Thursday, March 31, 2016

തെരുവ്-ഒരു നേർക്കാഴ്ച



വിലയുള്ള നോട്ടുകൾ വിതറുന്ന ലോകം
വിലയില്ലാതാകുന്ന ജീവിതങ്ങൾ
നിലയില്ലാകയത്തിൽ നിലവിട്ടു പായുന്ന
പലനാടു താണ്ടും നിറബാല്യങ്ങൾ
ഒട്ടിയ വയറും പൊട്ടിയ കാലും
ചുടുചോര ചിന്തുന്ന നയനങ്ങളും
പാട്ടിൻ താളം വിശപ്പിൻ വിളിക്കായി-
പിടയുന്നു, കൈകൾ വിറയ്ക്കുന്നു ചെമ്മേ.....
എരിയുന്ന വേനലിൽ പൊരിയുന്ന ദാഹം
ചൊരിയുന്ന മഴയിൽ നനയുന്ന ദേഹം
നിരത്തിന്നോരങ്ങൾ പകുത്തുന്ന നേരം
നിരയായി കാണാം പാപജന്മങ്ങൾ
ഉയരുന്ന മാളിക മുകളിലെ മന്നൻ
ഉയിരിൻ വിശപ്പുകൾ കേൾപ്പതില്ലാ
പായുന്ന രാഷ്ട്രീയ കോമരങ്ങൾ
പിടയുന്ന ജീവനും കാണുകില്ലാ
സ്വപ്നം വേണ്ടൊരു സ്വർഗ്ഗം വേണ്ട
സ്വസ്ഥമുറങ്ങുക മാത്രം ലക്ഷ്യം
മാലകൾ, അഴകായ് ചേലകൾ വേണ്ടാ
നാണത്തിൻ മറ മാത്രം വേണം
സ്ത്രീത്വം വിളങ്ങണം വെൺമ തെളിയണം
ചൊൽവുകൾ നിത്യം കേൾപ്പു നമ്മൾ
പെണ്ണിൻ മാനംകവരുന്ന നേരം
നീതിയും ന്യായവും വെറും നാടകം
പകലിൻ വെൺമയിൽ വൃത്തിഹീനാ
പതിരാവെട്ടത്തിൽ സ്വപ്നറാണി
സുരപാന ലഹരിയിൽ സുഖം പകരാൻ
തെരുവിൻ സന്തതി, പെണ്ണു വേണം
മുഷിയുന്ന നോട്ടുകൾ കഥ പറയും
ഉരിയുന്ന വസ്ത്രത്തിൻ കദനഭാരം
പത്തു മാസത്തിൻ കണക്കുതീർത്ത്
തെരുവിനായ് സന്തതി പിറവി കൊള്ളും
നാൾക്കുനാൾ ഉയരും വികസിത ഭാരതം
ഇനിയും കുതിക്കട്ടെ എന്നുമെന്നും
മാറുന്ന രാഷ്ട്രീയ കാവലാൾകൾ
വിതക്കട്ടെ പുതുപുതു ഭരണതന്ത്രം
വിശപ്പും, ദാഹവും, കണ്ണുനീരും
പെണ്ണിൻ മാനത്തിൻ നിലവിളിയും
ഉടുതുണി, ചെറുകൂര സ്വപ്നങ്ങളും
തെരുവിലായ് കാണും നേർക്കാഴ്ചകൾ....
കാണികളല്ല നാം കണികയാവാം
ഇനിയൊരു മാറ്റത്തിനണി ചേർന്നിടാം
ഉയരട്ടെ കൈകൾ ഉണരട്ട ജനത
കാണണം തെരുവിലായ് നല്ക്കാഴ്ചകൾ
കണ്ണുനീരില്ലാത്ത നേർക്കാഴ്ചകൾ........

No comments:

Post a Comment