Thursday, March 24, 2016

കൂണ്‍



സസ്യ ബുക്കുകളുടെ ഇറച്ചി’ എന്നറിയപ്പെടുന്ന ‘കൂണ്‍’ നെ നമുക്കൊന്ന് അടുത്തറിഞ്ഞാലോ?
നമ്മുടെ നാട്ടില്‍‍ ആരോഗ്യപ്രശ്നത്തില്‍ മാംസ്യത്തിന്റെ കുറവ് ഒരു പ്രധാന പ്രശ്നമാണ്. മാംസ്യം അഥവാ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് കൂണ്‍. മനുഷ്യ ശരീരത്തിന്റെ വളർച്ചക്ക് ആവശ്യമായ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് കൂണ്‍.. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ കൂണ്‍, പച്ചക്കറികൾക്കും മേലെയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ മനുഷ്യ ശരീരത്തിനാവശ്യമായ അമിനോ അമ്ലങ്ങള്‍ എല്ലാം തന്നെ അടങ്ങിയിട്ടുള്ള ഏക സസ്യാഹാരമാണ് കൂണ്‍. ഇതിനാല്‍ കൂണിലെ മാംസ്യത്തെ 'സമീകൃത മാംസ്യം' എന്നു വിളിക്കുന്നു.
ശരീരത്തിനു സ്വന്തമായി നിർമ്മിക്കുവാന്‍ സാധിക്കാത്തതും എന്നാല്‍ അവശ്യം വേണ്ടതുമായ എട്ട് അമിനോ അമ്ലങ്ങള്‍ കൂണിൽ അടങ്ങിയിട്ടുണ്ട്. ജന്തുജന്യമായ മാംസ്യത്തില്‍ കണ്ടുവരുന്ന ചില അവശ്യ അമിനോ അംമ്ലങ്ങളും കൂണില്‍ ഉണ്ട്. കൂണിനെ 'സസ്യഭുക്കുകളുടെ ഇറച്ചി' എന്നു പറയുന്നു. ഒരു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആഹാരത്തിലൂടെ ലഭിക്കേണ്ട 'ഹിസ്റ്റിഡിന്‍' എന്ന അമിനോ അമ്ലവും കൂണില്‍ അടങ്ങിയിട്ടുണ്ട്.
'ബി' വിറ്റാമിനുകളുടെ ഒരു കലവറയാണ് കൂണ്‍. സാധാരണയായി ഒരു പച്ചക്കറിയിലും ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നീ ജീവകങ്ങള്‍ കാണാറില്ല. എന്നാല്‍ കൂണില്‍ ഇവ രണ്ടും അടങ്ങിയിട്ടുണ്ട്.ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിന് വളരെ അത്യാവശ്യമായ ഫോളിക് ആസിഡ് എന്ന ജീവകം കൂണില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തക്കുറവ്, വിളർച്ച മുതലായ രോഗങ്ങള്‍ തടയുന്നതിനു കൂണ്‍ വളരെ നല്ലതാണ്.
കൂണില്‍ അടങ്ങിയിട്ടുള്ള ക്ഷാരഗുണമുള്ള ധാതുലവണങ്ങളും നാരുകളും ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായകരമാണ്. അന്നജവും കൊഴുപ്പും, വളരെ കുറവായതുകൊണ്ടും നല്ല ഗുണമേന്മയുള്ള മാംസ്യവും, വിറ്റാമിനുകളും, ധാതുലവണങ്ങളും, നാരുകളും അടങ്ങിയിട്ടുള്ളതുകൊണ്ടും പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുള്ളവർക്ക് വളരെ യോജിച്ച ഒരു ഭക്ഷ്യപദാർത്ഥമാണ് കൂണ്‍. പ്രമേഹരോഗികള്‍ക്ക് ഇതു ഒരു ഉത്തമാഹാരമാണ്. നമ്മുടെ ആഹാരത്തില്‍ നിത്യവും കൂണ്‍ ഉൾപ്പെടുത്തിയാല്‍ മേല്പ്പറഞ്ഞ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വളരെയധികം കുറയുന്നു. ഇതു കൊണ്ടാണ് കൂണിനെ ഒരു സംരക്ഷിതാഹാരം എന്നു പറയുന്നത്.
ഔഷധ ഗുണങ്ങള്‍
--------------------------
കൂണില്‍ പല തരത്തിലുള്ള ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. രോഗകാരികളായ ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ മുതലായ അണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന പല രാസജീവ ഘടകങ്ങളും കൂണില്‍ അടങ്ങിയിട്ടു ള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോളിയോ, ഇന്ഫ്ളുവൻസാ എന്നീ രോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്ന 'ഇന്റ‍ർഫാറോണ്‍' എന്ന വസ്തു ശരീര കോശങ്ങളില്‍ നിർമ്മി ക്കുന്നതിനുള്ള കഴിവും ചിപ്പിക്കൂണ്‍ പതിവായി കഴിക്കുന്നവർക്ക് ഉണ്ടാകുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. ജപ്പാന്‍, ഇംഗ്ലണ്ട്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും ചിപ്പിക്കൂണ്‍ പതിവായി ഭക്ഷിക്കുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചിലയിനം കൂണുകള്‍ പലതരം ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.
വിവിധ ഇനം കൂണുകള്‍.
------------------------------------
ലോകത്തില്‍ ഏകദേശം രണ്ടായിരത്തോളം ഇനം കൂണുകള്‍ ഭക്ഷ്യയോഗ്യമാണെന്നു പറയുന്നു. ഇന്ത്യയില്‍ വിവിധയിനം മണ്ണുകൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ, ഉദ്ദേശം അന്പത് ഇനം ഭഷ്യയോഗ്യമായ കൂണുകളുണ്ട്. ലോകത്തില്‍ മൊത്തം ഉല്പാദിപ്പിക്കുന്ന കൂണ്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനം വൈറ്റ് ബട്ടന്‍ മഷ്റൂമിനും (40%) രണ്ടാം സ്ഥാനം ചിപ്പിക്കൂണിനുമാണ് (24%).
ഇന്ത്യയില്‍ വൈറ്റ് ബട്ടണ്‍ കൂണ്‍ , ചിപ്പിക്കൂണ്‍ , വൈക്കോല്‍ കൂണ്‍, പാൽക്കൂ ണ്‍ എന്നീ നാലുമാണ് കൃഷി ചെയ്തുവരുന്ന പ്രാധാന ഇനങ്ങള്‍. ഈ ഇനങ്ങള്‍ വിജയകരമായി കൃഷി ചെയ്യുന്നതിനു പ്രത്യേകം മാധ്യമങ്ങളും, വ്യത്യസ്തമായ രീതികളും, നിശ്ചിത കാലാവസ്ഥയും ആവശ്യമാണ്.
ഇന്നു കേരളത്തിലെ ഏത് കാലാവസ്ഥയിലും വളരെ ലാഭകരമായി കൃഷി ചെയ്യുവാന്‍ പറ്റിയ ഇനം ചിപ്പിക്കൂണാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയില്‍ ചിപ്പിക്കൂണ്‍ കൃഷി വളരെയധികം വ്യാപിച്ചിട്ടുണ്ട്.
കൃഷി രീതി
-----------------
സാധാരണയായി എല്ലാ കൃഷിക്കും അധിക സ്ഥലവും വെള്ളവും ആവശ്യമാണ്. എന്നാല്‍ കുറഞ്ഞ അളവ് സ്ഥലവും വെള്ളവും ഉള്ളവർക്കും കൂണ്‍ കൃഷി ആദായകരമായി ചെയ്യുവാന്‍ സാധിക്കും. മറ്റ് കൃഷികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ സ്ഥലത്തില്‍ നിന്നും കൂടിയ ഉല്പാദനം ലഭിക്കുന്നത് ഈ കൃഷിയുടെ ഒരു പ്രത്യേകതയാണ്.
മറ്റു കൃഷികളില്‍ നിന്നു ലഭിക്കുന്ന ഉപയോഗ്യശൂന്യമായ വസ്തുക്കളും, ഉപവസ്തുക്കളും അദായകരമായ രീതിയില്‍ കൂണ്‍ കൃഷിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും.
തൊഴിലില്ലാത്ത യുവാക്കൾക്കും , വീട്ടമ്മമാർക്കും ഈ കൃഷിയിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ സാധിക്കും. കേരളത്തിലെ കാലാവസ്ഥയില്‍ ചിപ്പിക്കൂണ്‍ കുറഞ്ഞ ചെലവില്‍ ലാഭകരമായി കൃഷിചെയ്യുവാന്‍ പറ്റിയ കൂണിനമാണ്.
കൂണ്‍ മുറി തയ്യാറാക്കുന്നതിലും അണുബാധയില്ലാതെ വൃത്തിയായി സൂക്ഷിക്കുന്നതിലും,കൂണ്‍ വളർത്താ നുള്ള മാധ്യമം തയ്യാറാക്കുന്നതിലും എല്ലാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്‌.
മാധ്യമം.
-------------
വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാൽക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ വേണം.റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത്‌ 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ്‍ വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ്‍ കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ്‍ തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.
കൂണ്‍മുറി തയ്യാറാക്കുന്നത്..
-----------------------------------------
കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനച്ചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുറിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.
ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം.കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും ആർദ്രതയും നിലനിർത്തണം.
വിത്ത്തെരഞ്ഞെടുക്കുമ്പോള്‍
-------------------------------------------
കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളർന്നു പിടിക്കാൻനല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയോഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലർത്തി തടം തയ്യാറാക്കരുത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി
ഇതിന്റെ കൃഷി രീതികളെക്കുറിച്ചും, വിത്തുല്പാദത്തെക്കുറിച്ചും ഉള്ള പരിശീലനം കാർഷിക സർവ്വകലാശാലയുടെ ഗവേഷണകേന്ദ്രങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും ലഭിക്കുന്നു.
ബയോഹൈട്ടെക്ക് കൃഷി രീതി
---------------------------------------------
സാധാരണ കൂണ്‍ കൃഷിക്ക് ആവശ്യമായതിന്റെ ഇരട്ടി മുതല്‍ മുടക്കി ബയോ ഹൈടെക് രീതി അവലംബിച്ചാല്‍ ലാഭം നാലിരട്ടി ആക്കാന്‍ സാധിക്കും.. കൂണ്‍ പുരയിലെ താപനില കർഷകന് നിയന്ത്രിക്കാന്‍ ആകും എന്നതുകൊണ്ട്‌ഓരോ ഇനത്തിനും വേണ്ടുന്ന അന്തരീക്ഷം പ്രദാനം ചെയ്തു, വര്ഷംമുഴുവന്‍ കൂണ്‍ ഉത്പാദനം തുടരാന്‍ സാധിക്കും.
ആഫ്രിക്കപോലുള്ള അവികസിത രാജ്യങ്ങളില്‍ മാംസ്യത്തിന്റെ കുറവു പരിഹരിക്കുന്നതിനായി ലോകഭക്ഷ്യ കാർഷി‍ക സംഘടന ശുപാർശ ചെയ്തിട്ടുള്ള ഏറ്റവും ചിലവു കുറഞ്ഞ ഒരു ഭക്ഷണപദാർത്ഥ മാണ് കൂണ്‍.
ഒന്ന് ചിന്തിക്കൂ....ആരോഗ്യത്തിനോടൊപ്പം ...ആദായം...

No comments:

Post a Comment