Saturday, April 2, 2016

പിൻതിരിപ്പൻ രാമകൃഷ്ണപിളളഈ കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്താം . സമാന വ്യക്തിത്വങ്ങൾ നിങ്ങടെ നാട്ടിലും കാണും!
ലോകത്ത് ഉള്ള സകല വിഷയങ്ങളിലേയും ദോഷവശങ്ങൾ കണ്ടെത്തി അവ മറ്റുളളവരോട് പറഞ്ഞ് ഉൽസാഹം കെടുത്തലാണ് സ്ഥിരം കലാരൂപം!
ഉത്സാഹം കെടുത്തികളുടെ ആഗോള തലസ്ഥാനമായ കേരളത്തിൽ ഞങ്ങടെ പഞ്ചായത്തിന്റെ മുഴുവൻ ഉൽസാഹം കെടുത്തലും രാമകൃഷൻ ചേട്ടൻ വക ആണ് !
ഈ അറുപത്തിനാല് വർഷത്തെ ജീവിതാനുഭവങ്ങളും സ്വന്തം ചിലവിൽ സ്വയം മനസ്സിലാക്കിയ ദോഷവശങ്ങളും ചേർത്ത് ദോഷവശങ്ങളുടെ ഒരു വിക്കിപീഡിയ ആണ് രാമകൃഷ്ണൻ ചേട്ടൻ! .. ഒരു വീട് വച്ചാൽ ഒരു കലുങ്ക് പണിതാൽ എന്നു വേണ്ട കണ്ണാടി മുതൽ കല്ല് പെൻസിൽ വരെയും എന്തിന് ഇൻജക്ഷൻ ചെയ്യുന്ന സൂചിയുടെ ദ്വാരത്തിൽ വരെ ദോഷ വശങ്ങൾ രാമകൃഷ്ണൻ ചേട്ടൻ നമുക്ക് പറഞ്ഞ് തരും!
... ഹെയർ ഡൈ ചെയ്യുന്നവരോട് അന്യായ കലിയാ ..! മൈലാഞ്ചി ആണത്രേ പ്രകൃതി വിഭവം .അതുകൊണ്ട് സ്വന്തം തലമുടി മഞ്ഞയും വെളളയും കറുപ്പും ചേർന്ന് ഏതോ ആഫ്രിക്കൻ രാജ്യത്തിന്റെ ദേശീയ പതാക പോല തലയിൽ നില കൊള്ളുന്നു !
ഒരു പലചരക്ക് കടക്കാരൻ ആണ് രാമകൃഷ്ണപിള്ള .കടയുടെ വരാന്തയിൽ മറ്റുളളവരുടെ പ്രവർത്തി ദോഷം കണ്ടെത്തുകയാണ് മുഖ്യ അജണ്ട ! സൈക്കിളാണ് വാഹനം ..പ്രകൃതി സ്നേഹിയാ ...!! ഏറ്റവും പുച്ഛം അമ്പലങ്ങളോടാണ്. ഭാഗവതം വായിക്കുന്നവന്റെ രാഗം ശരിയല്ല! കെട്ടുകാഴ്ചക്ക് ഭംഗി പോരാ .. തുടങ്ങി ഉൽസവം ആർഭാടമാണ് ആ കാശ് കൊണ്ട് പാവങ്ങടെ പട്ടിണി മാറ്റ് ! എന്നൊക്കെ ഫേസ്ബുക്ക് പിൻതിരിപ്പൻമാരേക്കാളേറെ ആവേശത്തോടെ സംസാരിക്കാറുണ്ട് രാമകൃഷ്നൻ ചേട്ടൻ!
ഞങ്ങടെ കണ്ടത്തിൽ നെല്ല് വിളഞ്ഞ് നിൽക്കുന്ന കാലം .. അച്ഛൻ 20 രൂപയുടെ ഈർക്കിലി പടക്കം രാവിലെ വാങ്ങിച്ച് തരും .പ്രാവ് പാടത്ത് ഇറങ്ങിയാൽ പൊട്ടിക്കാൻ ഉളള ഗ്രനേഡ് ആണത് ! ഇടക്കിടെ പൊട്ടിച്ചാൽ മതി! ഇതിനിടയിൽ ദേ ... സൈക്കിൾ വാഹന രൂപനായ് 'സർവശ്രീ രാമകൃഷ്ണൻ ചേട്ടൻ! വരുന്ന കട തുറക്കാനുളള പോക്കാ ..!
ഞങ്ങളെ കണ്ടതും ഒരു പിൻതിരിപ്പൻ സ്കോപ്പ് മനസ്സിലാക്കി സൈക്കിൾ നിന്നു! കൊച്ചുപ്രേമ ന്റെ ശബ്ദത്തിൽ ഒരു ചോദ്യം ! ..
"എന്തു വാടാ പടക്കവും ഒക്കെ ആയിട്ട് ?"
"പ്രാവിനെ ഓടിക്കാനാ ചേട്ടാ "
ഞാൻ അനാവശ്യ ഭവ്യത ലോണെടുത്ത് വച്ച് കാച്ചി!
പൊടുന്നനെ രാമകൃഷ്ണൻ ചേട്ടന്റെ മുഖത്ത് പതിവ് പുച്ഛം ബാനർ കെട്ടി!
"ഡാ... ചെറുക്കാ ഒന്ന് പോ .. മലനട അമ്പലത്തിൽ പന്ത്രണ്ട് ലക്ഷത്തിന്റെ വെടിക്കെട്ട് കണ്ടിട്ട് വന്ന പ്രാവിനെയാ അവൻ ഈർക്കിലി പടക്കം കാണിച്ച് പേടിപ്പിക്കുന്നത് !! "
സപ്ത നാഡിയും തളർന്ന് ഞാനിരുന്നു രാമകൃഷ്ണൻ ചേട്ടന്റെ സൈക്കിൾ മുന്നോട്ട് നീങ്ങി! .
പക്ഷേ ഈ പിൻതിരിപ്പൻ ആശയങ്ങൾ ഇദ്ദേഹം സ്വയം നൃഷ്ടിക്കുന്നതല്ല ! രാവിലെ കേരളത്തിലെ ഏറ്റവും നെഗറ്റീവ് പത്രം കടയിൽ വരും .ദത് കൊണ്ട് തീരുന്നില്ല .വൈകിട്ട് 5.10 ന്റെ " പ്രഭാത് ' ബസ്സ് വരും! അതിൽ നിന്നും ഇറങ്ങും ഞങ്ങടെ വില്ലേജിലെ ഏറ്റവും വലിയ പിൻതിരിപ്പൻ മൂരാച്ചി .. വില്ലേജാപ്പീസർ രഘുനാഥൻ സാർ! വന്നാലുടനേ വെറ്റില കൂട്ടി രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് ഒരു മുറുക്കുണ്ട് ! .. മുറുക്കാൻ പാതി ചവച്ച് ..അത് കവിളിലും ചുണ്ടിനും ഇടയിൽ തടയണ കെട്ടി ഒരു പ്രഭാഷണമുണ്ട്! സർക്കാരിന്റെ ... ജനനയങ്ങളുടെ .. എന്നുവേണ്ട സകല സംഭവത്തിന്റേയും ദോഷ വശങ്ങൾ മുറുക്കാൻ തുപ്പൽ ചേർത്ത് വിളമ്പും! .ഈ അറിവ് സ്വാംശീകരിക്കാൻ മുണ്ടിന്റെ മടിക്കുത്ത് അഴിച്ചിട്ട് തൂണിൽ ചാരി രാമകൃഷ്ണൻ ചേട്ടൻ വിനയാന്വനാവും .ആ സ്വാംശീകരണം ഒരു പ്രക്രിയ ആണ്. പ്രകാശസം സ്ളേഷണത്തേക്കാൾ കോംപ്ലിക്കേറ്റ് ആയ ഒരു പ്രതിഭാസം
പിറ്റേന്ന് നാട്ടിലെ ഒരോ സ്‌പോട്ടിലും ക്യത്യമായി സംപ്രേഷണം ചെയ്തോളും! ഇതു കൂടാതെ വേറൊരു പിൻതിരിപ്പൻ ആചാര്യനുണ്ട് വക്കീൽ ഗുമസ്തൻ ഓമനക്കുട്ടൻ! 6.10 ന് ഉളള വണ്ടീൽ വന്നിറങ്ങും .വന്നിറങ്ങിയാൽ ഉടനേ കടയിൽ നിന്ന് ഒരു പാക്കറ്റ് " ശംബു " വാങ്ങി കയ്യിൽ ഗോളരൂപത്തിലാക്കി മേൽ ചുണ്ടിന്റെ ഇടയിലേക്ക് .. പെരുപ്പിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ട് ഇടം കണ്ണടച്ച് ഒന്ന് ഒന്ന് മുക്രയിട്ട് തുടങ്ങും!
കല്യാണത്തിന് ക്ഷണിച്ചാൽ വിവാഹ മോചനത്തെക്കുറിച്ച് .. വീട് വച്ചാൽ ഭൂകമ്പത്തെക്കുറിച്ച് .. പനി പിടിച്ചാൽ ചിക്കൻ ഗുനിയയെക്കുറിച്ച് ..ഇങ്ങനെ മനുഷ്യന്റെ സകല ഊർജവും ചോർത്തുന്നതിൽ തീരെ മോശമല്ലാത്ത നമ്മുടെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ ആവാൻ സകല ശേഷിയുമുള്ള രാമകൃഷ്ണൻ ചേട്ടനെ സർക്കാർ ഒന്ന് ആദരിച്ചാൽ എങ്കിലും മതിയായിരുന്നു!
അങ്ങനിരിക്കേ .ഒരു ദിവസം ... ഒരു ഞായറാഴ്ച ' പറമ്പിൽ മൊത്തം കരിയില ആണന്ന് ഭാര്യ അമ്മിണി ചേച്ചി പരാതി പറഞ്ഞതിൻ പ്രകാരം .. " തൊഴിലുറപ്പ് കാരൊന്നും വേണ്ട! ചുമ്മാ ഉഴുന്ന് വട തിന്നാൻ ആരും വരണ്ടാ ..! ആണൊരുത്തൻ ഞാൻ ഇവിടുള്ളപ്പോൾ വേറെ ആരും വേണ്ട ! രാമകൃഷ്ണൻ ചേട്ടൻ തൂങ്ങിയ തൊലിക്കിടയിലെ മസിൽ ഒന്ന് വിറപ്പിച്ചു
ഒരു തീപ്പെട്ടി എടുത്തു ... റബ്ബർ തോട്ടത്തിന്റെ ഒരറ്റത്തൂന്ന് കത്തിച്ചു! പരസ്പരം ചേർന്ന് കിടന്ന കരിയിലകൾ പെൺ വിഷയം കേട്ട ചാനൽ ക്യാമറ പോലെ പരസ്പരം കൈകോർത്തു! പിന്നെ ഒരു ആന്തൽ ആയിരുന്നു ! ഒരു ലങ്കാ ദഹനം!
കുട്ടിത്തോർത്തുമുടുത്ത് രാമകൃഷ്ണൻ ചേട്ടൻ പറമ്പിലൂടെ ഹനുമാനേ പ്പോലെ ഓടിത്തകർത്തു .! !
അപ്പെഴേക്കും പത്ത് മുപ്പത് വാഴയും കുറേ റബ്ബർ മരങ്ങളും കത്തിത്തീർന്നു!
തൊഴുത്തിന്റെ മേൽക്കൂരയിലേക്ക് തീ പടർന്നു !!
വീടിനു താഴെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളേരേ രാമകൃഷ്ണൻ ചേട്ടൻ വിളിച്ചു! പക്ഷേ ....
ക്രിക്കറ്റിന്റെ ദോഷവശങ്ങളെ പറ്റി കഴിഞ്ഞ ദിവസം പിളേള രോട് പറഞ്ഞതിനാൽ പ്രതിപക്ഷത്തെപ്പോലെ കളി നിർത്തി അവർ വീട്ടിൽ പോയി!
തീ .. ഒരു മല പോലെ ആളിക്കത്തി! തൊഴുത്തിലെ ഒരു പശുവിന്റെ കാല് വെന്തു! ഒടുക്കം നാട്ടുകാർ പമ്പാ ഇറിഗേഷൻ കാലിൽ നിന്ന് വെളളം എടുത്ത് തീയണച്ചു!
ഇത്ര നാശനഷ്ടങ്ങളോടെ തീയണച്ച ശേഷം ഞാൻ അറിയാതെ രാമകൃഷ്ണൻ ചേട്ടനോട് ചോദിച്ചു!
'എന്റെ പൊന്ന് ചേട്ടാ ... ഈ പമ്പാ കനാൽ മുറ്റത്തിനടുത്ത് ഉണ്ടായിട്ടും രണ്ട് ബക്കറ്റ് വെളളം കോരി ഒഴിച്ചാൽ തീരാവുന്ന തീയല്ലേ ഉളളായിരുന്നു?:
രാമകൃഷ്ണൻ ചേട്ടൻ ശബ്ദം ഒന്ന് ശരിയാക്കി! പറഞ്ഞു
"എടാ കുഞ്ഞേ ... ഈ കനാലിൽ ഒഴുകുന്നത് പമ്പാനദിയിലെ വെളളം അല്ലിയോ ..
മൊത്തം കോളിഫോം ബാക്ടീരിയയാ .. നമ്മൾ ഇതിൽ ഇറങ്ങി നിന്ന് വെളളമെടുത്താൽ കാലിലെ നഖത്തിനിടയിൽ ഈ ബാക്ടീരിയ കേറിയാൽ .. കുഴിനഖം ഉണ്ടേൽ പ്രശ്നമാ .! അതല്ലേ ....
എനിക്ക് ഒരു സോഡാ കിട്ടിയാൽ കൊളളാം എന്ന് തോന്നി ... തലകറക്കം മാറ്റാൻ !!

No comments:

Post a Comment