Thursday, March 24, 2016

കൂടിയാട്ടവും നങ്ങ്യാർ കൂത്തും


കൂത്ത് എന്ന കലാരൂപം പുരാതന തമിഴ് -മലയാളം സാഹിത്യ ചരിത്രത്തിനു പരിചിതമായ ഒന്നാണ്.പുരാതന തമിഴകത്തിന് അത് നൃത്തവും സംഭാഷണവും കൂടിച്ചേർന്ന ആഖ്യാനമാണ് ..യുദ്ധ വിജയം ,വിളവെടുപ്പ് ഒക്കെ കൂത്ത് ആടി അന്ന് ആഘോഷിച്ചിരുന്നു .കുറ വൈ കൂത്ത്,തുനങ്കൈ കൂത്ത് ,വള്ളിക്കൂത്ത് എന്നൊക്കെ തമിഴ് ചരിത്രത്തിൽ കാണാം.
എന്നാൽ നമ്മുടെ കൂത്ത് അഥവാ കൂടിയാട്ടം ഇതിൽ നിന്ന് വ്യത്യസ്തമാണ്. രണ്ടായിരം വർഷത്തിൽ ഏറെ പഴക്കം ഉണ്ട് എന്ന് കരുതപ്പെടുന്ന സംസ്കൃത നൃത്ത നാടക രൂപമാണ് കൂടിയാട്ടം. സംഘ കാല കൃതികളിൽ കൂടിയാട്ടത്തെ പരാമർശിച്ച് കാണുന്നു.പല്ലവ-ചേര -ചോള കാലഘട്ടത്തിലെ രേഖകളിൽ കൂടിയാട്ടത്തെ കുറിച്ച് പറയുന്നുണ്ട്.ചേര രാജാവായിരുന്ന കുലശേഖര വർമ്മൻ കൂടിയാട്ടം പരിഷ്കരിക്കുകയും ,ആട്ടത്തിനായി സുഭദ്രാ ഹരണവും ,തപ്തീ സ്വയംവരവും രചിക്കുകയും ചെയ്തു.തന്റെ സുഹൃത്തായ തോലൻ എന്ന കവിയെ കൊണ്ട് അത് രംഗത്ത് അവതരിപ്പിച്ചു .
രാമായണം ,ഭാരതം ,ഭാഗവതം എന്നിവയിൽ നിന്നുള്ള കഥകൾ ആണ് സാധാരണ ആയി കൂടിയാട്ട വേദിയിൽ അവതരിപ്പിക്കുന്നത്.കൂടിയാടുക അഥവാ യോജിച്ചു ചെയ്യുന്ന അഭിനയം എന്നാണ് കൂടിയാട്ടം എന്ന വാക്കിനു അർത്ഥം.പ്രത്യേകമായ അളവിലും കണിശതയിലും നിഷ്ഠ യോടെ നിർമ്മിക്കപ്പെട്ട 'കൂത്തമ്പലം' എന്ന രംഗവേദിയിൽ ആണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. നാട്യ ശാസ്ത്ര നിയമങ്ങൾ അനുസരിച്ചാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്.പുരുഷ വേഷം ചാക്യാരും ,സ്ത്രീ വേഷം നങ്ങ്യാരും അവതരിപ്പിക്കും.ചാക്യാർ എന്നത് ഹിന്ദുമതത്തിലെ ഒരു ഉപജാതി ആണ്.നമ്പ്യാർ വിഭാഗത്തിലെ സ്ത്രീ ജനം ആണ് നങ്ങ്യാർ എന്ന് അറിയപ്പെടുന്നത്.
ആംഗികം ,വാചികം ,ആഹാര്യം ,സാത്വികം എന്നീ നാല് അഭിനയ രീതികളും കൂടിയാട്ടത്തിൽ ഉണ്ട്.മിഴാവ്.ഇടയ്ക്ക ,കുറുംകുഴൽ ,കുഴിത്താളം ,ശംഖ് എന്നീ വാദ്യങ്ങൾ അകമ്പടിയായി രംഗത്ത് ഉണ്ടാവും.ഇടുങ്ങിയ കഴുത്തോട്കൂടിയ ഒരു വലിയ കുടം ആണ് മിഴാവ്.തുകൽ കൊണ്ട് കുടത്തിന്റെ വായ പൊതിഞ്ഞിരിക്കും.അതിൽ രണ്ടു കൈകൊണ്ടും കൊട്ടി സംഗീതവും നൃത്തവും ഏകോപി പ്പിക്കുന്നു.പാരമ്പര്യമായി നമ്പ്യാർ ജാതിയിൽ ഉള്ളവർ ആണ് ഇത് വായിക്കുക.പുരുഷ-സ്ത്രീ കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങൾ അനുസരിച്ച് ഇടയ്ക്കയുടെ താളം ക്രമീകരിക്കുന്നു.കുഴലും ശംഖും സന്ദർഭാനുസരണം ഉപയോഗിക്കും.
കൂടിയാട്ട രംഗത്തെ കുലപതികൾ ആണ് മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ,പൈങ്കുളം രാമ ചാക്യാർ തുടങ്ങിയവർ.കൂടിയാട്ടം പരിഷ്കരിക്കാനും ,പുഷ്ടിപ്പെടുത്താനും,പ്രചരിപ്പിക്കാനും ഇവർ ചെയ്ത ത്യാഗങ്ങൾ വേണ്ടവണ്ണം ഓർമിക്കപ്പെടുന്നുണ്ടോ എന്ന് സംശയം തന്നെ ആണ്.
കൂടിയാട്ടത്തിന്റെ ഭാഗം തന്നെ ആയോ അല്ലാതെ തനിച്ചോ ആയി നങ്ങ്യാർ കൂത്ത് അവതരിപ്പിക്കാറുണ്ട്.കൂടുതലും ശ്രീകൃഷണ ചരിതത്തിലെ കഥകൾ ആണ് തെരഞ്ഞെടുക്കാറ്. നങ്ങ്യാർ കൂത്തിൽ വാചികാഭിനയം ഇല്ല.ചുവന്ന പട്ടുടുത്തു ,തിളങ്ങുന്ന മേൽവസ്ത്രവും കണ്ഠം നിറയെ ആഭരണം അണിഞ്ഞു ,തെച്ചി പൂവും നാഗ ഫണവും അടങ്ങുന്ന ശിരോലങ്കാരവും പകിട്ടേകി കൂത്തമ്പലത്തിൽ പ്രത്യക്ഷമാവുന്ന നങ്ങ്യാർ രൂപം കേരളത്തിലെ ഭഗവതീ സങ്കൽപ്പത്തോട് അടുത്ത് നിൽക്കുന്നു.
കൂടിയാട്ട രംഗത്തിനു, സവിശേഷമായി നങ്ങ്യാർ കൂത്തിന് ആത്മാവുംചൈതന്യവുംആയിതീർന്ന രണ്ടു വനിതാ രത്നങ്ങളെ ഓർമ്മിക്കാതെ,നമിക്കാതെ ഈ കുറിപ്പ് പൂർത്തിയാവില്ല. മാർഗി സതിയും ഉഷാ നങ്ങ്യാരും ആണ് അവർ.
മാർഗി സതി എന്ന പി .എസ് .സതീദേവി പുത്തില്ലത്ത് സുബ്രഹ്മണ്യൻ എമ്പ്രാന്തിരി യുടെയും ,പാർവ്വതി അന്തർജനത്തിന്റെയും മകൾ ആയി ജനിച്ചു.കലാമണ്ഡലം ത്തിലും പൈങ്കുളം രാമചാക്യാരുടെ കീഴിലും ആയി കൂടിയാട്ടം അഭ്യസിച്ചു.ഇടക്ക വിദ്വാൻ സുബ്രഹ്മണ്യൻ പോറ്റിയെ വിവാഹം കഴിച്ചു തിരുവനന്ത പുരത്ത്താമസം ആക്കിയ ശ്രീമതി സതീദേവി , മാർഗി അക്കാദമിയുമായി ബന്ധപ്പെട്ടതോടെ ആണ് മാർഗി സതി ആയി മാറിയത്. ഭർത്താവിന്റെ അപ്രതീക്ഷിത മരണവും ,അസുഖങ്ങളും അവരെ കലോപാസനയിൽ നിന്നും അകറ്റിയില്ല.കേരള കലാമണ്ഡലം ത്തിൽ അധ്യാപിക ആയിരുന്ന അവർ കഴിഞ്ഞകൊല്ലം അർബുദ ബാധയെ തുടർന്ന് അകാലമരണ മടഞ്ഞു ..എന്നാൽ കൂടിയാട്ടത്തിന്റെയും ,നങ്ങ്യാർ കൂത്തിന്റെയും പിന്തുടർച്ച പരിപാലിച്ചു കൊണ്ട് മാർഗി സതിയുടെ മകൾ രേവതി കൂത്ത്-കൂടിയാട്ട രംഗത്തെ അധ്യാപികയും നർത്തകിയുമായി തിളങ്ങുന്നു.മകൻ ഇടയ്ക്ക വാദന രംഗത്തെ വിസ്മയ താരമാണ്. നമ്പ്യാർ വിഭാഗത്തിനു പുറത്ത് നിന്ന് നങ്ങ്യാർ കൂത്ത് രംഗത്തെത്തി അത്ഭുതമായി തീർന്ന ആദ്യ കലാകാരി ആണ് മാർഗി സതി.
മറ്റൊരാൾ ,നങ്ങ്യാർ കൂത്ത് രംഗത്ത് മാർഗി സതിയോടൊപ്പം നില്ക്കാൻ കരുത്തുള്ള,പണ്ഡിതയായ കലാകാരി ആണ് ഉഷ നങ്ങ്യാർ.അനസ്യൂതം കലാരംഗത്ത് യാത്ര തുടരുന്ന ഉഷ നങ്ങ്യാർ.. കൂത്ത്-കൂടിയാട്ട രംഗത്തെ സരസ്വതീ കടാക്ഷമായി പരിലസിക്കുന്നു.
സംരക്ഷിക്കപ്പെടേണ്ട പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ പെടുത്തി യുനെസ്കോ ആദരിച്ച കൂടിയാട്ടം നമ്മുടെ അഭിമാനമായ കലാപാരമ്പര്യത്തിന്റെ നിദാനം തന്നെയാണ്.

No comments:

Post a Comment