Wednesday, March 30, 2016

ചാലിശ്ശേരി



"ശ്യാമസുന്ദര കേരകേദാര ഭൂമീ.........." ഈ ഒറ്റ വരിയിലുണ്ട് ഗ്രാമത്തിന്റെ വശ്യമനോഹാരിത. പച്ചപ്പരവതാനി വിരിച്ച, തോടും, പാടവും, കാടും, മലയും എല്ലാമുള്ള എന്റെ കൊച്ചു ഗ്രാത്തിലേക്ക് ഞാൻ നിങ്ങളെ കൂട്ടികൊണ്ടു പോവുകയാണ്.... അവിടെ നിങ്ങൾക്ക് പഴമയുടെ ബാക്കിപത്രമായ കുറച്ചു മനുഷ്യരെ കാണാം. ഇനിയും അവശേഷിക്കുന്ന ഗ്രാമത്തിന്റെ നിഷ്കളങ്കത കാണാം.... അല്പ സമയം പ്രകൃതിയെ പ്രണയിച്ചുകൊണ്ട് നമുക്കൊന്നു പോയിവരാം എന്റെ സ്വന്തം നാട്ടിലേക്ക്..........
പറയാൻ ഒരുപാട് ചരിത്രങ്ങളുള്ള പാലക്കാട് ജില്ലയിലെ കൊച്ചുഗ്രാമം ചാലിശ്ശേരി. ആ പേരു കേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുക, ജനസാഗരം ഒഴുകിയെത്തുന്ന, ജാതി-മത-വർഗ്ഗ ഭേദമന്യേ പല ദേശക്കാർ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഞങ്ങളുടെ സ്വന്തം മുലയംപറമ്പത്ത്കാവ് പൂരമാണ്. അൻപതോളം ഗജവീരന്മാരും താളവാദ്യ,നയന വിസ്മയങ്ങളും തീർക്കുന്ന മനോഹര നിമിഷങ്ങൾ.....
അതുപോലെ തന്നെയാണ് ഇവിടുത്ത പള്ളികളും, ഗ്രാമത്തിന്റെ വിവിധ ഭാഗത്ത് നിലകൊളളുന്ന ധാരാളം പള്ളികൾ....ക്രൈസ്തവ-മുസ്ലീം പള്ളികളാണെങ്കിലും പെരുന്നാളും നബിദിനവുമെല്ലാം എല്ലാവർക്കും ആഘോഷമാണ്. മതേതരത്വത്തിന്റെ നല്ലൊരു ഉദാഹരണമാണ് എന്റെ നാട്.
ആഘോഷങ്ങൾ പോലെ തന്നെ ഇവിടത്തെ സഥലങ്ങൾക്കും പ്രത്യേകതയുണ്ട്. ഇരുമ്പുകുന്ന്, നരിമട, ചിറ തുടങ്ങിയ പേരുകൾക്കെല്ലാം പറയാനുണ്ട് രസകരമായ കഥകൾ... ചെങ്കുത്തായ ഒരു മല പോലയാണ് ഇരമ്പുകുന്ന് എന്നാണ് കണ്ടാൽ തോന്നുക. തഴെ നിന്നും കയറി മുകളിലെത്തിയാൽ പരന്ന പ്രദേശവും. പണ്ടുനാളുകളിൽ നമ്പൂതിരിമാരുടെ കൈവശസ്വത്തായിരുന്നു. ഇവിടത്തെ ഒരു പ്രത്യേകതയാണ് 'കള്ളൻമട' അതൊരു ഗുഹയാണ് കുറേ നീളമുള്ള ഒരു ഗുഹ. നമ്മൾ മുകളിലൂടെ നടക്കുമ്പോൾ അറിയാം അതിനുള്ളിൽ നിന്നും വരുന്ന മുഴക്കം.... പണ്ട് ഖിലാഫത്ത് ലഹളയൊക്കെ നടന്നിരുന്ന കാലത്ത് ഒളിച്ചുതാമസിക്കാൻ ഉണ്ടാക്കിയതാണ് എന്ന് ചരിത്രം. എന്നാൽ പിന്നീട് കള്ളന്മാരുടേയും മദ്യപാനികളുടേയും ഇടത്താവളമായി മാറി. അങ്ങിനെ വന്ന പേരാണത്രെ 'കള്ളൻമട'. പണ്ട് ഓണക്കാലങ്ങളിൽ പൂക്കൂടയുമായി കുന്നുകയറിയാൽ ധാരാളം പൂക്കളുമായി മടങ്ങിവരാം. അത് എന്റെ ബാല്യത്തിലെ ഒരു സുഖമുളള ഓർമ്മ. കാലത്തിന്റെ മാറ്റം കുന്നിനേയുംബാധിച്ചു... ഇന്ന് ഈ കുന്നിന്റെ പകുതി മാത്രമേ നിലവിലുള്ളു. പകുതിയിൽ 'റോയൽ ഡെന്റൽ കോളേജ്' എന്ന സ്ഥാപനം ഉയർന്നുവന്നിരിക്കുന്നു. എങ്കിലും ആ സംരംഭം നാട്ടിലെ ഒരുപാട് തൊഴിൽ രഹിതർക്ക് തൊഴിൽ നല്കി എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. "നരിമട" ,അവിടെ നരികൾ കാണപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. അവ ഉണ്ടാക്കിയെടുത്ത മാളങ്ങൾ ഇന്നും അവിടെ അവശേഷിക്കുന്നു.... പിന്നെ "ചിറ" എന്നത്, ഒരു വലിയ ജലാശയം ഉണ്ടവിടെ നിറയെ പായലുകളും പാറക്കെട്ടുകളുമുള്ള ആ കുളത്തിന്റെ സ്മരണാർത്ഥമാണ് ആ പേരു വന്നത്.
ഇതൊന്നുമല്ലാട്ടോ, എന്റെ ഗ്രാമത്തിന്റെ മനോഹാരിത കാണാൻ പാടത്തിനു നടുവിലൂടെയുള്ള നാട്ടുവഴിയിലൂടെ ഒന്നു നടക്കണം. സൂര്യൻ യാത്ര പറഞ്ഞിറങ്ങുന്ന സന്ധ്യകളിൽ ആ വഴിയിലൂടെ നടക്കാൻ എന്തു രസമാണെന്നോ....!!! ഇരു വശങ്ങളിലും പച്ച പട്ടുടുത്ത നെൽപാടങ്ങൾ.... തിരിച്ചുപോകാൻ മനസ്സില്ലാതെ മേഞ്ഞുകൊണ്ടിരിക്കുന്ന ആട്ടിൻപറ്റങ്ങൾ....അവയ്ക്കു നടുവിൽ നീളൻ വടിയുമായി ഒരമ്മൂമ്മയും... മറുവശത്ത് കൊറ്റിപ്പെണ്ണിന് പശുകിടാവിനോടുള്ള പ്രണയസല്ലാപം.. വഴിക്കു നടുവിലൂടെയുള്ള പാലം തോടിനു കുറുകെയാണ്. മഴക്കാലത്ത് നിറയെ വെള്ളമുള്ളപ്പോൾ ധാരാളം കുട്ടികളുണ്ടാവും മീൻ പിടിക്കാൻ... അവിടെയിരുന്ന് അകലേക്കു നോക്കിയാൽ നിരനിരയായെ മഞ്ഞുമൂടിക്കിടക്കുന്ന മലകൾ കാണാം. ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണത്. പാടത്തിനു രണ്ടറ്റവും ചൈതന്യമുള്ള രണ്ടു ക്ഷേത്രങ്ങളാണ്.
ക്ഷേത്രങ്ങളിൽ ഇടക്കിടെ അരങ്ങേറുന്ന കഥകളിയും, ഓട്ടൻതുള്ളലും, ചാക്യാർകൂത്തും, കുട്ടികളുടെ ചെണ്ടമേളപഠനവുമെല്ലാം ഇവിടത്തെ കലകളും പൈതൃകവുമെല്ലാം പൂർണ്ണമായും നശിച്ചിട്ടില്ല എന്നതിനു തെളിവാണ്. ഈ ക്ഷേത്രത്തിന് അടുത്തായി നിർമ്മിച്ചിരിക്കുന്ന ജലസംഭരണി ഏറെ ശ്രദ്ധയാകർഷിച്ചതാണ്. ഓം എന്ന മാതൃകയിൽ നിർമ്മിച്ച ഈ സംഭരണി വളരെ മനോഹരമാണ്.
അയ്യോ...എന്റെ ഗ്രാമത്തെ പറ്റി ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങളുടെ മുത്തശ്ശിയെ പരിചയപ്പെട്ടില്ലാല്ലേ..... നാട്ടിലെ പ്രായംചെന്ന അമ്മൂമ്മയാണ്. വയസ്സ് തൊണ്ണൂറ്റിയാറായിട്ടും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു പറയുന്ന അമ്മൂമ്മയുടെ ആരോഗ്യരഹസ്യംപണ്ടത്തെ പഴംകഞ്ഞിയും ചക്കപ്പുഴുക്കും തന്നയാണ്. വിഷമയമാർന്ന ഭക്ഷണവും ഫാസ്റ്റ് ഫുഡുംമാത്രം ശീലമാക്കിയ നമ്മൾ യുവതലമുറക്ക് ഒരു നല്ല മാതൃക. അവരുടെ അടുത്തു ചെന്നാൽ കേൾക്കാൻ ഒരുപാട് കഥകളുണ്ടാകും. പണ്ട് പുലർച്ചെ തിരുവാതിര കുളിച്ചത്, മനക്കലെ ആത്തേമാരോടൊപ്പം കൈകൊട്ടികളി കളിച്ചത്, അങ്ങിനെ തുടങ്ങി ആദർശധീരയായി പ്രസ്ഥാനത്തിനുവേണ്ടി കൊടി പിടിച്ചതുവരെ ഒരുപാടു കഥകൾ.......
ഇനി എന്റെ സ്വന്തം വിദ്യാലയം, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചാലിശ്ശേരി. ഒരുപാട് മഹാരഥൻ മാരെ വളർത്തികൊണ്ടുവന്ന മഹത്തായ സരസ്വതീക്ഷേത്രം. ഒരുപാട് കുരുന്നുകളെ അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കയറ്റിയ വഴികാട്ടി.....
ഒരു ഗ്രാമത്തിന്റെ മുഖമുദ്രയാണ് അവിടത്തെ പോലീസ് സ്റ്റേഷനും ആശുപത്രിയും. അക്രമവും ബഹളവുമില്ലാതെ ഒരു നാട് നന്മയിലേക്ക് നയിക്കാൻ അവിടത്തെ പോലീസ് സ്റ്റേഷന് നല്ലൊരു പങ്കുണ്ട്..ആ കാര്യത്തിൽ എന്റെ ഗ്രാമത്തിലേത് ഒരു മാതൃകാ പോലീസ് സ്റ്റേഷൻ തന്നെയാണ്.
നാലു ഡോക്ടർമാർ സദാ സേവനമനുഷ്ടിക്കുന്ന ഒരു പ്രൈമറി ഹെൽത്ത് സെന്റർ.... വാർഡുകൾ , ഡയാലിസിസ് യൂണിറ്റ് തുടങ്ങി എല്ലാ സൗകര്യവുമുള്ള സർക്കാർ ആശുപത്രി നാടിന് മേന്മ തന്നെയാണ്......
ഇനി നമുക്ക് രണ്ടു വ്യക്തികളെ പരിചയപ്പെടാം.അക്ഷരശ്ലോകം എന്ന മഹത്തായ കല പലരും കേട്ടിട്ടുപോലുമുണ്ടാകില്ല. ഈ രംഗത്തെ കുലപതിയായ ശ്രീ നാരായണൻ നമ്പൂതിരി എന്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ഞാനെന്ന് അഭിമാനത്തോടെ ഇവിടെ ഓർക്കന്നു. ഇനിയുള്ളത് നാടിന്റെ എല്ലാമെല്ലാമായ ബിനീഷേട്ടൻ....ഒരു സാമുഹ്യ പ്രവർത്തകൻ. ജാതിമത, രാഷ്ട്രീയ ഭേദമന്യേ എന്തു സഹായവും ചെയ്യുന്ന പച്ചയായ മനുഷ്യൻ.... കാറിൽ നിന്നിറങ്ങാതെ സേവനം ചെയ്യുന്ന നേതാക്കളിൽ നിന്നും വത്യസ്തമായി ഇത്തരം വ്യക്തിത്വങ്ങൾ ഗ്രാമങ്ങളിലെ മാത്രം കാഴ്ചയാണ്.
ഇവിടുത്തെ പച്ചപ്പും പാടങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ നല്ലൊരു പങ്കും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കുമാണ്. ഇത്തരം സംരഭങ്ങൾക്ക് തുടക്കം കുറിച്ച സർക്കാരിന് അഭിനന്ദനങ്ങൾ....
നഗരവത്കരണത്ത്ന്റെ അതിപ്രസരം മൂലം ഗ്രാമഭംഗികൾ മങ്ങിതുടങ്ങിയ ഈ കാലത്ത് നമ്മളിൽ പലർക്കും ഇവയെല്ലാം ഓർമ്മകളാവുകയാണ്. ആ മനോഹാരിതയും നൈർമല്യവും നഷ്ടപ്പെട്ടുപോകാൻ ഇനി അധികനാൾ വേണ്ടിവരില്ല. അന്ന് നമ്മുടെ മക്കളും പേരക്കുട്ടികളും അതിശയത്തോടെ ചോദിക്കും എന്താണ് "ഗ്രാമം"....!!!!!!!!?
നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും അല്പനേരം എന്റെ ഗ്രാമത്തിലെ ശുദ്ധവായുവിലൂടെ സഞ്ചരിച്ചപ്പോൾ എന്തു തോന്നി? ഇഷ്ടമായോ എന്റെ നിർമ്മല ഗ്രാമം? ഇതാണ് ഞാൻ ജനിച്ചു വളർന്ന എന്റെ സ്വർഗ്ഗം........

2 comments:

  1. നല്ലൊരു പോസ്റ്റ്‌

    ReplyDelete
  2. This comment has been removed by the author.

    ReplyDelete