Saturday, April 2, 2016

മീനച്ചിലാർഈ നദീതീരത്തു പിച്ച വെച്ചാണ് ഞാൻ വളർന്നത് . എന്റെ നാടിന്റെ ജീവിതങ്ങൾ തളിരിട്ടതും ഈ തീരത്താണ് .ഇന്നും ഞാൻ കഴിയുന്നത് ഈ പുണ്യ നദി ക്കരയിൽ ആണ്.പക്ഷെ ഞങ്ങളുടെ ഈ പ്രിയ നദിയെ കുറിച്ചോർക്കുമ്പോൾ ഇന്നെനിക്കു ദുഃഖം തോന്നാറുണ്ട്,.നദികൾ പ്രകൃതിയുടെ രക്ത ധമനികൾ ആണ്,അവ പരിശുദ്ധമായി സൂക്ഷിക്കണം എന്നാ സത്യം നാമെന്തേ മനസ്സിലാക്കുന്നില്ല !!
കോട്ടയം ജില്ലയിലെ മീനച്ചിലാർ ...ഇതാണ് എന്റെ നാടിന്റെ ജീവനാഡി. വിശുദ്ധ നദി എന്നാണ് മീനച്ചിലാറിനെ കുറിച്ച് പറയുക.കാരണമുണ്ട്.പുരാണ പ്രസിദ്ധ ആണ് ഈ നദി.78 കിലോമീറ്റർ നീളത്തിൽ ആണ് ഇന്ന് ഈ നദി ഒഴുകുന്നത്.ഗൗണ നദി , കവണാർ ,വളഞ്ഞാർ എന്നൊക്കെ ഈ നദിയെ വിളിക്കാറുണ്ട് .ഈ നദിയുടെ തീരാ പ്രദേശത്തെ ഭാരനാധിപർ ആയിരുന്ന '' കർത്ത'' വംശത്തിന്റെ കുടുംബ പരദേവത ആയിരുന്ന മധുര മീനാക്ഷി ദേവിയുടെ പേരില് നിന്നാണ് ഈ പ്രദേശത്തിനും നദിക്കും ഇപ്പോഴുള്ള മീനച്ചിൽ ,മീനച്ചിലാർ എന്ന പേരുകൾ ലഭിച്ചത്.
അഗസ്ത്യ മുനിയുടെ കമണ്ഡലു വിൽ നിന്നും കാവേരി നദി ഉത്ഭവിച്ചു എന്ന ഐതിഹ്യം പോലെ -ഗൗണ മഹർഷിയുടെ കമണ്ഡലു വിൽ നിന്നും ഉത്ഭവിച്ച നദിയാണ് ഗൗണ നദി അഥവാ മീനച്ചിലാർ എന്ന് ഐതീഹ്യം . കഥ ഇങ്ങനെയാണ് ...സപ്ത നദീ ( ഗംഗ ,യമുനാ,സരസ്വതി,സിന്ധു ,നർമ്മദ,ഗോദാവരി ,കാവേരി ) തീർത്ഥം തന്റെ കമണ്ഡലുവിൽ ഗൗണ മഹർഷി എന്നും സൂക്ഷിക്കുമായിരുന്നത്രേ, ഒപ്പം ഒരു സുബ്രഹ്മണ്യ വിഗ്രഹവും. രാമാ രാവണ യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന രാമനെയും സീതയേയും കാണാൻ കാലങ്ങളായി കാത്തിരിക്കുകയായിരുന്നത്രേ ഗൗണ മുനി. പക്ഷെ വിഭീഷണ,സുഗ്രീവാദികളും വാനരപടയും നിറഞ്ഞു നില്ക്കുന്ന പുഷ്പക വിമാനത്തിനു അകത്തു നിൽക്കുന്ന രാമസീതമാരെ പൂർണ്ണമായി കാണാൻ ആവാത്ത നിരാശയിലും ദേഷ്യത്തിലും തന്റെ കയ്യിലെ കമണ്ഡലു വലിച്ചെറിഞ്ഞു വത്രേ !! .കമണ്ഡലുവിൽ നിന്നും തെറിച്ചു വീണ സുബ്രഹ്മണ്യ വിഗ്രഹം പതിച്ച ഇടം വൻമല ആയി മാറി എന്നും കമണ്ഡലുവിലെ സപ്ത തീർഥം ഒഴുകിയിറങ്ങി ഒരു വലിയ നദി ആയിത്തീരുകയും ചെയ്തത്രേ .അതാണ് ഗൗണ നദി എന്ന ഈ മീനച്ചിലാർ .അതുകൊണ്ട് സപ്ത നദിക്കു തുല്യം പരിശുദ്ധ ആയി മീനച്ചിലാർ കണക്കാക്കപ്പെടുന്നു.വേദവ്യാസൻ,നാരദമുനി ,പാണ്ഡവരും പാഞ്ചാലിയും ,പരശുരാമൻ തുടങ്ങിയവരുടെ കഥകളിൽ എല്ലാം പലപ്പോഴും ഈ നദി യെ കുറിച്ച് പരാമർശം കാണാം. ആധുനിക രചനകളിലും ഈ നദി നിറയുന്നു . അരുന്ധതി റോയ് യുടെ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് എന്ന നോവലിൽ മീനച്ചിലാർ ഒരു കഥാപാത്രം തന്നെ യാണ്.
തിരുവിതാംകൂറിലെ ഒരുപാട് പ്രദേശങ്ങളെ ഫലഭൂയിഷ്ടമാക്കി കൊണ്ടാണ് ഈ നദി ഒഴുകുന്നത്.മുപ്പത്തി നാലോളം വലുതും ചെറുതുമായ കൈവഴികൾ മീനച്ചിലാറിന് ഉണ്ട്.തിരുവിതാംകൂറിന്റെ സാംസ്കാരിക ചരിത്രം ഈ നദീതീരം വഹിക്കുന്നു. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനവും ഇവിടം തന്നെ .
അനിയന്ത്രിതമായ ജല മലിനീകരണം, നിയമ വിരുദ്ധമായ പാറമടകളും ,ഖനനവും ,എണ്ണമറ്റ തടയണകളും മണ്ണ് വാരലും , എല്ലാം മീനച്ചിലാറിനെ മലിനവും ശുഷ്കവും ആക്കുന്നു.അനധികൃത മത്സ്യ ബന്ധനം മത്സ്യ സമ്പത്ത് നശിപ്പിക്കുന്നു.
പണ്ടൊക്കെ ധാരാളമായി കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്നു മീനച്ചിലാറ്റിൽ . ഇന്ന് വേനൽ തുടങ്ങുമ്പോൾ നദി വറ്റാൻ തുടങ്ങും, മഴ ക്കാലത്ത് ആണെങ്കിൽ, ഇരുകരകളിലെയും ഭൂമി കയ്യേറ്റം കാരണം കരയിടിച്ചിലും വെള്ളപ്പൊക്കവും ഫലം.മനുഷ്യൻ സ്വന്തം നാശത്തിനുള്ള കുഴി കുഴിക്കുകയാണ്...അവന്റെ ദുരമൂത്ത ,അജ്ഞത നിറഞ്ഞ പ്രവൃത്തികളിലൂടെ ... പ്രകൃതി സംരക്ഷണം മാത്രം ആണ് മനുഷ്യ വംശം നില നിർത്താൻ ഏക മാർഗ്ഗം എന്ന് നമ്മൾ ഇനി എന്നാണ് മനസ്സിലാക്കുക

No comments:

Post a Comment