Thursday, March 24, 2016

വൃദ്ധസദനങ്ങൾ ചില യാഥാർത്യങ്ങൾ


ചിരഞ്ജീവി ആയിരിക്കാൻ എന്താ ഒരു വഴി എന്ന് ആലോചിച്ചു ബുദ്ധിമുട്ടേണ്ട ആവശ്യമേ ഇല്ല . കാരണം മരണം. അതെല്ലാവരും ഉൾക്കൊള്ളേണ്ടുന്ന സത്യമാണ്. അപ്പോൾ പിന്നെ വാർധക്യം, അതൊരു യാഥാർത്ഥ്യം ആണ്....നമ്മൾ ഏവരും അംഗീകരിക്കേണ്ടുന്ന ഒരു സത്യം.
നമ്മുടെ വീട്ടിലെ പാഴ്വസ്തുക്കൾ ആക്ക്രിക്കാരന് പെറുക്കിക്കൊടുക്കുന്നപോലെയോ ആരും കാണാത്ത സ്ഥലത്ത് കൊണ്ട് ചെന്ന് തള്ളുന്നതുപോലെയോ ഇന്ന് നമ്മുടെ മാതാപിതാക്കളോട് പെരുമാറുന്ന, തകർച്ചയുടെ ഒരു സംസ്കാരത്തിലേക്ക്‌ കൂപ്പുകുത്തുന്ന തലമുറയായി നാം അധപതിച്ചുകൊണ്ടിരിക്കുന്നു. ഇതിലും ദയനീയമായൊരു ഏകാന്ത ജീവിതമാണ് നമ്മളെ കാത്തിരിക്കുന്നത് എന്ന് നമ്മൾ മനപൂർവ്വം മറക്കാൻ ശ്രമിക്കുന്നു.
ഉപേക്ഷിക്കലിന്റെ കയ്പുനീര് പേറേണ്ടി വരുന്ന വൃദ്ധസദന ജീവിതമോ സകല സുഖസൗകര്യങ്ങളും ഏർപ്പെടുത്തി വീട്ടിലെ ഒരു സ്വകാര്യമുറിയിലൊതുക്കുന്ന ഏകാന്തതയുടെ വിഷാദ ജീവിതമോ അല്ല വാർധക്യം ആവശ്യപ്പെടുന്നത്. തന്റെ മക്കളുടെ സ്നേഹത്തിന്റെ കുളിരും, കൊച്ചുമക്കളുടെ കളിചിരികളും. നിറഞ്ഞ സമാധാനത്തിന്റെ ഒരു അന്തരീക്ഷം ... ഒന്ന് പരിശ്രമിച്ചാൽ അതവർക്ക് കൊടുക്കാൻ നമ്മൾ മക്കൾക്ക് കഴിയും. കഴിയും എന്നല്ല, കഴിയണം.
ഒരുപ്രായ പരിധി കഴിഞ്ഞാൽ അച്ഛനമ്മമാർ കുഞ്ഞുങ്ങളെപ്പോലെയാണ് പെരുമാറുന്നത്. നിർബന്ധ ബുദ്ധികളും പരാതികളും പരിഭവങ്ങളും ഒക്കെയായി. കുഞ്ഞുങ്ങൾ തങ്ങളുടെ മാതാപിതാക്കളെ തന്നിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതുപോലെ, തങ്ങളുടെ മക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയാണ് അവരും ചെയ്യുന്നത്. കുഞ്ഞുങ്ങളും അവരും അവലംബിക്കുന്ന രീതിയിൽ മാറ്റം ഉണ്ടാകാം പക്ഷെ രണ്ടാളുടെയും ലക്ഷ്യം ഒന്ന് തന്നെയാണ് .
നമുക്കൊന്ന് ചിന്തിച്ചുനോക്കിയാലോ ... നമ്മുടെ മാതാപിതാക്കളുടെ വാർദ്ധക്യകാലജീവിതം എങ്ങനെ സന്തോഷം നിറഞ്ഞതാക്കാം എന്ന്?
ഇപ്പോഴത്തെ അണുകുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ജോലി ചെയ്താലേ അവർ ഉദ്ദേശിക്കുന്ന രീതിയിൽ തങ്ങളുടെ മക്കളെ വളർത്താനാകൂ. രാവിലെ എഴുന്നേറ്റ് ഭർത്താവിനും മക്കൾക്കും വേണ്ടിയും തിരക്കിട്ടോടുന്നതിനിടയിൽ അമ്മയെയോ അച്ഛനെയോ ശ്രദ്ധിക്കാൻ ചിലപ്പോർ കഴിഞ്ഞു എന്ന് വരില്ല. മനസാക്ഷിക്കുത്തില്ലാതെ സമാധാനത്തോടെ ഓഫീസിലിരുന്ന് ജോലി ചെയ്യണമെങ്കിൽ
നമ്മുടെ മാതാപിതാക്കളെ ഒരു പരിധി വരെയെങ്കിലും നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് നമുക്ക് കൂടി ബോധ്യം വരണ്ടേ ?
കട്ടിലാണ് വാർധക്യത്തിലെ ശത്രു എന്നൊരു ചൊല്ലുണ്ട്. അലസതയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അവരെ കുറച്ച് ആക്ടീവ് ആക്കാൻ ശ്രമിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. എന്തെങ്കിലും അവർക്കിഷ്ടമുള്ള അനായാസമായ ജോലികളിൽ അവരെ വ്യാപ്രുതരാക്കുക
.
മുറ്റത്ത്‌ സ്ഥലമുള്ളിടത്ത് ഒരു ചെറിയ പൂന്തോട്ടമോ, കുറച്ച്‌ പച്ചക്കറികളോ ഒക്കെ വച്ചു പിടിപ്പിച്ചു ഒഴിവുസമയങ്ങളിൽ അവരോടൊപ്പം കൊച്ചുമക്കളെയും കൂട്ടി ഒരു ചെറിയ വിളവെടുപ്പൊക്കെ നടത്താം. വളർന്നു വരുന്ന നമ്മുടെ തലമുറകൾക്ക് സ്നേഹവും കരുതലും പ്രവർത്തികളിലൂടെ കാണിച്ചു കൊടുക്കാം നമുക്ക്.
പട്ടണത്തിലാണെങ്കിൽ കുറച്ചാളുകൾ ചേർന്ന് ഒരു ചെറിയ ഡേ കെയർ സെന്റർ തുടങ്ങാം. നിത്യവൃത്തിക്കുവേണ്ടി തിരക്കിട്ടോടുന്ന മക്കൾക്കൊരു സഹായവും ആശ്വാസവുമായി. തങ്ങളുടെ കൊച്ചുമക്കളെ എല്ലാം ഒരു സൊസൈറ്റിയിൽ ഒന്നിച്ചു കൂട്ടി അവരുടെ കുസൃതിയിൽ പങ്കു ചേർന്ന് അവരോടൊപ്പം കുട്ടികളാകാം. കുറെ പേർ ഒരുമിച്ചുള്ളതുകൊണ്ട് ആർക്കും അതൊരു ബുദ്ധിമുട്ടാകുകയും ഇല്ല. കുഞ്ഞുങ്ങളോടൊപ്പം ആകുമ്പോൾ സമയം പോകുന്നതറിയുകയും ഇല്ല
ഒരു ചെറിയ ഗ്രന്ഥശാല തുടങ്ങാം....വൈകുന്നേരങ്ങളിൽ അവിടെ ഒരുമിച്ചു കൂടി കുറച്ചു വായനയും ഒരുമിച്ചിരുന്നു സന്തോഷങ്ങളും സങ്കടങ്ങളും കൊച്ചുവർത്തമാനങ്ങളുമായി കുറച്ചുസമയം പങ്കുവയ്ക്കാം. കുറച്ചു നേരം വാർത്തകളിലൂടെ നിർദ്ദോഷമായി തർക്കിക്കാം.
അതുമല്ലെങ്കിൽ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ കണ്ടുവരുന്നതുപോലെ ഒരുമിച്ചുള്ള കുറെ കോട്ടേജുകൾ. ഇപ്പോൾ മിക്ക മാതാപിതാക്കളുടെയും മക്കൾ വിദേശ രാജ്യങ്ങളിൽ ആണ്. അവർ അവധിക്കു വരുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവർ. അവരൊക്കെ വരുമ്പോൾ ഒന്നിച്ചുകൂടി സന്തോഷിക്കാനെങ്കിലും.
ഒക്ടോബർ-1 - വയോജനദിനം ആഖോഷിക്കുന്നതിന് പകരം നമുക്ക് അവർക്ക് കൈത്താങ്ങാകാം... ഇതെന്റെ മകൻ അല്ലെങ്കിൽ മകൾ എന്ന് നമ്മളെ മറ്റുള്ളവർക്ക് സങ്കടമോ പരിഭവമോ ഇല്ലാതെ അഭിമാനത്തോടെ പരിചയപ്പെടുത്താൻ, അവരുടെ വാർധക്യകാല സ്വപ്നം നിറവേറ്റുന്ന മക്കളാകാം. നമ്മുടെ തലമുറയ്ക്ക് ഒരു നല്ല മാതൃകയാകാം. നമ്മുടെ നല്ല വാർദ്ധക്യത്തെ സമാധാനത്തോടെ വരവേൽക്കാം

No comments:

Post a Comment