Wednesday, March 30, 2016

നര്‍മ കഥ



നിഷ്കളങ്കരായ കുറെ മനുഷ്യര് പച്ചയായി ജീവിക്കുന്ന, കരുവന്നൂര്‍ ഗ്രാമത്തിലേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്..
ഇതാണ് നമ്മുടെ സുഗുണന്റെ വീട്..ഒരു ഭാര്യയും (ഇവിടുള്ലോര്‍ അങ്ങനെയാ..വല്ലാതെ റിസ്ക്‌ എടുക്കില്ല.) രണ്ടു മക്കളും അച്ഛനും അമ്മയും പെങ്ങളും കൂടി സന്തോഷമായി കഴിയുന്നു..ബംഗ്ലൂര്‍ നിന്ന് അനിയന്റെ ചെറിയ മോള്‍ മീനാക്ഷിയും ഉണ്ട്.
(രംഗം...സുഗുണന്റെ കിടപ്പ് മുറി.)
സമയം..അതിരാവിലെ അഞ്ചു മണി..നേരം പര പരാ വെളുത്തു വരുന്നു.
( ശ്ശ്..ശബ്ദമുണ്ടാക്കാതെ ഇരുന്നോളണം...അവരെ ശല്ല്യം ചെയ്യരുത്..)
കൊക്കരകോ..കോ..
കൊക്കരകോ...
കൂവി മുഴുമിപ്പിക്കുന്നതിനു മുമ്പ് അതിന്റെ നെറു തലയില്‍ ഒരടി വെച്ച് കൊടുത്തു.
"ആരാടീ അലാമിനു ഈ ശബ്ദം വെച്ചത്?
കിഴക്കേലെ ശാന്തേച്ചീടെ (കോഴീടെ) കൂവല്‍ സഹിക്കാഞ്ഞിട്ടാണ് ഞാന്‍ ഇന്നലെ അത് ചെയ്തത്..ദേ ഇപ്പൊ ഇവിടെയും.."
കണ്ണു തുറക്കാതെ ഇത്രയും മുരടനക്കി പറഞ്ഞുകൊണ്ട് തലയിണക്കടിയിലേക്ക് മുഖം പൂഴ്ത്തി ഒന്ന് കൂടെ ചുരുണ്ടു കിടന്നു സുഗുണന്‍...
നിങ്ങള്‍ എന്ത് ചെയ്തൂന്നാ മനുഷ്യാ? നിങ്ങള്‍ എന്താ ചെയ്തേ? കോഴീനെ പട്ടി കടിച്ചു കൊന്നുന്നാണല്ലോ ശാന്തേച്ചി പറഞ്ഞത്..അപ്പത് നിങ്ങള്‍ ആയിരുന്നാ??
ഓ..എന്റെ സുമതീ ..നീ ഒന്ന് മിണ്ടാതിരി..ഒന്നും ചെയ്തില്ല..ഇന്നലെ കാലത്ത് ജോലിക്ക് പോകുമ്പോഴാ..അവന്‍ അങ്ങനെ നെഞ്ചും വിരിച്ചു വന്നത്..കയ്യില്‍ കിട്ടിയ ഒരു കല്ല്‌ വെച്ച് ഒരേറു കൊടുത്തു..അത് അത്രപ്പെട്ടെന്നു ചാവും ന്നു ഞാന്‍ വിചാരിച്ചോ??നീ ഇനിപ്പോ അത് ആരോടും നീട്ടാന്‍ നില്ക്ക്ണ്ട..അമ്മയോടും..
എന്നാലും എന്റെ മനുഷ്യാ...നിങ്ങക്ക് ഇത്രയ്ക്കു ഉന്നം പണ്ടുണ്ടായിരുന്നേല്‍...മാവില്‍ എറിഞ്ഞ കല്ല്‌ എന്റെ തലയില്‍ വീഴില്ലായിരുന്നു...നിങ്ങള്‍ എന്റെ തലയിലും ആവില്ലായിരുന്നു..
ങ്ഹാ...പറഞ്ഞിട്ടെന്താ??
പോടീ..പോടീ...അതിരാവിലെ നിന്ന് ചിണ്‌ങ്ങാതെ.. ന്റെ മോള് അടുക്കളയിലോട്ടു ചെല്ല്..
അല്ല സുഗുണെട്ടാ..ഇന്നലെ ആ കോഴീനെ നമ്മുടെ പട്ടിക്കു കറി വെച്ചുകൊടുത്തോളാന്‍ ശാന്തേച്ചി പറഞ്ഞതല്ലേ..നിങ്ങളാ അത് ചെയ്തതെങ്കില്‍ ഇങ്ങട് കൊണ്ടാരായിരുന്നില്ലേ?. എത്ര നാളായി നല്ല നാടന്‍ കോഴിയിറച്ചിടെ സ്വാദറിഞ്ഞിട്ടു.
ഓ...എന്നിട്ട് വേണം അവൾക്കെന്നെ കൊലക്ക് കൊടുക്കാന്‍..
ദേ സുമതീ...ഇന്നും സ്കൂള്‍ ബസ്‌ പോണ്ടെങ്കില്‍ വേഗം ചെല്ല്.ഞാന്‍ കുട്ടികളേം എണീപ്പിച്ചു ഇപ്പൊ വരാം.
(രംഗം..അടുക്കള..)
ആഹാ..അമ്മ നേരത്തേ എണീറ്റോ?
ഉവ്വ്.സിന്ധുന് ഇന്ന് നേരത്തെ പോണം..സ്പെഷല്‍ ക്ലാസ് ഉണ്ടത്രേ.
ഞാനിന്നു ലീവാ അമ്മേ..വില്ലെജാപ്പീസ്സില്‍ ഒന്ന് പോണം.പിന്നെ കുറച്ചു സാധനങ്ങളും മേടിക്കണം. ഇന്ന് അയല്ക്കൂ ട്ടത്തിന്റെ മീറ്റിംഗ് ഇവിടല്ലേ. ഞാന്‍ സ്കൂള്‍ ബസ്സില്‍ പോയി അവിടെ ഇറങ്ങാം.അത്രേം നടക്കണ്ടാല്ലോ..
എന്റമ്മേ...ഈ നേരല്ല്യാത്ത നേരത്ത് എന്തിനാ ഇപ്പൊ ഉണ്ണിപ്പിണ്ടി എടുത്തത്‌ തോരന്?
അതൊക്കെ ഞാന്‍ ശരിയാക്കിക്കോളം..നീ റെഡി ആവാന്‍ നോക്കിക്കോ..
ആങ്ഹാ..എന്റെ പൊന്നു മക്കള്‍ എത്തീല്ലോ..ഉണ്ണിക്കുട്ടനു ഇന്ന് സ്കൂളീ പോണ്ടേ?
ഉം.....
അച്ചമ്മേ... ഇതെന്താ അച്ചമ്മേ??(ഉണ്ണിയാണ്..ചെറിയ മോന്‍.)
ഇതോ..തോരനുണ്ടാക്കാന്‍ ഉണ്ണിപ്പിണ്ടി..
എന്താ??( സംശയം...സംശയം..)
ന്റെ ഉണ്ണീ..ഉണ്ണിപ്പിണ്ടി...
അല്ല...ഇത് മീനാക്ഷിപ്പിണ്ട്യാ..(കൊച്ചു മനസ്സില്‍ ദേഷ്യം അരിച്ചു കയറി..)
ങേ?
ഇത് മീനാക്ഷിപ്പിണ്ട്യാ ... മീനാക്ഷിപ്പിണ്ട്യാ ... മീനാക്ഷിപ്പിണ്ട്യാ ...
അയ്യയ്യോ...നിക്ക് ചിരിക്കാന്‍ വയ്യെന്റെ കൃഷ്ണാ..
ന്റെ മുത്തെ ..മോനെ അച്ഛമ്മ കളിയാക്കീതല്ല ട്ടോ.. വാഴപ്പിണ്ടീടെ അകത്തുള്ള ഈ കൊച്ചു പിണ്ടിയെ ഉണ്ണിപ്പിണ്ടീന്നാ പറയുക ..
ന്ഹും.ന്ഹും..അച്ഛമ്മ എന്നോട് മിണ്ടണ്ട..ഞാന്‍ പോവ്വ്വാ..
കുറച്ചു നേരത്തെ പിണക്കവും കളിയും ബഹളവുമൊക്കെ കഴിഞ്ഞ് സുമതിയും ഉണ്ണികുട്ടനും റെഡി ആയി ..
അമ്മേ...ഞങ്ങള്‍ ഇറങ്ങ്വ ട്ടോ..
സുമത്യെ..ശ്യാമളേടെ വീട് വരെ ഒന്ന് പോയിട്ട് വരാം ഞങ്ങള്. അവളേം കുട്ട്യോളേം കണ്ടിട്ട് ഇപ്പൊ കുറച്ചു ദെവസ്സായില്ലേ...ഇന്നിപ്പോ ഇവിടെ കണ്ണന്‍ ഉണ്ടാവൂല്ലോ.അവനു പഠിക്കാനുള്ള അവധിയല്ലേ ഇന്ന്.
ശരി അമ്മേ..
കണ്ണാ...കളിച്ച് നടക്കാതെ പഠിച്ചോളൂ ട്ടോ..
ഉണ്ണിക്കുട്ടനേം ബസ്സില്‍ കയറ്റി എങ്ങി വലിച്ചു കയറുന്നതിനിടയില്‍ ഡ്രൈവര്‍ ദാമുനോട് പറഞ്ഞു..
ദേ എന്നെ ആ വില്ലേജു ആഫീസ്സിലേക്ക് തിരുയുന്നിടത്ത് ഒന്ന് ഇറക്കണേ..ഞാന്‍ ഇന്ന് ലീവാണ്.മോനെ ഒന്ന് സൂക്ഷിക്കണേ..
എന്തേ ടീച്ചറെ..അവിടെ കാര്യം?
ഓ..ഒന്നും പറയണ്ട..പറ്റുമെങ്കില്‍ അടുത്ത അവധിക്കു ഏട്ടന്റെ അടുത്തേക്ക് ഒന്ന് പോണംന്ന് ണ്ട്..അതിനു എനിക്ക് പാസ്സ്പോര്ട്ട് എടുക്കാനുള്ള ഗുലുമാലുകള്‍..സുഗുണേട്ടന്റെ ഭാര്യയാണെന്നു തെളിയിക്കാന്‍ സര്ടിഫികട്ടു വേണം..അതിനു 10 പ്രാവശ്യമായി നടക്കുന്നു..
ന്റെ കല്യാണത്തിന് മൂക്ക് മുട്ടെ തിന്നു ഒരു പഴം ഇടത്തെ കയ്യിലും വെച്ച് ഏമ്പക്കവും വിട്ടു പോയ ആ സാറിനെ കണ്ടിട്ട്, ചിരിയടക്കാന്‍ അന്ന് ഞാന്‍ സഹിച്ച പാട്...ആ മനുഷ്യനാ..ഇന്നിപ്പോ തെളിവുകള്‍ ചോദിക്കുന്നത്..
എന്താ ചെയ്യുക?ഇന്നും കൂടെ പോയി നോക്കട്ടെ..
*****************************************************************
എമ്പക്ക വിശേഷം ഓര്‍മ്മിപ്പിച്ചിട്ടോ എന്തോ..സുമതിചേച്ചി എന്തായാലും കാര്യം സാധിച്ചെടുത്തു.അടുത്ത ബസ്സിനു ടൌണിലേക്ക് വെച്ച് പിടിച്ചു, തരക്കേടില്ലാത്ത പര്ചെസിങ്ങും കഴിഞ്ഞ്, തൊണ്ട വരളുന്ന പരവേശവുമായി തിരിച്ചെത്തി.
ഈ ചെക്കനിത് എവിടെ പോയി ഗൈറ്റും പൂട്ടിയിട്ട്?
ശാന്തെച്ചീ ...കണ്ണന്‍ അവിടെങ്ങാനും ഉണ്ടോ?
ഇല്ലല്ലോ മോളേ..അവന്റെ കൂട്ടുകാര്‍ കുറച്ചു മുമ്പ് വന്നു കാണാതെ തിരിച്ചു പോകുന്നത് കണ്ടു..
എന്റീശ്വരാ..ഈ കുട്ടി എവിടെ പോയി...അര മുക്കാല്‍ മണിക്കൂറായി അവനെ തപ്പി നടക്ക്ണൂ.
മോനെ രാജൂ..നീ ഈ മതിലൊന്നു ചാടിക്കടന്നു കാളിംഗ് ബെല്‍ ഒന്ന് അടിച്ചേ..
ണിംഗ്..ണിംഗ്....ണിംഗ്...ണിംഗ്...
രണ്ടു ബെല്‍ കഴിഞ്ഞപ്പോഴേക്കും വാതില്‍ മലക്കെ തുറന്ന് ദാ നില്ക്കുന്നു ജീവനോടെ പുത്രന്‍..
ഗയ്റ്റുംപൂട്ടിയിട്ട് നീ എന്താടാ ചെയ്തിരുന്നെ കഴുതേ?
അത് പിന്നെ ഞാന്‍ പഠിക്കുമ്പോ..ഫ്രണ്ട്സ് വന്നു ഡിസ്റ്റേബ് ചെയ്യാണ്ടിരിക്കാന്‍ പൂട്ടിയിട്ടതാ...
ആവൂ..എന്റെ മോനേ...ബ്രഹ്മീ ഘൃതവും സാരസ്വതാരിഷ്ടവും ഒരാഴ്ച കഴിച്ചപ്പോഴേക്കും നിന്റെ സ്ഥിതി ഇതാണെങ്കില്‍, രണ്ടു മാസം കഴിചാല്‍ എന്താകും ഭഗവാനേ...
ഓരോന്നും പിറുപിറുത്തുകൊണ്ട് ( ചേച്ചിമാര്‍ അങ്ങനെയാ...ആരോടെങ്കിലുമൊക്കെ പറയാന്‍ വയ്യാതെ ബാക്കി വെച്ച ദേഷ്യവും പരിഭവവും ഒക്കെ ഇങ്ങനെ ആത്മഗതമായി പുറത്തു വന്നു കൊണ്ടിരിക്കും ) സുമതി ചേച്ചി വീടൊക്കെ ഒന്ന് വൃത്തിയാക്കി.
മോളേ കാണാന്‍ പോയി വന്ന അച്ഛനും അമ്മക്കും വിശേഷങ്ങള്‍ പറഞ്ഞിട്ട് തീരുന്നില്ല.
കണ്ണാ..നീ പഠിച്ചതൊക്കെ മതി..ദേ വന്നു ഈ കസേരകളൊക്കെ ശരിക്കിട്ടെ..അവരൊക്കെ ഇപ്പൊ വരും..
ഡാ ഉമ്മറത്ത്‌ ആരാ വന്നെന്ന് നോക്കൂ..
കുഞ്ഞമ്മായീ ആണമ്മേ .
നീ എന്താടീ വരാന്‍ ഇത്ര വൈകിയത്?
അത് അച്ഛാ... റോഡു മുഴുവന്‍ ബ്ലോക്ക്‌ ആയിരുന്നു..കുതിരപ്പുറത്തു കുറെ ആള്ക്കാ്രൊക്കെ ആയി...പദയാത്ര യോ മറ്റോ..
ങേ?? കുതിരപ്പുറത്ത്‌ പദയാത്ര അല്ലെ?? എന്തിനാടീ നീ........
അയ്യോ...അത് ഞാന്‍....
വേണ്ട ഉരുളണ്ട...ദേ..ഇരിക്ക്നൂ ഒരുത്തന്‍..നിനക്ക് കൂട്ടുണ്ട്..
( ഇപ്പൊ നിങ്ങള്ക്ക് ഏകദേശം പിടി കിട്ടിയല്ലോ )
ദാ..അയല്ക്കൂ ട്ടത്തിന്റെ അംഗങ്ങള്‍ എല്ലാരും എത്തിത്തുടങ്ങി..ഞങ്ങള് ദേ..ഈ ഗ്രാമത്തിലെ പാവം അന്തേവാസികള്‍..ജോലിയും ടെന്ഷറനും ഒക്കെ ആയി ജീവിക്കുമ്പോ ഒരു രസം..അതിനാ ഇങ്ങനെ ഒരു കൂട്ടായ്മ തുടങ്ങിയത്..മാസത്തില്‍ ഒരു ദിവസം ഒരു വീട്ടില്‍..ഇന്ന് ദേ ഇവിടെ..
ഓരോരുത്തരെയായി ഞാന്‍ പരിച്ചയ്പ്പെടുത്താം.
ഇത് നമ്മടെ പ്രസിഡണ്ട് കുഞ്ഞിതാമി വല്യച്ചന്‍.. (പഞ്ചായത്തിന്റെയല്ല നമ്മടെ ഈ കൂട്ടത്തിന്റെ..)
ഇത്തിരി പ്രായം ഒള്ള ആളല്ലേ..അപ്പൊ ഒരു ഗമക്ക് കൊടുത്തതാ..അങ്ങനെയൊരു സ്ഥാനം..പുള്ളിക്ക് നല്ല ജോലി ആയിരുന്നുട്ടോ...ആളുടെ ഭാഷയില്‍ ഇടയ്ക്കിടയ്ക്ക് കയറ്റവും ഇറക്കവും കിട്ടുന്ന ജോലി..തെങ്ങ് കയറ്റം..ഇപ്പൊ വീട്ടിലെ പടി പോലും കേറാന്‍ വയ്യാത്ത അവസ്ഥ.
ഇത് വേലായേട്ടന്‍ ആന്ഡ് ജാനകിചേച്ചി..ഈ ദേശത്തെ പൊടിക്കുഞ്ഞിനു പോലും അറിയാം..
പണ്ട്...അതായതു ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം..ഒരു ദിവസം ഉച്ചക്ക് ഉണ്ണാന്‍ വരുന്ന നേരത്ത് ചെറിയ പാലത്തിന്റെ അവിടെ ബാര്ബഉര്‍ ഷോപ്പില്‍ എല്ലാ കുട്ടികളെയും കേറ്റി വാതിലടച്ചു.. സമൂഹ മുടിവെട്ടലിന് അല്ല..ഒരു ആന ഇടഞ്ഞു ആ ഭാഗത്തുകൂടെ വരുന്നു..
അന്ന് അവിടൊന്നും അധികം വീടുകളില്ല..തൃപ്രയാര്‍ തേവര്‍ വരുന്ന വഴിയിലൂടെ ആന നേരെ പാടത്തേക്കു ഇറങ്ങി ഞങ്ങടെ പറമ്പിലൂടെ ആണ് ജൈത്രയാത്ര.പക്ഷേ മൃഗം ആണെങ്കിലും അവന്‍ ആള് ഡീസന്റ് ആയിരുന്നു..ഒരു വാഴ പോലും ഒടിച്ചിടാതെ.. നിലംതൊടെ നിറയെ കായ്ച്ചു നിന്നുരുന്ന പ്ലാവില്‍ ഒന്നും നശിപ്പിക്കാതെ..(ഒരെണ്ണം അവന്‍ പൊട്ടിച്ചു വായിലാക്കി ട്ടോ.)..അങ്ങനെ ഞങ്ങള്ടെെ പറമ്പും കഴിഞ്ഞ് തെക്കോട്ട്‌ വെച്ച് പിടിക്ക്യാണ്.
അപ്പോഴാണ്‌ ഒരു മുറവിളി എല്ലാരും കേള്ക്കുന്നത്..ആന വരുന്നത് അറിയാതെ പുറത്തേക്ക് പോയ വേലായെട്ടന്റെ പിന്നാലെ ജാനകിചെച്ചിയുടെ വെപ്രാളം..
“ഡാ പണ്ടാരക്കാലോ...ദേ ആന വരണൂ ഡോ... ജീവന്‍ വേണെങ്കി എങ്ങടെങ്കിലും മാറി നിന്ന് രക്ഷപ്പെട്ടോ” എന്ന്.
സ്വന്തം കെട്ട്യോനെ ഇങ്ങനെയും സ്നേഹത്തോടെ വിളിക്ക്വോ?? ആ ....
സത്യത്തില്‍ അന്ന് ആ ആന പോലും തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചെന്നാണ് അവിടെ ഉണ്ടായിരുന്നവരൊക്കെ പറയുന്നത്..
പിന്നെ അവരുടെ അപ്പുറത്ത് ഇരിക്കുന്നത്..സാക്ഷാല്‍ ഹരിയേട്ടന്‍..ആളെ കുറിച്ച് പറയാന്‍ വീണ്ടും ഞാനെന്റെ കുട്ടിക്കാലത്തേക്ക് പോകണം..
എനിക്ക് ഒരു ആരെഴു വയസ്സ് കാണും..ഒരു മഴക്കാലത്താണ് സംഭവം..ഉമ്മറത്തെ പഞ്ചായത്ത് വഴി കര്ക്കിടക മഴയില്‍ പുഴയോ കൈതോടോ ഒക്കെ ആയി നില്ക്കുന്ന സമയം..വീട്ടിലെ പൊരുന്നല്‍ വന്ന ഒരു കോഴിയെ പൊരുന്നല്‍ മാറാന്‍ ആ വെള്ളത്തിലൊന്നു മുക്കിപ്പിടിക്കാന്‍ പറഞ്ഞു എന്റെ കയ്യില്‍ തന്നു.ഞാനും എന്റെ കസിനും കൂടി കോഴിയെ കുളിപ്പിക്കുമ്പോഴാണ്‌ ഹരിയെട്ടന്റെ വരവ്..അതിനെ ഇത്തിരി നേരം തല മുക്കി പ്പിടിക്കൂ..എന്നാല്‍ വേഗം പൊരുന്നു മാറും എന്ന് പറഞ്ഞപ്പോള്‍ പാവം രണ്ടു പൈതങ്ങള്ക്ക് മറിച്ചൊന്നും തോന്നിയില്ല..ഒരു മൂന്നുനാല് മിനിട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞു..ഇനി മക്കള്‍ കൊണ്ട് പോയി കറി വെച്ചോളാന്‍ ..
അതിന്റെം അപ്പുറത്ത് ഇരിക്കുന്നത് കമ്പ്ലീറ്റ് സുരായിക്ക...സുരായിക്കക്ക് കമ്പ്ലീറ്റ് എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടു കുറച്ചു കാലമായി..ഒരു ദിവസം പാലത്തിന്ടവിടന്നു തൃശ്ശൂര്‍ക്ക് ബസ്‌ കയറി...സ്റ്റോപ്പില്‍ നിന്ന് വേറെയും അഞ്ചാറു പേര്‍ ഉണ്ടായിരുന്നു. കാശ് മേടിക്കാന്‍ വന്ന കണ്ടക്ടരോട് കമ്പ്ലീറ്റ് തൃശ്ശൂര്‍ എന്ന് പറഞ്ഞെന്നും അങ്ങേരുടെ പോക്കറ്റ്‌ കാലിയായി എന്നും ജന സംസാരം..
ഇനി ദേ...അപ്പുറത്ത് കുറച്ചു കുംഭയോക്കെ യായി ഇരിക്കുന്ന ആളാണ്‌ വാട്ടര്‍ രാമുവേട്ടന്‍...വെള്ളം അടിക്കുന്നതുകൊണ്ടാന്നു വിചാരിച്ചെങ്കില്‍ തെറ്റി.
ഒരു കുടം വെള്ളം ഒറ്റ ഇരിപ്പിന് കുടിക്കാന്‍ പന്തയം വെച്ച്...അതിന്റെ വിജയസാധ്യത പരീക്ഷിക്കാന്‍ പന്തയത്തിന് തൊട്ടു മുമ്പേ ഒരു കുടം കുടിച്ചു നോക്കി എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്...എനിക്ക് നേരിട്ട് അനുഭവമില്ലേ...
ദേ പടി കടന്നു വരുന്ന ആളാണ്‌ സാക്ഷാല്‍ സതീശന്‍..സുഗുണേട്ടന്റെ സന്തത സഹചാരി.ആളെക്കുറിച്ച് സുഗുണേട്ടന്‍ തന്നെ പറയും..
അന്നൊരിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ്..കൂട്ടുകാരുമായി സന്ധ്യക്ക്‌ ഒന്ന് കൂടാന്‍ പോയി..കൂടുക എന്ന് പറഞ്ഞാല്‍ വെറുതെ ഒന്ന് ഹോട്ടലില്‍ നിന്ന് ഫുഡ്‌ അടിക്കാന്‍..തൃശ്ശൂരിലെ ജയ പാലസില്‍.കൂടെ കസിനായ ഇവനും. ഫുഡോക്കെ അടിച്ചു സ്കൂട്ടറില്‍ വരുന്ന വഴി അവനു മൂത്ര ശങ്ക..വഴിയില്‍ നിര്ത്തി കാര്യം സാധിച്ചു വണ്ടി എടുത്തു..
എടാ ഇന്നത്തെ ഫുഡ്‌ അടിപൊളി ആയിരുന്നു ല്ലേ..എന്നാലും നിന്റെ അവള്ടെി കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ..അവരൊക്കെ അറിഞ്ഞിട്ടും ഞാന്‍ അറിഞ്ഞില്ല..മ്..പോട്ടെ...സഹായം ചോദിച്ചു നീ വരും..അപ്പൊ കാണിച്ചു തരാം ഞാന്‍..
ഡാ ഊശാ..(അവനെ ഞാന്‍ വിളിക്കുന്ന ചുരുക്ക പേരാ.)..നീ എന്താ ഒന്നും മിണ്ടാത്തെ? എന്നും ചോദിച്ചു തിരിഞ്ഞു നോക്കിയ ഞാന്‍ അന്തം വിട്ടു പോയി..അവന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍..
ചെക്കന്‍ വഴിയിലെങ്ങാനും വീണോ...എന്റെ ഭഗവാനേ...
പിന്നെ തിരിച്ചു വിട്ടത് എങ്ങനെയാണെന്ന് അറിയില്ല..കുറച്ചു പോയപ്പോള്‍ ദാ ...ആടിപ്പാടി ഒരുത്തന്‍ വരുന്നു..
കാര്യം സാധിച്ചു വലതു കാല്‍ പൊക്കി സ്കൂട്ടറില്‍ ഇരിക്കുമ്പോഴേക്കും ഞാന്‍ വണ്ടി എടുത്തിരുന്നു..അവനു അപാര വെയിറ്റ് ആയതുകൊണ്ട് ഞാന്‍ അറിഞ്ഞതുമില്ല..
പിറ്റേ ദിവസം നാണുമ്മാവാന്‍ വന്നു അമ്മയോട് പറഞ്ഞുത്രേ ...നമ്മടെ സുഗുണന് എന്തോ വയ്യയ്കയുണ്ട്...ഒറ്റയ്ക്ക് വര്ത്ത്മാനം പറയുന്നു എന്നൊക്കെ ആളോള് പറയുന്നു..നമുക്കൊന്ന് ഡോക്ടറെ കാണിക്കാം എന്ന്..
അതിനുത്തരം അമ്മ പറഞ്ഞോ അതോ ചിരിച്ചോ...എനിക്കറിയില്ല..
പത്തിരുപത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യമാണ്..അന്നൊന്നും ഈ മൊബൈലൊന്നും നമ്മുടെ നാട്ടില്‍ ഇല്ല..അപ്പൊ നാട്ടുകാരെ കുറ്റം പറയാന്‍ പറ്റില്ല..
പിന്നെ ആ ഇരിക്കുന്നത് സത്യേച്ചി...ഡാഷ് കളര്‍ സത്യെചി..( കാരണം ഊഹിക്കാലോ..ആഷ് കളര്‍ എന്ന് സത്യേച്ചി പറഞ്ഞാല്‍ അങ്ങനെയേ വരൂ..).
അപ്പുറത്ത് ഹിന്ദി സിനിമ കാണാന്‍ പോയി വന്നിട്ട് കരച്ചിലും ചിരിയും മാത്രമേ മലയാളത്തില്‍ ഉള്ളൂ എന്ന് പറഞ്ഞ രത്നേച്ചി..

ഇനിയും നമ്മുടെ അംഗങ്ങള്‍ വരാനിരിക്കുന്നു..പിന്നെ ഇവിടെ ഒരു രണ്ടു മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഒരു മേളമാണ്...
ഞങ്ങള്‍ ഇങ്ങനാ...ഓരോ കാര്യവും ഇത്തിരി കളിയും തമാശയും ഒക്കെയായി.... ഞങ്ങള്‍ അങ്ങനെ അടിച്ചു പൊളിക്കട്ടെന്നെ....
ഇങ്ങനെ ടെന്ഷ്നടിച്ചു ജീവിച്ചിട്ടിപ്പോ എന്തിനാ?? അല്ല പിന്നെ...

No comments:

Post a Comment