Thursday, March 24, 2016

വള്ളംകളി



വള്ളംകളി, കേരള പൈതൃകവുമായി വളരെയധികം അടുത്തു നില്ക്കുന്ന ഒന്നാണ്. ജാതി മത വ്യത്യാസമില്ലാതെ, കേരളത്തെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകം. കളിയോടങ്ങള് എന്നു പൊതുവെ വിളിക്കുന്ന ഇവരുടെ ഭൂതകാലം പക്ഷെ വെറും കളിയില് മാത്രം ഒതുങ്ങുന്നില്ല. തെക്കന് കേരളത്തിന്റെ കായലോളങ്ങളില്, നൂറ്റാണ്ടുകള്ക്ക് മുന്പേ ചോരകൊണ്ട് ചരിത്രമെഴുതിയ നിരവധി യുദ്ധങ്ങളില് പങ്കു വഹിച്ചിട്ടുള്ള യുദ്ധക്കപ്പലുകള് കൂടിയാണ് ഇവര്.
14-)0 നൂറ്റാണ്ട്. ചെമ്പകശ്ശേരി രാജവംശവും കായംകുളം രാജവംശവും തമ്മില് നിരന്തരം പോരാട്ടത്തിലായിരുന്നു. കായലുകളും പുഴകളും നിറഞ്ഞ തെക്കന്കേരളത്തില്, പ്രത്യേകിച്ച് ഇന്നത്തെ ആലപ്പുഴ-കൊല്ലം ജില്ലകളുടെ ഭാഗങ്ങളില്, ജലത്തിലെ ആധിപത്യം വിജയമുറപ്പിക്കാനാവുമെന്ന് കണ്ട അന്നത്തെ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ആദ്യത്തെ ചുണ്ടന്വള്ളം നിര്മ്മിച്ചത്.
വേദങ്ങളുടെ ഭാഗമായ, യുദ്ധനൗകകളുടെ നിര്മ്മാണം വിവരിക്കുന്ന സ്തപത്യവേദം എന്ന ഗ്രന്ഥത്തിലെ വിവരങ്ങള് അനുസരിച്ചാണ് അന്ന് അത് നിര്മ്മിച്ചത്. നൂറോളം പേരെ ഉള്ക്കൊള്ളാവുന്നതും , ജലത്തിലൂടെ അധിവേഗം സഞ്ചരിക്കാവുന്നതുമായ മാതൃകയിലാണവ നിര്മ്മിച്ചിരിക്കുന്നത്. ഒരറ്റ, കൂര്ത്തും, മറ്റേയറ്റം വളരെ ഉയരത്തിലേക്ക് നീണ്ട് വളഞ്ഞുള്ളതുമായ ചുണ്ടന്വള്ളങ്ങളാണ് നാവിക കപ്പലുകളായി ഉപയോഗിച്ചിരുന്നത്.
എന്നാല്, ഇന്നത്തെ വള്ളം കളിയില് വേറെ പല തരത്തിലുള്ള വള്ളങ്ങളും ഉപയോഗിക്കുന്നുണ്ട്. അവ ഓരോന്നും ഓരോ ഉദ്ദേശങ്ങള്ക്കായി പണ്ടുകാലങ്ങളില് ഉപയോഗിച്ചിരുന്നവയായിരുന്നു.
ചുണ്ടന്വള്ളം
തികഞ്ഞ യുദ്ധക്കപ്പലുകള്. അതിപുരാതനകാലത്ത്, കുടിപ്പക നീറിപ്പുകഞ്ഞിരുന്ന കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ജലസമ്പത്തിനെ നിണമണിയിച്ച പാരമ്പര്യം വഹിക്കുന്നവര്
ചുരുളന്വള്ളം
രണ്ടറ്റവും അകത്തോട്ട് ചുരുണ്ടിരിക്കുന്ന ചുരുളന്വള്ളങ്ങള്, പൊതുവെ രാജമുടുംബങ്ങളിലേയും പ്രഭുകുടുംബങ്ങളിലേയും സ്ത്രീകള് സവാരിക്കായി ഉപയോഗിച്ചിരുന്നവയാണ്. അക്കാലത്ത് ദീര്ഘയാത്രക്ക് സാധാരണയായി ജലയാത്രയായിരുന്നു പതിവ്. ഭക്ഷണമുള്പ്പടെയുള്ളവ കരുതിവയ്ക്കുവാനുള്ള സൗകര്യവും ഇതിലുണ്ട്.
വെപ്പ് വള്ളങ്ങള്
താരതമ്യേന പരന്ന പ്രതലമുള്ള വെപ്പ് വള്ളങ്ങള്, പണ്ടുകാലത്ത് യുദ്ധങ്ങളില് ചുണ്ടന്വള്ളങ്ങളോടൊപ്പം പ്രവര്ത്തിച്ചിരുന്നവയാണ്. സൈനികര്ക്കുള്ള ഭക്ഷണം പാചകം ചെയ്തിരുന്ന അടുക്കളകളായിരുന്നു ഇവ. ചുണ്ടന് വള്ളങ്ങളോടൊപ്പം സഞ്ചരിച്ച്, സൈനികര്ക്ക്, ഭക്ഷണം പാചകം ചെയ്ത് നല്കിയിരുന്ന പാചകശാലകള്. ഭക്ഷണം വയ്ക്കുന്നതിനാലാണ് ഇവ വെപ്പുവള്ളങ്ങള് എന്നറിയപ്പെട്ടത്.
ഇരുട്ടുകുത്തി
രണ്ടറ്റവും കൂര്ത്ത്, വീതി തീരെകുറഞ്ഞ്, ജലത്തിലൂടെ ഘര്ഷണം ഒട്ടുമില്ലാതെ, അതിവേഗം പായുന്ന രീതിയിലാണ് ഇവ രൂപ കല്പന ചെയ്തിരിക്കുന്നത്. പണ്ടുകാലത്ത് കായല്ക്കൊള്ളക്കാര് ഉപയോഗിച്ചിരുന്ന വള്ളങ്ങളാണിവ. പ്രഭു കുടുംബങ്ങളും മറ്റും ദൂരെയാത്ര ജലമാര്ഗ്ഗത്തിലൂടെ ചെയ്യുമ്പോള്, അവരെ അതിവേഗം പിന്തുടര്ന്നെത്തി, കവര്ച്ചചെയ്ത് മറഞ്ഞ നിരവധി സംഭവങ്ങള് കായംകുളം കൊച്ചുണ്ണിയുടെ കഥയിലും പറയുന്നുണ്ട്. അതിനായി ഉപയോഗിച്ചിരുന്ന വള്ളങ്ങളാണ് ഇരുട്ടുകുത്തികള്. കടും കറുപ്പു നിറത്തിലുള്ള ഇവ, രാത്രികാലങ്ങളില് ദൂരെ നിന്നു ദൃശ്യമാകില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്.
അന്നും ചുണ്ടന് വള്ളങ്ങളും ചുരുളന് വള്ളങ്ങളും, തുഴയുന്നതിന്റെ ആയാസം കുറയ്ക്കുവാനും, അത് ആസ്വാദ്യകരമാക്കുവാനും പാട്ടുപാടുമായിരുന്നു. തിരുവനന്തപുരത്തുനിന്നും കായംകുളത്തേക്കുള്ള യാത്രാമദ്ധ്യേ, യാത്രയുടെ മടുപ്പ് മാറ്റാന്, രാജാവിന്റെ നിര്ദ്ദേശപ്രകാരം രാമപുരത്തു വാര്യര്, ഈ താളത്തിലും ഈണത്തിലും കുചേലന്റെ കഥപാടി. കുചേലവൃത്തം എന്ന സാഹിത്യസൃഷ്ടി ഉണ്ടായതും, അങ്ങനെ മലയാള കവിതാശാഖയില് വഞ്ചിപ്പാട്ട് എന്നൊരു ഉപശാഖയുണ്ടായതും അങ്ങനെയാണ്.
ഇന്ന്, ഇത്തരം വള്ളങ്ങള് ഏതെങ്കിലുമൊക്കെ കരക്കാരുടെ വകയായിരിക്കും. ഒരു പ്രാദേശിക ദൈവത്തെപ്പോലെയാണ് നാട്ടുകാര് ഇന്നും ഇത്തരം വള്ളങ്ങളെ കാണുന്നത്. ചുരുളന് വള്ളങ്ങളൊഴിച്ചുള്ളവ ഇന്നും സ്ത്രീകള് ഉപയോഗിക്കില്ല. അതുപോലെ ആരും പാദരക്ഷകള് ധരിച്ച് ഇത്തരം വള്ളങ്ങളില് ഏറുകയില്ല.

No comments:

Post a Comment