Thursday, March 24, 2016

ദേശാടനക്കിളി കരയാറില്ല




മലയാള സിനിമ അയിത്തപ്പെട്ട് മാറ്റി നിറുത്തപ്പെട കഥാസന്ദർഭങ്ങൾ ഒരു പാടുണ്ട്. ഇടക്കാലത്ത് അയിത്തം കുറഞ്ഞപ്പോൾ നമുക്ക് ബുദ്ധി വളർച്ചയെത്താത്ത തകരയുടെ രതി സങ്കൽപ്പവും ,ബാല്യത്തിന്റെ രതിനിർവ്വേദവും, വേശ്യാലയ നടത്തിപ്പിന്റെ അരപ്പട്ട കെട്ടിയ ഗ്രാമവും ,സ്വവർഗ്ഗാനുരാഗത്തിന്റെ ദേശാടനക്കിളിയെയും കിട്ടി .
മലയാള സിനിമ അത്രയൊന്നും കൈവെക്കാത്ത മേഖലയാണ് സ്വവർഗ്ഗാനുരാഗം.റോഷന്റെ മുബൈ പോലീസ് , രഘുനന്ദന്റെ സൂഫി പറഞ്ഞ കഥ', രഞ്ജിത്തിന്റെ പാലേരി എന്നിവയിൽ ഒന്നു മിന്നി മാഞ്ഞു ഇടക്കാലത്ത് .1986ലാണ് പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല ഇറങ്ങുന്നത്.അതിൽ അതിഗംഭീരമായി സ്വവർഗാനുരാഗത്തിന്റെ ഇഴയടുപ്പം പ്രേക്ഷകന് കാട്ടിത്തരുന്നു'.
സ്കൂളിൽ നിന്നും ചാടി പോകുന്ന നിർമ്മലയും(കാർത്തിക ) സാലിയും (ശാരി) അവരുടെ ഇടയിലേക്ക് ഒരു അപരിചിതൻ ഹരിശങ്കർ(മോഹൻ ലാൽ )കടന്നു വരുന്നു.നിർമ്മല അയാളുമായി അടുക്കുന്നു. ഹരിശങ്കർ ഇവരെ സ്കൂളിലേക്ക് തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നു ,അവർ സമ്മതിക്കുന്നു. തിരിച്ചു കൊണ്ടുപോകാൻ വന്ന ദേവിക ടീച്ചർ(ഉർവ്വശി ) ഹരിശങ്കറിന്റെ കാമുകിയാണെന്നഅറിയുന്ന നിർമ്മലയും സാലിയും ആത്മഹത്യ ചെയ്യുന്നു ഇതാണ് കഥാസാരം.
നിർമ്മലയും സാലിയും തമ്മിലുള്ള അടുപ്പം സാധാരണ സൗഹാർദ്ദമല്ലന്ന് തുടക്കം മുതൽ തന്നെ ചില സൂചകങ്ങളിലൂടെ സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. എല്ലാ തീരുമാനങ്ങളും സാലി എടുക്കുന്നു നിർമ്മല അനുസരിക്കുന്നു. 'സാലി എടുക്കുന്ന അധികാരം ,"മോളെ " എന്ന വിളി ,തിരിച്ചുള്ള നിർമ്മല യു ടെ പ്രതികരണങ്ങൾ, സാലി നിർമ്മലയെ സ്പർശിക്കുന്നത് ,തിരിച്ച് നിർമ്മല യു ടെ കണ്ണിലെ തിരയിളക്കം എല്ലാമെല്ലാം പതുക്കെ പ്രേക്ഷകന് ബന്ധത്തിന്റെ അസാധാരണത്വം ബോധ്യപ്പെടുത്തുന്നു
ഇവരുടെ ഇടയിലേക്ക് അപരിചിതൻ സഹായ വാഗ്ദാനവുമായി കടന്നു വരുന്നു. നിർമ്മല അയാളുമായി അടുക്കുന്നു. ഇണയുടെ മേൽ മറ്റൊരാൾ എടുക്കുന്ന സ്വാതന്ത്രത്തെ സാലി എതിർക്കുന്നു.
നിർമ്മല കൈവിട്ട് പോകുന്നത് സാലി വേദനയോടെ തിരിച്ചറിയുന്നു.നിർമ്മലയും ഹരിശങ്കറും ഹൃദയം തുറന്ന് സംസാരിച്ച്, സന്തോഷത്തോടെ തിരിച്ചു വന്ന നിർമ്മലയോട് സാലി ചോദിക്കുന്നു: നിങ്ങൾ എന്തെല്ലാം സംസാരിച്ചു
നിർമ്മല: എല്ലാം
സാലി :നിനക്ക് എല്ലതും അങ്ങനെ തുറന്ന് പറയാൻ പറ്റില്ലല്ലോ മോളെ.
ഈ ഒരൊറ്റ സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
വിഷമത്തോടെയെങ്കിലും സാലി നിർമല ഹരിശങ്കർ ബന്ധത്തിന് പച്ചക്കൊടി കാട്ടുന്നു.
അപ്പോഴാണ് തങ്ങൾ വെറുക്കുന്ന ദേവിക ടീച്ചർ ഹരിശങ്കറിന്റെ കാമുകി യാണെന്ന സത്യം നിർമ്മല അറിയുന്നത്. വലിയ വിഷമത്തോടെ നെഞ്ച് തകർന്ന് വരുന്ന നിർമ്മലയെ സാലി ആശ്വസിപ്പിക്കുമ്പോൾ ,സൂക്ഷിച്ചു നോക്കിയാൽ ഇണയെ തിരിച്ചു കിട്ടിയ സന്തോഷം കാണാം .സാലി അപ്പോൾ പറയുന്ന ഡയലോഗും ശ്രദ്ധേയമാണ്"നമ്മൾക്ക് ആരും വേണ്ട മോളെ നമ്മൾക്ക് നമ്മൾ തന്നെ മതി.പിറ്റേ ദിവസം കൂട്ടികൊണ്ടു പോകാൻ വന്ന ദേവിക ടീച്ചർ കാണുന്നത് സാലിയുടെയും നിർമ്മല യു ടെ യും മൃത ദേഹങ്ങളാണ്.
എന്തായിരിക്കും ആത്മഹത്യ ക്ക് മുമ്പേ സാലിയും നിർമ്മലയും സംസാരിച്ചിട്ടുണ്ടാവുക ,ആരാവും മുൻ കൈ എടുത്തിട്ടുണ്ടാവുക " നിർമ്മല തന്നെയായിരിക്കും കാരണം സാലിക്ക് ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല തിരിച്ചു കിട്ടുകയാണ് ഉണ്ടായത്.അതുവരെ എല്ലാ അധികാരവും അവകാശവും ഉപയോഗിച്ചിരുന്ന സാലി വഴങ്ങി കൊടുത്തിട്ടുണ്ടാവും ഇണയുടെ ആഗ്രഹത്തിന് , 'ആത്മഹത്യക്ക് '.
പ്രേക്ഷകന് കഥാസന്ദർഭം സ്വയം തീരുമാനിക്കാനുള്ള ഇടം വിട്ട് സിനിമ അവസാനിക്കുന്നു

No comments:

Post a Comment