Saturday, April 2, 2016

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണം!
എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു.

ഇന്ന് ലോകത്തിന്റെ ഏതുമൂലയിലും ഏറ്റവും ചർച്ച ചെയ്യപ്പെടുകയും പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യപ്പെടുന്ന വിഷയമാണ് ‘ആഗോളതാപനം’ . ഭൌമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർദ്ധനവിന്റെ അവസ്ഥയെയാണ് ആഗോളതാപനം എന്നുപറയുന്നത്. പ്രകൃത്യാലുള്ള കാരണങ്ങൾകൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതുമൂലവും. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നതുമൂലവും, ഭൂമിയിലെ താപനില വർദ്ധിക്കുന്നതുകൊണ്ടും, മറ്റും ആഗോളതാപനത്തിനും പരിസ്ഥിതി അസംതുലനത്തിനും കാരണമായി പറയുന്നു.

അതൊക്കെ ഉന്നത തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.നമ്മുടെ ചുറ്റുമുള്ള പരിസ്തിതി പ്രശ്നങ്ങളെക്കുറിച്ച് ഇവിടെ നമുക്ക് ചർച്ച ചെയ്യാം.

മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന, നമ്മൾ തന്നെ സൃഷ്ടിക്കുന്ന, ഒരു വലിയ പ്രശ്നമാണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിന്റെ വെയ്സ്റ്റുകൾ, പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും മറ്റും വെയ്സ്റ്റുകൾ, മത്സ്യമാംസാദികളുടെ വെയ്സ്റ്റുകൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിക്കുന്നത് നാം നിത്യവും കാണുന്ന കാഴ്ചയാണ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. കൊച്ചുവെളുപ്പാൻ കാലത്ത് മോർണിങ് വാക്കിനു പോകുന്ന ചില ചേട്ടന്മാർ പൊതികെട്ടിയ അടുക്കളമാലിന്യം റോഡരുകിൽ ആരും കാണാതെ വലിച്ചെറിയുന്ന പ്രവണത കണ്ടു വരുന്നു. ചേച്ചിമാർ പുഴയിലും തടാകങ്ങളിലും നനച്ചുകുളിക്കാൻ പോകുന്നത് ബക്കറ്റിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അടുക്കളമാലിന്യവും, സാനിട്ടറി നാപ്കിൻസും, കുട്ടികളുടെ ഹഗ്ഗിയും മറ്റും വെള്ളത്തിനടിയിൽ ആരും കാണാതെ ഒഴുക്കിവിടുന്നതും ശ്രദ്ധയിൽ പെടുന്നുണ്ട്. അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളൊന്നും അവർ ചിന്തിക്കുന്നതേ ഇല്ല.

ഇവിടെയാണ് നാം ഉണർന്ന് ചിന്തിക്കേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യാൻ ശീലിക്കണം. അതിനായി പല പല മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായുണ്ട്. പൈപ്പ് കമ്പോസ്റ്റായും, ജൈവവള പ്ലാന്‍റുകളായും, ബയോഗ്യാസായും മറ്റും ഈ മാലിന്യങ്ങളെ നമ്മുടെ വീട്ടു വളപ്പിൽ തന്നെ നിർമാർജ്ജനം ചെയ്യ്താൽ ഒരു പരിധിവരെയെങ്കിലും നമ്മുടെ പരിസരം ശുചിത്വത്തോടെ സൂക്ഷിക്കാൻ നമുക്കു കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇന്ന് നാം നേരിടുന്ന മറ്റൊരു മാലിന്യ പ്രശ്നമാണ് ഇ-മാലിന്യം. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്. ഉപയോഗശൂന്യമായ ഇത്തരം ഉപകരണങ്ങളെ നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചെറുതല്ല. വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങൾ മേൽണ്ണിനെ വിഷലിപ്തമാക്കുകയും ഭൂഗർഭ ജലത്തെ വിഷമയമാക്കുകയും ചെയ്യുന്നു. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപൂകയുടെ ആറുമടങ്ങ് അപകടകരമാണ്‌. സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ആഗോളതാപനവും, പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂണ്‍ -5 ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.
സമയ- സ്ഥല പരിമിതികൾ മൂലം ഒ.എൻ.വി യുടെ പ്രസിദ്ധമായ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത കൂട്ടുകാരെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.

“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം....”
https://www.youtube.com/watch?v=9vT3lLKJEqU

No comments:

Post a Comment