Saturday, April 2, 2016

പി.പത്മരാജൻ
'ഈ മണ്ണാര്‍ത്തുടിയിലെ വീട് ..'''ഈ മണ്ണാര്‍ത്തുടി ......'' .''ഞാന്‍ തന്നെയാ മണ്ണാര്‍ത്തുടി'' ഒരു സാധാരണക്കാരനായും കഥാപാത്രങ്ങളിലൂടെ അപരനാകുവാനും സുന്ദരിമാരുടെ മനസ്സില്‍ ഗന്ധര്‍വ്വനാകുവാനും പൂവാകാനും പൂമ്പാറ്റയാകുവാനും കഴിവുണ്ടായിരുന്ന പ്രതിഭ.അകാലത്തില്‍ നമ്മെ വിട്ടുപോയി,എങ്കിലും മരിക്കാത്ത ഓര്‍മ്മകളുമായി ഒരു ചാറ്റല്‍ മഴയില്‍ ക്ലാരയായും മൂന്നാംപക്കത്തെ ഒരു തിരയുടെ തേങ്ങലില്‍ പാച്ചുവായും ഒരു ടാങ്കര്‍ ലോറിയുമായി മഞ്ഞു പൊഴിയുന്ന മുത്തിരിത്തോട്ടങ്ങളിലൂടെ മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയ സോളമനായും നമ്മുടെ ഇടയില്‍ ഇന്നും അദ്ദേഹം ജീവിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിനല്പ്പത്തിയാറു മെയ്‌ മാസം ഇരുപത്തിമൂന്നിന് ആലപ്പുഴ ജില്ലയിലെ ഹരിപ്പടിനടുത്തുള്ള മുതുകുളത്തായിരുന്നു പത്മരാജന്‍റെ ജനനം.തുണ്ടത്തില്‍ അനന്തപത്മനാഭപിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനാണ് പത്മരാജന്‍. .ശാസ്ത്രബിരുദം നേടിയ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിയഞ്ചില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രോഗ്രാം അനൌണ്‍സ്റായി. സഹപ്രവര്‍ത്തകയായിരുന്ന രാധാലക്ഷ്മിയെ ജീവിത സഖിയാക്കി.അനന്തപത്മനാഭനും , മാധവിക്കുട്ടിയുമാണ് മക്കള്‍
ചെറുകഥകളും നോവലുകളുമെഴുതി സാഹിത്യലോകത്തിലേയ്ക്കു കടന്നപ്പോള്‍ത്തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടി,ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടില്‍ 'നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിന് .
ആദ്യകഥയിലൂടെ തന്നെ വായനക്കാരേയും ഒപ്പം നിരൂപകരേയും പിടിച്ചു കുലിക്കിയ 'ലോല'എന്ന പ്രണയകഥ കൗമുദി വാരികയിലാണ് പ്രസിദ്ധീകരിച്ചത്.പ്രശസ്ത നിരൂപകാനായിരുന്ന ശ്രീ.എം.പി.അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി 'ലോല'യെ കണ്ടെത്തി.‘'രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.’' ലോലയിലെ അവസാനവരികള്‍ കോളേജ്‌ കാമ്പസുകളിലും പ്രണയിക്കുന്നവരുടെ മനസിലും എന്തിന് ഓട്ടോഗ്രാഫുകളിലും നിറഞ്ഞുനിന്നിരുന്നു.ഇപ്പോഴും ഫേസ്ബുക്കിലൂടേയും ഈ വരികള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
“പ്രയാണം” എന്ന ഭരതന്‍ സിനിമയ്ക്ക് കഥയും തിരക്കഥയും രചിച്ചുകൊണ്ട് മലയാളസിനിമയിലേയ്ക്ക് കയറിയ പപ്പേട്ടന്‍ പിന്നീട് സംവിധാനത്തിലും തന്റേതായ മുദ്ര പതിപ്പിച്ചു. ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടിലൂടെ സിനിമകളെ സമാന്തര സിനിമയുടേയും വാണിജ്യസിനിമയുടേയും ഇടയില്‍ ഒരു പുതിയ പേരുകൊടുത്തു വിളിച്ചു 'മധ്യവര്‍ത്തി സിനിമ'
തിരക്കഥയുടെ ശക്തികൊണ്ട് കലാമൂല്യവും നിലവാരവുമുള്ള സിനിമയുമായി സമാന്തരസിനിമ എന്ന വിശേഷണത്തില്‍ പ്രേക്ഷകരിലേയ്ക്ക് ഇറങ്ങിച്ചെന്നു
മലയാള സിനിമക്ക് പുതുമുഖങ്ങളെ നല്കാനും കഴിഞ്ഞു, അശോകൻ ( പെരുവഴിയമ്പലം) റഷീദ് ( ഒരിടത്തൊരു ഫയൽവാൻ) റഹ് മാൻ (കൂടെവിടെ ) ജയറാം (അപരൻ ), നിതിഷ് ഭരദ്വാജ് (ഞാൻ ഗന്ധർവ്വൻ) ,സുഹാസിനി (കൂടെവിടെ ), ശാരി (നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ) മോഹൻലാൽ നെടുമുടി വേണു തിലകൻ: ശോഭന സുരേഷ് ഗോപി ഇവരുടെ ശക്തമായ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുവാനും പപ്പേട്ടന് കഴിഞ്ഞു. 
പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി 'പെരുവഴിയമ്പല'ത്തിലൂടെ സംവിധാനരംഗത്തേയ്ക്കു കടന്നുവന്ന്, പ്രണയത്തിന്റേയും രതിയുടേയും ഭാവസാന്ദ്രമായ ഗീതങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച് വളരെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് 'പറന്നു പറന്നു പറന്നു' പോയ കലകാരന്‍. കടലിനേയും മഴയേയും കാറ്റിനേയും കഥാപാത്രമാക്കിമാറ്റിയ ഗന്ധര്‍വ്വന്‍.അദ്ദേഹത്തിനുവേണ്ടിയും നിശയുടെ പതിനേഴാമത്തെ കാറ്റു വീശി.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരു അടയാളം രേഖപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.'നൊമ്പരത്തിപ്പൂ'വും കരയാത്ത ദേശാടനക്കിളികളും മുന്നാംനാള്‍ കര്യ്ക്കടിയുന്ന പാച്ചുവും ഗോദയില്‍ കരുത്തുകാട്ടുന്ന ഫയല്‍വന്‍റെ ദാമ്പത്യപരാജയവും ഒക്കെ ഒരു നൊമ്പരം സമ്മാനിക്കുന്നു.ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ നമുക്ക് ആ കൂട്ടുകാരിയെ കാണാന്‍ കഴിയൂ,അതെ അവള്‍ തന്നെ 'ശാലിനി എന്‍റെ കൂട്ടുകാരി'.
ഒറ്റപ്പെടലിന്‍റെ വേദനയില്‍ കഴിയുന്ന ജാനകിയമ്മ,ഇവിടെ മരങ്ങളും മൃഗങ്ങളും കഥാപാത്രങ്ങളാകുന്നു .ദീര്‍ഘവീക്ഷണത്തോടുകൂടി എഴുതിയ തിരക്കഥയാണ് 'തിങ്കളാഴ്ച നല്ല ദിവസം'ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് ഈ സിനിമ റിലീസ് ആയത്.അഗതിമന്ദിരങ്ങള്‍ സജീവമല്ലായിരുന്ന ആ കാലഘട്ടത്തില്‍ ജാനകിയമ്മയെ ശരണാലയത്തിലാക്കി വീടും പുരയിടവും വിറ്റ് ബാംഗ്ലൂരില്‍ ഫ്ലാറ്റ് വാങ്ങാന്‍ ശ്രമിക്കുന്ന മകന്‍ .ഒറ്റപ്പെടലിന്‍റെ വേദനയില്‍ കഴിയുന്ന ജാനകിയമ്മ,ഇവിടെ മരങ്ങളും മൃഗങ്ങളും കഥാപാത്രങ്ങളാകുന്നു .ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞ ഒരു നല്ല ദിവസം അതെ , ഒരു തിങ്കളാഴ്ച ആ അമ്മ വീടിനോട് വിട പറയുകയാണ്,ശരണാലയത്തിലേയ്ക്ക്.പിറ്റേദിവസം അമ്മ ഹൃദയംതകര്‍ന്നു മരിക്കുന്നു .പശ്ചാത്തപിച്ചിട്ട്‌ കാര്യമില്ല.
സിനിമയ്ക്കും കഥയ്ക്കുമൊക്കെ പുതുമയുള്ള പേരുകള്‍ തിരഞ്ഞെടുത്ത് അവിടേയും ഒരു 'പത്മരാജന്‍സ്പര്‍ശം നല്കി.പെരുവഴിയമ്പലം,അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍,ഒരിടത്തൊരു ഫയൽവാൻ,കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം ,നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല നൊമ്പരത്തിപ്പൂവ് , തൂവാനത്തുമ്പികൾ അപരൻ മൂന്നാംപക്കം, സീസൺ,ഇന്നലെ,ശാലിനി എന്റെ കൂട്ടുകാരി. ഈ തണുത്ത വെളുപ്പാൻ കാലത്ത്..അങ്ങനെപോകുന്നു.സിനിമകള്‍.വാടകക്കൊരു ഹൃദയം, ഉദ്ദകപ്പോള,ഇതാ ഇവിടെവരെ,ശവവാഹനങ്ങളും തേടി,മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും,കൈവരിയുടെ തെക്കേയറ്റം,കഴിഞ്ഞവസന്തകാലത്തിൽ. കഥകളും നോവലുകളും അങ്ങനെ നീളുന്നു..
ജയകൃഷ്ണനേയും ഒരു മഴയോടൊപ്പം കടന്നുവരുന്ന ക്ലാരയേയും കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണ്ണമാവില്ല.മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിച്ചിരിക്കുന്നവരാണ് ഇവര്‍.രണ്ടു വ്യത്യസ്ത മുഖങ്ങളുള്ള ജയകൃഷ്ണനും അയാളാല്‍ നശിപ്പിക്കപ്പെടുന്ന ക്ലാരയും.തെറ്റില്‍ നിന്നും തെറ്റിലേയ്ക്കു പോകുന്ന അവളെ അയാള്‍ നിശബ്ദമായി പ്രണയിക്കുന്നു.അതിനിടയിലേയ്ക്ക് കടന്നുവരുന്ന രാധയും.
ശരിയാണ് ഇതെഴുതുമ്പോഴും പുറത്ത് ഒരു ചാറ്റല്‍ മഴ ഒളിച്ചുനില്ക്കുന്നുവോ!ഒരു സാന്ത്വനം പോലെ മഴ പെയ്യുന്നു.ഗന്ധര്‍വ്വന്‍ ഇവിടെയെവിടയോ ഉണ്ട്, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നു ജനുവരി ഇരുപത്തിനാലാംതീയതി അദ്ദേഹം ഗന്ധര്‍വ്വലോകത്തിലേയ്ക്കു യാത്രയായി.ഇനി നക്ഷത്രങ്ങള്‍ കാവലുണ്ടാകട്ടെ...
____________________
അദ്ദേഹത്തിന്റെ സിനിമകൾ
പ്രയാണം 1975
ഇതാ ഇവിടെ വരെ, 1977
നക്ഷത്രങ്ങളെ കാവൽ 1978
രാപ്പാടികളുടെ ഗാഥ 1978
രതിനിർവേദം 1978
സത്രത്തിൽ ഒരു രാത്രി 1978
വാടകക്ക് ഒരു ഹൃദയം 1978
പെരുവഴിയമ്പലം 1979
കൊച്ചു കൊച്ചു തെറ്റുകൾ 1979
തകര 1979
ശാലിനി എന്റെ കൂട്ടുകാരി 1980
ഒരിടത്ത് ഒരു ഫയൽവാൻ 1981
കള്ളൻ പവിത്രൻ 1981
ലോറി 1981
നവംബറിന്റെ നഷ്ടം 1982
ഇടവേള 1982
കൂടെവിടെ? 1983
കൈകേയി 1983
ഈണം 1983
പറന്നു പറന്നു പറന്നു 1984
കാണാമറയത്ത് 1984
തിങ്കളാഴ്ച നല്ല ദിവസം 1985
ഒഴിവുകാലം 1985
ക രിമ്പിൻ പ്പൂവിനക്കരെ 1985
നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ 1986
കരിയിലക്കാറ്റുപോലെ 1986
ദേശാടനക്കിളി കരയാറില്ല 1986
നൊമ്പരത്തിപ്പൂവ് 1986
തൂവാനത്തുമ്പികൾ 1987
അപരൻ 1988
മൂന്നാംപക്കം 1988
സീസൺ 1989
ഇന്നലെ 1990
ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
ഞാൻ ഗന്ധർവ്വൻ 1991
ഇതു കൂടാതെ പതിനാലു നോവലുകളും പതിനൊന്നു ചെറുകഥകളും അദ്ദേഹത്തിനേറെ തായിട്ടുണ്ട്
വാടകക്കൊരു ഹൃദയം
, ഉദ്ദകപ്പോള,
ഇതാ ഇവിടെവരെ,
ശവവാഹനങ്ങളും തേടി,
മഞ്ഞുകാലംനോറ്റ കുതിര, 
പ്രതിമയും രാജകുമാരിയും
,കൈവരിയുടെ തെക്കേയറ്റം,
കഴിഞ്ഞവസന്തകാലത്തിൽ.
ഋതുഭേദങ്ങളുടെ പാരിതോഷികം
നന്മകളുടെ സൂര്യൻ
വിക്രമകാളീശ്വരം
അവളുടെ കഥ
ലോല, പ്രഹേളിക
മറ്റുള്ളവരുടെ വേനൽ
ഒന്നു രണ്ടു മൂന്ന്,
കഥകളും നോവലുകളും അങ്ങനെ നീളുന്നു
പെരുവഴിയമ്പലം 1979 ലും തിങ്കളാഴ്ച നല്ല ദിവസം 1986ലലും
ദേശീയ ചലച്ചിത്ര പുരസ്കാരം നേടി, നല്ല കഥക്കും (രാപ്പാടികളുടെ ഗാഥ | പെരുവഴിയമ്പലം) തിരക്കഥക്കും ( കാണാമറയത്ത്, അപരൻ ) സംസ്ഥാന അവാർഡുകൾ ലഭിച്ചു
മലയാള സിനിമയിലെ നിത്യവിസ്മയമായിരുന്ന ആ ഗന്ധർവ്വ സാന്നിധ്യത്തിനു മുൻപിൽ ഓർമ്മയുടെ, സ്നേഹത്തിന്റെ പാലപ്പൂക്കൾ കൊണ്ട് പ്രണാമം

No comments:

Post a Comment