത്തെ ആളുകള്‍ ചെയ്തിരുന്നതും അത് തന്നെയാണ്. അന്നൊന്നും അവര്ക് നെ ഒരു കീടങ്ങളുടെയും ശല്ല്യം ഉണ്ടായിരുന്നില്ല..ഇത്രയധികം ദന്ത ഡോക്ടര്മാകരും ഉണ്ടായിരുന്നില്ല.
ടൂത്ത്‌ പേസ്റ്റ്‌ കണ്ടിട്ടില്ലാത്ത, പ്രായം തൊണ്ണൂറ്‌കഴിഞ്ഞ മുത്തശ്ശിയുടെ പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്‌. നിത്യം പല്ലുതേയ്‌ച്ചിട്ടും പ്രായം നാലപതു കഴിയും മുമ്പ്‌ പല്ലുകൾ നഷ്ടമായവരുമുണ്ട്‌. പല്ലിന്റെ ആരോഗ്യകാര്യത്തിൽ ടൂത്ത്‌ പേസ്റ്റുകൾക്ക്‌ മാത്രമായി ഒന്നും ചെയ്യാനാവില്ലായെന്നു മനസിലാക്കാവുന്നതാണ്‌. ആധുനിക ലോകത്ത്‌ ശുചിത്വമില്ലാതെ ജീവിക്കണമെന്ന്‌ഇപ്പറഞ്ഞതിനര്‍ഥമില്ല.
പല്ലുകളുടേയും എല്ലുകളുടേയും വളർച്ചയ്‌ക്ക്‌ കാത്സ്യം വേണ്ടതാണ്. ഭക്ഷണത്തിലൂടെയാണ്‌ കാത്സ്യം ലഭിക്കുന്നത്‌. തങ്ങളുൽപ്പാദിപ്പിക്കുന്ന ടൂത്ത്‌ പേസ്റ്റിൽ കാത്സ്യത്തിന്റെ അംശമുള്ളതിനാൽ അതുപയോഗിക്കുന്നവരിൽ പല്ലുകൾക്ക്‌ ഉറപ്പും ബലവും ഉണ്ടാവുമെന്ന്‌ ടൂത്ത്‌ പേസ്റ്റ്‌ കമ്പനി പരസ്യപ്പെടുത്തേണ്ട താമസം നമ്മള്‍ അത് മേടിക്കുകയായി.കുട്ടികളുടെ വളർച്ചയ്‌ക്കും ബുദ്ധിയ്‌ക്കും വേണ്ട ടിന്‍ഫുഡുകളുടെ മത്സരിച്ചുള്ള പരസ്യം കണ്ടാൽ അന്ധാളിച്ചു പോകും. ബുദ്ധിയും ഓര്മ്മിശക്തിയും ഒക്കെ കൂട്ടാന്‍ നമ്മുടെ അമ്മമാർ ടിൻ ഫുഡുകൾ വാങ്ങി കുട്ടികളെ മത്സരിച്ച്‌ തീറ്റിപ്പിക്കുകയാണ്‌. അത്‌ വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർ ടിവിയിലെ പരസ്യങ്ങള്‍ കണ്ടു നെടുവീര്പ്പി്ടുന്നു. എന്തു ക്രൂരത. വൻകിട വ്യവസായ കുത്തകകൾക്ക്‌ പണമുണ്ടാക്കാനായി സ്വന്തം കുട്ടികളുടെ ആരോഗ്യത്തെ തീറെഴുതുകയാണ്‌ നാം.
ജ്വല്ലറി ഉടമകളുടെയും വജ്ര വ്യാപാരികളുടെയും വകയായി നമുക്കിന്നു പുതിയ പുതിയ വിശേഷ ദിനങ്ങള്‍ സംമാനിക്കപ്പെട്ടിരിക്കുന്നു. അക്ഷയ തൃതീയയും പ്രണയ ദിനവും എല്ലാം പരസ്യക്കമ്പനികള്‍ ചാനലുകളിലൂടെ ആഘോഷിക്കുമ്പോള്‍, പാവം ജനങ്ങളും അതുകണ്ട് മയങ്ങിപ്പോകുന്നു.പരസ്യങ്ങളുടെ ഏറ്റവും വലിയ ഉന്നമാണ് കുട്ടികള്‍. ചോക്കൊലൈട്ടുകള്‍ മിട്ടായികള്‍, ഷൂ, കളിപ്പാട്ടങ്ങള്‍ എന്ന് വേണ്ട..tv തുറന്നാല്‍ അവരെ പ്രലോഭിപ്പിക്കുന്ന ഹീറോകള്‍ നിറയുകയായി..
ഉല്പ്പന്നം എന്ന് പറയുമ്പോള്‍ സാധനങ്ങള്‍ മാത്രമല്ല, സര്വീ സുകളും അതില്‍ പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി ഒന്നും ഈ പരസ്യങ്ങളുടെ പിടിയില്‍ നിന്ന് മോചിതമല്ല.ഭാഗ്യം തെളിയിച്ചു ജിവിതം ഉന്നതിയിലെത്തിക്കാന്‍ പാടുപെടുന്നു ചിലര്‍.
ഇന്ന് ഓണ്ലൈയന്‍ മാധ്യമങ്ങളിലും പരസ്യങ്ങളുടെ തള്ളിക്കയറ്റം തന്നെ..അറിവും വിവരവും തേടുന്നതിനു ഏതെങ്കിലും ഒരു സൈറ്റ് തുറന്നാല്‍ മതി, പരസ്യങ്ങളുടെ ഘോഷയാത്രയായി പിന്നെ..
ഓര്മ്മായിലെന്നും ചില പരസ്യങ്ങള്‍
--------------------------------------------------------
നിത്യജീവിതത്തില്‍ പരസ്യം കേള്ക്കാങതെ പരസ്യവാചകങ്ങള്‍ ശ്രദ്ധിക്കാതെ ഒരു ദിവസം കടന്നു പോകില്ല. എന്നാല്‍ മനസ്സില്‍ തങ്ങിനില്ക്കു ന്ന പരസ്യങ്ങളുണ്ട്. ഇതിനുകാരണം അവയുടെ ചിത്രീകരണ ഭംഗിയോ പരസ്യവാ‍ചകത്തിലെയോ ടാഗ്‌ലൈനെന്ന അടിക്കുറിപ്പിലെ പ്രത്യേകതകളോ ആയിരിക്കും.
"സത്യം ശിവം സുന്ദരം" ദൂരദര്ശെന്റെ ലോഗോയുടെ താഴെ മിന്നിമറയുന്ന ആപ്ത വാക്യം. അതിനു ശേഷം നിജാം പാക് , ഡാബര്‍, ബ്രാഹ്മിന്സ്ക‌ പല്‍‌പൊടി, രാധാസ് ,ചന്ദ്രിക ഇദയം നല്ലെണ്ണ, നിര്മ്മ് ,റീഗല്‍ തുള്ളി നീലം, വിക്കോ ടര്മിറിക്, വീല്‍, ഉജാല ഇവയുടെ പരസ്യങ്ങള്‍. സര്ഫി്ലെ സുഷമാജിയെ പോലെ നമ്മുടെ വീട്ടമ്മമാരെ സ്വാധീനിച്ച മറ്റൊരാള്‍ കാണില്ല.
'ഹമാരാ ബജാജ്''- പരസ്യത്തിനപ്പുറം ഉത്പന്നവുമായി ഉപഭോക്താവിനുള്ള ബന്ധം വെളിപ്പെടുത്തി വര്ഷടങ്ങളോളം മനസുകളില്‍ തങ്ങിനിന്ന ഒരു പരസ്യമാണ്. അമൂല്‍ ദ ടേസ്റ്റ് ഒഫ് ഇന്ത്യ എന്ന പരസ്യവാചകവും, മില്മമയുടെ കേരളം കണികണ്ടുണരുന്ന നന്മയെന്ന സ്ലോഗനും മറക്കാന്‍ കഴിയില്ല.
ബി എം ഡബ്ല്യൂവിനുവേണ്ടി അമിരാറ്റി ആന്റ്‌ പ്യൂരിസ്‌ എന്ന പരസ്യകമ്പനി എഴുതിയ ടാഗ്‌ലൈനാണ്‌ - ‘ദ അള്ട്ടിസമേറ്റ്‌ ഡ്രൈവിംഗ്‌ മെഷീന്‘. ഈ വാചകം ബൈക്കില്‍ വരെ എഴുതിനടക്കുന്ന രീതിയില്‍ ആ വാക്കുകള്‍ യുവാക്കളെ സ്വാധീനിച്ചു. കാഡ്‌ബറിയുടെ സ്വന്തം ടാഗ്‌ലൈനാണ്‌ - `ദ മില്ക്ക്യ‌ ചോക്കലേറ്റ്‌ മെല്‌്റ് സ്‌ ഇന്‍ യുവര്‍ മൗത്ത്‌, നോട്ട്‌ ഇന്‍ യുവര്‍ ഹാന്‌്ഡ്സ്‌'.
ഒരു ചോക്ലേറ്റിന്റെ തലവാചകമായി വന്ന വരികളാണ് “മോനേ മനസ്സില് ലഡു പൊട്ടി“. അപ്രതിക്ഷ സൌഭാഗ്യങ്ങളില്‍ സന്തോഷിച്ച് കൂട്ടുകാര്‍ ചിരിച്ചാല്‍ ഇപ്പോള്‍ നമുക്ക് തന്നെ തോന്നും മോനെ അവന്റെ മനസ്സിലും പൊട്ടി ഒരു ലഡുവെന്ന്. നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?, സന്തൂറിന്റെ ഏതു കോളേജിലാ‍, പ്രാര്ഥിസക്കാന് ഓരോരുത്തര്ക്കും ഓരോ കാരണങ്ങളുണ്ട് ” എന്നാ സൈക്കിള്‍ ശുദ്ധ അഗര്ബ്ത്തികളുടെ പരസ്യ വാചകം, പൊടിപോലുമില്ല കണ്ടു പിടിക്കാനെന്ന അനിക് സ്പ്രേയുടെ പരസ്യം എന്നിവ നിത്യ ജീവിതത്തിലും പലപ്പോഴും നമ്മുടെ നാവില്‍ കടന്നു വന്നു
എന്നാൽ പരസ്യങ്ങൾക്കും വേണ്ടെ ഒരു പരിധി? പരിമിമിതി ?പരസ്യങ്ങൾ ഇന്ന് മനുഷ്യ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്ന പ്രതിഭാസമാണ് . ആയതിനാൽ പരസ്യങ്ങൾ നിയന്ത്രിക്കുന്നനിയമങ്ങളുടെ ,സംവിധാനങ്ങളുടെ പുനരവലോകനം അടിയന്തിരആവശ്യമായിരിക്കുന്നു പൊതു മാധ്യമങ്ങൾ പ്രത്യേകിച്ചും ദ്രിശ്യ മാധ്യമങ്ങളിൽവരുന്ന പരസ്യങ്ങളുടെ സ്വാധീനം അത്രക്കധികമാണു. പാവങ്ങലധികവുംപരസ്യത്തിൽ കാണുന്നതപ്പടി സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് . ആയതിന്നാൽവ്യാജ പരസ്യങ്ങൾ നിരോധിക്കാൻ ജാഗ്രത ആവശ്യമാണ്. ഒരുവാർത്ത കാണണമെങ്കിലും പരസ്യംകണ്ടല്ലേ പറ്റൂ ?
പ്രാർത്ഥന, കച്ചവട പരസ്യം ,അതിശയ മരുന്ന് ,ചികിത്സ ,ഏലസ് ,മന്ത്രം, ഐശ്വര്യയന്ത്രം, മോതിരം,ജ്യോതിഷം,ചാത്തൻ മഠം, സർവ രോഗസംഹാരി എന്നിങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാവരെയും പരസ്യങ്ങൾവലിയ തോതിൽ സഹായിക്കുന്നു .
നാം ഇന്ന് കാണുന്ന പരസ്യങ്ങളില്‍ ഭൂരിഭാഗവും ഉല്പന്നങ്ങളുടെതാണ് എന്നാല്‍ മനുക്ഷ്യനെ നേരായ വഴിയില്‍ ചിന്തിക്കുവാനും പ്രവര്ത്തിയക്കുവാനും സഹായിക്കുന്ന ബോധവല്ക്ക രണ പരസ്യങ്ങള്‍ വളരെ അപൂര്വ്വാമായിമാത്രമേ കാണുന്നുള്ളൂ എന്തുകൊണ്ട്? ദൃശ്യ പത്രമാധ്യമങ്ങളില്‍ ഇവയുടെ പ്രാധാന്യം കുറയുന്നതിന് പ്രധാനകാരണം സാമ്പത്തിക നഷ്ടം തന്നെയാണ് എന്നാല്‍ ‍ അവര്‍ പലപ്പോഴായി ഇത്തരം പരസ്യങ്ങള്‍ നല്കി് തങ്ങളുടെ കടമ നിര്വവഹിക്കുവാന്‍ മറക്കാറുമില്ല.
വായു, ജല മലിനീകരണം, പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍, ഗതാഗത നിയമങ്ങള്‍, ഉര്ജ്ജസ്രോതസുകളുടെ ദുരുപയോഗം എന്നിങ്ങനെ പൊതുജന ബോധവല്ക്ക രനത്തിനായി പല ഇടവേളകളിലായി ഒരു ദിവസം 30 മിന്നിട്ടു, പല പേജുകളിലായി മൂന്നോ നാലോ കോളം ഉപയോഗപ്പെടുത്തുവാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ തയ്യാറായാല്‍ ഇന്നുകാണുന്ന തെറ്റായ പ്രവണതകള്ക്ക്് ചെറിയോരുമാറ്റം ഉണ്ടാക്കുവാന്‍ കഴിയില്ലേ.?
പ്രോഡക്‌ടുകളുടെ ഉൽപാദകർ സ്വന്തം ഉത്‌പന്നങ്ങൾ വിറ്റഴിക്കുന്നതിലേക്ക്‌ ശാസ്‌ത്രസത്യങ്ങളെ പരസ്യങ്ങളിലൂടെ വളച്ചൊടിച്ച്‌ സാധാരണക്കാരെ തെ-റ്റിദ്ധരിപ്പിക്കുകയാണ്‌. പരസ്യവാചകങ്ങളിൽ വിശ്വസിച്ച്‌ നാം ചതിക്കപ്പെടുകയാണ്‌. കളവ്‌ പറഞ്ഞ്‌ ജനത്തെ വഞ്ചിക്കുന്നതിനെതിരെ നിയമങ്ങളുണ്ട്‌. ആ നിയമങ്ങൾക്ക്‌ നേരിയ പോറൽ പോലുമേൽക്കാതെ പുസ്‌കത്താളുകളിൽ തന്നെയുണ്ട്‌.
ഒരു പ്രോഡക്‌ട്‌ ഇറങ്ങുമ്പോൾ അത്‌ പരിചയപ്പെടുത്തുന്നതിന്‌ മുമ്പ്‌ അതിന്റെ ഗുണദോഷങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണം. പരസ്യംഉത്‌പന്നത്തെ പരിചയപ്പെടുത്താനുള്ളതാവണം. അതിലെ പരസ്യവാചകങ്ങൾ സത്യസന്ധമായിരിക്കണം. അതിലേയ്‌ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപ്പോഴാണ്‌ ഒരു രാഷ്ട്രത്തിൽ ഗവൺമെന്റ്‌ എന്ന ഒരു ബോഡിയുണ്ടെന്ന്‌ ജനമറിയുന്നത്‌. ഇവിടെ കാര്യങ്ങൾ നോക്കാൻ ആരോഗ്യവകുപ്പുണ്ട്‌, പരിസ്ഥിതിവകുപ്പുണ്ട്‌, നിയമ വകുപ്പുണ്ട്‌. പിന്നെ എന്തുകൊണ്ട്‌ നിത്യോപയോഗ പ്രോഡക്‌ടുകളുടെ ജനത്തെ ചതിക്കുന്ന പരസ്യങ്ങൾ നിയന്ത്രിച്ചുകൂടാ?

ആനന്ദിരാമചന്ദ്രൻ.





ആനന്ദിരാമചന്ദ്രൻ.
പ്രമുഖഎഴുത്തുകാരിയും പരിസ്ഥിതിപ്രവര്‍ത്തകയും.
തിരുവനന്തപുരം, നെടുമങ്ങാട് താമസം. പ്രകൃതീയം ( Conscious Living and Natural Wisdom)
എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക.
----------------------------------------------
നഗരത്തിന്റെ തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് മനോഹരമായ ഒരു ഗ്രാമം. രാവിലെ ഉണരുമ്പോള്‍ കാണുന്നത് പ്രശാന്തസുന്ദരമായ, പച്ചപ്പ്‌ നിറഞ്ഞ പാറകള്‍ നിറഞ്ഞ സ്ഥലം. ഒരു ദിവസം അമ്മ Anandi Ramachandranഇങ്ങനെ ഒരു സ്വപ്നം കണ്ടു . അവിടെയുള്ള ഏറ്റവും വലിയപാറ ആയ മയിലാടുംപാറ വെടിവയ്ക്കാന്‍ പോകുന്നു. അത് വെറും സ്വപ്നമായിരുന്നില്ല , മറിച്ചു സത്യമായി മാറുന്നു എന്ന് മനസ്സിലാക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ആ പാറയുടെ മുകളില്‍ നിന്നാല്‍ ചുറ്റും കാണുന്ന മനോഹര ദൃശ്യം. നല്ല ശുദ്ധമായ വായു. മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍ ഒക്കെയും.....
അങ്ങോട്ട്‌ ഒരു സമരമുറ തന്നെയായിരുന്നു. സമീപത്തെ പാറമടയില്‍ ദ്രുതഗതിയില്‍ നടക്കുന്ന പാറഖനനം മരവിപ്പിക്കാനായി ആദ്യശ്രമം. അതിനുവേണ്ടി നിയമപരമായി തന്നെ മുന്നോട്ടു പോകുമ്പോഴാണ് പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ നേരില്‍ ബോധ്യമാകുന്നത്‌. ഭരണം നിര്‍വഹിക്കുന്നവരും ഭരിക്കാന്‍ തയ്യാറെടുക്കുന്നവരും എല്ലാം ഒറ്റക്കെട്ടായി മുകള്‍ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ. വെറും സാധാരണക്കാരന് മാത്രമേ പക്ഷം ഉള്ളൂ എന്ന തിരിച്ചറിവ് പ്രകൃതിയെ സ്നേഹിക്കുന്ന ആനന്ദിയമ്മയ്ക്ക് വളരെ ദുഃഖം നല്കുന്നതായിരുന്നു.
വികസനത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് ഭരണകര്‍ത്താക്കള്‍, നമ്മുടെ ഗ്രാമങ്ങളിലെ ശുദ്ധവായുവും ജലവും ഉള്‍പ്പെടെ മനുഷ്യന്റെ പ്രാഥമികമായ അവശ്യഘടകങ്ങള്‍ക്ക്പോലും നാം കുത്തകമുതലാളിമാരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഒന്ന് ആലോചിച്ചാല്‍ നമുക്ക് മനസ്സിലാകും. എന്ന് മുതലാണ്‌ നാം പുറത്തുപോകുമ്പോള്‍ കുടിക്കാന്‍ വെള്ളം കൂടെ കരുതാന്‍ തുടങ്ങിയത് ? എവിടെയും ലഭ്യമായിരുന്ന കുടിവെള്ളം കുപ്പികളിലാക്കി കാശുകൊടുത്ത് വാങ്ങേണ്ടിവരുന്ന അവസ്ഥ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്? മുഖം ചുളിക്കേണ്ട കാര്യമില്ല, കരുതിക്കോളൂ ഒരു ബോട്ടില്‍ കൂടി ചുമക്കാനുള്ള മനസ്സ് , മറ്റൊന്നുമല്ല, നാളെ നമുക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഓക്സിജന്‍ തന്നെ. അവിടെ എത്തുമ്പോഴേ സാധാരണക്കാരന്‍ അറിയൂ എന്നതാണ് ആനന്ദിയമ്മ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.
യു എ ഇ യില്‍ നല്ല രീതിയില്‍ ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന ആനന്ദിയമ്മ, ഈ പ്രകൃതിസംരക്ഷണത്തിനു വേണ്ടി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഇതിനുവേണ്ടി ഓടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പറയുന്നു. ഇപ്പോള്‍ അതിനുവേണ്ടിത്തന്നെ അല്പം ദീര്‍ഘമായ ഒരു അവധിയില്‍ നാട്ടില്‍ തന്നെയുണ്ട് . ഇപ്പോള്‍ പശ്ചിമഘട്ട സംരക്ഷണസമിതിയുമായി സഹകരിച്ചു മുന്നോട്ടു പോകുന്നു.
കരിങ്കല്‍ഖനനത്തിന്റെ നിരന്തരമായ സ്വാധീനഫലമായി പത്തൊന്‍പതുപേരില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഏറ്റവും വിഷമിപ്പിക്കുന്ന വസ്തുത ഇവര്‍ക്കൊക്കെ ധനസഹായം കൊടുത്തുകൊണ്ട് വായ അടപ്പിക്കുന്നു എന്നുള്ളതാണ്. ഇന്നത്തെ അവസ്ഥയെക്കുറിച്ച് മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. 'എന്ടോസള്‍ഫാന്‍ ' ഉപയോഗത്തിന്റെ ക്രൂരമായ ഭവിഷ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ തലമുറയ്ക്ക് പോലും മുന്‍കൂട്ടി കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയാതെ പോകുന്നു എന്നത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. അതുപോലുള്ള മാരകമായ ഭവിഷ്യത്തുകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട് മനുഷ്യന്‍റെ രൂപവും മറ്റും മാറി പുതിയ ഒരു ജീവസമൂഹത്തെ സൃഷ്ടിക്കാനുള്ള പുറപ്പാട് ആണ് ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തലമുറ. ഒരുപക്ഷെമനസ്സിലായാലും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥ.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പോലും കഴിയാത്ത ഒരു സമൂഹം ദിനംതോറും വളര്‍ന്നു വരുന്നുണ്ട്. ആനന്ദിയമ്മയുടെ വാക്കുകളില്‍ ഗദ്ഗദം നിറയുന്നു. കാശുകൊണ്ട് കണ്ണുമറയ്ക്കുന്നവരുടെ ഇടയില്‍ നിന്നും നല്ലൊരു മാറ്റത്തിലേയ്ക്ക് എങ്ങനെ തിരിയണം എന്ന് അമ്മയ്ക്കറിയാം. തനിക്കെതിരെ ഒരുപാട് ആരോപണങ്ങളും ഭീഷണികളും വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നു. എന്നാലും പിന്തിരിയാന്‍ ഒരുക്കമല്ല, ജീവിതം ഒന്നേയുള്ളൂ, എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ കര്‍മ്മപദ്ധതികള്‍ ത്വരിതപ്പെടുത്തുകയാണിപ്പോള്‍.
കാര്യങ്ങള്‍ മനസ്സിലാകുന്ന യുവതലമുറയെ വാര്‍ത്തെടുത്തു അവരിലൂടെ വിജയം കൈവരിക്കാനാണ് ആനന്ദിയമ്മയുടെ പദ്ധതി. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ, അവര്‍ വളര്‍ന്നുവരുന്ന സാഹചര്യം എന്താണെന്നും എവിടെയ്ക്കാണിത് പോകുന്നതെന്നും ഉദാഹരണസഹിതം മനസ്സിലാക്കിക്കൊടുത്തു വരുന്നു. നല്ല രീതിയിലുള്ള പ്രതികരണമാണ് കുട്ടികളില്‍ നിന്നും ഉണ്ടാകുന്നത് എന്നത് വളരെ ആശ്വാസം നല്‍കുന്നു എന്നും ആനന്ദിയമ്മ.
അപ്പോള്‍ മയിലാടുംപാറയിലെ ആ വലിയപാറ പൊട്ടിക്കാതിരിക്കാന്‍ അതിന്റെ കീഴിലായി ഒരു കെട്ടിടം നിര്‍മ്മിച്ചു. "പ്രകൃതീയം" ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആസ്ഥാനം. ഇപ്പോള്‍ നല്ല നിലയില്‍ അതിന്റെ പ്രവര്‍ത്തനം നടക്കുന്നു. പ്രകൃതിയെ അറിഞ്ഞു ജീവിക്കുക എന്നതാണ് ഇതിന്‍റെ ലക്‌ഷ്യം.
തീര്‍ച്ചയായും പ്രകൃതിയെ സ്നേഹിക്കുന്നവര്‍ Anandi Ramachandranഅമ്മയ്ക്കൊപ്പം ഉണ്ടാകും.ആനന്ദിയമ്മയുടെ നല്ല പ്രവൃത്തികള്‍ക്ക്‌ നമ്മളാല്‍ കഴിയുന്ന പിന്തുണയും സഹകരണവും നമുക്കും ചെയ്തുകൂടേ കൂട്ടുകാരേ?