Thursday, March 31, 2016

കലികാല കാലൻകാലൻ തന്‍റെ വാഹനമായ പോത്തിന്റെ പുറത്തു കയറി ഭൂമിയിലേക്ക്‌ ഇറങ്ങി .
“ഇന്നൊരു കൈക്കൂലിക്കാരനെയാണ് കൊണ്ടു വരേണ്ടത്. ഭൂമിയിൽ ഇറങ്ങിയ കാലൻ തന്‍റെ പോത്തിന്റെ പുറത്തേറി അങ്ങിനെ പോകുമ്പോൾ ഒരു ബൈക്കിൽ മൂന്നു ന്യൂ ജെനറെഷൻ പിള്ളേരു പാഞ്ഞു പോകുന്നു.
ഓ! ഈ പിള്ളേരിപ്പോ കൊന്നേനെ. നിന്നെയൊക്കെ പിന്നെ എടുത്തോളാമെടാ.......... പിന്നെ ഓർത്തു ഈ പോത്തിനെയും കൊണ്ട് നടക്കുന്ന നേരത്തു അത്തരം ഒരു വണ്ടിയായിരുന്നേൽ ജോലി എളുപ്പമായിരുന്നു.
കാലനു പോത്തിന്‍റെ പുറത്തു കേറി പോയപ്പോൾ അല്‍പം ജാള്യം തോന്നി. പിന്നെ ആശ്വസിച്ചു.
ഓ!! വേറാരും കാണാനൊന്നും പോകുന്നില്ലല്ലോ. എന്നാൽ കുറച്ചു നടന്നു നീങ്ങിയപ്പോൾ ഒരു സ്ത്രീ ശബ്ദം !!
“ വരുന്നുണ്ട് !! കാലൻ !!
ങ്ങേ??!!! കാലൻ ഞെട്ടി. “അപ്പോൾ മനുഷ്യർക്ക് ‌ തന്നെ കാണാൻ സാധിക്കുന്നുണ്ടോ? “
“നിന്‍റെപ്പനാടീ കാലൻ”
ഒരു പുരുഷ ശബ്ദം കേട്ടു കാലൻ വീണ്ടും ഞെട്ടി. ഇപ്പ്രാവശ്യം കാലന്‍റെ വാഹനവും ഞെട്ടി.!!!
എന്നിട്ട് ഒളികണ്ണിട്ടു കാലനെ നോക്കി ..
“അമ്പട വീരാ.....ഇവിടേം!!!??? ”
പോത്തു ഊറി ചിരിച്ചു.
“ഹേയ് .. എന്റേത് ഇങ്ങനെയല്ല” എന്നർത്ഥ ത്തിൽ കാലൻ തന്‍റെ വാഹനത്തെ ദയനീയമായി ഒന്ന് നോക്കി.
എന്നിട്ട് ശബ്ദം വന്ന ദിക്കിലേക്കു നോക്കി . വളരെ ക്ഷീണിച്ച ഒരു ആൾ രൂപം ആടി ആടി വരുന്നു. കുഴഞ്ഞ ശബ്ദത്തിൽ അവൻ ഒരു പാട്ടും പാടുന്നുണ്ട് .
“മലരേ... നിന്നെ... കാണാതിരുന്നാൽ ...”
കാലന്‍റെ എക്സ്റേ കണ്ണുകൾ അവനെ ഒന്ന് അടിമുടി നോക്കി . ഇവന്റെ കരളൊക്കെ തീരാറായല്ലോ.
"നിന്നെ ഞാൻ എടുത്തോളാടാ മരുമോനെ." ...
കാലൻ തന്‍റെ ലക്ഷ്യത്തിലേക്കു നീങ്ങി.
അപ്പോഴേക്കും മരുമോന്‍റെ ശബ്ദം അങ്ങ് ഉച്ചസ്ഥായിയിലായി.
“മലരേ...... ..... മലരേ......................”
ദൂരെ നിന്ന് കേട്ടപ്പോൾ കാലനു ഒരു സംശയം.. ഇനി അവൻ “മലരേ “ എന്ന് തന്നെയല്ലേ പറയുന്നേ??!!
ആ... എന്തേലുമാകട്ടെ. കാലൻ തന്‍റെ പ്രയാണം തുടർന്നു.
വാ ഹനം പാർക്ക് ചെയ്തു കാലന്‍ ഒരു കയറുമായി പ്രശസ്തമായ ആ ആശുപത്രിയുടെ ഐ സി യു വിന്റെ മുന്നിലേക്ക് നടന്നു ചെന്നു.
"ഇപ്പോൾ വരും ഒരുത്തൻ.!!!
ഐ സി യു വിന്റെ വാതിൽ തുറന്നു ധൃതിയിൽ ഡോക്ടറും നഴ്സുമാരും അകത്തോട്ടു പോകുന്നു. അകത്തു കിടക്കുന്ന ആളുടെ നില ഗുരുതരമാണ്. ബന്ധുക്കൾ പുറത്തു ആകാംഷയോടെ നിൽക്കുന്നു ഒരു കാർ ആക്സിഡന്റ്റ് ആണ്. അൽപ സമയത്തിന് ശേഷം ഐ സി യു വിന്റെ വാതിൽ തുറന്നു താഴ്ന്ന ശിരസ്സോടെ ഡോക്ടർ പുറത്തോട്ടു ഇറങ്ങിപ്പോയി. വെള്ള പുതപ്പിച്ച ബോഡി തള്ളിക്കൊണ്ട് പുറകിൽ നഴ്സുമാരും. പിന്നെ അവിടെയൊരു കൂട്ടകരച്ചിൽ..
കാലൻ ഹാപ്പി . കുറെ നേരമായി ഇരിക്കുന്നു. കാലൻ തന്റെ ഇരയെയും കൊണ്ട് പുറത്തേക്കു. പോത്തിന്റെ പുറത്തു അവനെയും കയറ്റി കാലൻ പുറപ്പെട്ടു.
മാഷെ നമ്മളെങ്ങോട്ടാ... ?? സ്വർഗ്ഗത്തിലെക്കോ അതോ നരകത്തിലെക്കോ?
കാലനു ചിരി വന്നു.
“നീ ചെയ്ത പാപം വെച്ച് നോക്കിയാൽ കുറെ കാലം നരകത്തിൽ കഴിയേണ്ടി വരും.”
“എന്ന് വച്ചാ എത്ര നാൾ?”
“ഒരു വർഷം”
“അത്രേയൊള്ളോ?. അതിപ്പോ ദാ… ന്നു പോകില്ലേ?”
“അതേയ് നിങ്ങളുടെ ആയിരം വർഷമാ ഞങ്ങളുടെ ഒരു വർഷം” .
“ആണോ??!!! അതിനുള്ള തെറ്റ് ഞാൻ എന്തോ ചെയ്തു???”
“ഞാൻ വലിക്കില്ല കുടിക്കില്ല. പെണ്ണ് പിടിക്കില്ല. ഭാര്യയെ തല്ലില്ല. കുടുംബം പൊന്നു പോലെ നോക്കും. പിന്നെന്താ?”
“അതേയ് നീ ഒരു കൈ കൂലിക്കാരനല്ലേ. ?? നല്ലൊരു സർക്കാർ ജോലി ഉണ്ടായിരുന്നിട്ടും നീ കൈക്കൂലി വാങ്ങി തരികിട നടത്തിയിട്ടില്ലെ? അതോണ്ടല്ലേ കഴിഞ്ഞ വർഷം ആ പാലം ഇടിഞ്ഞു ബസ് മറിഞ്ഞപ്പോ രണ്ടു ആൾ മരിച്ചില്ലേ? കുറേപ്പേർ ഇപ്പോഴും കിടപ്പിലല്ലേ? എല്ലാം നിന്റെ ആർത്തി കാരണമല്ലേ?"
"അത് പിന്നെ മാഷെ.. സോറി, കാലാ.. ഒരു ചില്ലിക്കാശു കൈകൂലി വാങ്ങിക്കില്ല എന്ന് പ്രതിജ്ഞ എടുത്തിട്ടാ ഞാൻ ജോലിയിൽ കേറിയത്. കുറേക്കാലം സത്യ സന്ധമായി ജോലി ചെയ്തപ്പോൾ എനിക്ക് കിട്ടിയ പേര് "മൂരാച്ചി " എന്ന്. ആളുകളും സഹ പ്രവർത്തകരും പറയും തിന്നുകെമില്ല തീറ്റുകെമില്ല എന്ന്. എല്ലാം ഞാൻ സഹിച്ചു.
മോൻ എന്ട്ര ൻസിന്റെ റാങ്ക് ലിസ്റ്റിൽ ഒത്തിരി പുറകിലായിരുന്നു. ഒരു സീറ്റ് സങ്കടിപ്പിക്കാൻ എന്താ വഴീന്നോർതിരുന്നപ്പൊഴാ ആ കോണ്ട്രാക്ടർ കൊറേ കാശുമായി വന്നത്. വേറൊന്നും ഞാൻ ചിന്തിച്ചില്ല. എനിക്ക് മോന്റെ ഭാവിയായിരുന്നു വലുത്. ഞാനത് വാങ്ങി മോനെ പഠിപ്പിച്ചു".
"ന്നാലും ഇത് ഒരുമാതിരി കണ്ണീ ചോരയില്ലാത്ത പണിയായിപ്പോയീട്ടോ മാഷെ അല്ലാ കാലാ.. എന്റെ മോന് ആണെങ്കിൽ ഒരു ജോലിയായിട്ടില്ല. മോളെ കെട്ടിച്ചു വിട്ടിട്ടില്ല. അതിനിടെ എന്നെ ഇങ്ങനെ കൊണ്ട് പോന്നത് ഒരു മാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി"
"എടാ നീയെന്തിനാ വിഷമിക്കുന്നേ? നീ സെർവിസിലായിരുന്നപ്പോൾ മരിച്ചതോണ്ട് നിന്റെ മോന് ആ ജോലി കിട്ടൂല്ലേ?? നിന്റെ പീ എഫും ഗ്രാറ്റുവിറ്റീം ഒക്കെ കിട്ടുമ്പോൾ നിന്റെ മോളുടെ വിവാഹം അടിച്ചു പൊളിച്ചു നടത്തിക്കൂടെ.??? നിനക്ക് പകരം അവരുടെ അമ്മയും അമ്മാവൻ മാരും കൂടി എല്ലാം ഗംഭീരമായി നടത്തിക്കോളും. എന്നാൽ നീ മൂലം മരിച്ച ആ വീടുകളിലേക്ക് നീ നോക്ക് . പട്ടിണീം പരിവട്ടവുമായി നടക്കുന്ന കണ്ടില്ലേ??
പാവങ്ങൾ.. അപ്പോൾ പിന്നെ നിനക്ക് നരകം തന്നെ തരണ്ടേ?
അവനും സങ്കടം തോന്നി. താൻ തെറ്റ് ചെയ്തിരിക്കുന്നു.
അവർ നരകത്തോടടുത്തു. ഒഹ്ഹ് എന്തൊരു ചുട്ടു പൊള്ളുന്ന ചൂട്.
ഉം ... നീയും കുറേകാലം ഇത് അനുഭവിക്കേണ്ടി വരും.
ചൂട് കൂടിക്കൊണ്ടേയിരുന്നു, എന്നാ പിന്നെ നീയങ്ങോട്ടു ചെല്ല്. ഞാൻ അടുത്ത ആളെ തേടി പോട്ടെ. കാലൻ അവനെ ഡ്രോപ്പ് ചെയ്തിട്ടു തിരിഞ്ഞു.
“അയ്യോ പോവല്ലേ. ഇത് ഒഴിവാക്കാൻ വല്ല മാർഗ്ഗോമുണ്ടോ?? എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാ മതി. എന്ത് വേണേലും ചെയ്യാം. ഒരു കോമ്പ്രമൈസ് ??!!”
ങെഹ്?? കാലൻ ഞെട്ടി.
‘യു മീൻ " കൈക്കൂലി" ?? നീയിനി എന്ത് തരാനാ???!! ആകെയുള്ള ഈ ജീവനോ? അത് ഞാനെടുത്തില്ലേ ?? ഹ ഹ ഹ . "നീയൊന്നും ചത്താലും നന്നാകില്ലേഡേയ് ??
കാലനു അവനെ ഒന്നുകൂടി കൊല്ലാൻ തോന്നി. ഇല്ല ഈ ജനം ഒരിക്കലും നന്നാകില്ല. കാലൻ പിറുപിറുത്തു.
അവനെ നരകത്തീയിൽ തള്ളിയിട്ടു അടുത്ത ആളെത്തേടി യാത്രയായി.

വയലാർ രാമവർമ്മസംഗീതത്തെ സ്നേഹിക്കുന്ന, കവിതയെ സ്നേഹിക്കുന്ന 
ഏതൊരാളിന്റെ ഉള്ളിലും ഇന്നും തോരാ മഴയായ് 
പെയ്തിറങ്ങുന്നുണ്ട് ഈ നാമം .
ഓരോ മലയാളിയും നെഞ്ചിലേറ്റിയ ആയിരക്കണക്കിന് ഗാനങ്ങൾ .
"വെള്ളാരപ്പള്ളി കേരള വർമ്മയുടെയും ,വയലാർ രാഘവപ്പറമ്പിൽ അംബാലികതമ്പുരാട്ടിയുടെയും " മകനായി 1928 മാർച്ച് 25 നു _ വയലാർ രാമവർമ്മ ജനിച്ചു .മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു .സ്കൂൾ വിദ്യാഭ്യാസം അദേഹത്തിന് ആദ്യം ലഭിച്ചില്ല .
ഗുരുകുല രീതിയിൽ സംസ്കൃതം അഭ്യസിച്ച ശേഷമാണ് 
ചേർത്തലഹൈസ്കൂളിൽ ചേർന്നത്‌ .
ചെങ്ങണ്ട പുത്തൻ കോവിലകത്തു "ചന്ദ്രമതിതമ്പുരാട്ടി"യാണ് ആദ്യഭാര്യ .സന്തതികൾ ഇല്ലാത്തതിനാൽ ആണ് അതെ കോവിലകത്തെ 
ഭാരതിത്തംബുരാട്ടിയെ വിവാഹം കഴിച്ചത് .അതിൽ 4 മക്കൾ .ചലച്ചിത്ര ഗാനരചയിതാവായ ശരത്ചന്ദ്രൻ, ഇന്ദുലേഖ ,യമുനാ ,സിന്ധു .
1948 ഇൽ പ്രസിദ്ധീകരിച്ച "പാദമുദ്ര" ആണ് ആദ്യത്തെ 
കവിതാ സമാഹാരം .
പിന്നീട് അദ്ദേഹം നാടകഗാനരംഗത്ത് കുലപതിയായി മാറി .ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ " എന്ന ഒറ്റ ഗാനത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ കുടിയേറി 
." ഈശ്വരനല്ലഞാൻ മാന്ത്രികനല്ല ഞാൻ 
പച്ചമണ്ണിൻ മനുഷ്യത്വമാണ്‌ ഞാൻ .
വിശ്വ സംസ്കാര വേദിയിൽ പുത്തനാ 
മശ്വമേധം നടത്തുകയാണ് ഞാൻ ." 
മാനവികതയെ ജീവിതത്തിന്റെ ലക്ഷ്യവും സംസ്കാരവും ആയി കണ്ടിരുന്ന വ്യക്തി !.സാധാരണക്കാരന്റെ ജീവിതം അക്ഷരപൊൻ
മുത്തുകളാക്കി മാറ്റിയ, തൂലിക പടവാളാക്കിയ ,കവി ഇങ്ങനെ പാടി " "വാളല്ലെൻ സമരായുധം ഛണ ഛണ നാദം മുഴക്കുവാനാളല്ല ...എൻ കരവാൾവിറ്റു ഒരു മണി പൊൻവീണ വാങ്ങിഞാനിന്നലെ " 
വയലാറിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോ സ്നേഹത്തിന്റെ അഭൗമമായ ഒരു മാന്ത്രിക സ്പർശം നമുക്കറിയാൻ കഴിയും 
"ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു 
കൂട്ടിന്നിളം കിളി ചങ്ങാതി പൈങ്കിളി കൂടുവിട്ടിങ്ങോട്ടു പോരാമോ?
ഒന്നായലിഞ്ഞു ചേരുന്ന ആ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്തു 
വീഴ്ത്തുന്ന കാട്ടാളനോട് മാനിഷാദ ചൊല്ലുന്ന കവി ഇങ്ങനെ അടിയുറപ്പിച്ചു പറയുന്നു ...
"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും .."
"ആത്മാവിൽ ഒരു ചിത"സ്വന്തം അച്ഛൻ മരിച്ച ഓർമയിൽഎഴുതിയതാണെന്ന് കവി പറഞ്ഞിട്ടുണ്ട് ..
"താടക" എന്ന നിശാചരി രാക്ഷസിയുടെ കവിത അതുവരെ നമ്മിൽ 
അടിയുറച്ചു പോയ ചില പുരാണവിശ്വാസപ്രമാണങ്ങളെ തകർത്ത് കളയുന്ന ഒന്നായിരുന്നു .
അതുപോലെ തന്നെ "രാവണ പുത്രിയും "ആരും ഒന്ന് തൊടാൻ പോലും മടിക്കുന്ന ചില മേഖലയായിരുന്നു അത്‌ ..മലയാള മനസ്സിൽ വേരോടിപ്പോയ കഥകളെ അപ്പാടെ തിരുത്തിക്കുറിച്ച രചനകൾ .
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തിയ കവിയിൽ 
നിന്നും അനേകം വിപ്ലവഗാനങ്ങളും നമുക്ക് ലഭിച്ചു .
വയലാറിന്റെ ആദ്യ ചലച്ചിത്ര ഗാനം എന്നും പുതുമയോടെ നമ്മുടെ ഹൃദയങ്ങളിലുണ്ട് .1956 ൽ ഇറങ്ങിയ "കൂടപ്പിറപ്പ്" എന്ന ചിത്രത്തിന് വേണ്ടി എഴുതിയ " തുമ്പി തുമ്പി വാവ ...ഈ തുമ്പത്തണലിൽ വാ വാ ." എന്ന ഗാനം ആയിരുന്നു അത് .1961 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ വയലാറിന്റെ " സര്ഗ്ഗ സംഗീതത്തിന്" ലഭിച്ചു "
മൂന്നുതവണ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള അവാർഡ്‌ നേടി .
" മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ...
മതങ്ങള ദൈവങ്ങളെ സൃഷ്ടിച്ചു " 
ഈ ഗാനം ഒരിക്കലെങ്കിലും മൂളി നോക്കാത്തവർ ചുരുക്കം .1974 ല ഈ ഗാനത്തിനായിരുന്നു രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയത് .
കൃതികൾ :_ പാദമുദ്രകൾ 
കൊന്തയും പൂണൂലും 
എനിക്ക് മരണമില്ല .
മുളങ്കാട്‌ .
ഒരു ജുതാസ് ജനിക്കുന്നു 
എന്റെ മാറ്റൊലിക്കവിതകൾ 
സര്ഗ്ഗ സംഗീതം 
വയലാർ കൃതികൾ 
എന്റെ ചലച്ചിത്ര ഗാനങ്ങൾ 
ഖണ്ഡ കാവ്യം :_ ആയിഷ 
കഥകള :_ രക്തം കലര്ന്ന മണ്ണ് 
വെട്ടും തിരുത്തും 
വയലാർ എന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു ...അക്ഷരങ്ങളിലൂടെ ..,വാക്കുകളിലൂടെ ...സംഗീതത്തിലൂടെ ..."എനിക്ക് മരണമില്ല "എന്ന കവിയുടെ വാക്കുകൾ പോലെ തന്നെ വയലാറിന് മരണമില്ല ....ഒരിക്കലും 
മന്വന്തരങ്ങൾ കഴിഞ്ഞാലും .....

മൈലാടുംപാറ"ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ."
ഏറെ നാളുകൾക്കുശേഷം അമ്മയോടൊപ്പം കുറച്ചുദിനങ്ങൾ. തിരക്കുകളില്ലാതെ ജനിച്ചുവളർന്ന നാട്ടിൽ. മനസിലപ്പോൾ ബാല്യകാലസ്മരണകൾ നിറഞ്ഞു.
നാലാം വയസിൽ, വീടുവാർക്കാനായി ഇറക്കിയിട്ടിരുന്ന മെറ്റൽകൂനയിലോടിക്കയറി വീണു താടിയിൽ തുന്നലിടേണ്ടി വന്നതാണ് ആദ്യ ഓർമ്മ. അതുകൊണ്ട് എസ് എസ് എൽ സി ബുക്കിൽ എഴുതാൻ ഒരു മായാത്ത അടയാളംകിട്ടി.
വീടിനുമുന്നിലെ റോഡിനപ്പുറം കണ്ണെത്താത്തിടത്തോളം
എൻ എസ് എസ് ന്റെ റബ്ബർ തോട്ടം. അതിനപ്പുറം എന്റെ പ്രാഥമിക വിദ്യാലയം. തോട്ടത്തിനു നടുവിലൂടെ സ്കുളിലേക്കു പോണ വഴിക്കൊരു ചെറിയ പാറയുണ്ട്. ഇതാണ് മൈലാടുംപാറ എന്നുപറഞ്ഞു ഞങ്ങൾ കൂട്ടുകാർ അവിടെ ആട്ടവും പാട്ടുമൊക്കെ നടത്തുമായിരുന്നു.റോഡുവക്കിൽ നിൽക്കുന്ന കൈതയുടെ മുള്ളു വളച്ചുകുത്തിവച്ചോ പാഞ്ചിയില പറിച്ചു പുസ്തകത്തിൽ വച്ചോ ആനപ്പിണ്ടത്തിൽ ചവുട്ടിയോ അടിയിൽനിന്നു രക്ഷപെടാനാവുമെന്നായിരുന്നു വിശ്വാസം. വഴിയിൽ കണ്ട വട്ടയിൽ നിന്നു വൃത്തിയുളള രണ്ടു ഇലയും പറിച്ചു സ്കുളിലെത്തും. ഉച്ചക്കു ചൂടു ഉപ്പുമാവു വട്ടയിലയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ടുവന്നു തേങ്ങയും പഞ്ചാരയും ചേർത്തുകഴിക്കും. അത്ര രുചിയുള്ള ഉപ്പുമാവുണ്ടാക്കാനുള്ള എന്റെ ശ്രമം ഇന്നും വിജയിച്ചിട്ടില്ല.
ഷേവിംഗ് ബ്രഷിന്റെ ആകൃതിയിലുള്ള മുരിക്കിൻപൂ പെറുക്കാൻ മത്സരിച്ചോടുമായിരുന്നു. വലുത് കിട്ടാൻ. ഇതളുകൾ പറിച്ചു കളഞ്ഞു ബ്രഷ് കവിളിൽ ഉരസി ഇക്കിളാക്കി കളിക്കും.
ഡിസംബർ മാസത്തോടെ റബ്ബറിലകളൊക്കെ പഴുത്തു കൊഴിയും.അതെല്ലാം തൂത്തുകൂട്ടി തീയിടുക നല്ല രസമുള്ള പണിയായിരുന്നു. മെത്തപോലെ കൂടിക്കിടക്കുന്ന ഇലകൾക്ക് മുകളിൽ ഉരുണ്ടുകളിക്കും. മാർച്ചുമാസത്തിൽ പെയ്യുന്ന മഴയ്ക്കു ശേഷം മുപ്ലിവണ്ടുകളുടെ ശല്യമാണ്‌. വീടിനുള്ളിലേക്ക് ഇവയുടെ നുഴഞ്ഞുകയറ്റം തടയാൻ ഒരു ഫലപ്രഥമായ മാർഗ്ഗം കണ്ടെത്താൻ ഒരു പ്രതിരോധ സേനയ്ക്കും ഇതുവരെ കഴിഞ്ഞിട്ടുമില്ല.
മെയ്‌ അവസാനത്തോടെ റബ്ബറിലകളിൽ തുരിശു തളിക്കാൻ ഹെലിക്കൊപ്റ്റെർ വരും. അടുത്തുള്ള മധുരമലയിൽ ഒരു ഹെലിപ്പാഡ് ഉണ്ട്‌. ദിവസം നേരത്തേ അറിയിക്കും. കിണറൊക്കെ മൂടിയിടണം അല്ലെങ്കിൽ തുരിശുവെള്ളം കുടിക്കേണ്ടിവരും. താഴ്ന്നു പറക്കുന്ന യന്ത്രത്തുമ്പിയെ കണ്‍നിറയെ കണ്ടു പൈലറ്റിന് ടാറ്റാ കൊടുക്കും. അയാൾ തിരിച്ചു കൈവീശുമ്പോൾ എന്തൊരു സന്തോഷം. റബ്ബർക്കായകൾ പൊട്ടിവീഴുന്ന കാലം നാടിന്നുല്സവമാണ്. എല്ലാവരും സഞ്ചിയുമായി ഇറങ്ങും. തോടു മഴക്കാലത്ത്‌ തീ കത്തിക്കാൻ നല്ലതാണ്. റബ്ബർക്കുരു വിറ്റാൽ കാശും കിട്ടും. മിനക്കെട്ടു പെറുക്കിയാൽ നല്ല കാശു സമ്പാദിക്കാം.
വേനൽക്കാലം ആവും മുന്നേ തെങ്ങോലകൾ വെട്ടി പറമ്പിൽ അവിടവിടെ കൂട്ടിയിടാറുണ്ടായിരുന്നു. അതിന്റെ മുകളിൽ കിടന്നു ബാലരമയും പൂമ്പാറ്റയും വായിക്കാൻ നല്ല രസമായിരുന്നു. കുറച്ചു ദിവസമാകുമ്പോഴേക്കും ഓലമടലുകൾ രണ്ടായി കീറി കെട്ടുകളാക്കും. ഓലമേഞ്ഞ വീടുള്ളവർ ഈ ഓലക്കെട്ടുകൾ വാങ്ങികൊണ്ടുപോയി തോട്ടിലെ വെള്ളത്തിലിടും. കുതിരുന്ന ഓലകൾ മെടഞ്ഞു വീടുമേയാൻ എടുക്കും. ഇന്ന് വീടുപോയിട്ട് ഒരു ചായ്പ്പു പോലും ഓലമേഞ്ഞതില്ല.
വീട്ടിൽ വിരുന്നു വരുന്നവരെയുംകൊണ്ട് കുളപ്പാറ കാണിക്കാൻ പോകാൻ നല്ല ഉൽസാഹമായിരുന്നു. റബ്ബർത്തോട്ടത്തിനു നടുവിൽ ഒരിക്കലും വറ്റാത്തൊരു കുളo വുമായി വലിയോരു പാറ. അതിനു മുകളിൽ നിന്നാൽ പത്തനാപുരം മുഴുവൻ കാണാം. അകലെയായി സഹ്യനിരകളും. മലകൾക്കിടയിലൂടെ അലസമായ് കുണുങ്ങിയൊഴുകുന്ന പട്ടാഴിയുടെ പ്രിയ കല്ലടയാറും കാണാം. അടുത്തുതന്നെ ഉരലിന്റെ ആകൃതിയിലൊരു പാറയുണ്ട്. അതിനു മുകളിൽ കയറാനൊന്നും പറ്റില്ല. താഴെ ഉലക്കപോലെ മറ്റൊരു പാറയും. പാണ്ഡവരുടെ അജ്ഞാതവാസകാലത്ത് ഭീമൻ ഉപയോഗിച്ചതാണത്രേ ഈ ഉരലും ഉലക്കയും. രഥം ഉരഞ്ഞതാണെന്നു പറയുന്ന ചില പാടുകളും പാറയിലുണ്ട്. കുറച്ചു അപ്പുറത്തായി ചെറിയ ഒരു അമ്പലമുള്ള മറ്റൊരു പാറ. അവിടെ നിന്നാൽ ഞാൻ പഠിച്ച മാലൂർ കോളേജു കാണാം. പത്തനംതിട്ട മുഴുവനും ശബരിമലവരെ കാണാം.കിഴക്കു നീലമലനിരകൾ നോക്കിയിരുന്നാൽ സമയം പോകുന്നയറിയില്ല. ശരീരം തണുക്കില്ലെങ്കിലും മനസു കുളിർപ്പിക്കുന്ന കാഴ്ചകൾ നൽകുന്ന, ഞങ്ങളുടെ ഊട്ടിയാണ്‌ ഈ പാറ. ഇപ്പോഴവിടെ പട്ടാഴി പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ടാങ്കുമുണ്ട്. സ്വകാര്യഭൂമിയിലുള്ള
പാറകൾ പലതും പൊട്ടിച്ചു തീരുന്നു.
ആർക്കും വേണ്ടാതിരുന്ന പാറക്കെട്ടുകൾ നിറഞ്ഞ പുരയിടങ്ങൾ പലരെയും മുതലാളിമാരാക്കി.
കൃഷിയും കന്നുകാലി വളർത്തലുമാണ് മിക്കവരുടെയും ജീവിതമാർഗ്ഗം. ഹിന്ദുക്കളും ക്രിസ്ത്യാനികളും ധാരാളമുണ്ടെങ്കിലും മുസ്ലീങ്ങൾ വളരെ കുറവാണ്. ഈ കുഞ്ഞു ഗ്രാമത്തിനു സ്വന്തമായി വല്യ ഉത്സവങ്ങൾ ഒന്നുമില്ല. പട്ടാഴി തിരുവാതിരയും തലവൂർ പൂരവുമാണ്
അടുത്തുള്ള ഉത്സവങ്ങൾ.
പട്ടാഴി, തലവൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കുഞ്ഞു ഗ്രാമം കൊല്ലം ജില്ലയിലാണ്. റബ്ബർ എസ്റ്റെറ്റുകളാൽ സമൃദ്ധം ആയതിനാൽ ജനസംഖ്യ കുറവാണ്. രാഷ്ട്രീയമായോ സാമൂഹികമായോ അധികം പ്രശസ്തരൊന്നും ഇവിടില്ല. വേണ്ടത്ര യാത്രാ സൌകര്യങ്ങൾ ഇല്ലാത്തതു കൊണ്ട് നാലഞ്ചു കിലോമീറ്ററുകൾ നടന്നാണ് സ്കൂളിലും കോളേജിലുമൊക്കെ പോയിരുന്നത്. പണ്ടുതൊട്ടേ മധുരമലയിൽ ഉണ്ടായിരുന്ന വാനരസേന ഈയിടെ നാട്ടിലേക്കും ഇറങ്ങുന്നു. കരിക്കുകളും പഴവർഗ്ഗങ്ങളും മറ്റും അവർക്ക് സ്വന്തമാണിപ്പോൾ. പടക്കംപൊട്ടിച്ചും ചെണ്ടകൊട്ടിയും മറ്റും നാട്ടുകാർ അവരെ ഓടിക്കാൻ ശ്രമിക്കുന്നു. പേരിൽ മയിലാടുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്ത് ഒരു മയിലിനെപ്പോലും അവിടൊന്നും
കണ്ടിരുന്നില്ല. എന്നാൽ ഈയിടെയായി ചില മയിലുകൾ അവിടവിടെ ഉണ്ട്.
22 വർഷം മുൻപു റബ്ബർ മരങ്ങളെല്ലാം മുറിച്ചിരുന്നു.അപ്പോൾ വീടിനു മുന്നിൽ നിന്നുള്ള കാഴ്ച ഹാ! വിവരണാതീതം. വാഗമണ്‍ മൊട്ടക്കുന്നുകൾ പോലെ. കിഴക്കു സഹ്യനിരകൾ. പടത്തിൽ കാണുമ്പോലെ മലകൾക്കിടയിൽ നിന്നുയരുന്ന ചുവന്ന സൂര്യനെ കാണാനായി വെളുപ്പിനെ ഉണരുമായിരുന്നു ഞാനന്ന്. പൌർണമി സന്ധ്യകൾ അതിലും മനോഹരമായിരുന്നു. മലകൾക്കിടയിൽ നിന്നുയരുന്ന ചെംചന്ദ്രൻ.
അന്നു ഞാൻ അമ്മയോട് പറഞ്ഞതാ ഇപ്പോഴെങ്ങാനും കല്യാണം നടത്തിയാരുന്നെങ്കിൽ ഫോട്ടോയിലും വീഡിയോയിലുമൊക്കെ ഈ മനോഹര ഭൂമിയും ഉണ്ടായേനെ. അവരതത്ര കാര്യമാക്കിയില്ല. പിന്നെ കല്യാണമായപ്പോഴേക്കും മരങ്ങൾ വളർന്നു മനോഹരദൃശ്യങ്ങൾ മറച്ചുകളഞ്ഞു. പാറയിലൊക്കെപോയി വീഡിയോ എടുത്തിരുന്നു. നിർഭാഗ്യം ആ കാസറ്റു നഷ്ട്ടപ്പെട്ടുപോയി. വീണ്ടും റബ്ബർ വളർന്നിരിക്കുന്നു. അടുത്ത പ്രാവശ്യം മരങ്ങൾ മുറിക്കുമ്പോൾ ആ മനോഹര ഭൂമി എന്റെ കണ്ണിനമൃതാക്കാനാവുമെന്ന
പ്രതീക്ഷയോടെ എന്റെ ഗ്രാമക്കാഴ്ചകൾ നിർത്തുന്നു.

പ്രണയമഴ നനഞ്ഞ ഗന്ധർവൻആകാശത്തിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന , അപൂര്‍വ പ്രകാശം പരത്തുന്ന ഒരു നക്ഷത്രശോഭയാണ് എന്നും മലയാളിക്ക് പദ്മരാജന്‍ എന്ന സിനിമാക്കാരന്‍.
കള്ളന്‍ പവിത്രനായി സിനിമയുടെ പെരുവഴിയമ്പലത്തില്‍ കുടിയിരിക്കുന്ന എക്കാലത്തെയും സിനിമയുടെ രാജകുമാരന്‍. സിനിമ പദ്മരാജന് കവിതയും, കഥയും, നാടകവും , നോവലും , അതിലേറെ അനുഭവങ്ങളും ഇഴപിരിയുന്ന ദൃശ്യ സ്വപ്നങ്ങള്‍ ആയിരുന്നു. തന്‍റെ സിനിമ അത് എഴുത്ത് മാത്രമായാലും , അതല്ല അതിന്‍റെ സംവിധാന ചുമതല ഉണ്ടെങ്കിലും കൃത്യമായ ദൃശ്യ ബോധം , കാവ്യഭംഗി അതെല്ലാം ഇല്ലാതെ ഒരു സീന്‍ പോലും പകര്‍ത്തി വെക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല . അതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ് ചെറിയകാലംകൊണ്ട് അദ്ദേഹം തന്നിട്ടു പോയ വലിയ സിനിമകള്‍...
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പിറവിയെടുക്കുമ്പോള്‍ ആ അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല ,മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുവാന്‍ പോകുന്ന വിഖ്യാത സംവിധായകനായി ആ കുട്ടി മാറുമെന്ന് .
എഴുത്തിന്റെ വഴികളിലെ പുതുമ തേടി അലയുകയായിരുന്നു അദ്ദേഹം. കണ്ടെത്തിയതൊക്കെ പുതുമകളും പുതിയ ഓര്‍മകളും പുതിയ സുഖങ്ങളും ആയിരുന്നു എന്ന് നമ്മളൊക്കെ അനുഭവിച്ചറിഞ്ഞു. പ്രയാണം എന്ന ആദ്യചിത്രം തിരക്കഥയെഴുതി പി പദ്മരാജന്‍ എന്ന പപ്പേട്ടന്‍ മലയാള സിനിമയുടെ ആരെയും തള്ളുകയും ആരെയും ഏറ്റെടുക്കുകയും ചെയ്യുന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നു എങ്കിലും പദ്മരാജനെന്ന മഹാനായ എഴുത്തുകാരനെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ഠിച്ച
ചിത്രങ്ങളായിരുന്നുരതിനിര്‍വേദം ,തകര ,കൂടെവിടെ ,തൂവാനത്തുമ്പികള്‍ എന്നിവ ...
പ്രണയ പാപങ്ങളുടെ നടവഴികളിലൂടെ നടന്നു പോയ മലയാളത്തിന്റെ പദ്മരാജന്‍ . കയ്യിലുള്ള കഥയുടെ മാന്ത്രികവടി കൊണ്ട് മലയാള ചലച്ചിത്ര ലോകത്തെ തൊട്ടു ഉണര്‍ത്തിയ കാവ്യ പ്രതിഭ . കൈവിട്ടു പോകാവുന്ന കഥാ മുഹൂര്‍ത്തങ്ങള്‍ മാത്രം തൊട്ടെടുത്ത ആ ഗന്ധര്‍വ സാമീപ്യം സിനിമയുടെ കാല യവനികക്കപ്പുറം ഇന്നുമുണ്ട്.
തേക്കിന്‍ കാട് ചുറ്റി നടന്നു കണ്ട് എഴുതിയ ആദ്യ തിരക്കഥ
സിനിമയായില്ല .പക്ഷെ വടക്കുംനാഥന്റെ മുന്നില്‍ നിന്ന് പിന്നെയും കുറെ ദൂരം നടന്നു പദ്മരാജന്‍.ആപൂര്‍വതയുടെ അനുഗ്രഹീത വഴികള്‍ ആയിരുന്നുവത് . അത്കൊണ്ടാണ് ആദ്യ തിരക്കഥയിലെ അവറാച്ചന്‍ നൊമ്പരത്തിപ്പൂവില്‍പുനര്‍ജ്ജനിച്ചത്‌ .
കൂട്ടുകാരൊത്തു കടലില്‍ കുളിക്കാന്‍ പോയ പയ്യന്‍ അവനെ കാത്തിരിക്കുന്ന മുത്തച്ഛന്‍, മൂന്നാം പക്കം തിരിച്ചു വരാനിരിക്കുന്ന വലിയ സങ്കടത്തെ തിരശീലയില്‍ പകര്‍ത്തുമ്പോള്‍ പദ്മരാജന്‍ അഴിച്ചുവിട്ട നൊമ്പരക്കാറ്റ് ചെന്നു പതിച്ചത് മലയാളിയുടെ ഹൃത്തിലാണ് എന്നു നാമറിയുന്നു
കൗമാരത്തിന്റെ വികൃതികള്‍ കയറു പൊട്ടിക്കുന്ന ' പാമ്പ് ' എന്ന കഥ രതിനിര്‍വേദം എന്ന എക്കാലത്തെയും ഹിറ്റ് സിനിമയായപ്പോള്‍ നെറ്റി ചുളിച്ച സിനിമാനിരൂപകര്‍ രതിഭാവങ്ങളുടെ പുതുമുഖം , പൈതൃകഭംഗി കണ്ടു അന്ധാളിച്ചു
പോയത് ആ പ്രതിഭയുടെ അക്ഷരകൂട്ടിനു മുന്നിലാണ് .മലയാളിയുടെ കപട സദാചാരം , കൗമാര യൗവ്വന കാലം ഒളിപ്പിക്കുന്ന സൂത്രവിദ്യകള്‍ , പ്രണയം വഴിമാറും രതി , കാവും മഴയും, ഇണചേരും ശരീരം .... ഇതെല്ലാം സ്വപ്നങ്ങളില്‍ ഒളിച്ചു കടത്തുന്ന മലയാളിയുടെ മുഖം മൂടി വലിച്ചു കീറുകയായിരുന്നു രതിനിര്‍വേദം.
അല്‍പ്പം തെറ്റിയാല്‍ അശ്ലീലത്തിലേക്ക് വഴുതി വീഴാവുന്ന പ്രമേയങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തു വെയ്ക്കാനുള്ള കയ്യടക്കം പാലിച്ചു പദ്മരാജന്‍.. തിരക്കഥ എന്നാല്‍ അക്ഷര വ്യായാമം അല്ലെന്നു തിരുത്തിയെഴുതിയ തൂലിക.പദ്മരാജന്റെ തിരക്കഥകള്‍ അഭ്രപാളിയിലെ കവിതകളായിരുന്നു ... ഇന്നലെകള്‍ നഷ്ട്ടപെട്ടവരുടെ ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനുള്ള യാത്രകള്‍ മനുഷ്യ മനസ്സിന്റെ സൂക്ഷ്മതകള്‍ അക്ഷരചെപ്പില്‍ ഒളിപ്പിക്കുന്ന സമവാക്യങ്ങള്‍ പദ്മരാജന് കരഗതമായിരുന്നു . ഒന്നാം രാഗം പാടി ... ഒന്നിനെ മാത്രം തേടി , പ്രണയ വഴികളില്‍ അലഞ്ഞു തിരിഞ്ഞ അജ്ഞാത കാമുകന്‍, മഴയുടെ ഭാവങ്ങളില്‍ ജയകൃഷ്ണനും ക്ലാരയും നിറഞ്ഞപ്പോള്‍, മൗനം കുടിച്ചിരിക്കുന്ന തൊട്ടാവാടിയായി രാധയും മിന്നി മറഞ്ഞ തൂവാന തുമ്പികളായി പാറി പറന്നു നടന്നത് എക്കാലത്തെയും അനുരാഗികളുടെ ചിത്ത ങ്ങളില്‍ തന്നെയായിരുന്നു
കള്ളന്‍ പവിത്രനും ,ജയകൃഷ്ണനും ക്ലാരയും ,സോളമനും എല്ലാം മലയാളിയുടെ മനസിലെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു.പദ്മരാജന്‍ ചിത്രങ്ങള്‍ എന്നും ജീവിതത്തോട് ഒട്ടി നില്‍ക്കുന്നവയായിരുന്നു .ജീവിതത്തെ തമാശ പോലെ പുസ്തകത്താളുകളിലേക്ക് പകര്‍ത്തുകയായിരുന്നു പപ്പേട്ടന്‍ ...
വേശ്യയെ പ്രണയിച്ച നാട്ടുമാടബിയെക്കുറിച്ച്,
ജയകൃഷ്ണനും ക്ലാരയും ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ആ പ്രണയം അവനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇത്രയും മനോഹരമായി ചിത്രീകരിച്ചിട്ടില്ല മറ്റൊരു സംവിധായകരും.
നാട്ടു സുന്ദരിയെ സ്നേഹിച്ച ഗന്ധര്‍വന്‍. എന്താണ് ഗന്ധര്‍വന്‍ എന്നുപോലും അറിയാത്ത നമ്മളൊക്കെ നെഞ്ചോടു ചേര്‍ത്ത് ഏറ്റു വാങ്ങുകയായിരുന്നു ആ മനോഹരമായ പ്രണയകാവ്യം. അറം പറ്റുന്നു എന്നറിയാതെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരനായിരുന്നു പി. പത്മരാജന്‍. തനിക്കപരിചിതമായ ഒരു ലോകത്തിലൂടെ അലയാന്‍ വിധിക്കപ്പെട്ട തീര്‍ത്ഥാടകനായ എഴുത്തുകാരന്‍. ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്തായിരുന്നു പത്മരാജന്‍.
പകയുടെയും പ്രതികാരത്തിന്റെയും തീപൊള്ളുന്ന കഥ എണ്ണമയമുള്ള വാണിയന്‍ തെരുവിനെ പശ്ചാത്തലമാക്കി, ഭാവസാന്ദ്രമായ ഒരു ഗീതം പോലെ അഭ്രപാളികളില്‍ രചിക്കപ്പെട്ട പെരുവഴിയമ്പലം എന്ന സിനിമയിലൂടെ. ജീവിതത്തിന്റെ രണ്ടറ്റത്ത്‌ നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ നിലവിലുള്ള നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക വഴി, പാത്രസൃഷ്‌ടി സിനിമയുടെ വലിയ ഒരു ഭാഗമാണെന്ന്‌ പത്മരാജന്‍ കുറിച്ചിട്ടു. എന്നാല്‍ പത്മരാജനിലെ സംവിധായകന്‍ പരിലസിച്ചുനില്‍ക്കുന്നത്‌ ഒരിടത്തൊരു ഫയല്‍മാന്‍ എന്ന ചിത്രത്തിലാണ്‌. കല ജീവിതവൃത്തിയായി സ്വീകരിക്കുന്ന കലാകാരന്റെ ഏകാന്തതയും ഭീതിയും നിസ്സംഗതയും ഈ സിനിമയിലൂടെ ദൃശ്യഭാഷയായി. ഒരു കലാകാരന്റെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ചെന്നതുപോലെ ദാമ്പത്യത്തിന്റെ തകര്‍ച്ചെയെകുറിച്ചുമുള്ള സിനിമ കൂടിയാണ്‌ ഒരിടത്തൊരു ഫയല്‍മാന്‍.
മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും പശ്ചാത്തലമാക്കി രചിച്ച നമ്മുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. സ്വവര്‍ഗ്ഗാനുരാഗത്തെ രതിയുടേയും അശ്ലീലതയുടേയും നൂല്‍പ്പാലത്തിന്റെ നേരിയ അതിര്‍വരമ്പുകളിലൂടെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല ഇവയൊക്കെ മനോഹരമായ ഒരു കവിതപോലെ ഹൃദ്യമാണ്‌.
കാലത്തിന്റെ കവചകുണ്‌ഢലങ്ങളണിഞ്ഞ്‌ വശ്യതയുടെകടുംചായങ്ങള്‍ചുണ്ടില്‍ തേച്ചുപിടിപ്പിച്ച്‌ രാവുകളുടെ ഏകാന്തയാമങ്ങളില്‍ പ്രണയഗീതികള്‍ക്ക്‌ ചെവിടോര്‍ത്തലയുന്ന ഗന്ധര്‍വ്വസങ്കല്‍പ്പത്തെ പാടെ പൊളിച്ചെഴുതി , മാനുഷികവികാരങ്ങള്‍ക്കടിമപ്പെടുകയും മനുഷ്യന്റെ പരിമിതികളേയും ബലഹീനതകളേയും സ്‌നേഹിക്കുകയും ചെയ്യുന്ന ആധുനിക ഗന്ധവ്വസങ്കല്‍പ്പത്തിലേക്കുയര്‍ത്തിയ മനുഷ്യാവസ്ഥയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ ജീവിതത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍.
തന്റേതായ ഒരു പന്ഥാവിലൂടെ കഥ പറയുകയും ജീവിതത്തിന്‌ ദൃശ്യഭംഗി നല്‍കുകയും ചെയ്‌ത്‌ ഗന്ധവ്വലോകത്തേക്കൊരുനാള്‍ വിടവാങ്ങിയ പദ്മരാജന്‍ പാലപ്പൂ പൂക്കുന്ന തൊടിയില്‍ , മുത്തുച്ചിപ്പി തിളങ്ങുന്ന കടല്‍ക്കരയില്‍ ദിവ്യാനുരാഗത്തിന്റെ പാദസര കിലുക്കവുമായി ഗന്ധര്‍വനെ തേടി നടന്ന വശ്യ മനോഹരിയോടൊപ്പം വാക്കുകളുടെ ഗന്ധര്‍വനായി പദ്മരാജന്‍ ഗഗന നീലിമയില്‍ മറഞ്ഞപ്പോള്‍ നഷ്ടം നവംബറിന്റെ മാത്രമല്ല ഋതുഭേദങ്ങളുടെ നഷ്ട്ടം കൂടിയായിരുന്നു ...അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ നിന്ന് ഒരു കരിയില കാറ്റു പോലെ വിണ്ണിലേക്ക് മറഞ്ഞ ആ ചലച്ചിത്രകാരന്‍ അപൂര്‍വ ചിത്ര സമന്വയങ്ങള്‍ വാരി വിതറാന്‍ ദേവാങ്കണങ്ങളില്‍ കാത്തിരിപ്പുണ്ട്‌...

ബിഗ്‌ ബാംഗ്


ആദിയില്‍ പ്രപഞ്ചവര്മ്മ്ന്‍ മാത്രം ആണ് ഉണ്ടായിരുന്നത്. യുഗങ്ങളായി നിദ്രയിലായിരുന്ന അദ്ദ്യേം തുമ്മുവാന്‍ വേണ്ടി കണ്ണു തുറന്നപ്പോള്‍ ആണ് സൃഷ്ടി നടക്കുന്നത്. നീട്ടിവലിച്ച് ഒരു കോട്ടുവായിട്ട്‌ കൊത്താങ്കല്ല് കളിച്ചപ്പോള്‍ ക്രിസ് ഗെയില്‍ അടിക്കുന്ന പോലെ പോയ ഒരു ചെറുകല്ല് മൂട്ടവിളക്കില്‍ ചെന്ന് കൊള്ളുകയും വിളക്ക് തട്ടിമറിയുകയും ഉണ്ടായി. ആ ശബ്ദം ആണ് ഇന്ന് എല്ലാരും "ബിഗ്‌ ബാംഗ്" ആയി കൊട്ടി ഘോഷിക്കുന്നത്.
കെടാതെ കത്തുന്ന ആ മൂട്ടവിളക്കിനെ അദ്ദ്യേം ശൌര്യന്‍ എന്ന് വിളിച്ചു. ശൌര്യന്‍ കോപിച്ച് സൂര്യന്‍ ആയി. ശൌര്യന് ചുറ്റും പറന്നു കളിക്കുന്ന കല്ലുകളെ ശൌകര്യയൂഥം എന്ന് പേരിട്ടു. പറയാനുള്ള സമയ-സൌകര്യക്കുറവ് കൊണ്ട് അത് ക്ഷൌരം ചെയ്ത് സൌരയൂഥം ആക്കി. തെറിച്ചുപോയ ഒരു കഷ്ണം വെള്ളാരങ്കല്ല് ഭൂമി ആയി.
തുമ്മിയ ശേഷം ശൌകര്യം പോലെ മൂക്ക് ചീറ്റാന്‍ പ്രപഞ്ചവര്മ്മന്‍ തലയില്‍ തിരുപ്പന്‍ വെച്ച് ഉണ്ണിദുര എന്ന പേരില്‍ യാത്ര തുടങ്ങി. ഉണ്ണിദുര തിരുപ്പന്‍ ഊരി താടിയില്‍ വെച്ച് കെട്ടി ഇരവിവര്മ്മ്‍ന്‍ എന്ന പേരും സ്വീകരിച്ചു “കുഞ്ഞംഭൂ” ആയി. തിരുപ്പനുണ്ണിദുര ഇരുന്നു മൂക്ക് തുടച്ച സ്ഥലം ആണ് തിരുപ്പനുണ്ണിത്തുറ. ആ നിലപാടുതറയെ പില്ക്കാലത്ത് ത്രിപ്പുണിത്തുറ എന്ന സ്മാര്‍ട്ട് സിറ്റി ആയി പ്രഖ്യാപിക്കയുണ്ടായി.
നിലപാട് വ്യക്തമാക്കി പ്രപഞ്ചവര്മ്മന്‍ ഇനി ഒന്ന് ഇരുന്നാലോടാ എന്ന് വിചാരിച്ച് ഇരുന്നപ്പോള്‍ ആണ് ഇരിഞ്ഞാലട ഉണ്ടായത്. വെയില്‍ മൂത്ത് തലയ്ക്കു പിടിച്ചപ്പോള്‍ അദ്ദ്യേം തന്റെ ഓലക്കുട നിവര്ത്തി . അങ്ങനെ ഇരിഞ്ഞാലക്കുട ഉണ്ടായി. ഇരിഞ്ഞാലടയില്‍ വര്മ്മ്ന്‍ “വല്യംഭൂ” ആയി മുങ്ങി പിന്നീട് പൊങ്ങിയപ്പോള്‍ കുട്ടന്‍ കുളം ഉണ്ടായി.
വര്മ്മന്‍ നിന്ന കല്ല്‌ പൊടിഞ്ഞ് പരന്നാണ് കേരളവും ഭാരതവും ഉണ്ടായത്. ചില കല്ലുകഷ്ണങ്ങള്‍ തെറിച്ചു പോയി മറ്റു ഭൂഖണ്ഡങ്ങളും ഉണ്ടായി. വര്മ്മ്ന്‍ തുമ്മിയപ്പോള്‍ തെറിച്ച ജലകണങ്ങള്‍ ആണ് മഹാസമുദ്രങ്ങള്‍ ആയി നാം കാണുന്നത്.
വര്മ്മന്റെ ഈ പ്രവൃത്തികള്‍ എല്ലാം തന്നെ നടന്നത് ഒരുമിച്ച് ആണെങ്കിലും വ്യാപാര-വ്യഭിചാര ക്രയവിക്രയങ്ങള്ക്ക് വേണ്ടി സമയം എന്ന സങ്കല്പം ഉണ്ടാക്കി. ആയതിനാല്‍ മേല്പ്പുറഞ്ഞ സംഭവങ്ങള്‍ ഒന്നിന് പുറകെ നടന്നു എന്ന് രവി ശാസ്ത്രി വ്യാഖ്യാനം.
തുടര്ന്ന് വര്മ്മന്‍ ജീവജാലങ്ങളെ സൃഷ്ടിച്ചു. അതിലൊരു ജീവിയെ കൈവെള്ളയില്‍ ഇട്ടുരുട്ടി മിനുക്കി മനുഷ്യന്‍ എന്ന് പേര്‍ വിളിച്ചു. മനുഷ്യനെ രണ്ടായി മുറിച്ചു ആണും പെണ്ണും ആക്കി മാറ്റി. ആണും പെണ്ണും ഇണ ചേര്‍ന്ന് പെറ്റുപെരുകി സാക്കള്‍ ഉണ്ടായി. അവരില്‍ ചിലര്‍ സ്ഥലപരിമിതി മൂലം കടല്‍ നീന്തി മറുകരക്ക് പോയി. അവരെ സായവ് എന്ന് വിളിച്ചു.
പ്രപഞ്ചവര്മ്മന്റെ ചെയ്തികളെ വിവരം മൂത്ത് വിവരം കെട്ട ചില വിദ്യാര്ത്ഥികള്‍ ചോദ്യം ചെയ്തു. അത് കേട്ട് കലിമൂത്ത ചില രാജ്യസ്നേഹികള്‍ മാപ്രാണത്ത് കരയോഗം കൂടി വിദ്യാര്ത്ഥികളെ അടിച്ചൊതുക്കാന്‍ പ്രമേഹം പാസാക്കി. ഇതിന്റെ കരടുരേഖ ഇറാനിസ്മൃതിയില്‍ “നഃ വിദ്യാര്ത്ഥി സ്വാതന്ത്ര്യമര്ഹതി” എന്ന അധ്യായത്തില്‍ പഴം പുഴുങ്ങിയ മൊഴിയായി പ്രതിപാദിച്ചിട്ടുണ്ട്.
ഇതാണ് യഥാര്ത്ഥ ചരിത്രചാരിത്ര്യം.
ശേഷം ശേഷന്‍ ശേഷക്രിയന്‍..............എന്ന് വെച്ചാ ബാക്കി എനിക്ക് സൗകര്യം ള്ളപ്പോ.......

പത്തിയൂർ- പുഴയും പുഞ്ചയും പിന്നെ ഞങ്ങളുംമഹാത്ഭുതങ്ങള്‍
ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രത്തേക്കാള്‍ എനിക്ക് ഏറെയിഷ്ടം ഇന്നും എന്‍െറ ഗ്രാമത്തിന്‍െറ ഐശ്വര്യമായി ഗ്രാമത്തിനെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്ന ഈ ചെറു തോടാണ്....ജയരാജും ഷാജിയും കുഞ്ഞുമോനും ഒക്കെ കളിച്ചു വളർന്ന പത്തിയൂർ എന്ന ഒരു ഗ്രാമപ്രദേശം.
ഈ തോടിനു കിഴക്കു വശം ക്രിസ്ത്യൻ പള്ളിയും തോടിനു അരികിലായി മുസ്ലിം പള്ളിയും
പടിഞ്ഞാറ് ക്ഷേത്രവും നിലകൊള്ളുന്നു.പത്തിയൂർ കാരൊക്കെ മതത്തിന് അതീതമായി ചിന്തിക്കാൻ കാരണം തന്നെ ഈ ഒരുമയാണ്,പാമ്പാ നദി യുടെ കൈവഴി മണിമല ആറായി കരിപ്പുഴ പുഞ്ചയിലൂടെ ഒഴുകി കായംകുളം കായലിൽ എത്തുന്ന ഒരു ജല മാർഗം അതാണ് ഞങ്ങളുടെ പത്തിയൂർ തോട്.... കുട്ടനാടന്‍ പുഞ്ചയുടെ തുടക്കമായ ഉള്ളിട്ടപുഞ്ചയിലെ നൂറ് മേനി വിളവിന് ഈ തോട്ടിലെ ജലം
ഒരുവലിയ പങ്ക് വഹിക്കുന്നു.
ഉള്ളിട്ട പുഞ്ചയെ പറ്റി കേരളവർമ വലിയകോയി തമ്പുരാൻ 1894ൽ
എഴുതിയ മയൂര സന്ദേശം കാവ്യത്തിൽ പരാമർശിക്കുന്നുണ്ട്.
ഏതാണ്ട് നാല്പത് വര്‍ഷം മുന്‍പ് വരെ ,അതായത് വാഹനഗതാഗതം ഇന്നത്തെ പോലെ സാധാരണമല്ലായിരുന്ന കാലത്ത് തെക്കന്‍ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കായംകുളത്തു(പഴയ ഓടനാട് രാജ്യം) നിന്നും മാവേലിക്കര, ചെങ്ങന്നൂര്‍,മാന്നാര്‍ ,തിരുവല്ല,ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് ചരക്ക് എത്തിക്കാനും യാത്രക്കും ഈ ജലപാത ഉപയോഗിച്ചിരുന്നു...!
ഓടനാട് രാജാവ് ഈ പുഴയിലൂടെയായിരുന്നു യാത്ര ചെയ്തിരുന്നത് എന്ന് ചരിത്രം പറയുന്നു....!
എല്ലാ വര്‍ഷവും കര്‍ക്കിടകം ഒന്നാം തീയതി പത്തിയൂര്‍ പുഴയിലെ ജലോല്‍സവത്തോടെയാണ് കേരളത്തിലെ ജലോത്സവങ്ങള്‍ തുടങ്ങുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്...സംഘാടകരോ, ട്രോഫികളോ ഇല്ലാത്ത ജലോത്സവം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ജലോത്സവത്തിന്.. ചുണ്ടന്‍ വള്ളങ്ങള്‍ മത്സരങ്ങള്‍ക്ക് പോകുന്നതിന് മുന്‍പ് ഞങ്ങളുടെ ഗ്രാമദേവതയുടെ മുന്നില്‍ വഞ്ചിപ്പാട്ട് പാടി കാണിക്ക അര്‍പ്പിക്കുന്നതോടെയാണ് കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്...! (കേരളത്തിലെ പുരാതനമായ108 ദുർഗാ ക്ഷേത്രങ്ങളിലൊന്നാണ് പത്തിയൂര്‍ ദേവീക്ഷേത്രം)
ഷാജിയും കുഞ്ഞുമോനും
നീന്തല് പഠിച്ചതും, ചാടിമറിഞ്ഞും, മുങ്ങാംകുഴിയിട്ടും രസിച്ചിരുന്നതും ഈ തോടിന്‍െറ മടിത്തട്ടിലായിരുന്നു.
ഞാൻ കണ്ടു നിൽക്കറെ ഉള്ളു....
ഷാജിക്ക് മികച്ച നീന്തൽ താരത്തിനുള്ള അവാർഡ് (ഒരു സ്റ്റീൽ ടംബ്ലാറും, റെയ്‌നോൾഡ് പേനയും) സ്കൂളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
പത്തിയൂര്‍ ഗ്രാമത്തിന്‍െറ ഐശ്വര്യമാണ് മൂന്ന് ദേവാലയങ്ങളും ഈ പുഴയും പുഞ്ചയും.
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്തു ഉച്ച ഊണ് കഴിഞ്ഞു നേരെ ഓടുന്നത് ഈ തോടിനു അരികിലേക്കാണ്...
കുറുകെ വരമ്പ് കെട്ടി മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്‌തു വിടും ഒരു വലയിൽ കൂടിയാണ് വെള്ളം വിടുന്നത്.....ഓരോ അര മണിക്കൂറിലും വല ഉയർത്തും ഇതു കാണാനാണ് ഞങ്ങൾ പോകുന്നത്....പുഴ മീനുകൾ പലതരം ഉണ്ട്....കുറുവ പരൽ, പള്ളത്തി, കാരി, കൂരി, വരാൽ, കരട്ടി തുടങ്ങി അനേകം മീനുകൾ വളരെ രസകരമാണ് മീൻ പിടുത്തം കാണാൻ.
ചിലപ്പോളൊക്കെ അമ്മ പൈസയും തന്നു വിടും മീൻ വാങ്ങാൻ....എനിക്ക് ഇഷ്ടം ആദ്യ മഴക്ക് വരുന്ന പൊടി മീനുകൾ ആണ്.വെട്ടാൻ ഒന്നും പറ്റില്ല തീരെ ചെറുത്.നന്നായി ഉപ്പിട്ട് കഴുകി കുരുമുളകും ഉപ്പും തേങ്ങയും ചേർത്ത് വെളിച്ചെണ്ണ വാഴ ഇലയിൽ പുരട്ടി ചീനചട്ടിയിൽ
വച്ച് അട ഉണ്ടാക്കും.നല്ല രുചിയാണ്....
വലിയ വരാൽ ഒക്കെ ആണെങ്കിൽ തേങ്ങാ വരുത്തറച്ചു വെക്കും 2,3 ദിവസം ഇരുന്നാലും കുഴപ്പമില്ല രുചി കൂടുകയെ ഉള്ളു.
വൈകിട്ട് കറിവച്ച് രാവിലെ അല്പം തൈരും കൂടി പഴംകഞ്ഞി
ഹോ....അന്യായ രുചിയാണ്....
കാലം ഏറെ മാറി ,ഇപ്പൊ കൃഷി ചെയ്യാൻ പുഞ്ചയിൽ ആളില്ല.മത്സ്യങ്ങൾ കുറഞ്ഞു തുടങ്ങി.കുറെയാളുകൾ ഒക്കെ കൃഷി ചെയ്യുന്നുണ്ട് പഴയ ആ പ്രതാപം ഇല്ല.വെള്ളത്തിന്റെ വരവ് മൂന്നിൽ ഒന്നായി.തോടിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്,കായംകുളത്ത് എത്തുമ്പോൾക്കും ഹോട്ടലുകാർ പുറംതള്ളുന്ന അവശിഷ്ടങ്ങളും ഒക്കെ നിറഞ്ഞു മലിനജലമായാണ് ഇപ്പൊ കണ്ടുവരുന്നത്....എന്നാലും ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗമായി എന്നും പത്തിയൂർ തോട് ഉണ്ടാവും.......

നിലയ്ക്കാത്ത മണിയൊച്ച" ഉമ്പായി കുച്ചാണ്ട് പാണൻ കത്തണ് മമ...
വാഴെല പൊട്ടിച്ച് പാപ്പണ്ടാക്കണമമ "...
ആമുഖമോ അലങ്കാരമോ വേണ്ടാത്ത പ്രായഭേദമന്യേ ഓരോ മലയാളിയുടെ മനസ്സിലും നൊമ്പരം നിറച്ച് കടന്നു പോയ മണി നാദം..
പിന്നിട്ട വഴിയിലെ യാതനവും നൊമ്പരങ്ങളും ഒരു കനലായി എരിച്ചു കൂടെ കൊണ്ട് നടന്ന അസാമാന്യ വ്യക്തിത്വം. അതിലൂടെ അദ്ദേഹം തണലേകിയത് തന്നെ പോലെ ജീവിതത്തിനോട് മല്ലിട്ട അനേകം പേർക്കായിരുന്നു.. സ്വന്തം പ്രയത്നം കൊണ്ടും കഴിവ് കൊണ്ടും മാത്രം ജീവിതത്തിനോട് മല്ലിട്ട് വിജയം കണ്ടെത്തിയ ഒറ്റയാൾ പട്ടാളം... കാരിരുമ്പിന്റെ കരുത്തുള്ള ശരീരത്തിനകത്ത് പക്ഷെ നമ്മൾ പലപ്പോഴും കണ്ടത് കൊച്ച് കൊച്ച് സങ്കടങളിൽ വിങ്ങി പൊട്ടിയിരുന്ന,, കൊച്ച് കൊച്ചു സന്തോഷങ്ങളിൽ പൊട്ടി ചിരിക്കാൻ മടിക്കാത്ത നിഷ്കളങ്കമായ ഒരു മനസ്സായിരുന്നു..
വെട്ടിയിട്ടാൽ മുറി കൂടുന്ന ഈ പ്രായത്തിൽ മണി ചേട്ടനെ കുറിച്ച് ഒരു ഓർമ്മ കുറിപ്പ് എഴുതേണ്ടി വരുന്നത് ഏറേ വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ്....
ഒഴിഞ്ഞ വയറിന്റെ ചൂടു മറക്കാൻ അയലത്തെ വീട്ടിലെ ചാണകം മെഴുകിയ തറയിൽ മലർന്ന് കിടന്ന് ആകാശ വാണിയിലെ ചലചിത്ര ഗാനം കേട്ടിരുന്ന ഒരു കുട്ടിക്കാലം മണി ഓർത്തെടുക്കാറുണ്ടായിരുന്നു... ഗുരുനാഥനും സാധകവും ഇല്ലാത്ത ആ മണിയൊച്ചക്ക് ശ്രുതിയും താളവും നല്കിയത് പച്ചയായ ജീവിതമാണ്.' അത് കൊണ്ടാവാം വരികൾക്കിടയിൽ വിതുമ്പുന്ന ഗായകനൊപ്പം നമ്മളും വിതുമ്പിയത് ,, അനുകരണാതീതമായ ആ പൊട്ടിച്ചിരിക്കൊപ്പം നമ്മളും ചിരിച്ചത്..
തന്നിലെ അനുകരണ കലയെ തിരിച്ചറിഞ്ഞ് അതിനെ വ്യത്യസ്തമായി വേദിയിൽ അവതരിപ്പിച്ചു എന്നതായിരുന്നു മണി എന്ന മിമിക്രിക്കാരനെ വ്യത്യസ്തനാക്കിയത്...
ആബേലച്ചനെ അമ്പരിപ്പിച്ച കോളിങ് ബെൽ ശബ്ദം, കലാഭവനിലേക്ക് മണിക്ക് വാതിൽ തുറന്നു കൊടുത്തു..
മുന്നിൽ വന്ന അവസങ്ങളിൽ ഒരിടത്തും ആർക്കും മണിയെ അവഗണിക്കാൻ ഇട കൊടുക്കാത്ത അത്ര കുറ്റമറ്റതായിരുന്നു പ്രകടനങത്രയും..
സല്ലാപത്തിലൂടെ ലോഹിതദാസിന്റെ പ്രതീക്ഷ കാത്ത് ഒരു പൊട്ടിച്ചിരിയോടെ കലാഭവൻ മണി എന്ന വ്യത്യസ്തനായ കലാകാരൻ പ്രേക്ഷകരുടെ നെഞ്ചിനകത്ത് ചിര പ്രതിഷ്ഠ നേടി.. പിന്നീടങ്ങോട്ട് അദ്ദേഹം കൈകാര്യം ചെയ്യാത്ത വേഷങ്ങൾ കുറവായിരുന്നു.. മണിയുടെ അന്ധ ഗായക കഥാപാത്രം ഇന്നും പകരക്കാരനില്ലാതെ നിലനിൽക്കുന്നു.. അന്യഭാഷ ചിത്രങളിലെ വില്ലൻ കഥാപാത്രങ്ങൾ നായകരേക്കാൾ കൈയ്യടി നേടിയവയാരുന്നു..
ഒരിക്കൽ ഒരു കാസെറ്റ് റീലീസിനിടക്ക് എങ്ങനെ ഇത്ര പെട്ടന്ന് ഇത്ര ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുകയുണ്ടായി.
"ഈ റോക്കറ്റിന് എന്താ ഇത്ര ഉയരത്തിലും സ്പീഡിലും പറക്കാൻ പറ്റുന്നേ എന്നറിയോ..
ആസനത്തിൽ തീ പിടിച്ചാ പിന്നെ വേറേ എന്തൂട്ടാ ഒരു വഴി.. ആ അവസ്ഥയാണ് ഇമ്മക്കും ,,മൂട്ടിലാ പിടിച്ചേക്കണേ തീ!!! "
സ്വന്തം നേട്ടങളേ പറ്റി ഒരു മണി സ്റ്റൈൽ വിശദീകരണം..
ചാലക്കുടിയിലെ കവലയും പൂരവും പെരുന്നാളും ആഘോഷങ്ങളും മണിയിലൂടെ മലയാളികൾക്ക് സുപരിചിതമായിരുന്നു...
ഒടുവിൽ ഒരു പൂരം പോലെ കൊണ്ടാടിയ ജീവിതത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് ഇട്ട് അദ്ദേഹം കടന്നു പോയി....
മണിയുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ ചൂടു പറ്റിയ ഒരോ മനസ്സിന്റേയും ഉരുക്കം ആയിരുന്നു അദേഹത്തിന്റെ മരണത്തിന് ശേഷം തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്...
സങ്കടം വരുമ്പോ പാട്ടു പാടാൻ നമ്മളേ പഠിപ്പിച്ചത് മണിയാണ്,.അദേഹത്തിന്റെ ഭൗതിക ശരീരം അടക്കാൻ നേരം അവിടെ അലയടിച്ചത് തേങ്ങലടക്കി പിടിച്ച നാടൻ പാട്ടിന്റെ ഈരടികളായിരുന്നു....
സൗഭാഗ്യങ്ങളും സന്തോഷങ്ങും സൗഹൃദങ്ങുമായി ജീവിതം ജീവിച്ചു തിമിർക്കുമ്പോൾ ഇടക്കെപ്പോഴോ സ്വയം സംരക്ഷിക്കാൻ അദേഹം മറന്നിരുന്നു എന്ന് വേണം കരുതാൻ.... ഇന്നും ആ മരണത്തിന്റെ പേരിലുള്ള വിവാദങ്ങളും അഭ്യൂഹങ്ങും മീഡിയ റേറ്റിംഗ് കൂട്ടുമ്പോൾ മണിയെ സ്നേഹിച്ച ഓരോ മനസ്സിന്റേയും തേങ്ങലടക്കാൻ ഒരു ഉത്തരങ്ങൾക്കും ആവില്ല എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടി വരുന്നു..
ഇന്നി കുറിപ്പെഴുതാൻ തുടങ്ങിയത് ഒരു മത്സരത്തിന്റെ ഭാഗമായാണ് എങ്കിലും,, മനസ്സ് വിതുമ്പാതെ ഈ പേന താഴെ വെക്കാനാവില്ല...
പണ്ട് മഹാബലി എന്ന ഉത്തമനായ അസുരനെ വാമനൻ ചവിട്ടി താഴ്ത്തിയത് അദേഹത്തിന്റെ അവവിനതീതമായ നന്മ കൊണ്ടായിരുന്നു...
ഇവിടെ കണ്ടു കണ്ടിരിക്കെ കൈവിട്ടു പോയ മണി ചേട്ടന്റെ വിയോഗം ഓർമ്മിപ്പിക്കുന്നത് അതാണ്.
അസൂയ തോന്നിയിരുന്നോ ദൈവങളേ,,
അനുഗ്രഹീതനായ ഒരു സാധാരണ മനുഷ്യന്റെ വളർച്ചയിൽ...???
"പടിഞ്ഞാറുദിച്ച് ഉയർന്ന് നിന്നിരുന്ന സൂര്യൻ
ഇന്ന് തെക്കേ വളപ്പിലെ ആറടി മണ്ണിൽ ഉറങ്ങുന്നു "

ഗീതാ ഹിരണ്യന്‍മനസ്സില്‍ അഗ്നി കോരി ഇടുമ്പോള്‍ ...
ചിലത് അങ്ങനെയാണ്. അനുരണനം പോലെ
നമ്മുടെ ഉള്ളു പിടഞ്ഞ് അലയൊലി ഉതിര്‍ക്കുന്ന മട്ടില്‍
ഓരോ വാക്കും കര്‍മ്മവും സ്വായത്തമാക്കിയവര്‍.
ഇവിടെ നമ്മള്‍ മറന്നു പോവാന്‍ പാടില്ലാത്ത ഒരു
സാഹിത്യ പ്രതിഭയെ ആണ് ഞാന്‍ പറഞ്ഞു വരുന്നത്.
ഇവരും അധ്യാപികയായിരുന്നു. നാലര പതിറ്റാണ്ട് മാത്രം
തന്റെ ജന്മവും കര്‍മ്മവും തീര്‍ത്ത് നമ്മെയൊക്കെ സങ്കടത്തിലാക്കി
അകാലത്ത്‌ വിട്ടുപോയ ഗീതാ ഹിരണ്യന്‍ എന്ന എഴുത്തുകാരിയെ.
തന്റെ ഓരോ ദുര്യോഗങ്ങളും തീര്‍ത്തും മന്ദഹാസപൂര്‍ണ്ണമായി
വിരുന്നൂട്ടിയും സ്വീകരിച്ചും സ്വാംശീകരിച്ചും ജീവിതത്തെ
വഴിമാറ്റി എന്നതാണ് അവരെ വേറിട്ട്‌ നിര്‍ത്തുക.
അതിശയങ്ങളായിരുന്നു ഗീതടീച്ചറുടെ ഓരോ
എഴുത്തും.ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും ദുഃഖം
പേറുന്നത് ആണെന്നും ശരികളില്‍ ഉറങ്ങുന്ന
പല ഭാഷ്യങ്ങളും ഉള്ളു പിടയുന്ന നൊമ്പരം
തന്നെ ആണെന്നും ഇവര്‍ കല്‍പ്പിച്ചു.
മരണം മഹത്വം കൊണ്ടുവരുന്ന ചില വ്യക്തിത്വങ്ങള്‍
നമുക്ക് ചുറ്റുമുണ്ട്.
ഏറെ പ്രിയയായ ഈ എഴുത്തുകാരി മലയാളിയുടെ
അഭിമാനം തന്നെയാണ് ഏതുകാലത്തും.
സര്‍ഗാത്മക രചനയുടെ ശുദ്ധസംസ്കാരമായിരുന്നു
ഗീതാ ഹിരണ്യന്‍ എന്ന ഗീത ടീച്ചര്‍.
സ്ത്രീപക്ഷത്ത്‌ നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ആത്മസംഘര്‍ഷം
ഇത്രമാത്രം സംവദിച്ച എഴുത്തുകാരി വേറെ ഉണ്ടോ എന്ന്
സംശയമാണ്.
ആത്മാവ് സംസാരിക്കുന്ന അതിമനോഹരമായ ഒരു വിനിമയരീതി
ടീച്ചര്‍ സ്വായത്തമാക്കിയിരുന്നു .മറയില്ലാതെ , കൃത്രിമത്വത്തിന്റെ
കാപട്യങ്ങള്‍ തെല്ലുമില്ലാതെ അവര്‍ കഥ പറഞ്ഞു.
സ്നേഹം പഠിപ്പിച്ച ഗീത ജീവിതത്തെ അതിയായി ഇഷ്ടപ്പെട്ടു തുടങ്ങിയ
നേരത്തുതന്നെ അവരെ അര്‍ബുദം കീഴടക്കി.തന്റെ കൊഴിഞ്ഞു പോയ
തലമുടിയെ കുറിച്ച് അവര്‍ അസുഖനാളുകളില്‍ അസ്വസ്ഥയായില്ല.
മറിച്ച് ചിരിച്ചുകൊണ്ട് അവസ്ഥകളെ നേരിട്ടു ഈ അന്തര്‍ജ്ജനം.
കിളികളെ ,അരുവിയെ , കുട്ടികളെ , പ്രകൃതിയെ സ്നേഹിച്ച ടീച്ചര്‍
കുട്ടികളെ പോലെ മാറി.
''ഭൂമി കറങ്ങി തിരിഞ്ഞു തിരിഞ്ഞു. പിന്നീട് എനിക്ക്
കറുത്ത വാവുകളെ കൊണ്ടുവന്നു ..'' ഇങ്ങനെയായിരുന്നു ടീച്ചര്‍.
ഈ വഴിക്കായിരുന്നു ഗീതാ ഹിരണ്യന്‍ എന്ന നൈര്‍മ്മല്യം നിറഞ്ഞു നിന്നത്.
ഗീത ടീച്ചര്‍ തന്റെ ഓരോ എഴുത്തിലും ഒന്നാന്തരം ദാര്‍ശനികത പുലര്‍ത്തിയിരുന്നു.
ഒരു പ്രസ്ഥാനത്തിനും തന്നെ വില്‍പ്പനക്ക് വെച്ചില്ല അവര്‍.സ്നേഹം എന്ന
മന്ത്രം കൊണ്ട് അവര്‍ നമ്മെ കരയിപ്പിച്ചു.
''ഇന്നു സ്വപ്നങ്ങളുടെ ലോകം എന്നെ വിട്ടു പോയോ ?
ഒരു സ്വപ്നവും കൊരുത്തു വരുന്നില്ല ''
ആതുരാലയത്തിലെ രണ്ടു കൊല്ലം കഴിഞ്ഞ് അവര്‍
വന്നപ്പോള്‍ തേങ്ങി കരഞ്ഞത് നമ്മുടെ മനസ്സ് കൂടിയായിരുന്നു.
സിദ്ധാന്തങ്ങളുടെ കേമം പറയാതെ നാട്ടു വഴിയിലെ പെണ്‍കരുത്ത്
കാട്ടി അവര്‍ നമ്മെ വിസ്മയിപ്പിച്ചു എഴുത്തിലൂടെ.സ്വച്ഛമൊഴുകുന്ന അരുവിപോലെ മനോഹരമായ
എഴുത്തനുഭവം ആയിരുന്നു ടീച്ചര്‍.
കവി, കഥാകാരി,അധ്യാപിക,സുഹൃത്ത് ..ഒക്കെയായിരുന്നു ഗീത.
1956 മാര്‍ച്ച് 20 ന് കൊട്ടാരക്കര ജനിച്ച് ഏറെ എഴുതിയ ഈ കോളേജ് അധ്യാപിക
ഒരു ജന്മസത്യം , ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല.ഇനിയും വിടരാത്ത ഹൃദയത്തിന്റെ കടം
എന്നീ പുസ്തകങ്ങളിലൂടെനമ്മില്‍ ഇപ്പോഴും ജീവിക്കുന്നു ... 2002 ജനുവരി 2 ന്
അര്‍ബുദത്തോട് തോറ്റ് നമ്മെ വിട്ടുപിരിഞ്ഞ ഈ താരകത്തെ നമ്മള്‍ എങ്ങനെ മറക്കാനാണ്....?

റിസ്റ്റ് വാച്ച് - (ഒരോര്‍മ്മ കുറിപ്പ്)


റിസ്റ്റ് വാച്ച് കെട്ടാന്‍ ഏറെ കൊതിച്ചിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക്.വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ നാട്ടിലെ വിഷുവേല ഉത്സവത്തിനു, കൈനീട്ടം കിട്ടിയ കാശു കൊടുത്ത് പീപ്പിയും ബലൂണുമൊക്കെ വില്‍ക്കുന്ന വഴിവാണിഭക്കാരുടെ കൈയ്യില്‍ നിന്നും ഒരു രൂപക്ക് കിട്ടുന്ന വര്‍ണ്ണ സ്ട്രാപ്പുള്ള, അക്കങ്ങള്‍ അടയാളപ്പെടുത്തിയ ഓടാത്ത പ്ലാസ്റ്റിക് വാച്ച് മേടിച്ചു കെട്ടുമായിരുന്നു. ഇടക്കൊക്കെ പച്ചത്തെങ്ങോല ചീന്തി കളിവാച്ചുണ്ടാക്കി കെട്ടിത്തരുമായിരുന്നു അമ്മ. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരികളില്‍ ചിലര്‍ വാച്ച് കെട്ടി വരുമ്പോള്‍ കൌതുകത്തോടെ അവരുടെ കൈത്തണ്ട പിടിച്ചു നോക്കും. പിന്നീട് പൂര്‍ത്തീകരിക്കാനാവാത്ത ആഗ്രഹങ്ങളുടെ ചവറ്റുകൊട്ടയിലേക്ക് വാച്ചിനോടുള്ള മോഹവും വലിച്ചെറിഞ്ഞു. അതവിടെ നിന്നും പിന്നെയും ഏന്തി വലിഞ്ഞു എന്നിലെക്കെത്തിയത് എന്‍റെ കല്യാണ സമയത്തായിരുന്നു.
"അവള്‍ക്കു വാച്ചുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ കൊണ്ടുവരാം. " ചെറ്യമ്മ പറഞ്ഞപ്പോള്‍ അമ്മ ആശ്വസിച്ചത് അത്രേം കാശുണ്ടെങ്കില്‍ വേറെന്തെങ്കിലും കാര്യത്തിനാകുമല്ലോ എന്നോര്‍ത്തിട്ടാവാം. സാമ്പത്തികമായി ഞങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്നു ചെറ്യമ്മയുടെ കുടുംബം. അപ്പോള്‍ വാച്ചും നല്ലതായിരിക്കുമെന്ന് കരുതി ഞാനും സന്തോഷിച്ചു. കല്യാണ തലേന്ന് വന്ന ചെറ്യമ്മ കൈയ്യില്‍ വെച്ച് തന്നത് അക്കങ്ങള്‍ മിന്നിത്തെളിയുന്ന കറുത്ത സ്ട്രാപ്പ് ഉള്ള ഒരു ഇലക്ട്രോണിക് വാച്ചായിരുന്നു. കഷ്ടിച്ചു ഒരുമാസം ഓടിയപ്പോഴേക്കും വാച്ചു തളര്‍ന്നു. രവിയേട്ടന്‍ അതെടുത്തു പൊന്തകാട്ടിലേക്ക് വലിച്ചെറിഞ്ഞു.
കാലമെന്ന ഘടികാരത്തിലെ സൂചികള്‍ വിശ്രമമില്ലാതെ ഓടിക്കൊണ്ടേയിരുന്നു. ജന്മനാട്ടില്‍ നിന്നും ഗുജറാത്തിലേക്ക് ചേക്കേറിയ കാലം. ഉള്ളംകൈയില്‍ മുറുക്കിപ്പിടിച്ച പ്രാരാബ്ദങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. ഒറ്റ മുറിയുള്ള വാടക വീട്ടിലായിരുന്നു താമസം. തൊട്ടടുത്തായിരുന്നു നരോഡ റെയില്‍വേ സ്റ്റേഷന്‍. പാസഞ്ചര്‍ ലോക്കല്‍ വണ്ടികളും ഇടയ്ക്കു ചരക്കു വണ്ടികളും കടന്നു പോകുന്ന ചെറിയൊരു സ്റ്റേഷന്‍. ഇടവിട്ടുള്ള തീവണ്ടിയുടെ ചൂളംവിളികള്‍. എത്രയോ രാത്രികളില്‍ തീവണ്ടിയുടെ ചൂളംവിളി വിളി കേട്ടു ഞെട്ടിയുണര്‍ന്നു കുഞ്ഞായിരുന്ന മോന്‍ പേടിച്ചു കരഞ്ഞിട്ടുണ്ട്. റെയില്‍വേ ട്രാക്കിന്‍റെ ഓരം പറ്റി നടന്നാല്‍ അര മണിക്കൂര്‍ കൊണ്ട് എളുപ്പവഴിയിലൂടെ ഓഫീസിലെത്താം. പത്തുമണിയാണ് ഓഫീസിലെത്തേണ്ട സമയം. വാച്ചില്ലാത്തതുകൊണ്ട് സമയമറിയാന്‍ മാര്‍ഗ്ഗമില്ല. ഒന്നുകില്‍ നേരത്തെ എത്തും അല്ലെങ്കില്‍ അഞ്ചോ പത്തോ മിനിറ്റ് വൈകി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ട്രെയിന്‍ കൃത്യമായി ഒരേ സമയത്ത് സ്റ്റേഷനില്‍ എത്തുന്നത്‌ ശ്രദ്ധയില്‍ പെട്ടു. ആ സമയത്ത് ഇറങ്ങിയപ്പോള്‍ കൃത്യസമയത്തിന് ഓഫീസില്‍ എത്താനും കഴിഞ്ഞു. ഒരു വഴിപോക്കനോടു അറിയാവുന്ന ഹിന്ദിയില്‍ സമയം ചോദിച്ചപ്പോള്‍ അയാള്‍ തന്റെ വാച്ചില്‍ നോക്കി പറഞ്ഞു. "സവാ നൌ " (ഒമ്പതേകാല്‍) . പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടു ജോലികള്‍ വേഗം തീര്‍ത്തു, മോനെ നോക്കാന്‍ ഏര്‍പ്പാടാക്കിയ വീട്ടില്‍ കൊണ്ടുചെന്നാക്കി, വീടും പൂട്ടി, ആ സമയത്ത് വരുന്ന വണ്ടിയുടെ ചൂളംവിളി കാതോര്‍ത്തിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍ തീവണ്ടിയുടെ കിതപ്പായിരുന്നു എന്‍റെ വേഗതയും സമയവും നിശ്ചയിച്ചിരുന്നത്.
ഒരു ദിവസം ചൂളംവിളിച്ചുകൊണ്ട് വണ്ടി കിതപ്പോടെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വീടുപൂട്ടി ഞാനും ഇറങ്ങി. അന്നത്തെ സൂര്യന് പതിവിലും കൂടുതല്‍ ചൂടുണ്ടെന്നു തോന്നി. സാരിത്തുമ്പ് കൊണ്ട് ഇടയ്ക്കിടെ വിയര്‍പ്പൊപ്പി റെയില്‍വേ ട്രാക്കിന്‍റെ ഓരം ചേര്‍ന്ന് നടന്നു ഓഫീസിന്‍റെ ഗേറ്റിലെത്തി. ടെമ്പററി ജീവനക്കാര്‍ സമയമെഴുതി ഒപ്പിടുന്ന അറ്റെന്‍ഡന്‍സ്‌ രെജിസ്റ്റര്‍ കാണുന്നില്ല.
"റെജിസ്റ്റര്‍ സാബ് കെ പാസ് ബേജ്ദിയാ ബെഹന്ജീ. ആജ് ആപ് ബഹുത്ത് ലേറ്റ് ഹോഗയീ ഹൈ "
സെക്യൂരിറ്റി ജീവനക്കാരന്‍റെ പറച്ചില്‍ കേട്ട് എന്‍റെ ഉള്ളൊന്നാളി. ഓഫീസില്‍ വൈകിയെത്തുന്നവരെ ഒരിക്കലും വെച്ചു പൊറുപ്പിക്കാത്ത അയ്യരു സാറിന്‍റെ കാബിനിലേക്ക്‌ വിറയ്ക്കുന്ന കാലുകളോടെ കയറി ചെന്നു.
"എന്തിനാ ഇത്രേം നേരത്തേ ഇങ്ങോട്ടെഴുന്നള്ളീത് . വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ.അത്യാവശ്യം വല്ലതുമുണ്ടെങ്കില്‍ ആളെ പറഞ്ഞു വിടുമായിരുന്നല്ലോ. സമയമെത്രയായീന്നാ വിചാരം. അഞ്ചോ പത്തോ മിനിറ്റാണ് വൈകിയതെങ്കില്‍ പോട്ടേ ന്നു വെക്കാം.. ഞാന്‍ മാത്രമല്ല ഇതൊക്കെ ശ്രദ്ധിക്കാന്‍ എന്നെ കൂടാതെ ഡിപ്പാര്‍ട്ട്മെന്റില്‍ വേറേം ആളുകളുണ്ട്. ലേറ്റ് കമിംഗിന്‍റെ പേരില്‍ തുച്ഛമായി കിട്ടുന്ന ശമ്പളത്തില്‍ നിന്ന് കാശു കട്ട് ചെയ്‌താല്‍ കരഞ്ഞോണ്ട് വരരുത്. എനിക്കൊന്നും ചെയ്യാന്‍ പറ്റീന്ന് വരില്ല . മേലാല്‍ ആവര്‍ത്തിക്കരുത്.. സൈന്‍ ചെയ്തിട്ട് സീറ്റില്‍ പോയിരുന്നു ജോലി ചെയ്യ്. "
രെജിസ്റ്ററില്‍ ഒപ്പ് വെച്ച് നിറഞ്ഞ കണ്ണുകളോടെ കാബിനില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ചുമരില്‍ തൂക്കിയ ക്ലോക്കിലേക്ക് പാളി നോക്കി.. പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. സമയമറിയിച്ചുകൊണ്ടു സ്ഥിരമായി വരാറുള്ള വണ്ടി ഒരു മണിക്കൂര്‍ വൈകിയാണ് വന്നതെന്നു അപ്പോഴാണ്‌ ഞാനറിഞ്ഞത്. വൈകുന്നേരം വീട്ടിലെത്തി, അന്ന് നടന്ന സംഭവം പറഞ്ഞപ്പോള്‍ രവിയേട്ടന്റെ മുഖം മ്ലാനമാവുന്നത് ഞാന്‍ ശ്രദ്ധിച്ചു.. എന്റെ ഒഴിഞ്ഞ കൈത്തണ്ടയില്‍ ഒന്ന് തടവിയിട്ടു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് പിന്നീടെനിക്ക് തോന്നി.
ഗുജറാത്തിലെ മണ്ണില്‍ പാകിയ ജീവിതത്തിന്‍റെ വിത്ത് മുളച്ചു വളരാന്‍ കുറച്ചധികം സമയം വേണ്ടിവന്നു. ഒരോണക്കാലം.. മോനുള്ള ഓണക്കോടി ജനല്‍പ്പടിയില്‍ വെച്ചിട്ടു രവിയേട്ടന്‍ എന്നോട് പറഞ്ഞു.
"നീയാ കൈയ്യൊന്ന് നീട്ട്."
എന്തിനെന്നു പോലും ചോദിക്കാതെ ഞാന്‍ വലതു കൈ നീട്ടിക്കാണിച്ചു . ചതുരാകൃതിയിലുള്ള ചെറിയൊരു പെട്ടി തുറന്നു സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ മെറ്റല്‍ സ്ട്രാപ്പ് ഉള്ള TITAN ന്‍റെ ഒരു ലേഡീസ് റിസ്റ്റ് വാച്ച് എന്‍റെ കൈത്തണ്ടയില്‍ കെട്ടി തന്നിട്ട് ചോദിച്ചു .
"ഇഷ്ടായോ? കുറച്ചുകാലം ഇത് കെട്ടൂ. കാശുണ്ടാവുമ്പോ ഇതിനേക്കാള്‍ നല്ലൊരു വാച്ച് വാങ്ങിത്തരാ ട്ടോ. "
അപ്പോഴത്തെ എന്‍റെ മനോവികാരം എന്തെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇടനെഞ്ചില്‍ വല്ലാത്തൊരു വിമ്മിഷ്ടം. സന്തോഷത്താലാണോ സങ്കടം കൊണ്ടാണോ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"വാച്ച് വാങ്ങാനോക്കെ ഇപ്പെവിടുന്നാ പണം " ചോദിക്കാതിരിക്കാനായില്ല.
"ഓവര്‍ ടൈം ചെയ്ത വകയില്‍ ഈ മാസം ഇത്തിരി കാശു കൂടുതല്‍ കിട്ടി. ഓഫീസില്‍ പോണ നിനക്ക് ഒരു വാച്ച് അത്യാവശ്യമാണ്."
ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം വാച്ചു കെട്ടാനുള്ള മോഹം പൂവണിഞ്ഞത് ആ ഓണക്കാലത്തായിരുന്നു. ജീവിത പങ്കാളിയുടെ വിയര്‍പ്പിന്‍റെ മണമായിരുന്നു ആ വാച്ചിന്. വര്‍ഷത്തിലൊരിക്കല്‍ സെല്‍ മാറ്റുന്നതല്ലാതെ ഒരിക്കല്‍ പോലും റിപ്പയര്‍ ചെയ്യാതെ ഒമ്പത് വര്‍ഷത്തോളം ഞാനാ വാച്ച് ഉപയോഗിച്ചു. അതിനു ശേഷം വ്യത്യസ്ത മോഡലുകളില്‍ എത്രയോ വാച്ചുകള്‍ എന്‍റെ കൈത്തണ്ടക്ക് അലങ്കാരമായി . ഗള്‍ഫില്‍ നിന്ന് രവിയേട്ടന്‍ ഓരോ തവണ അവധിക്കു വരുമ്പോഴും എനിക്കൊരു വാച്ചുണ്ടാവും. കഴിഞ്ഞ തവണ മോന്‍ വരുമ്പോഴും കൊണ്ടുവന്നു അച്ഛനുമമ്മക്കും വേണ്ടി ഒരേ പോലുള്ള കപ്പിള്‍ വാച്ച്..
പണമില്ലാത്തവന്റെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് സമയം നിശ്ചയിക്കുന്നത് കാലമാണ്. കാലത്തിന്‍റെ ഘടികാരത്തിലെ സൂചി ഓടിയോടി ഒടുവില്‍ ആ സമയം എത്തുമ്പോഴേക്കും മിക്കവാറും ആഗ്രഹങ്ങള്‍ അസ്തമിക്കാറായിട്ടുണ്ടാവും. ഒരു റിസ്റ്റ് വാച്ചിനു വേണ്ടി ഒരുപാടാഗ്രഹിച്ച എനിക്ക് കാലം പോകെ കിട്ടിയത് അനവധി വാച്ചുകള്‍. പക്ഷെ അപ്പോഴേക്കും വാച്ചിനോടുള്ള ആഗ്രഹം കുറഞ്ഞുകൊണ്ടിരുന്നു. വാച്ചുകളുടെ എണ്ണം കൂടിയിട്ടും അന്നുമിന്നും സമയത്തിന് ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഇരുപത്തിനാലു മണിക്കൂര്‍ മാത്രമായി ഒതുങ്ങുന്നു. ഇതൊക്കെ എപ്പോ കെട്ടിതീര്‍ക്കാനാണല്ലേ.. ചിലപ്പോള്‍ സ്വയം ആലോചിച്ചു ചിരിക്കാറുണ്ട് ഞാന്‍.
പുതുമയുള്ള വിവിധ മോഡലുകളിലുള്ള വാച്ചുകള്‍ എത്രയോയെണ്ണം എനിക്ക് കിട്ടി. എങ്കിലും ആദ്യമായി കിട്ടിയ ആ വാച്ചിനോടു എനിക്കുള്ള ആത്മബന്ധമാവാം ഞാനതിന്നും സൂക്ഷിക്കുന്നു. കാരണം ജീവിതപങ്കാളിയുടെ വിയര്‍പ്പിന്‍റെ വില, അതൊഴുക്കിയ സമയത്തിന്‍റെ വില, അതിനൊന്നും വിലയിടാന്‍ കഴിയില്ല. അഹങ്കാരം തോന്നാതിരിക്കാന്‍ ഇടക്കൊക്കെ നടന്നു തീര്‍ത്ത ദുര്‍ഘടം പിടിച്ച ജീവിത വഴിയിലേക്ക് ഞാനൊന്ന് തിരിഞ്ഞു നോക്കാറുണ്ട്. വന്ന വഴി മറക്കാതിരിക്കാനായി ചില അടയാളപ്പെടുത്തലുകളും. പെയിന്‍റ് അടര്‍ന്ന ഇരുമ്പുപെട്ടിയും ഓണ സമ്മാനമായ ഈ വാച്ചും ഒക്കെ അത്തരം അടയാളപ്പെടുത്തലുകളില്‍ ചിലതു മാത്രം. കടന്നു പോകുന്ന ഓരോ ഓണക്കാലത്തും ഈ റിസ്റ്റ് വാച്ചിന്‍റെ ഓര്‍മ്മകളെ ഞാന്‍ പൊടിതട്ടിയെടുക്കും.. വരികളായി കുറിക്കാനുള്ള അവസരം കിട്ടിയത് ഇപ്പോഴാണെന്ന് മാത്രം. സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുന്നില്ല പക്ഷെ സമയത്തെ കാത്തുനില്‍ക്കാതിരിക്കാന്‍ നമുക്കാവുമോ ? എല്ലാത്തിനും അതിന്‍റെതായ സമയമുണ്ടെന്ന് പറയുന്നതെത്ര ശരിയാണ് അല്ലേ..

എന്റെ കേരളം - ചരിത്ര സംഭവങ്ങൾ
ഗുരുവായൂർ സത്യാഗ്രഹം
....................................................
സുലോചന വാവുളളിപ്പതി
....................................................
തലമുറകൾ നന്ദിപൂർവ്വം സ്മരിക്കുന്ന കേരളത്തിന്റെഏറ്റവും വലിയ സാമൂഹിക പരിഷ്ക്കരണമാണ് ഗുരുവായൂർ സത്യാഗ്രഹം..
1931-32 കാലഘട്ടത്തിൽ സാമൂഹിക ദുരാചാരങ്ങളിലൊന്നായ അയിത്തത്തിനെതിരെ ശക്തമായി പോരാടി വിജയം വരിച്ച സമരമാണ് ഗുരുവായൂർ സത്യാഗ്രഹം.
ഗുരുവായൂർ സത്യാഗ്രഹക്കുറിച്ച് പറയുന്നതിനു മുമ്പ് ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കുന്നത് ശരിയല്ല.
തിരുവിതാംകൂറിലെ അവർണ്ണ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി കൊടുത്തുകൊണ്ടു് അവസാനത്തെ രാജാവായ ചിത്തിരത്തിരുനാൾ ബാലവർമ്മ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. സ്വാതന്ത്ര്യത്തിന്നു മുമ്പ് ഇന്ത്യയിൽ ഉണ്ടായ ഏറ്റവും ശക്തവും ഉജ്ജ്വലുമായ സാമൂഹിക വിപ്ലവമായാണ് ഇതിനെ കാണുന്നത്.. നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ അയിത്താചാരങ്ങളെ പാടെ തുടച്ചു മാറ്റിയ മഹത്തായ വിപ്ലവമാണ് ക്ഷേത്രപ്രവേശന വിളംബരം. ഇതു മൂലം രണ്ടായിരത്തിൽപ്പരം ക്ഷേത്രങ്ങൾ ഹരിജനങ്ങൾക്കായി തുറന്നുകൊടുത്തു
കേരളം ഈ സമരാവേശത്തിൽ ഇളകി മറിഞ്ഞതിന്റെ തുടർച്ചയായി വന്ന വിപ്ലവമാണ് ഗുരുവായൂർ സത്യാഗ്രഹം
ഈ സമരത്തിന് നേതൃത്വം നൽകിയവരിൽ കെ. കേളപ്പൻ എ.കെ.ജി. പി. കൃഷ്ണപ്പിള്ള സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് മുൻപന്തിയിൽ
അന്നത്തെ സാമൂഹ്യ പശ്ചാത്തലമാകട്ടെ തുലോം വിഭിന്നമായിരുന്നു. ബ്രിട്ടീഷുകാർ ജാതി വ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദുക്കളേയും മുസ്ലീംകളേയും തമ്മിലടിപ്പിക്കുക താഴ്ന്ന ജാതിക്കാരെ മേൽജാതിക്കാർക്കെതിരെ ഇളക്കി വിടുക എന്നീ തന്ത്രങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം കയ്യേൽക്കുക." കലക്കവെള്ളത്തിൽ മീൻ പിടിക്കുക " എന്നു പറയാറില്ലെ... അതു തന്നെ. ഇത് കേരളത്തിൽ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ ഫലപ്രദമായി നടപ്പാക്കാൻ അവർക്കു കഴിയുകയും ചെയ്തു. അതിനു കാരണം ജാതി വ്യവസ്ഥ ഏറ്റവും പ്രബലമായി നിന്നിരുന്നത് ഉത്തരകേരളത്തിലായിരുന്നു.
കണ്ടോത്ത്കുറുവടി എന്ന പേരിൽ അവിടങ്ങളിൽ അറിയപ്പെട്ടിരുന്ന ഒരു സമരം ഉണ്ടായിരുന്നു.പയ്യന്നൂരിന്റെ കണ്ടോത്തെ ക്ഷേത്രത്തിനു മുന്നിലെ പൊതുവഴി അവർണ്ണർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പ്രവേശിച്ചാൽ ഉലക്ക കൊണ്ടു് അടിച്ച് അവശരാക്കുമായിരുന്നു. എ.കെ.ജി തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താളാണ് അതിനു പരിഹാരം കണ്ടത്. കണ്ടോത്തു കുറുവടിയുംഗരുവായൂർ സത്യാഗ്രഹത്തിന് ആക്കം കൂട്ടി.
1931 ജൂലായ് 7ന് ബോംമ്പെയിൽ വെച്ചു നടന്ന സമ്മേളനത്തിൽ കെ കേളപ്പൻ ക്ഷേത്ര സത്യാഗ്രഹത്തിനായി ഗാന്ധിജിയുടെ സമ്മതം നേടി.കോഴിക്കോട്ടുവെച്ചു നടന്ന കമ്മിറ്റിയിൽ തീണ്ടലിനും മറ്റയിത്താചാരങ്ങൾക്കുമെതിരെ സമരം നടത്താൻ തീരുമാനമെടുത്തു.പ്രമേയം അംഗീകരിക്കപ്പെട്ടു. കേളപ്പനെത്തന്നെ
ചുമതലപ്പെടുത്തുകയും ചെയ്തു.ബ്രിട്ടീഷുകാരുടെ തന്ത്രത്തിനെതിരെ പോരാടാനുള്ള നീക്കം കൂടിയായിരുന്നു. സമരത്തിന്റെ താത്വിക വശങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും കൃഷ്ണപ്പിള്ളയെപ്പോലുള്ളവർ സജീവമായി രംഗത്തിറങ്ങി.
ഗുരുവായൂർ ക്ഷേത്രത്തിൽ ജാതിമതഭേദമന്യെ എല്ലാ ഹിന്ദു ങ്ങളും പ്രവേശനാനുമതി നൽകണമെന്ന് സമരസമിതി ക്ഷേത്ര ഭരണാധികാരിയായ സാമൂതിരിയോടാവശ്യപ്പെട്ടു.ഈ ആവശ്യം അംഗീകരിക്കാൻ സാമൂതിരി തയ്യാറായില്ല. അതിനെ തുടർന്നാണ് ക്ഷേത്ര കവാടത്തിൽ സത്യാഗ്രഹമിരിക്കാൻ നേതാക്കൾ തീരുമാനിച്ചത്.
അധികാരികൾ ക്ഷേത്രത്തിനു ചുറ്റും മുള്ളുവേലി കെട്ടി. യാഥാസ്ഥിതികരാവട്ടെ സത്യാഗ്രഹികളെ അടിച്ചു കൊല്ലാനൊരുങ്ങി.
സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 21 ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂർക്ക് ജാഥ പുറപ്പെട്ടു.(ഈ സംഘത്തിൽ എന്റെ അച്ഛനും ചെറിയച്ഛനും ഉണ്ടായിരുന്നു എന്നത് അഭിമാനത്തോടെയും അഹങ്കാരത്തോടെയും ഇവിടെ പങ്കുവെക്കട്ടെ). ഗുരുവായൂരെത്തുന്നതു വരെയുള്ള യാത്രയും പ്രചാരണവുംആവേശോജ്ജ്വലമായിരുന്നു
നവോത്ഥാനത്തിന്റെ വിത്തുപാകിയ സമര സേനാനിയായ കേളപ്പനോടൊപ്പം മന്നത്തു പത്മനാഭൻ തുടങ്ങിയവരും അണിനിരന്നു .മന്നത്തിന്റെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കാൻ വളരെയേറെ സാധിച്ചിട്ടുണ്ട്..
NSS SNDP നമ്പൂതിരി സഭ എന്നീ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സമരം നീളുന്നത് ജനങ്ങളിൽ ആവേശം കുറക്കുമെന്നറിഞ്ഞ കേളപ്പൻ നിരാഹാരം തുടങ്ങി.തിരുമുമ്പ് അറസ്റ്റിലായി.. ജയിൽ ശിക്ഷ കഴിഞ്ഞു വന്ന എ.കെ.ജി എല്ലാരിലും പഴയ ഊർജജവും ആവേശവും ഉണർത്തി. കൃഷ്ണപ്പിള്ള ശ്രീകോവിലിന്നു മുന്നിൽ മണിയടിച്ചു പ്രക്ഷോഭം തുടങ്ങി. കാവൽക്കാർ ക്രൂരമായി മർദ്ദിച്ചിട്ടും അദ്ദേഹം അനങ്ങിയില്ല.
1947 ജുൺ 12 ന് മദിരാശി ഭരണകൂടം പുറപ്പെടുവിച്ച ഉടമ്പടി പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹൈന്ദവർക്കും പ്രവേശനം ലഭിച്ചു തുടങ്ങി.
പക്ഷെ ഇന്നും അന്യമതസ്ഥർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനമില്ല.
ഇനി എന്നാണാവോ... അതിനൊരു പരിഹാരം ഉണ്ടാവുക
നമുക്ക് കാത്തിരിക്കാം................ശുഭപ്രതീക്ഷയോടെ

പള്ളി മുറ്റത്തെ തുളസിതറദിനവും നമസ്ക്കരിക്കാൻ പോയിവരുന്ന പള്ളി മുറ്റത്ത്‌ , കുറച്ച്‌ നൾ മുൻപാണു , ഒരു തുളസിതറ എന്റെ ശ്രദ്ദയിൽ പെട്ടത്‌ ...
അധികം നാൾ ആയിട്ടുണ്ടായിരുന്നില്ല ആ തറയവിടെ പണിത്‌ തീർന്നിട്ട്‌ .... അതിനാൽതന്നെ അതിനുള്ളിൽ നിന്ന് തുളസ്സി വളർന്ന് വന്നിരുന്നത്‌ ശ്രദ്ധിച്ചിരുന്നില്ല.
നാട്ടിൽ, നാട്ടിൻപുറത്ത്‌ താമസ്സിക്കുന്നതിനാൽ ഇത്‌ കണ്മുന്നിൽ കണ്ട നിമിഷമെന്റെ മനസ്സോടിചെന്നെത്തിയത്‌ ഇടവഴികളിൽ പൂവിട്ട്‌ മതിൽകെട്ടുപ്പോൽ തിരിച്ച വേലികെട്ടുകൾക്കിടയിലൂടെ നടന്ന് കരിങ്കൽ പാവിയ കൽപ്പടവുകൾ കയറി മണൽ വിരിച്ച തിരുമുറ്റത്ത്‌ കെട്ടിപടുത്തൊരു തുളസ്സിതറയ്ക്ക്‌ മുന്നിലാണു ....
പ്രഭാതവും ,, സന്ധ്യയും , നാമജപങ്ങളേറ്റുവാങ്ങി ഒരുപാട്‌ വീട്ട്‌ മുറ്റങ്ങളിൽ ഐശ്വര്യത്തിന്റെ പ്രതീകമായി നില നിന്നിരുന്ന ഇതിലേറെയുമിന്ന് വെറും ഓർമ്മചിത്രങ്ങൾ മാത്രമായ്‌ മാറി ......
ഇവിടെ ഈ മരുഭൂവിൽ പ്രാർഥാനാലയത്തിനു മുന്നിൽ ,വീണ്ടുമാ ചിത്രം ജീവന്റെ തുടിപ്പോടെ നിൽക്കുന്നത്‌ കണ്ടപ്പോൾ മനസ്സിലൊത്തിരി സന്തോഷം .......
"" തുളസി കൃഷ്ണ തുളസി
നിന്‍ നെഞ്ജിലെരിയുന്ന ചന്ദനതിരിയിലോരഭൗവ്മ
ഹൃദ്യ സുഗന്ധം
ഒരധ്യാത്മ ദിവ്യ സുഗന്ധം......
അംഗണ തറയിന്മേല്‍ ആദര സമന്ന്വിതം
കുടിയിരുത്തീ നിന്നെ ഞങ്ങള്‍
നിത്യവും സന്ധ്യക്കു നിരവധ്യയാം നിന്നെ
തിരിവച്ചു കൂപ്പുന്നു ഞങ്ങള്‍ ""
മലയാളമണ്ണിൽനിന്നാരിൽ നിന്നോ പിറന്നയീവരികൾ കാതിലശിരീരിപോൽ അലയടിക്കും പോലേ .....
പിന്നീടുള്ള പലദിനങ്ങളിലും പള്ളിയിൽ നിന്നിറങ്ങുന്ന വഴിയേ അതിൽ നിന്നും കുറച്ച്‌ ഇലകൾനുള്ളി കൂടെ കൊണ്ട്‌ പോരും ,,
കൂടെയിറങ്ങി വരുന്ന ചിലരുടെ ഒളികണ്ണുകൾ ആ ഇലനുള്ളൽ പ്രക്രിയയിൽ നോട്ടമിടുന്നതായ്‌ ഞാൻ ശ്രദ്ധിച്ചിരുന്നു ....
ഒരു ദിവസം കൂടെ നമസ്ക്കരിച്ചിറങ്ങിയ , പാക്കിസ്‌ഥാനിയ്ക്കും , യെമനിയ്ക്കും , മ്മടെ സ്വന്തം യു പി ക്കാരനും ഒരു സംശയം !!
ഇതെന്തിനാ ഈ ഇല നുള്ളിയെടുത്ത്‌ കൊണ്ട്‌ പോകുന്നതെന്ന് ??
... ഇത്‌ തുളസി ...
ഞങ്ങളുടെ നാട്ടിൽ സുലഭമായ്‌ ഉള്ള ഒരു ഔഷധച്ചെടി , ഇതിന്റെ ഇലകൾ റൂമിൽ ഉണ്ടായാൽ കൊതുകുകൾ ആ വഴിയ്ക്ക്‌ വരില്ല, ചായയിൽ ഇട്ട്‌ ചൂടാക്കി കുടിച്ചാൽ ശ്വസനവ്യവസ്ഥക്ക് നല്ലതാണെന്നും' , ഒരൽപ്പം, വിക്സും ഇതും ഇട്ട്‌ ആവി പിടിച്ചാൽ മൂക്കടപ്പ്‌ , ജലദോഷം എന്നിവയ്ക്കും നല്ലതാണു , വെള്ളത്തിലിട്ട്‌ ചൂടാക്കി കുളിച്ചാൽ , വിയർപ്പിന്റെ ദുർഗ്ഗന്ധം മാറും , കൂടുതൽ ഉഷാറായിരിക്കുമെന്നുള്ള മ്മടെ ചെറിയൊരു നാട്ടറിവൊരു കഥാ രൂപത്തിൽ അവരോട്‌ തട്ടിയപ്പോൾ അവർ ചുമ്മാ ഒന്നു ഞെട്ടി ......
ഇതൊക്കെ എന്ത്‌ wink emoticon എന്ന ഭാവത്തോടെ ,,,
.. തുളസീ ... കൃഷ്ണതുളസീ ...
എന്ന വരികൾ ചെറുപുഞ്ചിരിയോടെ ചുണ്ടിലീണമിട്ടൊന്ന് മൂളി
.... തിരികേ ഞാൻ നടത്തം തുടർന്നൂ .....

കേരളത്തിന്‍റെ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി...
ചുറ്റ്പാടുകള്‍ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്നുമാത്രം ആരാലും ചര്‍ച്ച ചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം..
എന്താണ് പരിസ്ഥിതി.!!
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള ഭൂപ്രകൃതിയുളള സ്ഥലങ്ങളേയും അവയുടെ നിലനില്‍പിനേയും ചേര്‍ത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.എന്താണ് പരിസ്ഥിതിയേക്കുറിച്ച് പറയുന്നതിലെ പ്രാധാന്യം.നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍ ഉളള ഇടമായിരുന്നു നമ്മുടെ സ്വന്തം....(ദൈവത്തിന്‍റെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം. എന്നാല്‍ ഇന്ന് വയലുകള്‍ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു . തെങ്ങുകള്‍ ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുന്നു.ഒരു പറമ്പിലും ഫലവൃക്ഷങ്ങള്‍ കാണാന്‍ കിട്ടാതായിരിക്കുന്നു.എന്തിന് വിള നിലങ്ങള്‍ കൂടിഇല്ലാതായിരിക്കുന്നു..
പരിസ്ഥിതിയും വൃക്ഷലതാദിയും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു...
മഴ പെയ്താല്‍ പുഴ കവിയുന്നൊരു അവസ്ഥ ഉണ്ടായിരുന്നു .എന്ത് കൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി വരാത്തത്.....ഈ ചോദ്യങ്ങള്‍ക്കെല്ലാം അവസാനം നാം എത്തിനില്‍ക്കുന്നിടമാണ് അന്തഃരീക്ഷ മലിനീകരണം എന്ന അതി ഭീകരമായ പാരിസ്ഥിതീക പ്രശ്നത്തിലാണ്...ഒരു ദിവസം നാം ആരംഭിക്കുന്നിടത്ത് തുടങ്ങുന്നു മലിനീകരണം എന്ന പ്രവര്‍ത്തനം...നാം ഉപയോഗിക്കുന്ന പേസ്റ്റ് ,സോപ്പ് ,ലോഷന്‍ ,ഡിഷ് വാഷ് ബാര്‍ ,ടൊയ്ലറ്റ് ക്ലീനല്‍ ,സ്പ്രേ ,ഹെയര്‍ ജെല്ലുകള്‍ ,റൂം ഫ്രെഷ്നര്‍ ,എയര്‍ കണ്ടീഷണര്‍ ,റെഫ്രിജേറ്റര്‍ എന്നീ മാറ്റി വയ്ക്കാനാകാത്ത പലതും കുറേശ്ശെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരുന്നു....ഇവയോ ഭൂമിയില്‍ അന്തഃരീക്ഷംഎന്നതിനെ നശിപ്പിക്കുന്നു..
നാം സാധന സാമഗ്രികൾ വാങ്ങാന്‍ കടയില്‍ പോകുന്നു. ആവശ്യമുളള സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി ഈ പലചരക്ക് സാധനങ്ങളെ ടിന്നുകളില്‍ അടച്ച് വയ്ക്കുന്നു....ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകള്‍ നാം കത്തിക്കുന്നു....മണ്ണിനൊപ്പം ഉരുകിച്ചുരുങ്ങിയ ഇവ ലയിച്ചുചേരാതെ ഒരു ആവരണമായി മണ്ണില്‍ കിടക്കുന്നു.....മഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവ വെളളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിയകറ്റുന്നു....മണ്ണിന്‍റെ ഫലഭൂയിഷ്ടത നഷ്ടമാകുന്നതിനൊപ്പം പൊടിപടലങ്ങള്‍ അന്തഃരീക്ഷത്തില്‍ നിറയുന്നു....ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്...


ഫാക്ടറികള്‍ നമുക്ക് പുരോഗമനം നല്‍‍കുന്നു എന്ന് നാം ചിന്തിക്കുന്നു .ശരിയാണ് എന്നാല്‍ ഫാക്ടറികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുറം തളളപ്പെടുന്ന മാലിന്യങ്ങള്‍ പുഴകളിലും തോടുകളിലും തുറന്ന് വിടുമ്പോള്‍ വിഷാംശം കലരുന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളില്‍ അതിജീവനത്തിന്‍റെ സാധ്യതകള്‍ കുറയ്ക്കുകയും പ്രകൃതിയുടെ സംതുലിതാവസ്ഥ തന്നെ തകിടം മറയുകയും ചെയ്യുന്നു....
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണമെന്ന് ആത്മാര്‍ത്ഥമായും നമുക്ക് താത്പര്യം ഉണ്ടെങ്കില്‍ , നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ച് വരേണ്ടത്അത്യാവശ്യമാണ്...
.ചുരുങ്ങിയത്, നമ്മുടെ വീടും പരിസരവും എങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക, മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക, കൃതൃമ സാധനങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ച് കൊണ്ട് വരുക..എന്നിവയൊക്കെ പ്രാവര്‍ത്തികം ആക്കാന്‍ നിരന്തരം ശ്രമിക്കുക..
.കൃഷി ഇടങ്ങളിൽ നിന്നും ഒഴുകി ഇറങ്ങുന്ന രാസ വളങ്ങളുടെ വ്യാപനം മൂലം ഉപരിതല ജല സ്രോതസ്സുകൾ ആയ കുളങ്ങളും ,നദികളും ,കായലുകളും എല്ലാം പായൽ നിറഞ്ഞു. അതോടെ മത്സ്യ സമ്പത്ത് നശിക്കാൻ തുടങ്ങി .വിഷ സംയുക്തങ്ങളുടെ കാഠിന്യം അനേകായിരം ജീവ ജാതികൾ നശിക്കുകയും വംശ നാശ ഭീഷണി നേരിടാനും ഇടയാക്കി. വയലുകൾ വിള നല്കാൻ ആവാത്ത പാഴ് നിലങ്ങൾ ആയി മാറി.
ജീവൻ തുടിക്കുന്ന അതി സങ്കീർണ്ണമായ ജൈവ വിധാനം ആണ് മണ്ണ്. ഭൂമിയുടെ ഘനം കുറഞ്ഞ ഈ പുറംതോട് സസ്യങ്ങളോടും മറ്റു ജീവ ജാലങ്ങലോടും ഒപ്പം സുസ്ഥിരമായ പ്രകൃതി സംവിധാനമാണ്. അനേക വർഷം കൊണ്ട് രൂപപ്പെട്ടു വന്നത് .മനുഷ്യ വംശത്തിന്റെ സംസ്കൃതിയുടെയും,സമ്പത്തിന്റെയും നിലനില്പ്പിന്റെയും അടിസ്ഥാനം.
അതുകൊണ്ട് രാസവളങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കി മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് മണ്ണില പൊന്ന് വിളയിക്കുന്ന മനുഷ്യ ധർമ്മം നാം തിരിച്ചു പിടിക്കേണ്ടി ഇരിക്കുന്നു. മണ്ണിനെ പുനരുദ്ധരിക്കാൻ കഴിയുന്ന കൃഷി രീതികൾ സ്വീകരിക്കണം. മണ്ണിനു ജലം നല്കാൻ മണ്ണിൽ താണ മഴയിൽ നിന്നും ജലസ്രോതസ്സു കണ്ടെത്തണം. രാസ വളങ്ങളും കീടനാശിനികളും ഡിട്ടര്ജന്റ്റ് പൊടികളും അകറ്റി നിർത്തി കൊണ്ടുള്ള മണ്ണ് കാക്കലും ഈർപ്പവും കൃഷിയെ ജൈവികമാക്കും.കാലത്തിനും കാലാവസ്ഥക്കും അനുസരിച്ച് മണ്ണിന്റെ സ്വഭാവം മാറുന്നത് തിരിച്ചറിയണം.
സുഭാഷ് പലേക്കർ,ദയാഭായി എന്നീ പ്രശസ്തരെ കൂടാതെ നമ്മുടെ നാട്ടിലെ പല ആദിവാസി സമൂഹവും പാരമ്പര്യമായി ജൈവ കൃഷി രീതികൾ പിന്തുടരുന്നു.ആ അറിവുകള സ്വീകരിച്ചു പാലിക്കണം.രാസവളത്തിന്റെ ക്രൗര്യം അനുഭവിച്ചു നശിച്ച മണ്ണിനെ വിവിധ വിള കളുടെയും ,ഫലങ്ങളുടെയും ,ചെടികളുടെയും പൂകളുടെയും ധാരാളിത്ത ത്തിലേക്ക് കൊണ്ട് വരാൻ അവർ എല്ലാം ചെയ്യുന്നത് ആധുനിക വികസനത്തിന്റെ അകം പൊള്ളയായ കാട്ടികൂട്ടലുകളെ അകറ്റി നിർത്തി മണ്ണിനെ പ്രകൃതിക്ക് തിരിച്ചു കൊടുക്കുക എന്ന ലളിതമായ കാര്യം മാത്രമാണ്.
മനുഷ്യൻ ബൗദ്ധിക തലത്തിൽ വികാസം ഉണ്ടാക്കുമ്പോൾ പ്രകൃതിസംരക്ഷണത്തിന്നും പ്രാധാന്യം നൽകിയെ മതിയാവൂ, (പക്യതി വിഭവങ്ങളെ ആവശ്യത്തിന്നു മാത്രം ചൂഷണം ചെയ്തത് പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു താളം തെറ്റിക്കാതെ പരിസ്ഥിതി സൗഹാർദ്ദപരമായ വികസനമാണ് നടപ്പിൽ വരുത്തേണ്ടത്
പരിസ്ഥിതി പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാൻ കാത്തു നിൽക്കാതെ വിദ്യാർത്ഥി ജീവിതം മുതൽ പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കണം
ഓരോ പ്രദേശത്തെയും കാർഷിക വിഭവങ്ങൾക്കും തനതായ സ്വാദും മേന്മയുമുണ്ട്, ഏറെ ലാഭം കിട്ടാൻ തനതു ജീവജാലങ്ങൾക്കും കാലാവസ്ഥക്കും അനുയോജ്യമല്ലാത്തത് കൃഷി ചെയ്യുന്നതും ദോഷകരം തന്നെ (ഉദാഹരണം ആഫ്രിക്കൻ മുഷി പോലുള്ള ഇനങ്ങൾ സ്വാഭാവിക വ്യവസ്ഥ നശിപ്പിക്കുന്നു)
സ്വയം പ്രതിരോധിക്കുവാനുള്ള പരിസ്ഥിതിയുടെ കഴിവ് നിലനിർത്തണം..
പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന. അന്തരീക്ഷം(Atmosphere,) ജീവ മണ്ഡലം (Biosphere,)ജലമണ്ഡലം(Hydrosphere), ശിലാമണ്ഡലം (Lithosphere) ഇവ ആ വാസവ്യവസ്ഥകൾക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കുന്നു
കേരളത്തിൽ നാശോന്മുഖമായ ജൈവവ്യവസ്ഥകൾ (കാവുകൾ, തണ്ണീർത്തടങ്ങൾ നദീതട കണ്ടൽ വനങ്ങൾ ) ഇവയൊക്കെ നിലനിർത്തണം,
പുനസൃഷ്ടിക്കാൻ സാധിക്കാത്ത പരിസ്ഥിതി വിഭവങ്ങളാണ് മണ്ണ് ജലം ഇവ സംരക്ഷിക്കണം.
ജീവന് ആധാരമായ വായുവിന്റെ മലിനീകരണം നാൾക്കുനാൾ കൂടി വരുന്നു, വിഷവാതകങ്ങളിലൊന്നായ കാർബൺ മോണോക് സൈഡ് ഗ്രീൻ ഹൗസ് ഇഫക്ടിനു കാരണം ആവുന്നു, മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിക്കാത്ത വ്യവസായശാലകളും ശീതികരണികളും ഇതിൽ മുഖ്യ കാരണമാണ്
വനവന്യ ജീവി സംരക്ഷണം ജലാശയങ്ങളുടെ സംരക്ഷണം, മണ്ണൊലിപ്പു തടയൽ, ജലസംരക്ഷണം
ഉപഭോഗ വസ്തുക്കളുടെ മിതമായിട്ടു മാത്രമുള്ള ഉപയോഗം, (പക്യതിക്ക് അനുയോജ്യമായ മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിക്കൽ, ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കൽ ഇവയിലൂടെ പ്രകൃതിയുടെ താളം തെറ്റാതെ അടുത്ത തലമുറകളിലേക്ക് കൂടി ഈ വിഭവങ്ങളേയും
മനോഹാരിതയേയും കരുതിവക്കാം..
നല്ല അന്തഃരീക്ഷത്തിലെ, നല്ല വ്യക്തികളും നല്ല സമൂഹവും നല്ല പരിസ്ഥിതിയോട് കൂടിയ ആവാസ വ്യവസ്ഥയും ലഭിക്കയുളളൂ...ആ ലക്ഷ്യത്തിനായി നമുക്കോരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാന്‍ മനസ്സുണ്ടാകട്ടെയെന്ന് സമാശ്വസിക്കാം...