Monday, March 28, 2016

വിനോദ സഞ്ചാര മേഖല ......... ഒരെത്തിനോട്ടം



" വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പ-
വായുവിമാനത്തിലേറിയാലും
പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കിപ്പോൾ
ഭൂതകാലാകാശവീഥിയിങ്കൽ "
വള്ളത്തോൾ ഇങ്ങിനെ പാടിയത് വെറുതെയല്ല
കേൾക്കാത്ത പാട്ടിന്റെ മാധുര്യം......... കാണാത്ത കാഴ്ചകളുടെ സൌന്ദര്യം........... രണ്ടും തേടിയുള്ള മനുഷ്യന്റെ പ്രയാണത്തിന് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ടു്
ഓരോ യാത്രയും അവസാനിക്കുന്നത് അനുഭവത്തിന്റെ അക്ഷയ സമ്പത്തുമായാണ്
മനുഷ്യന്റെ സഞ്ചാര കൌതുകത്തിന് പരിമിതികളില്ല.. പ്രകൃതിയുടെ അഭൌമ സൌന്ദര്യവും അറിവിന്റെ ഖനികളും അവനെ ആകർഷിച്ചിരുന്നു.
യാത്രകൾ പലവിധത്തിലുണ്ട്
വിവിധ ഉദ്ദേശങ്ങളോടെ തന്റെ ചക്രവാളം വികസിപ്പിച്ചെടുക്കാൻ ചകവർത്തിമാരും രാജാക്കന്മാരും നടത്തുന്ന യാത്ര, കണ്ടറിവു നേടാനുള്ള മനുഷ്യസഹജമായ യാത്ര, ജീവസന്ധാരണത്തിനുള്ള യാത്ര, ആരോഗ്യപരിപാലനത്തിനു വേണ്ടിയുള്ള യാത്ര സാഹസിക യാത്ര, തീർത്ഥയാത്ര... ഇങ്ങിനെ നീളുന്നു യാത്രകൾ
അലക്സാണ്ടർ ചക്രവർത്തി ഹ്യു യാൻ സാങ് ,ഇബ്നു ബത്തൂത്ത. ടെൻസിങ്ങ് ഹില്ലാരി അശോക ചക്രവർത്തി ഇവരുടെയൊക്കെ യാത്രകളുടെ ഉദ്ദേശം നമുക്ക് ചരിത്രം പരിശോധിച്ചാലറിയാം
ഉല്ലാസകരമായ അനുഭവങ്ങളിലൂടെ വിജ്ഞാനം നേടുമ്പോൾ അതിന് ഗുണമേന്മ കൂടും.സാമൂഹികബോധം മനുഷ്യനിൽ വളർത്തിയെടുക്കാൻ വിനോദയാത്രക്കു കഴിയും. വിഭിന്ന പ്രദേശങ്ങളിലെ ജീവിതരീതി, ഭൂപ്രകൃതി, കാലാവസ്ഥ ഇവയൊക്കെ നമുക്ക് സഞ്ചാരം കൊണ്ടുണ്ടാവുന്ന അറിവുകളാണ്. ആത്മീയ വിശുദ്ധിക്ക് തീർത്ഥാടനങ്ങൾക്ക് പറയാനാവാത്ത സ്വാധീനശക്തിയുണ്ടു്.
ഭാരതത്തിൽ പുരാതന കാലം മുതൽക്കേ തീർത്ഥാടനങ്ങൾക്കായിരുന്നു പ്രചാരം. മതപരമായ യാത്രകളുടെ ഫലമായാണ് ധാരാളം തീർത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രസമുച്ചയങ്ങളും ഭാരതത്തിനു ലഭിച്ചത്.
ഇന്ന് വിനോദസഞ്ചാരം അല്ലെങ്കിൽ ടൂറിസം എന്ന പ്രചുരപ്രചാരമായ വാക്കിന്റെ നിർവചനവും വിപുലമായി പരിഷ്കരിച്ചിട്ടുണ്ട്
എന്താണ് ആ വാക്കുകൊണ്ടു് അർത്ഥമാക്കുന്നത്.
ലാഭേച്ഛകൂടാതെ മാനസികോല്ലാസത്തിനു വേണ്ടി നടത്തുന്ന യാത്രയാണെങ്കിലും മധ്യ വർഗ്ഗത്തേയും തൊഴിലാളി വർഗ്ഗത്തേയും വിനോദ സഞ്ചാരികളാക്കി മാറ്റുന്ന ആസൂത്രിത പരിപാടികളാണ് ഇന്നുള്ളത്.
പത്രം ടിവി തുടങ്ങിയ മാധ്യമങ്ങളുടെ പ്രചാരം സന്ദർശന സൌകര്യങ്ങളെ സാധാരണക്കാർക്കു പോലും അറിയാനുള്ള അവസരങ്ങളുണ്ടാക്കി
ട്രാവലേർസ് ചെക്കുകളുടെ ആവിർഭാവം ടൂറിസത്തെ ത്വരിതപ്പെടുത്തിയെന്നു പറയാതെ വയ്യ.... പിന്നീടു വന്ന ക്രെഡിറ്റ് കാർഡുകൾ അന്തർദ്ദേശീയ നിലവാരമുള്ള ഹോട്ടൽ ശൃംഖലകളുടെ വരവ് എന്നിവ ടൂറിസത്തിന്റെ പുരോഗതിയിൽ ഗണ്യമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ടു്
ഗുണപരമായ അംശങ്ങൾ പരമാവധി വർദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള സമഗ്ര പരിപാടികളാണ് സർക്കാരും കൈ കൊണ്ടിട്ടുള്ളത്
ഇന്ത്യയിൽ ടൂറിസം കേന്ദ്രീകരിച്ചിരുന്നത് വടക്കേയിന്ത്യയിലായിരുന്നു. ഏകദേശം മുപ്പതു വർഷത്തെ പഴക്കമേയുള്ളു കേരളം ശ്രദ്ധയാകർഷിച്ചിട്ട്. അകൃത്രിമ രമണീയമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ടു് അനുഗ്രഹീതമാണ് നമ്മുടെ നാട്
വിദേശികളെ ഏറെ ആകർഷിക്കുന്ന കേരളത്തിന് തൊഴിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ വികസപ്പിച്ചെടുക്കാവുന്ന ഒരു വൻവ്യവസായമാണ്
ടൂറിസം
കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ വെച്ചു നോക്കുമ്പോൾ വ്യവസായങ്ങൾ ഇവിടെ പച്ചപിടിക്കുകയില്ല.. വമ്പിച്ച പണം മുടക്ക് വേണ്ടി വരുന്ന പ്രസ്ഥാനമാണ് വ്യവസായം. ആരു മുടക്കുന്നു എന്നതല്ല അത് വേണ്ട വിധം തിരിച്ചുകിട്ടണം. ലാഭേച്ഛ കൂടാതെയുള്ളൊരു മുടക്കുമുതലിന്നു കേരളം പോലൊരു സംസ്ഥാനത്ത് ആരും താല്പര്യപ്പെടുകയില്ല.
അതുകണ്ടു തന്നെ ടൂറിസം കേരളത്തിൽ വൻ വ്യവസായമാക്കാൻ നമ്മൾ കേരളീയർ മുന്നോട്ടു വരണം

No comments:

Post a Comment