Tuesday, March 29, 2016

കേരളത്തിലെ പരിസ്ഥിതി സംരക്ഷണം



കേരളം പ്രകൃതി രമണീയമായ ഭൂപ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ്. ഒട്ടേറെ കുളങ്ങളും കിണറുകളും കായലും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ്. ശുചിത്വമുള്ളവരുടെ നാടാണ്. രണ്ടു നേരം കുളിക്കുന്നവരും ശുഭ്രവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്.
ഇതായിരുന്നു മലയാളിയെക്കുറിച്ച് അടുത്ത കാലം വരെയുള്ള ധാരണ.എന്നാൽ ഇന്ന് ആ ധാരണ മാറ്റിക്കൊണ്ടിരിക്കുകയാണ് നാം. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വം എന്താണെന്ന് മലയാളിക്കറിയില്ല..
ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനമുള്ളതാക്കി മാറ്റാനും അങ്ങിനെ പരിസ്ഥിതി സംരക്ഷിക്കുവാനുമുള്ള മാർഗ്ഗങ്ങൾ പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ടു്
നഗരങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യന്റെ സ്വാർത്ഥത കാരണം പ്രകൃതിസമ്പത്തുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു തുടങ്ങി
വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം വായു മണ്ണ് ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ്.
പരിസരം അല്ലെങ്കിൽ പരിതസ്ഥിതിഎന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്.പ രിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടേയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി.
പരിസ്ഥിതി ശോഷണത്തിന് വിവിധ കാരണങ്ങളുണ്ട്.
ജലമലിനീകരണം വനനശീകരണം ജനപ്പെരുപ്പം ടൂറിസം മേഖലയുടെ കടന്നുകയറ്റം രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ വ്യവസായ സംരംഭങ്ങളുടെ അതിപ്രസരം ശബ്ദമലിനീകരണംഅമിത മത്സരബുദ്ധി സ്വാർത്ഥ താല്പര്യങ്ങൾ സങ്കചിത മനോഭാവങ്ങൾ ഇങ്ങിനെ നിരത്തിവെക്കാൻ ഒരുപാടു കാരണങ്ങൾ ഉണ്ട്.
ജൈവവൈവിധ്യം:-
പ്രഥമവും പ്രധാനവുമായ ഒന്നാണ് ജൈവ വൈവിധ്യശോഷണം.
എന്താണ് ജൈവ വൈവിധ്യം :- ജീവജാലങ്ങളുടെ എണ്ണം അവ തമ്മിലുള്ള സാദൃശ്യങ്ങൾ വൈജാത്യങ്ങൾ പുനരുല്പാദനരീതികൾ ജനിത ഘടനയിലുള്ള അവസ്ഥാ ഭേദങ്ങൾ ആ കൃതി ഇവയെല്ലാം കൂടി ചേർന്നതാണ് ജൈവ വൈവിധ്യം അഥവാ Biodiversity
യുഗയുഗാന്തരങ്ങളായി രൂപാന്തരം പ്രാപിച്ച് നമ്മൾ അനുഭവിച്ചു വരുന്ന ഈ പ്രകൃതി സൌഭാഗ്യം അടുത്ത തലമുറകൾക്ക് പകർന്നു നൽകാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ... ഇവിടെയാണ് ജൈവവൈവിധ്യ
സംരക്ഷണത്തെപ്പറ്റി നാം തീവ്രമായി ചിന്തിക്കേണ്ടത്. പല ജൈവ വിഭവങ്ങളും വംശനാശ ഭീഷണിയിലാണ്.
ജലമലിനീകരണം :- ഇന്നാകട്ടെ മഴക്കാടുകൾ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ജലസ്രോതസ്സുകൾ മലിനപ്പെട്ടു തുടങ്ങിയതോടെ ശുദ്ധജല ക്ഷാമം രൂക്ഷമായി. സമുദ്രങ്ങളുടെനിലയും പരിതാപകരമാണ്. എണ്ണ പ്രസരിച്ചു കിടക്കുന്ന വെള്ളവും സമുദ്രാന്തർഭാഗത്തെ അണുവിപ്പോടന പരീക്ഷണങ്ങളും ജലത്തെ മലീമസമാക്കിയിരിക്കയാണ്. വായുവിൽ കലരുന്ന അണുശക്തിയുടെ അംശങ്ങൾ നമ്മെ മരണത്തിലേക്കാണ് അടുപ്പിക്കുന്നത്
വനനശീകരണം - ആവാസവ്യവസ്ഥയുടെ നെടുംതൂണുകളാണ് വൃക്ഷങ്ങൾ. വന സമ്പത്ത് സംരക്ഷിക്കേണ്ടുന്നതിനു പകരം ധൂർത്തടിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. വൃക്ഷലതാദികൾ മാത്രമല്ല മണ്ണ് ഭൂമി വായു ജലം പ്രകൃതി വിഭവങ്ങൾ മനുഷ്യൻ എല്ലാം തന്നെ പരസ്പരാശ്രിതത്തിൽ ജീവിക്കുന്നവരാണ്. അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ അംശം കുറഞ്ഞ് വരികയും പുനരുല്പാദനത്തിനുള്ള സാധ്യത കുറയുകയും ചെയ്യുന്നിടത്ത് നാം സ്വന്തം അസ്തിത്വത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടിയിരിക്കുന്നു. പ്രപഞ്ച ജീവിതഘടനയുടെ താളം തെറ്റിയാൽ സംഭവിക്കുന്ന വിപത്ത് പ്രവചനാതീതമാണ്. കുറഞ്ഞു വരുന്ന മഴയുടെ അളവ് കാലാവസ്ഥയെ തകിടം മറിക്കുന്നു.
ഉയർന്നു വരുന്ന വ്യവസായ മേഖല :- ശാസത്ര വികസനം മനുഷ്യന്റെ ജീവിത സൌകര്യങ്ങളെ സ്വാധീനിച്ചതിന്റെ ഫലമായിട്ടാണ് വ്യവസായ ശാലകളും കൂറ്റൻ ഗുഹ സമുച്ചയങ്ങളും ഉയർന്നു വന്നത്.
ശബ്ദമലിനീകരണം:- വ്യവസായശാലകളുടെ പ്രവർത്തനം വാഹനങ്ങളുടെ ആധിക്യം എന്നിവയാണു് ശബ്ദമലിനീകരണത്തിനു കാരണമാകുന്നത്.
ഇതിൽ നിന്നും മുക്തി നേടുന്നതിന് പ്രധാനമായും നാം ചെയ്യേണ്ടത് മാലിന്യ സംസ്കരണമാണ്.. അതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക .പരിസ്ഥിതി നാശത്തിനു കാരണമായ ഘടകങ്ങളെ സമൂഹത്തിന്റെ ദൃഷ്ടിയിൽ കൊണ്ടുവരിക.പ്രതികൂല സാഹചര്യങ്ങളോടു മല്ലിടാൻ സ്വയം സന്നദ്ധരാകുക.. പകർച്ചവ്യാധികളെ തടയാനും ആരോഗ്യപരിപാലനത്തിനും ശുചിത്വത്തിന്റെ പ്രാധാന്യംജനങ്ങളിലെത്തിക്കുക. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന സംരംഭങ്ങളും സഹായങ്ങളും നൽകുക എന്നിവയാണ്
മാലിന്യ സംസ്കരണം ഒന്നുകൊണ്ടു തന്നെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒരു പരിധി വരെ സാധിക്കും.. അയൽ സംസ്ഥാനങ്ങളിലെ പോലെ എക്സ് നോറ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുൻകൈയെടുക്കണം. മാലിന്യ നിർമ്മാർജ്ജനത്തിൽ ഓരോ പൌരനേയും ഭാഗഭാക്കാക്കണം.
വീടുകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ചു് കമ്പോസ്റ്റ് വളം ഉണ്ടാക്കി ജൈവവളമായി ചെടികൾക്കുപയോഗിക്കാം
പൊതുജനങ്ങളും സർക്കാരും സംഘടിച്ച് പ്രവർത്തിക്കുകയാണെങ്കിൽ സുരഭില സുന്ദരമായ കേരളത്തെ നമുക്ക് വീണ്ടെടുക്കാം.

No comments:

Post a Comment