Monday, March 28, 2016

കാറ്റത്തെ കിളിക്കൂട്



പ്രിയരേ .നിങ്ങൾ എന്നോടൊപ്പം ഒരു യാത്രക്ക് തയ്യാറാണോ ? അതെ , മുപ്പത്തിമൂന്നു വർഷം പുറകിലേക്ക് ഒരു യാത്ര.അവിടെ ഇളംകാറ്റിൽ ആടുന്ന ഒരു കിളിക്കൂട് ,ചുഴലി കാറ്റിൽ ഉലഞ്ഞ കഥ പറഞ്ഞ സംവിധായകനെ ,സിനിമയെ നമുക്ക് പുനർവായിക്കാം.
മലയാള സിനിമാ ചരിത്രം പഠിക്കുന്ന ഒരാൾക്ക് ഭരതൻ എന്ന സംവിധായകൻ ഒരു അത്ഭുതവും ആവേശവുമാണ്.സിനിമാ മേഖലയിലേക്ക് പ്രവേശിച്ച്,1998 ൽ തന്റെ അൻപത്തിരണ്ടാം വയസ്സിൽ മരിക്കും വരെ ഭരതൻ സംവിധാനം ചെയ്ത സിനിമകൾ മലയാള സിനിമാ ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്ത പ്പെട്ടവ ആണ് .മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ആയി അൻപതോളം സിനിമകൾ ഭരതന്റെതായി ഉണ്ട് .സിനിമയെ അതിഭാവുകത്വത്തിൽ നിന്ന് മോചിപ്പിച്ച് യാഥാർത്യബോധത്തോടെ ,കലാമൂല്യം ഇഴ ചേർത്തുകൊണ്ടുള്ള ചിത്രീകരണ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്.കരുതലില്ലെങ്കിൽ അശ്ലീലത്തിലേക്ക് വഴുതി പോകാവുന്ന ലൈംഗികതയുടെ രംഗങ്ങൾ ,ഒതുക്കത്തോടെ അതി സുന്ദരമായ അലങ്കാരമാക്കിയ ഭരതൻ സ്പർശത്തിന്റെ മാന്ത്രികതയെ നമിക്കാതെ വയ്യ.!. മികച്ച ചിത്രകാരനായ ഭരതൻ തന്റെ ദൃശ്യാ വിഷ്കരണത്തിൽ കാണിക്കുന്ന സൌന്ദര്യ ബോധവും,അഭിനേതാക്കളെ തെരഞ്ഞെടുക്കുമ്പോൾ ഉള്ള സൂക്ഷ്മതയും അഭിനന്ദിക്കേണ്ടത് തന്നെ.രതിനിർവേദം,തകര ,ചാട്ട,പറങ്കിമല ,പ്രണാമം ,ചിലമ്പ്,താഴ്വാരം,ദേവരാഗം,വെങ്കലം,ചമയം ,വൈശാലി,ആവാരം പൂ ,തേവർമകൻ,....'ഭരത കൃതികൾ ' അവസാനിക്കുന്നില്ല .സിനിമാ ചരിത്രത്തിലെ സൂര്യ തേജസ്സിന് ആദരങ്ങൾ !
സിനിമ തുടങ്ങുമ്പോൾ ഉള്ള പശ്ചാത്തല സംഗീതം ,കിളിയൊച്ചകൾ .ചുഴലി കാറ്റിന്റെ ആരവം എന്നിവയൊക്കെ തുടർന്ന് വരുന്ന കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.എന്തിനേറെ ! തലക്കെട്ടുകൾ എഴുതി കാണിക്കുമ്പോൾ ഉള്ള വരകളും പ്രകാശ വിന്യാസം പോലും കഥയോട് ചേർന്ന് നിൽക്കുന്നു.സിനിമയുടെ പേരും കഥാ തന്തു ആറ്റികുറുക്കി എടുത്തത് തന്നെ !. ഏതൊരു കേരളീയനും ഏറെ പരിചിതമായ രംഗത്തോടെ ആണ് സിനിമ ആരംഭിക്കുന്നത്. രാവിലെ എഴുന്നേല്ക്കാൻ മടിക്കുന്ന ഭർത്താവിനെയും കുഞ്ഞുങ്ങളെയും സ്നേഹത്തോടെ ശാസിക്കുന്ന വീട്ടമ്മ ,കർത്തവ്യങ്ങളിലേക്ക് മുങ്ങുന്ന കുടുംബിനി ..തീർത്തും സാധാരണമായ ഒരു രംഗത്തിലൂടെ സ്നേഹംതുളുമ്പുന്ന ഒരു കുടുംബാന്തരീക്ഷം ഇതൾ വിരിയുന്നു.ആ രംഗങ്ങൾക്ക് മിഴിവേകി ,മനോഹരമായി '''' കൂവരം കിളി ക്കൂട് ...കള കള കള കിളിക്കൂട് ...തല മൂത്തൊരു കാർന്നോര് ..""" എന്ന് തുടങ്ങുന്ന പാട്ട് കൂടി ചേരുമ്പോൾ പ്രേക്ഷകനിൽ ഒരു സ്നേഹ പൂക്കാലം വിടരുകയാണ്.
സ്നേഹ ,വിശ്വാസങ്ങളും .സൌഹൃദവും തണൽ വിരിച്ച ആ കുടുംബത്തിന്റെ നാഥനാണ് ഷേക്സ്പിയർ കൃഷ്ണപിള്ള എന്ന കോളേജ് പ്രൊഫസ്സർ.വിദ്യാർഥികളോട് വാത്സല്യവും കാർക്കശ്യവും ഒരുപോലെ പ്രകടിപ്പിക്കുന്ന അദ്ധ്യാപകൻ ,അൽപ്പം പിടിവാശിയും ഒപ്പം സ്നേഹവാനുമായ ഭർത്താവ്, സ്നേഹ ധനനായ പിതാവ് ,എവിടെയോ ഒട്ടു കിറുക്ക് ഇല്ലേ എന്ന് തോന്നിക്കുന്ന പെരുമാറ്റ രീതികൾ ഒക്കെ ഷേക്സ്പിയർ കൃഷ്ണപിള്ള എന്ന കഥാപാത്രമായി മാറുന്ന ഭരത് ഗോപി കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു.
ഇദ്ദേഹത്തിന്റെ പത്നി ശാരദ ആയി അഭിനയിക്കുന്നത് മലയാളത്തിന്റെ ശ്രീത്വം ആയി തിളങ്ങിയ നടി ശ്രീവിദ്യ ആണ് .പക്വതയുള്ള ഭാര്യയുടെയും,സ്നേഹമയിയായ അമ്മയുടെയും ,സംഗീതജ്ഞ യായ വീട്ടമ്മയുടെയും റോളിൽ ശ്രീവിദ്യ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.ഉണ്ണികൃഷ്ണന് അമ്മയും സഹോദരിയും ആവുന്ന ശാരദ എന്ന കഥാപാത്രം വിദ്യാമ്മയുടെ കയ്യിൽ ഭദ്രം. പൊന്നമ്പിളി ,പ്രീത, അഞ്ജു ,പ്രശോ ഭ് എന്നീ ബാലതാരങ്ങളും കിളിക്കൂട്ടിലെ മക്കളായി വാത്സല്യം ജനിപ്പിക്കുന്ന നൈസർഗ്ഗിക അഭിനയം കാഴ്ചവെക്കുന്നു.
കായികാധ്യാപകനായി ,കഥാഗതിയിൽ നിർണ്ണായക സ്വാധീനമാവുന്ന കഥാപാത്രമായി ഉണ്ണികൃഷ്ണൻ.കുസൃതിയും ,യൌവനവും ,അഭിനയ തികവും ഒന്നുചേർന്ന ഉണ്ണികൃഷ്ണൻ എന്ന ലാൽ കഥാപാത്രം കഥയെ നയിക്കുക കൂടി ചെയ്യുന്നു.ശാരദ ചേച്ചിയുടെ വീണവായനയിൽ ആകൃഷ്ടനായ ഉണ്ണികൃഷ്ണൻ അവരിൽ തന്റെ മരിച്ചുപോയ അമ്മയെ കാണുന്നു.തന്റെ സംഗീത വാസന ,അമ്മ പഠിപ്പിച്ച വീണാ പാഠങ്ങൾ,പരാതി ,പരിഭവം,നിരാശ, സന്തോഷം എല്ലാം അയാൾ ചേച്ചിയുമായി പങ്കുവെക്കുന്നു. ഇവിടെയാണ് ''ഗോപികേ നിൻ വിരൽ തുമ്പുരുമ്മീ വിതുമ്പുമീ '' എന്ന സുന്ദര ഗാനത്തിന്റെ നാദ മധുരിമ സ്വർഗ്ഗീയമാവുന്നത് . S.ജാനകിക്ക് മികച്ച ഗായികക്കുള്ള പുരസ്കാരവും ഈ പാട്ടിനു ലഭിച്ചു . നിറനിറക്കൂട്ടിൽ ചിത്രങ്ങൾ ശബ്ദങ്ങൾ...അണിയറ ക്കുള്ളിൽ രൂപങ്ങൾഭാവങ്ങൾ ...എന്ന യേശുദാസും സുജാതയും പാടുന്ന ഗാനവും ഉല്ലാസ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഒരുക്കിയതാണ്.
ഇങ്ങനെ ശാന്തമായി ഒഴികിയിരുന്ന കുടുംബാന്തരീക്ഷത്തിൽ,അപക്വമായ മനസ്സിൽ പൊടിച്ച അസൂയയും,സംശയവും,സ്വാർത്ഥതയുമായി രേവതി അഭിനയിക്കുന്ന ആശ എന്ന നായിക കടന്നു വരുന്നത്.അതുവഴി കഥയിൽ രൂപം കൊള്ളുന്ന ചുഴലി കാറ്റിന്റെ പരിണത ഫലങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം വളരുന്നു. ആ കാറ്റിൽ കിളിക്കൂട് ഉലയുന്നു.ശാരദ ചേച്ചിയുമായുള്ള അടുപ്പം ,തന്റെ വിദ്യാർഥിനി കളോടുള്ള ഉണ്ണികൃഷ്ണന്റെ പെരുമാറ്റം എല്ലാം ആശ തെറ്റിദ്ധരിക്കുന്നു.അവളുടെ പക ഉണരുന്നു.ഉണ്ണികൃഷ്ണ നോടുള്ള പ്രതികാരം തീർക്കാൻ ആശ ഒരുക്കിയ കപട പ്രേമ നാടകത്തിൽ പ്രൊഫസ്സർ ഇരയാവുന്നു.ഉദ്വേഗവും ,ക്ഷോഭവും,സങ്കടവും മാറി മാറി പ്രേക്ഷകന് അനുഭവ വേദ്യമാകുന്നു.
ഒരുപാട് ഇടിമുഴക്കങ്ങൾക്ക് ശേഷം ,ഉണ്ണികൃഷ്ണന്റെ ശക്തമായ ഇടപെടലിലൂടെ ,ആശയുടെ ഏറ്റു പറച്ചിലിലൂടെ , പ്രൊഫസ്സർ താൻ ഒരു ഷേക്സ്പിയർ കഥാപാത്രം പോലെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുന്നു.കൃഷ്ണപിള്ള യായി കൂടുമാറ്റം നടത്തുന്ന ഭരത് ഗോപിയുടെ നാട്യ വൈദഗ്ദ്യം അവർണ്ണനീയം!! അകന്നു പോയ സ്നേഹ കണ്ണികൾ കൂട്ടി യോജിപ്പിച്ച് കഥ സന്തോഷ പര്യവസായി ആയി തീരുന്നു .
അവിവാഹിതയും കർക്കശക്കാരിയുമായ അമ്മായിയായ ലളിതയുടെ വേഷം അസ്സലായി.ഒന്നോ രണ്ടോ സീനിൽ വന്നുപോകുന്ന കഥാപാത്രങ്ങളെ പോലും സംവിധായകൻ അടയാളപ്പെടുത്തിയിരിക്കുന്നു .
രേവതിയുടെ ആദ്യ മലയാളം സിനിമ എന്നത് കൂടാതെ ചില പ്രത്യേകതകൾ കൂടി ഈ സിനിമക്കുണ്ട്. സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ മികച്ച നടൻ ഗോപി,ഗായിക ജാനകി,കലാസംവിധാനം ഭരതൻ, എന്ന പേരിലും ഈ സിനിമക്ക് ലഭിച്ചു.നല്ല സിനിമക്കുള്ള ഫിലിം ക്രിറ്റിക്സ് അവാർഡ്,ഫാൻ ക്ലബ് അവാർഡ് ,റോട്ടറി അവാർഡ് എന്നിവയും അക്കൊല്ലം കാറ്റത്തെ കിളിക്കൂടിനു തന്നെ ആ
യിരുന്നു.
1983 ൽ 'ഗൃഹലക്ഷ്മി’ productions വേണ്ടി നെടുമുടി വേണുവിന്റെ കഥയ്ക്ക് ,ടി .ദാമോദരൻ തിരക്കഥയും സംഭാഷണവും രചിച്ചു ,ഭരതന്റെ സംവിധാനത്തിൽ പി .വി ഗംഗാധരൻ നിർമ്മിച്ച ചിത്രമാണ്' കാറ്റത്തെ കിളിക്കൂട് '. ഇതിന്റെ കലാസംവിധാനവും ഭരതൻ തന്നെ ആണ്. ഈ സിനിമക്കായുള്ള ചിത്രങ്ങൾ വരച്ചത് സംവിധായകൻ ഭരതനും കൂടി ചേർന്നായിരുന്നു..കാവാലം നാരായണ പണിക്കരുടെ വരികൾക്ക് ജോൺസൻ ഈണം പകർന്നിരിക്കുന്നു.യേശുദാസ് ,ജാനകി,സുജാത ,ബ്രഹ്മാനന്ദൻ ,ഷെറിൻ പീറ്റെർസ് എന്നിവർ പാടിയിരിക്കുന്നു.
ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന അനശ്വര ദൃശ്യ കാവ്യമായി മാറാൻ കഴിഞ്ഞ,ഭരത സ്പർശമാർന്ന ഉജ്ജ്വല ചിത്രമായി കാറ്റത്തെ കിളിക്കൂട് 

No comments:

Post a Comment