Tuesday, March 29, 2016

കല്‍പ്പന

2016 ജനുവരി, 25 ....നമ്മേയെല്ലാം ഞെട്ടിച്ചു കൊണ്ട് ആ വാർത്ത‍ വന്നു. നമ്മുടെ പ്രിയനടി കൽപ്പന തന്റെ അന്‍പത്തിയൊന്നാം വയസ്സില്‍ അലങ്കാരമൊക്കെ അഴിച്ചു വച്ചു നക്ഷത്ര ലോകത്തേക്ക് യാത്രയായി എന്ന വാർത്ത‍ !! ! വിശ്വസിക്കാൻ പ്രയാസം തോന്നിയെങ്കിലും ആ സത്യത്തെ അംഗീകരിക്കേണ്ടി വന്നു.
നാഗാർജ്ജുനയുടെ ഒരു ബഹുഭാഷാ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ഹൈദ്രാബാദിലെ ഹോട്ടൽ എബോളിയിൽ താമസിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. കരൾ രോഗമായിരുന്നു കാരണം എന്ന് പറയുന്നു. എപ്പോഴും ചിരിച്ചു കളിച്ചു നടന്നിരുന്ന കൽപ്പനയ്ക്ക് അങ്ങിനെ ഒരു രോഗമുണ്ടായിരുന്നതായി അധികമാരും അറിഞ്ഞിരുന്നില്ല. അറിയിച്ചിരുന്നില്ല കൽപ്പന .

നാടക പ്രവർത്തകരായ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും അഞ്ചു മക്കളിൽ രണ്ടാമത്തെ മകളാണ് കൽപ്പന. ജനനം- 1965 ൽ. തികഞ്ഞ കലാ കുടുംബം. സഹോദരിമാർ തെന്നിന്ത്യയിലെ മികച്ച അഭിനേത്രികൾ കലാ രഞ്ചിനിയും ഉർവ്വശിയും .
വിടരുന്ന മൊട്ടുകൾ, ദിക്‌ വിജയം എന്ന ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടു സിനിമാ ലോകത്തെത്തിയ കൽപ്പന പിന്നീട് എം. ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് ഈ രംഗത്തു സജീവമാകുന്നത്. പിന്നീട് പല ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു.
എപ്പോഴും ചിരിച്ചു മാത്രം നാം കാണുന്ന കൽപ്പന തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ കൂടി കഴിവുള്ള നടിയായിരുന്നു. ഹാസ്യം പുരുഷന്മാരുടെ കുത്തകയാണെന്ന ധാരണ തിരുത്തിയ കൽപ്പന “ഹാസ്യ രാജ്ഞി” എന്നാണു അറിയപ്പെട്ടിരുന്നത്. കൽപ്പന & ജഗതി ജോഡികളായി വരുന്ന സിനിമകളിൽ ചിരിയുടെ മാലപ്പടക്കം തന്നെ പൊട്ടിച്ചിരുന്നു.
എന്നാൽ തനിക്കു ഹാസ്യം മാത്രമല്ല വഴങ്ങുന്നത് എന്ന് തെളിയിച്ചു കൊണ്ട് “തനിച്ചല്ല ഞാൻ” എന്ന സിനിമയിൽ റസിയ എന്ന ജീവിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്നു . റസിയ എന്ന ജീവിക്കുന്ന ആ കഥാ പത്രവുമായിമായി അതു പോലൊരു ആത്മബന്ധവും കൽപ്പനക്കുണ്ടായിരുന്നു. ജീവിതത്തിൽ നിരാശ്രയയായ ചെല്ലമ്മ അന്തർജനത്തെ ഏറ്റെടുത്ത റസിയ എന്ന ആ നല്ല ഉമ്മക്ക്‌ കൽപ്പന സാമ്പത്തീക സഹായങ്ങൾ ചെയ്തു പോന്നിരുന്നു എന്നത് ചാരിറ്റി പ്രവർത്തനങ്ങളിലും പിന്നോട്ടായിരുന്നില്ല എന്ന് കാണിക്കുന്നു.
കൽപ്പനയുടെ അവസാന ചിത്രമായ ചാർളി എന്ന ചിത്രത്തിലെ മരിയ (ചാർളിയുടെ ക്യുൻ മേരി ) എന്ന കഥാപ്രത്രത്തിന്റെ മികവു ഒന്ന് വേറെ തന്നെയാണ്. മത്സ്യ കന്യകയെ കാണാൻ കടലിൽ പോയ ക്യുൻ മേരി ആഴക്കടലിൽ അപ്രത്യക്ഷയാകുകയായിരുന്നു. ജീവിതത്തിലും അത് അറം പറ്റിയതു പോലെ തന്നെയായി.
മരിക്കുന്നതിനു മണിക്കൂറുകൾ മുൻപുവരെയും അഭിനയ ലോകത്തു കഴിയാൻ ഭാഗ്യം കിട്ടിയ നമ്മുടെ പ്രിയപ്പെട്ട നടി ഇനി പ്രേക്ഷക മനസ്സിൽ എന്നും മായാതെ മങ്ങാതെ നിറഞ്ഞു നിൽക്കും
അനേകം കോടി നക്ഷത്രങ്ങളുടെ ഇടയിൽ ഇപ്പോൾ നമ്മുടെ പ്രിയ നടി കൽപ്പനയും സ്ഥാനം പിടിച്ചു കഴിഞ്ഞു. നമ്മുടെ പ്രിയപ്പെട്ട നടിക്ക് അർപ്പിക്കാം നമുക്ക് "സ്മരണാജലി".

No comments:

Post a Comment