Tuesday, March 29, 2016

വി.കെ.എൻ - ഭാഷയെ അമ്മാനമാടിയ മഹാപ്രതിഭ



വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ (വി.കെ.എൻ) തനതായ രചനാശൈലി കൊണ്ട്‌ മലയാള സാഹിത്യ ശാഖയിൽ വ്യത്യസ്തമായൊരു ഇടം നേടിയ വ്യക്തിത്വമായിരുന്നു. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1932 ഏപ്രിൽ 6 നാണ് വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ ജനിച്ചത്. മെട്രിക്കുലേഷൻ കഴിഞ്ഞ് 8 വർഷത്തോളം മലബാർ ദേവസ്വം ബോർഡിൽ ഗുമസ്തനായി ജോലി ചെയ്തു. പാലക്കാട്ടായിരുന്നു ആദ്യ നിയമനം. അക്കാലത്ത് അദ്ദേഹമെഴുതിയ 'ദി ട്വിൻ ഗോഡ് അറൈവ്സ്' എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ സ്ഥലം മാറ്റുകയും പിന്നീട് ക്ഷേത്രം സ്വകാര്യ ട്രസ്റ്റിന് കൈമാറിയപ്പോൾ ജോലി നഷ്ടപ്പെടുകയും ചെയ്തു. ജോലി നഷ്ടം വി.കെ.എന്നിന്റെ സാഹിത്യ ലോകത്തേയ്ക്കുള്ള കവാടം തുറന്നു. ഡൽഹി തട്ടകമാക്കി, പത്രപ്രവർത്തനത്തോടൊപ്പം ആനുകാലികങ്ങളിലും എഴുതി തുടങ്ങി.
പയ്യൻ എന്ന കഥാപാത്രത്തിലൂടെ സ്വന്തം ജീവിതാനുഭവങ്ങൾ അവതരിപ്പിച്ച അദ്ദേഹം ആക്ഷേപ ഹാസ്യത്തിന്റെ കുലപതി തന്നെയായിരുന്നു. സിൻഡിക്കേറ്റ്‌, ആരോഹണം, പയ്യൻ കഥകൾ എന്നീ രചനകളില്‍ ഇന്നത്തെ അധികാര വ്യവസ്ഥയ്ക്കെതിരായ ശക്തമായ നിലപാടുകള്‍ കാണാം. ചിരിയുടെ ‘പിതാമഹനായ’ ഇദ്ദേഹം മറ്റാർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെ അക്ഷര സഞ്ചാരം നടത്തി മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ പിൻഗാമിയെന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചതു തികച്ചും ഔചിത്യത്തോടെ തന്നെയാണ്. ആക്ഷേപഹാസസാഹിത്യമെന്നത്‌ വെറുതെ ചിരിക്കാനുള്ളതല്ല. ചിരിയിലൂടെ ചിന്തയും പഠനവും – അതാണ്‌ വികെഎൻ ശൈലി. സംസ്കൃതപദങ്ങളും ഇംഗ്ലീഷ്‌വാക്കുകളും മലയാളം വാക്കുകളും അനായാസേന ഘടിപ്പിച്ച്‌ മലയാളിയെ, ഭാഷയുടെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാപ്രതിഭ.
വി.കെ.എന്നിന്റെ 'പയ്യന്‍ കഥകള്‍' കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടി. 'ആരോഹണത്തി'ന് കേരള സാഹിത്യ അക്കാദമി അവാർഡും പിതാമഹന് മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്. പത്ര പ്രവർത്തകനായി ഡല്‍ഹി ജീവിതത്തിനിടയ്ക്ക്‌ അവിടെ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വി.കെ.എന്നിലുണർത്തിയ രോഷമാണ്‌ പയ്യന്റെ നർമ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌. മലയാളഭാഷയെ പുനര്‍നിര്‍മിച്ച വി കെ എന്‍, ഭാഷയെ അഴിച്ചുപണിതത് ആക്ഷേപ ഹാസ്യത്തിന്റെ പണിപ്പുരയിലായിരുന്നു. ആഴവും മൂർച്ചയുമുള്ള ചരിത്രബോധം, സമകാലിക ബുദ്ധിശക്തിയും പരമ്പരാഗത സാഹിത്യ ഭാഷയുടെ കാപട്യങ്ങളെ അട്ടിമറിക്കാനുള്ള ധൈഷണികവിരുത്, വായ്‌മൊഴിയെ ആധുനിക രചനാശൈലിയില്‍ ഒരു സ്പോടനം പോലെ വാർത്തു ചേർക്കാനുള്ള സിദ്ധി, നല്ല പത്രപ്രവർത്തകന്റെ പ്രസന്നമായ നിർമമതയും നിഷ്ക്കളങ്കതയും തുടങ്ങിയ അസാധാരണമായ ചേരുവകള്‍ ചേര്ത്താണ് വി.കെ.എന്‍ തന്റെ കർമ്മം നിര്‍വഹിച്ചത്.
കഥ, നോവൽ, നർമ്മലേഖനങ്ങൾ എന്നീവിഭാഗങ്ങളിലായി മുപ്പതിൽപ്പരം കൃതികൾ അദ്ദേഹമെഴുതി. ബൗദ്ധികപരമായി ഔന്നത്യം പുലർത്തുന്ന ഈ കൃതികള്‍ സ്വന്തം ശൈലിയാൽ അനന്യമായിരുന്നു. അധികാരവ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനശരങ്ങൾ ആ അവനാഴിയിൽനിന്നും രചനകളിലേയ്ക്കു നിരന്തരം അദ്ദേഹം തൊടുത്തു. കഥാപാത്രങ്ങളുടെ സംഭാഷണത്തിന് എഴുത്തുകാരന്റെ തർജ്ജമയെന്ന രീതി വി കെ എൻ പരീക്ഷിച്ചു വിജയിപ്പിച്ച കാഴ്ച ആസ്വാദകരില്‍ സൃഷ്ടിച്ചിരുന്ന വിസ്മയം തികച്ചും വാക്കുകൾക്കതീതമാണ് .
നാഴിയില്‍ പറ കൊള്ളിക്കാനാവില്ല എന്ന് പറയുന്നത് പോലെ വി കെ എന്നിനെ അറിയാനല്ലാതെ അളക്കാന്‍ ആരും മുതിർന്നിട്ടില്ല എന്നതാണ് സത്യം . തർജ്ജമ ചെയ്യാനാവാത്തയത്ര സങ്കീർണ്ണമാണ്‌ വീ കെ എന്റെ വരികളും ആശയങ്ങളും. "ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്ജീാനിയ വൂള്‍ഫ്? വെള്ളായണി അർജ്ജുനനെ ആർക്കാണ് പേടി" എന്നതിനെ ഏതുഭാഷയില്‍ നിന്നും എന്തു രീതിയില്‍ തർജ്ജമ ചെയ്യും? അല്ലെങ്കില്‍ “നാലും കൂട്ടി മുറുക്കുക” എന്നതിനെ 'add four and tighten' എന്ന് വിശദീകരിക്കാന്‍ കഴിവുള്ള ഒരേ ഒരു സാഹിത്യകാരനേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ – അത് മറ്റാരുമല്ല, വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ അഥവാ വി. കെ. എൻ എന്ന പ്രതിഭാശാലി തന്നെ.
സത്യവും സങ്കല്പവും ശാസ്ത്രവും ചരിത്രവും തത്വചിന്തയും വെറും തമാശകളും എല്ലാം കൂടിക്കുഴച്ച് ഒരുപാടെഴുതി, താന്‍ ജീവിച്ചിരുന്ന കാലത്തിനും മുന്നേ ഒരു വിശ്വസാഹിത്യകാരന്‍ നമുക്കിടയിലൂടെ ഓർമ്മകൾ ബാക്കിവെച്ച് കടന്നു പോയി. വി കെ എന്‍ 2004 ജനുവരി 25ന് ഈ ലോകത്തോട്‌ വിടപറഞ്ഞു.
അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ :
നോവലുകൾ
1. പിതാമഹൻ
2. ആരോഹണം
3. മഞ്ചൽ
4. അധികാരം
5. സിൻഡിക്കേറ്റ്‌
നോവലൈറ്റ്
1. അമ്മൂമ്മക്കഥകൾ
കഥാസമാഹാരങ്ങൾ
1. വികെഎൻ കഥകൾ
2. കാലഘട്ടത്തിലെ പയ്യൻ
3. മാനാഞ്ചിറ ടെസ്റ്റ്‌
4. ക്ലിയൊപാട്ര
5. പയ്യന്റെ ഡയറി
നർമ്മ ലേഖനം
1. അയ്യായിരവും കോപ്പും

No comments:

Post a Comment