Wednesday, March 30, 2016

കാർഗിൽ ഹീറോ- ക്യാപ്ടൻ സൗരഭ് കാലിയ



1999 ലെ പുതുവർഷ പിറവിക്കു രണ്ടു ദിവസം മുമ്പായിരുന്നു അത്. 4 ജാട്ട് റെജിമെന്റ് കാർഗിൽ സെക്ടറിൽ ലെഫ്റ്റനന്റ് ആയ മകനെ യാത്ര അയക്കാൻ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം അഭിമാനവും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ അമൃതസർ റെയിൽവേ സ്റ്റെഷനിൽ നില്ക്കുകയാണ്.ട്രെയിൻ എത്തി കഴിഞ്ഞു.കുനിഞ്ഞ്, ഒന്ന് കൂടി അമ്മയുടെ പാദങ്ങൾ വന്ദിച്ച് ആ 22 കാരൻ ട്രയിനിലേക്ക് കയറി .,ചുമൽ ഒന്ന് കുനിച്ച് ട്രെയിനിന്റെ പടികളിൽ നിന്ന് ആ ആറടി രണ്ടിഞ്ചു കാരൻ കൈവീശി കാണിച്ചു ..ആശങ്കകൾ ഏതുമില്ലാതെ ,കുടുംബവും യാത്രാമൊഴികളും ചുംബന മുദ്രകളും നൽകി അവനെ യാത്രയാക്കി. കരസേനയിൽ ചേർന്ന മകനെ ആ കുടുംബം അവസാനമായി ജീവനോടെ അന്നാണ് കണ്ടത്.അതിനു ശേഷം ഒരിക്കൽ മാത്രം വന്ന ഫോണിൽ 'ഫോൺ കിട്ടിയില്ലെങ്കിൽ അമ്മ വിഷമിക്കരുത് ,ഞാൻ അതിർത്തിയിലേക്ക് പോകുകയാണ്,തിരിച്ചെത്തി വിളിക്കാം ' എന്ന് അവൻ പറഞ്ഞു ..പക്ഷെ പിന്നീട് ഒരിക്കലും അമ്മയെ തേടി അമ്മയുടെ പ്രിയ "നോട്ടി " യു ടെ വിളി വന്നില്ല.
99 ൽ നടന്ന കാർഗിൽ യുദ്ധം. ഇന്ത്യയുടെ പ്രദേശങ്ങൾ ചതിയിലൂടെ കയ്യടക്കാൻ ശ്രമിച്ച പാകിസ്ഥാനുമായി ഏതാണ്ട് മൂന്ന് മാസത്തോളം നീണ്ട യുദ്ധം. മറക്കാൻ ആവില്ല നമുക്കത് .പാകിസ്താന്റെ കടന്നുകയറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ,പട്രോളിംഗ് നു അയച്ച ആദ്യ സംഘം പട്ടാളക്കാരുടെ ലീഡർ ആയിരുന്നു ലഫ്റ്റനന്റ് സൗരഭ് കാലിയ. അർജ്ജുൻ രാം ,ബൻവർലാൽ ,ബീഖ റാം, മൂലാ റാം, നരേഷ് സിംഗ് എന്നിവർ ആയിരുന്നു ടീമംഗങ്ങൾ . കാർഗിലിലെ കസ്കർ ഏരിയയിൽ 14000 അടി ഉയരത്തിൽ മഞ്ഞു മൂടിയ ബജ് രംഗ് പോസ്റ്റിൽ തന്റെ ട്രൂപ് നു ഒപ്പം നാലാം തവണ പട്രോളിംഗ് നടത്തുന്നതിനിടെ ആണ് വെടിവെപ്പാരംഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പാകിസ്താൻ നടത്തിയ ഒളി ആക്രമണത്തിൽ നിരന്തരം ,നിർഭയം എതിർത്ത് നിന്നെങ്കിലുംഅപ്രതീക്ഷിത ആക്രമണം ആയതിനാൽ ആവശ്യത്തിനു പടക്കോപ്പുകളും,സേന സഹായവും പെട്ടെന്ന് എത്താത്തതും ,150 ഓളം പാകിസ്താനി പട്ടാളക്കാരുടെ വലയത്തിൽ പെട്ടതും വിനയായി .അവർ ജീവനോടെ പിടിക്കപ്പെട്ടു..

നിരായുധരായി ,ശത്രു പക്ഷത്തു അകപ്പെട്ട് ഇരുപത്തിരണ്ട് ദിവസങ്ങൾ കിരാത മർദ്ദനം ഏറ്റുവാങ്ങി രാജ്യത്തിന് വേണ്ടി ജീവൻ ബലി അർപ്പിച്ച സൗരഭ് കാലിയ യുടെയും സഹ പ്രവർത്തകരുടെയും ത്യാഗോജ്ജ്വല കർമ്മം രാജ്യം എങ്ങും ദേശാഭിമാനത്തിന്റെ അലകൾ ആകാശത്തോളം ഉയരാൻ കളമൊരുക്കി .പക്ഷെ 22 ദിവസങ്ങൾക്കു ശേഷം ഇന്ത്യക്ക് കൈമാറിയ സൗരഭ് കാലിയയുടെയും കൂട്ടരുടെയും മൃത ദേഹങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച ആയി.എല്ലാ മൃതദേഹങ്ങളും അംഗ ഭംഗം ചെയ്യപ്പെട്ടിരുന്നു. സൗരഭ് കാലിയയുടെ മുഖം ഇടിച്ചു ചതച്ചിരുന്നു, കണ്ണുകൾ ചൂഴ്ന്നെടുത്തു, ചൂടാക്കിയ ഇരുമ്പു ദന്ധ് കൾ ചെവിക്കുള്ളിൽ കുത്തി ഇറക്കിയിരുന്നു., പല്ലുകൾ അടിച്ചു കൊഴിച്ചിരുന്നു, എല്ലുകളും തലയോട്ടിയും തകർത്തു, കൈകാലുകൾ ഒടിച്ചു നുറുക്കി , ജനനേന്ദ്രിയം മുറിച്ചെടുത്തു ,ദേഹം മുഴുവൻ ഇരുമ്പു ദന്ധ് കുത്തിയിറക്കി ,ശരീരം മുഴുവൻ പൊള്ളൽ ഏല്പ്പിച്ചു ,നിരവധി വെടിയുണ്ടകൾ ശരീരം ആകമാനം കണ്ടെത്തി .തിരിച്ചറിയാൻ ആയി അവശേഷിച്ചത് പുരികങ്ങൾ മാത്രം ആയിരുന്നു എന്ന് സഹോദരൻ വൈഭവ് വെളിപ്പെടുത്തി .
പിടിക്കപ്പെടുന്ന പട്ടാളക്കാരോട് മനുഷ്യത്വ പരമായി പെരുമാറണം എന്ന ജനീവ കൺ വെൻഷൻ തത്വങ്ങളെ കാറ്റിൽ പറത്തി കൊണ്ട് പാകിസ്താൻ നടത്തിയ ഈ കൊടും ക്രൂരത ലോക മനസാക്ഷിയെ ഞെട്ടിച്ചു .നീതിയോ മാന്യതയോ ഞങ്ങൾ പിന്തുടരില്ല എന്ന കുടിലമായ സന്ദേശം പാകിസ്താൻ ആവർത്തിച്ച് കൊണ്ടിരിക്കുന്നു.
ആരായിരുന്നു സൗരഭ് കാലിയ എന്ന ധന്യ ജന്മം? ശാസ്ത്രജ്ഞൻ ആയ ഡോക്ടർ NK കാലിയയുടെയും ശ്രീമതി വിജയ കാലിയയുടെയും പ്രഥമ സന്താനം,1976 ജൂൺ 29 നു അമൃതസർ ൽ ജനിച്ചു.ഹിമാചൽ പ്രദേശിലെ പാലമ്പുർ ൽ പ്രാഥമിക ,ബിരുദ പഠനങ്ങൾ പൂർത്തിയാക്കി. അതി സമർത്ഥനായ വിദ്യാർഥി. പക്ഷി നിരീക്ഷണവും ,ട്രെക്കിങ്ങും ,പാചകവും ആയിരുന്നു ഹോബി .1997 ആഗസ്തിൽ DEHRADOON MILITARY ACCADEMY യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .ആദ്യ പോസ്റ്റിങ്ങ് ആയിരുന്നു കാർഗിൽ ലേക്ക്
.
കാലിയയുടെയും പട്ടാളക്കാരുടെയും മരണങ്ങൾക്ക് പകരം വീട്ടികൊണ്ട് ഇന്ത്യ സർവ്വ സന്നാഹങ്ങളോടെ പടക്കിറങ്ങി.സൗരഭ് കാലിയയോടുള്ള ആദരവായി ,അദ്ദേഹത്തിന്റെ മാതാവ് വിജയ കാലിയയുടെ പേരുകൂടി ചേർത്ത് 'ഓപ്പറേഷൻ വിജയ് ' എന്ന പേരിൽ യുദ്ധം രൂക്ഷമായി തുടർന്നു. അവസാന ശത്രുവിനെയും തുരത്തി , ശത്രു കയ്യടക്കിയ പ്രദേശങ്ങൾ പിടിച്ചെടുത്തു ജീവത്യാഗം ചെയ്ത പട്ടാളക്കാർക്ക് അന്ത്യാഞ്ജലി ഏകി ഭാരതം.
പാലംപൂർ ഹെലിപാഡിൽ കൊണ്ടുവന്ന കാലിയയുടെ ഭൌതിക ദേഹം സ്വീകരിക്കാൻ പതിനായിരങ്ങൾ അച്ചടക്കത്തോടെ ,ആദരവോടെ അണിനിരന്നു.ഇന്ത്യൻ പതാക നെഞ്ചോട് ചേർത്തു പിടിച്ച്,ധീരനായ പുത്രന് അമ്മ വിജയ കാലിയ യാത്രാമൊഴി ചൊല്ലി.ചിതക്ക് തീ കൊളുത്തിയ സഹോദരൻ വൈഭവ് കാലിയക്കൊപ്പം നിശ്ചേഷ്ടനായി പിതാവ് NK കാലിയ നിന്നു.
പാലംപൂരിലെ പ്രകൃതി സുന്ദരമായ തോട്ടത്തിനുമദ്ധ്യേ ഉള്ള സൗരഭ് കാലിയയുടെ ആ വലിയ വീടിന്റെ മുകൾ നിലയിലെ മുറി'' സൗരഭ് സ്മൃതി കക്ഷാ'' എന്ന പേരിൽ ഒരു മ്യുസിയം ആക്കി മാറ്റിയിരിക്കുന്നു. സൗരഭ് കാലിയയുടെ സ്വകാര്യ സ്വത്തുക്കൾ കൊണ്ട് വന്ന ആ കറുത്ത ഇരുമ്പു പെട്ടി തുറന്നപ്പോൾ കണ്ടത് ഒരു പട്ടാളക്കാരന്റെ ജീവിതത്തിന്റെ നേർ ചിത്രം .കാലിയയുടെ യൂണിഫോം , പട്ടാള വേഷത്തിലുള്ള സൌരഭിന്റെ മൂന്ന്ചിത്രങ്ങൾ ,വോട്ടർ കാർഡ് ,ഷൂസുകൾ,ഒരു മഷി കുപ്പി ,കാലിയ എന്ന് രേഖപ്പെടുത്തിയ ക്ലോക്ക് ,after shave lotion എന്നിവയോടൊപ്പം ഐശ്വര്യാ റായിയുടെ ചിത്രവും മാത്രം.അവയെല്ലാം ആ ഓർമ്മ മുറിയിൽ അടുക്കി വെച്ചിരിക്കുന്നു.മുറിയുടെ നടുക്ക് തന്റെ ''നോട്ടി ''യുടെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നില്ക്കുന്ന അമ്മയെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു നിൽക്കുന്ന സൌരഭിന്റെ ചിത്രം .അമ്മയും മോനും നിറഞ്ഞ സന്തോഷത്തിൽ ..
അച്ഛന്റെയും അമ്മയുടെയും വാത്സല്യ പാത്രമായി സൗരഭ് അവിടെയുണ്ട്. രാവിലെ ഉണർന്നാൽ അച്ഛൻ ആദ്യം ഈ മുറിയിൽ വരും, അമ്മ പൂജ കഴിഞ്ഞു വലിയ ചിത്രത്തിലെ മകന്റെ നെറ്റിയിൽ എന്നും തിലകം ചാർത്തും.മകന്റെ ഓർമ്മക്കായി, ആ കുടുംബം ഒരുപാട് ജനോപകാര പ്രവൃത്തികൾ ചെയ്യുന്നു. ഓരോ കുഞ്ഞും ദേശാഭിമാനിയായി വളരാൻ , വിദ്യാ സമ്പന്നരായി തീരാൻ അക്ഷീണം പ്രയത്നിക്കുന്നു അവർ.
ഹിമാചൽ സർക്കാർ സൗരഭ് കാലിയയുടെ ഓർമ്മക്കായി ''സൗരഭ് വൻ വിഹാർ'' എന്ന പേരിൽ 35 ഏക്കർ വിസ്തൃതിയിൽ വന ഉദ്യാനം ഒരുക്കിയിരിക്കുന്നു, അങ്ങോട്ടുള്ള വഴി '' സൗരഭ് കാലിയ മാർഗ്'' എന്ന് നാമകരണം ചെയ്യപ്പെട്ടു .സൗരഭ് സ്ഥിരമായി ഇരുന്നു പക്ഷി നിരീക്ഷണവും വിശ്രമവും ചെയ്ത വലിയ പാറ പ്പുറത്ത് സൗരഭ് കാലിയയുടെ വലിയ പ്രതിമ കാണാം.പട്ടാള വേഷത്തിൽ. മരണ ശേഷം ഭാരത സർക്കാർ ലെഫ്റ്റനന്റ് സൗരഭ് കാലിയക്ക് ക്യാപ്ടൻ പദവി നൽകി.
അതിര് കവിഞ്ഞ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ , മതത്തിന്റെ പേരിൽ ,അവകാശങ്ങളുടെ പേരിൽ ,വ്യക്തി താല്പര്യങ്ങളുടെ പേരിൽ ,മറ്റു നിഗൂഡ ലക്ഷ്യങ്ങൾ ക്കായി ,സ്വാർത്ഥതക്കായി ,പടവെട്ടുമ്പോൾ , മാതൃ രാജ്യത്തെ ഒറ്റുകൊടുക്കുമ്പോൾ ഒന്നോർമ്മിക്കണം ...സ്വാതന്ത്ര്യം എങ്ങനെ കിട്ടി ,എങ്ങനെ നില നിർത്തുന്നു, എത്രായിരം പേരുടെ ജീവത്യാഗങ്ങൾ വഴി ഒരുക്കി എന്ന് .
'' ജനനീ ജന്മ ഭൂമിശ്ച ...സ്വർഗ്ഗാ ദപി ഗരിയസി '' എന്നല്ലേ ....

No comments:

Post a Comment