Saturday, April 2, 2016

ബേപ്പൂർ..-ഉരു നിർമ്മാണ മേഖലയിലേക്ക് ഒരു എത്തിനോട്ടം
കോഴിക്കോട് ...കേരളത്തിലെ വലിയ മൂന്നാമത്തെ പട്ടണം, ചരിത്ര ഗാഥകൾ പാടുന്നു കോഴിക്കോടിന്റെ കടലും കരയും.സംഘ കാലം തൊട്ടേ ചരിത്ര ത്താളുകളിൽ തെളിയുന്നു ഈ വടക്കൻ മണ്ണിന്റെ പുകൾ പാട്ടുകൾ..ചേര രാജവംശത്തിന്റെ രണ്ടാമത്തെ തുറമുഖമായിരുന്നു കോഴിക്കോട്.ഇബിനു ബത്തുത്ത, മാർക്കോപോളോ, മാഹ്വാൻ ,അബ്ദുറസ്സാഖ്, നിക്കോളോ കോണ്ടി,അഫ്നാസി നികിതിൻ തുടങ്ങിയ ലോക സഞ്ചാരികളുടെ യാത്ര വിവരണങ്ങളിൽ എല്ലാം കോഴിക്കോട് ന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. '' സിറ്റി ഓഫ് ട്രൂത്ത് '' എന്നാണ് ആ രേഖകളിൽ കോഴിക്കോടിനെ അടയാളപ്പെടുത്തുന്നത് . പുരാതന കാലം തൊട്ടേ വിദേശ രാജ്യങ്ങളുമായി കോഴിക്കോട് നടത്തി വന്ന കച്ചവടത്തിലെ നേരിന്റെ കഥകൾ ആ വിളിക്ക് കാരണമായിട്ടുണ്ടാകും.ഇന്നും കച്ചവടം തന്നെയാണ് കോഴിക്കോടിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളിൽ ഒന്ന്.
മധ്യ കാല കോഴിക്കോടിന്റെ ചരിത്രം സാമൂതിരി ഭരണത്തിനു കീഴിൽ തുടങ്ങുന്നു. അതോടെ കച്ചവട ബന്ധങ്ങളിൽ ഏറെ മുന്നോട്ടു കുതിക്കാനായി. സാമൂതിരിയുടെ നാവിക സേന തലവൻ കുഞ്ഞാലി മരക്കാരുടെ കീഴിൽ അതി ശക്തമായ നാവികപ്പടയുടെ പെരുമ ലോകമെങ്ങും പുകഴ്പെറ്റതായിരുന്നു.,ഒപ്പം കലയിലും സാഹിത്യത്തിലും തനതായ ഒരിടം കണ്ടെത്താനും കോഴിക്കോടിനായി. ഇന്നും കലയുടെ എല്ലാ മേഖലകളിലും കോഴിക്കോടിന്റെ പെരുമ കാണാനാവും. ഏഷ്യ യിലെ ഏറ്റവും വലിയ കലാ മാമാങ്കമായ സ്കൂൾ യുവജനോത്സവ സ്വർണ്ണ കപ്പ് കാലങ്ങളായി കോഴിക്കോടിന്റെ മണ്ണിൽ സ്ഥിര വാസം ഉറപ്പിച്ചിരിക്കുന്നു.
കോഴിക്കൊടെൻ പ്രകൃതിയെ പുഷ്കലമാക്കുന്ന പ്രധാന നദികൾ , സഹ്യാദ്രിയിൽ നിന്ന് ഉത്ഭവിക്കുന്ന ചാലിയാർ പുഴ,കല്ലായി പുഴ,കോരപ്പുഴ ,പൂനൂർ പുഴ ,ഇരുവഞ്ഞി പ്പുഴ എന്നിവയാണ്,ഒട്ടനവധി കൈവഴികൾ ഇവക്കുണ്ട് .ഈ പുഴകൾക്കെല്ലാം ഞങ്ങളുടെ ജീവിതത്തിൽ പ്രിയതരമായ സ്ഥാനം ഉണ്ട്.കേരളത്തിന്റെ സംഗീത ,സിനിമാ ,സാഹിത്യ ,രാഷ്ട്രീയ ചരിത്രത്തിലും.
കോഴിക്കോടിന്റെ സാമൂഹ്യ,കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പലരും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നവർ ആണ്.രണ്ടു പ്രാവശ്യം ജ്ഞാന പീഠം പുരസ്കാരം കേരളത്തിൽ എത്തിച്ചത് എസ്കെ .പൊറ്റക്കാടും ,എംടി .വാസുദേവൻ നായരും ആണ്.അഭിനയ കരുത്തിന്റെ മുഖമായി ഞങ്ങളുടെ പ്രിയ ഭരത് ബാലൻ.കെ .നായർ , അഭ്രപാളികളിൽ മലബാറിന്റെ മഹത്വം എഴുതിയ മണ്മറഞ്ഞ വരും അല്ലാത്തവരുമായ എത്രയോ നടീനടന്മാർ,നാടക കൃത്തുക്കൾ,ഗായകർ, നർത്തകർ ,ചിത്രകാരന്മാർ , ശാസ്ത്ര ജ്ഞർ,വാസ്തുശില്പികൾ എണ്ണി തീർക്കാൻ എളുപ്പമല്ല കോഴിക്കോടിന്റെ മഹത്തുക്കളെ .
ക്ഷമിക്കൂ ...കോഴിക്കോടിനെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞങ്ങൾ കോഴിക്കോട്ടുകാർ വാചാലരാകും..മതിവരില്ല ഞങ്ങൾക്ക്. - ഞമ്മളെ സൊന്തം നാടല്ലേന്ന് .....ന്തോരും പറഞ്ഞാലും ഞമ്മള് കൊയങ്ങൂല...അത്ര പെരുത്ത് ഷ്ടാ ,ഞമ്മളെ നാടിനെ ...-
ഇന്ന് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത് ബേപ്പൂർ ലേക്കാണ് .കോഴിക്കോട് നഗര ഹൃദയത്തിൽ നിന്നും പത്തു കിലോമീറ്റർ മാത്രം ദൂരെ ആണ് ബേപ്പൂർ. വെയ്പൂര് എന്നായിരുന്നു ആദ്യകാലത്തെ സ്ഥലപ്പേര് എന്നും കാലക്രമത്തിൽ അത് ബേപ്പൂർ ആയി മാറി എന്നും പറയപ്പെടുന്നു.പരപ്പനാട് രാജ സ്വരൂപത്തിന്റെ ഇരിപ്പിടമായിരുന്നു ബേപ്പൂർ.ചാലിയാർ തീരത്തെ ഗ്രാമം .വലിയ പട്ടണ ബഹളങ്ങൾ ഒന്നുമില്ലാത്ത പ്രദേശം.പക്ഷെ നിശബ്ദതയെ ഭേദിച്ച് കൊണ്ടുയരുന്ന ഉളിയു ടെ ശബ്ദം കേൾക്കുന്നില്ലേ? അവിടേക്ക് നോക്കു...മരപ്പണിയിൽ ബദ്ധ ശ്രദ്ധരായ ഒരു കൂട്ടം ആൾക്കാരെ കാണാം,അവർ അളക്കുകയും മുറിക്കുകയും ഒക്കെയായി തിരക്കിലാണ് .യാതൊരു വിധ യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെ ഉളിയും ചുറ്റികയും പോലുള്ള പരമ്പരാഗത കൈപ്പണി ഉപകരണങ്ങള മാത്രം ഉപയോഗിച്ച് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കര കൌശല വസ്തു എന്ന് കണക്കാക്കപ്പെട്ട , ബേപ്പൂരിന്റെ അഭിമാനമായ ഉരു അഥവാ പത്തേമാരി നിർമ്മിച്ച് കൊണ്ടിരിക്കുകയാണ് അവർ. അറബികൾ DHOW എന്നാണ് അതിനെ വിളിക്കുക.
ഉരു നിർമ്മാണ രംഗത്തെ ബേപ്പൂർ ന്റെ ചരിത്രം തെരഞ്ഞു പോയാൽ നൂറ്റാണ്ടുകൾ പുറകോട്ടു യാത്ര നടത്തേണ്ടി വരും .മെസപ്പൊട്ടൊമിയയും ഭാരതവും തമ്മിൽ നടന്നു വന്ന വാണിജ്യ ചരിത്രത്തിലേക്ക് ആ യാത്ര നമ്മെ എത്തിക്കും .ഏതാണ്ട് ആയിരത്തി അഞ്ഞൂറിൽ ഏറെ (1500) വർഷം പഴമ ഉണ്ട് ആ ചരിത്രം. കേരളത്തിന്റെ മലഞ്ചെരിവുകളിലെ വിലമതിക്കാൻ ആവാത്ത സുഗന്ധ വ്യഞ്ജനങ്ങളിൽ കണ്ണ് വെച്ച് ആദ്യകാലത്ത് 'സിറ്റി ഓഫ് സ്പൈസസ്' എന്നും വിളിക്കപ്പെട്ടിരുന്ന കോഴിക്കോട് കടൽ മാർഗ്ഗം എത്തിച്ചേർന്ന അറബികൾ ആണ് അന്ന് ഉരു നിർമ്മാണത്തിന് വഴിയൊരുക്കിയതെന്ന് ചരിത്രം പറയുന്നു.എന്തായാലും ഇന്ന് ഉരു നിർമ്മാണത്തിൽ ബേപ്പൂരിന്റെ കൃതഹസ്തത വിദേശങ്ങളിലും പ്രസിദ്ധം.ആവശ്യത്തിനു അനുസരിച്ച് നിർമ്മിച്ച് കൊടുക്കാൻ ആവുന്നില്ലെന്നുള്ള വൈഷമ്യമേ ഉള്ളു.
യന്ത്രോപകരണങ്ങൾ ഒന്നുമില്ലാതെ,കൈപ്പണി കൊണ്ട് മാത്രമാണ് ഭീമാകാരങ്ങൾ ആയ പത്തെമാരികൾ ബേപ്പൂരിൽ നിർമ്മിക്കുന്നത്. എഴുതി വെച്ച കണക്കുകളോ , ബ്ലൂപ്രിന്റുകൾ , സ്കെച്ച് , ഡ്രോയിംഗ് ഒന്നുമേയില്ലാതെ, കൈത്തഴക്കവും മനക്കണക്കും മാത്രം അടിസ്ഥാനപ്പെടുത്തി ആണ് നിർമ്മാണം. നിലമ്പൂർതേക്ക് കൊണ്ട് മാത്രം ആയിരുന്നു ആദ്യകാലത്ത് ഉരു നിർമ്മിച്ചിരുന്നത്. ഇപ്പോൾ തേക്കിന്റെ ലഭ്യത കുറവും , അത്യധികമായ വിലയും പരിപൂർണ്ണമായി തേക്ക് കൊണ്ട് നിർമ്മിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടും . അപ്പോൾ ചില ഭാഗങ്ങൾ നിർമ്മിക്കാൻ ഇരൂൾ എന്ന മരം ഉപയോഗിക്കാറുണ്ട് എന്ന് കേൾക്കുന്നു. കൂടാതെ മലേഷ്യയിൽ നിന്നും വൻതോതിൽ തേക്ക് ഇറക്കുമതി ചെയ്യാറുണ്ട്..
ഇപ്പോൾ ആകൃതികളിൽ വ്യത്യാസങ്ങൾ വരുത്തി ,കൂടുതൽ ആധുനിക സൌകര്യങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് കൂടുതൽ പത്തേമാരികളും നിർമ്മിക്കുന്നത് .പ്രധാനമായും ആവശ്യക്കാർ അറബികൾ ആയതിനാൽ അറബിക് മാതൃകയിൽ ആണ് ഏറെയും .ഒമാൻ ,ഖത്തർ ,സൗദി ,കുവൈത്ത് .ഈജിപ്റ്റ് ,ദുബായ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡർ വരുന്നു. ദുബായ് ക്രീക്കിലെ പല യാത്രാ ഉരുക്കളും ബേപ്പൂരിലെ ആശാരിമാർ നിർമ്മിച്ചവ ആണ്. കൂടാതെ ലോകം ചുറ്റാൻ , ഉല്ലാസ നൗകയായും ബേപ്പൂർ ഉരുക്കൾ സമുദ്ര സഞ്ചാരത്തിൽ തന്നെ.ജപ്പാനിലേക്കും ഇടയ്ക്കു ബേപ്പൂർ നിന്നും ഉരുക്കൾ നിർമ്മിച്ച് കൊണ്ട് പോയിരുന്നു.
,പടവ്.ബിരീക്ക് ,കൊട്ടിയ ,സാംബൂക്ക്,ബഹല ,പത്തെമാർ അങ്ങനെ പലതരത്തിൽ പെട്ട ഉരുക്കൾ ബേപ്പൂരിൽ ഉണ്ടാക്കി വരുന്നു. 300 മുതൽ 600 ടൺ വരെ എങ്കിലും ഭാരം വിവിധ തരം ഉരുക്കൾക്ക് ഉണ്ടാകും.' കീൽ ' നിർമ്മാണം ആണ് ഉരുവിന്റെ നിർമ്മാണത്തിലെ ആദ്യ ഘട്ടം. പിന്നീട് ഗാനെൽ നിർമ്മാണത്തിലേക്ക് കടക്കുന്നു.ഇപ്പോൾ ഇരുമ്പ്-ചെമ്പ് ആണികൾ നിർമ്മാണ ഘട്ടത്തിൽ ഉപയോഗിക്കാറുണ്ട് .
ഉരു നിർമ്മാണ ശാലയിലെ മൂത്താശാരി യുടെ മനക്കണക്കിൽ ,മനക്കണ്ണിൽ ആദ്യ രൂപം കൈക്കൊള്ളുന്ന ഉരു ക്കളുടെ നിർമ്മാണം അത്യധികമായ പ്രാഗത്ഭ്യവും ,ഗണിത പടുത്വവും ആവശ്യമായ ഒരു മേഖലയാണ് . കോടികളുടെ കച്ചവടം ആണ് ഇത്.ഏതാണ്ട് അറുനൂറോളം കുടുംബങ്ങൾ നേരിട്ടും ആയിരങ്ങൾ പരോക്ഷമായും ഉരു നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു.പണി തീർത്ത ഉരു നീറ്റിൽ തള്ളി ഇറക്കുന്നത് ഒരു വലിയ ഉത്സവം തന്നെയാണ്.ഏതു ഭാരവും ചുമലിൽ ഏറ്റുന്ന, ഏത് ആഴങ്ങളിലും മുങ്ങി നിവരുന്ന ബേപ്പൂരിന്റെ സ്വന്തം ഖലാസികൾ ആണ് ഉരു നിർമ്മാണ രംഗത്തുള്ളത്.വലിയ ഒരു ഉരു പണി പൂർത്തിയാകാൻ നാല് വർഷം എങ്കിലും എടുക്കും.ഒരു നിമിഷത്തെ അശ്രദ്ധയോ ,മനകണക്കിലെ പിഴയോ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കില്ല.നിതാന്ത ജാഗ്രത ഏറെ ആവശ്യം.
ഇൻഡോ -പേർഷ്യൻ ബന്ധങ്ങളെ ഊട്ടി വളർത്താൻ ബേപ്പൂർ ഉരുക്കൾ വഹിച്ച പങ്കു ചെറുതല്ല.അടുത്ത കാലത്ത് ഖത്തർ രാജ കുടുംബത്തിനു വേണ്ടി നിർമ്മിച്ച ഉല്ലാസ നൗക ഏഷ്യയിലെ ഏറ്റവും വലുതാണ്.
രാജു നെല്ലൂർ , സത്യൻ ഇട ത്തൊടി എന്നിവരാണ് ഇന്ന് ബേപ്പൂർ ഉരു നിർമ്മാണ രംഗത്തെ ഏറ്റവും പ്രശസ്തരും പ്രമുഖരുമായ മൂത്താശാരിമാർ .കാറ്റിന്റെ ഗതി ,ഉരുവിന്റെ വലിപ്പവും ആകൃതിയും ,സഞ്ചരിക്കുന്ന ഭാഗത്തെ കടലിന്റെ സ്വഭാവം എല്ലാം കണക്കിലെടുത്ത് കൃത്യമായ അളവുകളിലും ഗണിത വൈദഗ്ദ്യ ത്തിലും ഉരു നിർമ്മാണം പൂർത്തിആക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെ ആണെന്ന് ഈ പെരുംതച്ചൻ മാർ പറയുന്നു.
ഇപ്പോൾ കോഴിക്കോട് വന്ന്, ബേപ്പൂരിന്റെ ഉരു നിർമ്മാണ വൈദഗ്ദ്യം അടുത്തറിയാൻ നിങ്ങൾക്കും ആഗ്രഹം തോന്നുന്നില്ലേ? വരൂ ...ഞങ്ങൾ കോഴിക്കോട്ടുകാർ ഖൽബിൽ നിറയെ സ്നേഹവുമായി നിങ്ങളെ സ്വാഗതം ചെയ്യുന്നു.സാമൂതിരി നാടിന്റെ മൊഞ്ചും മധുരവും അനുഭവിച്ചറിഞ്ഞു ,വയറും മനസ്സും നിറച്ച്, കോഴിക്കോടിന്റെ സാംസ്കാരിക സദസ്സുകളിൽ മനം കുളുർത്തു , ഇരുവഞ്ഞിയുടെയും ,ചാലിയാറി ന്റെയും സ്നേഹ തലോടലിന്റെ അനുഭൂതിയിൽ നമുക്കൊന്ന് ഉല്ലസിക്കാം.'
ബരീന്ന്...കൊലായീമ്മേ കാരി കുത്ത് രുന്ന് ചായേം കുടിച്ചു പോവാം

No comments:

Post a Comment