Thursday, March 24, 2016

ഹോളി ... ഒരു ഓർമ്മകുറിപ്പ്‌

സ്വപ്നങ്ങളില്‍ ചിലതെല്ലാം ചിറകുമുളച്ച് പറക്കും ,, തടസങ്ങളില്ലാതെ അങ്ങ് ദൂരേയ്ക്ക് .... 
ആ സ്വപ്‌നങ്ങള്‍ സമ്മാനിക്കുന്നതോ നിറമുള്ള ,, സുഗന്ധം പൂശിയ മനോഹരമായ നിമിഷങ്ങളും
 ഹോളി 💚
... ഒരു ഓർമ്മകുറിപ്പ്‌ ...
യൗവ്വനത്തിന്റെ ചൂടും പേറി ,, മുത്തുമണികള്‍ പോല്‍ മഞ്ഞു തുള്ളികള്‍ പൊഴിക്കും നേപ്പാളിന്‍റെ ഹൃദയത്തില്‍ കൂട് കൂട്ടാനായ് പറന്നു ചെന്നൊരു കാലം ജോലിയില്‍ പ്രവേശിച്ചു ദിനങ്ങള്‍ മാത്രമായിട്ടുള്ളൂ . നാട് വിട്ടതിന്റെ ടെന്‍ഷന്‍ മനസ്സില്‍ നിന്ന് മാറിയിട്ടില്ല ..അങ്ങനെ ........
ഒരു തണുത്ത പ്രഭാതം ..
രണ്ടു ദിവസം ലീവ് ആണെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു .. എങ്കിലും രാവിലെ എഴുന്നേറ്റ് കുളിക്കാനോരുങ്ങുമ്പോള്‍ ,, കൂട്ടുകാരില്‍ ഒരുവന്‍ ..ഡാ ഇന്ന് കുളിച്ചിട്ടും വല്ല്യ കാര്യമൊന്നുമില്ലാന്നു ...ഹി ഹി ഒന്ന് പോടാ അല്ലെങ്കില്‍ എന്നും കുളിക്കുന്ന ദിവസം സാലറി കിട്ടാറുണ്ടല്ലോ ന്ന് ഒരു പുച്ഛം നിറഞ്ഞ വാക്കോടെ മറുപടി കൊടുത്ത് നേരെ കുളിമുറിയിലേക്ക് ..
കുളികഴിഞ്ഞ് ഇറങ്ങുമ്പോള്‍ ലീവ് ആണെന്ന് അറിഞ്ഞിട്ടും എല്ലാവന്മാരും നേരത്തെ എഴുന്നേറ്റ് കുളിച്ചിട്ടില്ല എന്ന് എല്ലാത്തിന്റെയും മോന്ത കണ്ടാല്‍ അറിയാം ... എല്ലാവരും ഉള്ളതില്‍ പഴയ ഡ്രസ്സ്‌ ഇട്ട് നില്‍ക്കുന്നു ...
ഡാ വേഗം വാ പുറത്തേയ്ക്ക് പോകാം ന്ന് ഒരുവന്‍ .. ഹ ഹ ഇതെന്താ ഇവന്മാര്‍ക്ക് ഒരുമിച്ചു വട്ടായോന്നു ന്‍റെ സ്വന്തം മനസ്സില്‍ ....
അല്ലെങ്കില്‍ പുറത്തേയ്ക്ക് കറങ്ങാന്‍ ഇറങ്ങുന്ന ദിവസം കുളിയും ജപവുമെല്ലാം കഴിഞ്ഞ് .. കുഴമ്പു പോലെ ബോഡി ലോഷനും തേച്ചു ,, ഒരു പായ്ക്കറ്റു ഫെയര്‍ & ലൌവലി ഒരുമിച്ചു തേച്ച് ഇച്ചിരിയൂടി ഭംഗി കൂട്ടാന്‍ കുറച്ച്‌ കുട്ടികുറ പൌഡറും വാരി പൂശി പിന്നെ സ്പ്രേയും അടിച്ചു ഒരു മാതിരി പോസ്സ്ട്ടുമാര്‍ട്ടം കഴിഞ്ഞ മോന്ത പോലെയായി ഇരിക്കും ഓരോരുത്തന്‍ മാരുടെ (
മ്മളും മോശല്ലാട്ടോ )
ഇതെന്താടാ എന്ത് പറ്റി സോള്‍ട്ടിയിലുള്ള പെണ്പിള്ളേരെല്ലാം നാട് വിട്ടു പോയോ ?? ( സോൾട്ടി ഞങ്ങൾ ജോലിചെയ്യുന്ന സ്‌ഥലത്തിന്റെ പേരാണു )
കേട്ടതും കൂട്ടുക്കാരന്റെ മറുപടി നീ അവിടെ ചുള്ളനായിട്ടു നിന്നോ എല്ലാവളുമാരും , അവന്മാരും ദേ ഇപ്പൊ ഇങ്ങോട്ട് വരും ....
ചുമ്മാ കൊതിപ്പിക്കല്ലെടാ ഇവിടെയെന്താ വല്ല സിനിമാ ഷൂട്ടിങ്ങും ഉണ്ടൊ ? ഹൂം അതിപ്പൊ കാണാം ന്ന് മാത്രമൊരു മറുപടി .
എന്തെങ്കിലുമാകട്ടെ കിട്ടിയ ചാൻസല്ലെ ഇന്ന് കുറെ കറങ്ങിയടിക്കണം എന്ന ചിന്തയില്‍ കരിനീല ജീന്‍സും , പിന്നെ ലാക്കൊസ്ട്ടിന്റെ വൈറ്റ് ടി ഷര്‍ട്ടും ഇട്ട് ഏതോ ഒരു പഴയ പാട്ടിന്റെ ഈണവും മൂളി പുറത്തേയ്ക്കിറങ്ങി ...
അവിടെ യുദ്ധത്തിനെന്ന പോല്‍ കൂട്ടുകാര് ... ങേ ... എല്ലാവരുടെ കയ്യിലും ഓരോ സഞ്ചി എല്ലാ സഞ്ചിയിലും കളര്‍ വെള്ളം നിറച്ച ബലൂണുകള്‍ ഒരുപാട് നിറങ്ങളില്‍ ഉള്ള കുങ്കുമങ്ങള്‍ ,, പിന്നെ പല നിറത്തിലുള്ള വാള്‍ പെയിന്റ് .... ഇതൊക്കെ എന്തിനാടാ ന്ന് ചോദിക്കുന്നതിനു മുന്‍പേ . ഒരുവന്‍ ഒരു സഞ്ചി എനിക്ക് തന്നു. ഇത് പിടിച്ചോ ആവശ്യം വരും ...
പറഞ്ഞു തീര്‍ന്നില്ല ...
ഗേറ്റ് തള്ളിതുറന്നു എന്റെ പൊന്നോ ( കൂട്‌ തുറന്നാ കോഴികുഞ്ഞുങ്ങൾ പറന്നു വരണപോലെ ) പെണ് പിള്ളേർ‍ കൂട്ടമായ്‌ ഓടിവരുന്നു .. കണ്ണ് തട്ടാതിരിക്കാനെന്നോണം ഇടയില്‍ ഓരോ ആണുങ്ങളും ....
ഒന്നും ഓര്‍മ്മിക്കാന്‍ പോലും സമയം തന്നില്ല ... വരുന്നവരുടെ നേരെ ബോംബേറ് പോലെ കൂട്ടിക്കാരുടെ ബലൂണ്‍ ഏറു ....
ഹോളീരേ .. ഹോളീരേ ,, എന്ന് ഉച്ചത്തിലുള്ള ശബ്ദം മാത്രം ..എന്നെ രണ്ടു മൂന്നു പെണ് കുട്ടികള്‍ വട്ടം പിടിച്ചിരിക്കുന്നു .. അവര്‍ തോന്നിയ പോല്‍ എന്നെ കളര്‍ പൂശുന്നു ...
"ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിതാണ് ഇതാണ് എന്ന് തോന്നിച്ച നിമിഷങ്ങള് " ‍ ....
ഡാ ആ കയ്യിലിരിക്കണ സഞ്ചിയില്‍ നിന്ന് കളറെടുത്തു അവരെയും തേയ്ക്കടാ ന്ന് കൂട്ടുകാരന്‍ ....
ഒരു കളരി അഭ്യാസിയെ പോലെ ഞാന്‍ വലതുമാറി , ഇടതുമാറി ഞെരിഞ്ഞമര്‍ന്നു ,, സഞ്ചിയില്‍ കയ്യിട്ടു ചായമെടുത്തു വാരി കോരിയങ്ങട് തേയ്ക്കാന്‍ തുടങ്ങീ ...
ഹ ഹ ഹ .. എങ്ങനെ ചിരിക്കാതിരിക്കും .... കൂടെ പ്രായത്തില്‍ മൂത്ത ചേട്ടനാ മ്മടെ ജോസഫെട്ടൻ ..ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ചാണകുഴീന്ന് എഴുന്നേറ്റു വരാന്നു വിചാരിക്കും
, ആരോ പുള്ളിയെ പച്ച പൂശി .... ഹി ഹി ഹി നേപ്പാളിലും ലീഗുകാരനോ ....
സ്നേഹത്തിന്റെ വര്‍ണ്ണങ്ങള്‍ വാരി വിതറിയ മനോഹര നിമിഷങ്ങള്‍ ...
സോള്‍ട്ടിയെ നിറങ്ങള്‍ ചാലിച്ച് സുന്ദരിയാക്കാന്‍ പിന്നീട് ഞങ്ങള്‍ ഒരുമിച്ചൊരു യാത്രയായിരുന്നു ... ...
ഒരിക്കലും മറക്കാന്‍ കഴിയാത്ത നേപ്പാള്‍ ജീവിതത്തിലെ ഒരു മനോഹരദിനം വീണ്ടുമിന്ന്
ഓര്‍മ്മകള്‍ക്ക് നിറങ്ങള്‍ നല്‍കി ഈ ഹോളി ദിനത്തില്‍ ....
മറവികള്‍ മനുഷ്യനനുഗ്രഹമാണെങ്കിലും , ചില ഓര്‍മ്മകള്‍ നാം മണ്ണിലലിയുമ്പോള്‍ മാത്രമേ നമ്മില്‍ നിന്ന് മായുകയുള്ളൂ അല്ലെ ???
ജീവന് തുല്യമായ അത്തരം ഓര്‍മ്മകളീ ജീവിതയാത്രയിലേകുന്ന സുഖവും, സന്തോഷവും,എത്രവലുതെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലയെന്നത് യാഥാര്‍ത്യം ...
" നേപ്പാൾ ദുരന്തം മനസ്സിനുണ്ടാക്കിയൊരു മുറിവ്‌ കൂടി ഇവിടെ കുറിക്കട്ടെ "
ചില നഷ്ട്ടങ്ങള്‍ മനസിനെ ശൂന്യമാക്കും ... അവിടെ ജാതി മത ചിന്തകള്‍ക്കോ , ബന്ധങ്ങള്‍ക്കോ പ്രസക്തിയില്ല .... എന്‍റെ യൗവ്വനം തുടക്കമിട്ടുകൊണ്ട് നാല് വര്‍ഷത്തിന് മീതെ ഞാന്‍ ജോലി ചെയ്തത് നേപ്പാളില്‍ ആണ് ...
മനസ്സുകൊണ്ട് ഞാന്‍ അന്നും ഇന്നും ഒരുപാട് സ്നേഹിക്കുകയും , ഇഷ്ട്ടപെടുകയും ചെയ്യുന്ന നാട് .... നോക്കുന്നിടത്തെല്ലാം അമ്പലങ്ങള്‍ , കാലു കുത്തുന്ന സ്ഥലത്തെല്ലാം, മറ്റു ആരാധ്യ രൂപങ്ങള്‍ .. ആ വഴികളിലുടനീളം തലയില്‍ തൊപ്പിയും വച്ച് ഒരുപാട് തവണ ഞാന്‍ നടന്നു നീങ്ങിയപ്പോഴും , ഒരു ക്രൂശിച്ച നോട്ടമോ ,പുച്ഛ ഭാവമോ , കളിയാക്കാലോ , മറ്റുള്ളവരില്‍ നിന്ന് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല ,,,
ഞാന്‍ നേരിട്ടത് , സ്നേഹത്മകമായ നിറഞ്ഞ പുഞ്ചിരികള്‍ മാത്രം .. അവിടുത്തെ തണുപ്പിനെ ചെറുക്കാന്‍ കഴിയാതെ പലപ്പോഴും ഞാന്‍ വീണുപോയപ്പോള്‍ , എനിക്കാശ്രയവും , സഹായവുമായത് , അവിടുത്തെ കരങ്ങളാണ് ...
. അവിടെ ദുരന്തം നടന്ന നാൾ ഒരുപാട് മുഖങ്ങള്‍ മനസ്സില്‍ മിന്നിമറിഞ്ഞു ... അവര്‍ക്കാര്‍ക്കും ഒന്നും സംഭവിക്കരുതേയെന്നു മനസ്സുകൊണ്ട് പ്രാര്‍ഥിച്ചു ... ഇനിയൊരു ദുരിതങ്ങളും അവര്‍ക്കുമേല്‍ ഉണ്ടാകരുതേ ... എന്ന പ്രാര്‍ത്ഥനയില്‍ .......
ലോകമെങ്ങും കുങ്കുമ നിറങ്ങളുടെ വർണ്ണചാരുതയാൽ മനോഹരമായിടുന്ന ഈ ഹോളി ദിനം നമ്മുടെ മനസ്സും ചിന്തകളും ബന്ധങ്ങളും നന്മയുടേത്‌ മാത്രമായ്‌ തീർക്കാൻ നമുക്ക്‌ കഴിയട്ടെ ...

No comments:

Post a Comment