Thursday, March 24, 2016

സഹ്രാന്‍


ബാങ്കിലേയ്ക്കുള്ള യാത്ര. വളരെ തിരക്കുണ്ടായിരുന്നില്ല നിരത്തില്‍. യു എ ഇ-ല്‍ ട്രാഫിക്‌ ആണല്ലോ പ്രശ്നക്കാരന്‍. സിഗ്നല്‍ പച്ച കത്താനായി കാത്തു നില്ക്കുമ്പോഴായിരുന്നു ഒരു സൈക്കിള്‍കാരന്‍റെ വരവ്. അരികു ചേര്‍ന്ന് അങ്ങ് പോകാമെന്ന് അവനും വിചാരിച്ചിരിക്കും . പെട്ടെന്ന്‍ പച്ച വെളിച്ചം കണ്ടു . റോയിച്ചന്‍ വണ്ടി അല്പം നീക്കി .അവന്‍ സൈക്കിള്‍ കൃത്യമായി വണ്ടിയില്‍ തട്ടി, നിര്‍ത്തി. തൊട്ടു പിന്നില്‍ തന്നെ പോലീസ് വണ്ടിയും ഉണ്ടായിരുന്നതിനാല്‍ അവിടെ സൈഡില്‍ ഒതുക്കി പോലീസ് വണ്ടിയുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ സൈക്കിള്‍കാരന്‍ കുറ്റം സമ്മതിച്ചു. പോലീസ് തന്ന പേപ്പറുമായി തിരികെ നടക്കുമ്പോള്‍ പൊടുന്നനെ ആ പോലീസ്ഓഫീസറുടെ വാക്കുകള്‍ റോയിച്ചനെ പിടിച്ചു നിര്‍ത്തി .
"സാര്‍ , ദാറ്റ്സ് സര്‍ഗ മിസ്സ്‌ ?"
"എസ് ,. വാട്ട്‌സ് അപ് "?
ഉത്തരം പറയാതെ അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങി, എന്‍റെ അടുത്തേയ്ക്ക് വന്നു .
"ഗുഡ് മോര്‍ണിംഗ് മിസ്സ്‌ , ഡൂ യു നോ മി ?"
"ഗുഡ് മോര്‍ണിംഗ് .......സോറി .......യു .....", എന്‍റെ മുഖത്തെ ഭാവം അവനെ വിഷമിപ്പിച്ചെന്നു തോന്നുന്നു.
പെട്ടെന്ന് ഒരു പേര് എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി. 'സഹ്രാന്‍'... പതിയെ ഞാന്‍ അത് പറയുന്നതുപോലും അവന്‍ കേട്ടു.
"എസ് മിസ്സ്‌ ഐ അം സഹ്രാന്‍. ഇന്‍ഷാ അള്ളാ , യു റിമെമ്ബെര്‍ മി." , അവന്‍റെ സന്തോഷം അലതല്ലുന്ന മുഖം എന്നെയും ഏറെ സന്തോഷിപ്പിച്ചു. . അധ്യാപകര്‍ക്ക് ലഭിക്കുന്നൊരു പുണ്യമാണത്.
"നൌ യു ആര്‍ ഇന്‍ ഗുഡ് പൊസിഷന്‍ , റൈറ്റ് ?"
"എസ് മിസ്സ്‌ ഐ അം "
"ഓള്‍ ദി ബെസ്റ്റ് മൈ സണ്‍ , ഗോഡ് ബ്ലെസ് യു. നൌ ഐ അം റിയലി പ്രൌഡ് ഓഫ് യു.".
"താങ്ക്യൂ മിസ്സ്‌ ".
"ഓക്കേ ഡിയര്‍ ക്യാരി ഓണ്‍ "
ഓര്‍മ്മകളുടെ ഓളക്കയങ്ങളിലേക്ക് എന്‍റെ മനസ്സിനെ കുടഞ്ഞെറിഞ്ഞ്‌ അവന്‍ യാത്രയായി.
എട്ടൊന്‍പതു വര്‍ഷങ്ങള്‍ പിന്നിലേയ്ക്കാണ്‌ ഞാന്‍ ചെന്ന് നിന്നത്, അജ്മാനിലെ ഒരു സ്കൂളില്‍. ഒരു താണ നിലവാരത്തിലുള്ള സ്കൂള്‍. പല രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ടവിടെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പകുതിയും. പട്ടിണി ആകാതിരിയ്ക്കാന്‍ വേണ്ടി എങ്ങനെയും ഈ രാജ്യത്ത് കഴിഞ്ഞു കൂടുന്നുവര്‍.
കുരുത്തക്കേടുകളും മറ്റും കാണിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യുന്ന കുട്ടികളോട് രക്ഷിതാക്കള്‍ പറയുന്നതിങ്ങനെയാണ്.
" നിനക്ക് പഠിക്കാന്‍ വയ്യായെങ്കില്‍ പഠിക്കേണ്ട, തിരികെ നാട്ടിലേക്ക് പൊയ്ക്കൊള്ളൂ."
സ്വന്തം രാജ്യത്തെ 'ദാരിദ്ര്യസമൃദ്ധി' അറിയാതെ പറഞ്ഞുപോകുന്നവര്‍.
വളരെ ചുരുങ്ങിയ സൗകര്യങ്ങളില്‍ താഴ്ന്ന ഫീസില്‍ പഠിക്കുന്ന കുട്ടികളുടെ സ്കൂള്‍.
ഒരു ദിവസം ബ്രേക്ക്‌ ടൈം ,ഞാനും ഡ്യൂട്ടിയില്‍ ആയിരുന്നു. ഗ്രൗണ്ടില്‍ ആണ് ഡ്യൂട്ടി . കുട്ടികള്‍ ആഹാരം കളയുകയോ പരസ്പരം വഴക്കുണ്ടാക്കുകയോ ചെയ്യുന്നുണ്ടോ എന്ന് നോക്കലാണ് പണി. ചെറിയ കുട്ടികള്‍ ഓടിക്കളിക്കുന്നുണ്ടാവും. ഒറ്റമുറി വീട്ടില്‍ നിന്നു വരുന്ന കുട്ടികളോട് കളിക്കരുത് എന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ അവര്‍ മുതിര്‍ന്ന കുട്ടികള്‍ക്കിടയില്‍ സുരക്ഷിതരായി കളിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് ഹൗസ് ക്യാപ്റ്റന്‍സ്.
'ടീച്ചര്‍ , ലുക്ക്‌, മറിയം ഫെല്‍ ഡൌണ്‍ " , ശബ്ദം കേട്ട ഭാഗത്തേക്ക് പെട്ടെന്ന് ചെന്നു. ഒരു ചെറിയ കുട്ടി ഓടിക്കളിക്കുന്നതിനിടയില്‍ വീണു പോയി. കൈമുട്ട് അല്പം ഉരഞ്ഞിട്ടുണ്ട്‌. അവള്‍ തേങ്ങിക്കൊണ്ട്‌ എന്തോ പറയുന്നുണ്ട്.
" ഷീ വാണ്ട്സ് ടൂ സീ ഹേര്‍ ബ്രദര്‍ , ടീച്ചര്‍ ".
ഒരു കുട്ടി വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അവന്‍ എത്തിയിരുന്നു.
അവനെക്കണ്ടതും കുട്ടി കെട്ടിപ്പിടിച്ചു നിലവിളി ആയി. അവനും കരയുന്നു . ആകെ പ്രശ്നം.
"ടീച്ചര്‍ , പ്ലീസ് ഡൂ സംതിംഗ്ഫോര്‍ മൈ സിസ്റ്റര്‍"
"എസ് മൈ ഡിയര്‍ , വീ കാന്‍ ടേക്ക് ഹേര്‍ ടൂ ദി ക്ലിനിക്‌ ".
അവന്‍ തന്നെ അവളെ എടുത്തു ക്ലിനിക്കിലേയ്ക്ക് വന്നു. നേഴ്സ് ആ ചെറിയ പോറലുള്ള ഭാഗം ക്ലീന്‍ ചെയ്തു മരുന്ന് പുരട്ടി.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ കുട്ടികളുടെ സ്നേഹം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. പണവും ആഡംബരങ്ങളും ഒക്കെ ഒരു മിഥ്യയായിത്തീരുന്നു സ്നേഹത്തിനു മുന്നില്‍....
* * *
അടുത്ത വര്‍ഷം പുതിയ ക്ലാസ്സ്‌ ചാര്‍ജ് . ആദ്യദിവസം തന്നെ കുട്ടികളെയൊക്കെ പരിചയപ്പെട്ടു. എല്ലാം ആണ്‍കുട്ടികള്‍ ആണ്. അതിനിടയില്‍ അവന്‍. അന്നെന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചവന്‍. പേര് സഹ്രാന്‍ . പതിയെ എല്ലാപേരെയും അടുത്തറിയാന്‍ തുടങ്ങി. അല്പം ശിക്ഷാരീതികളൊക്കെ പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്. സാവകാശം ഞാന്‍ മനസ്സിലാക്കി സഹ്രാന്‍പഠിത്തത്തില്‍ വളരെ പിറകിലാണെന്ന്. ബോര്‍ഡില്‍ നോക്കിയും അടുത്തിരിക്കുന്ന കുട്ടികളുടെ ബുക്കില്‍ നോക്കിയും കണക്കുബുക്കില്‍ അവന്‍ എഴുതുന്നുണ്ടായിരുന്നു.
ബുക്കുകള്‍ സ്ഥിരമായി കൊണ്ടുവരാത്ത അവനെക്കൊണ്ട് എല്ലാദിവസവും ബുക്കുകള്‍ കൊണ്ടുവരുന്ന രീതിയിലേയ്ക്ക് മാറ്റാന്‍ കഴിഞ്ഞു എന്നതായിരുന്നു ആദ്യത്തെ നേട്ടം. പതിയെ അവനെ ഞാന്‍ പഠിക്കാന്‍ തുടങ്ങി. വെറുതെ അവനിഷ്ടമുള്ള കാര്യങ്ങള്‍ ഒക്കെ മനപൂര്‍വ്വം ചോദിച്ചു. അതിനിടയില്‍ ഒരു ദിവസം അമ്മയെ ക്കുറിച്ചായി അന്വേഷണം. പെട്ടെന്ന് ക്ലാസ് വളരെ നിശ്ശബ്ദമായ പോലെ. എന്താണെന്നറിയാതെ ഞാന്‍ അന്തംവിട്ടു നില്‍ക്കെ ഒരു പേപ്പര്‍ കഷണം എന്റെ കൈയില്‍ കിട്ടി.
" മിസ്സ്‌, ഹി ഡോണ്ട് ഹാവ് എ മോം ", എന്ന സന്ദേശം.
എന്‍റെ കണ്ണുകള്‍ നിറഞ്ഞു . അറിയാതെയാണെങ്കിലും അവനെ വേദനിപ്പിച്ചു എന്നെനിക്കു തോന്നി. മനസ്സിലേയ്ക്ക് അവന്‍റെ പെങ്ങളുടെ മുഖവും തെളിഞ്ഞു വന്നു.
പീരീഡ്‌ കഴിഞ്ഞു എന്നറിയിക്കുന്ന ബെല്ലില്‍ ഞാന്‍ എന്‍റെമുഖാവരണം ഒളിപ്പിച്ചു.
അവനെ ക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ചിന്ത വീണ്ടും കലശലായി. പിന്നെ വീട്ടില്‍ ആരോക്കെയുണ്ടെന്നറിയാനുള്ള ശ്രമങ്ങള്‍ ആയിരുന്നു. ആരാണ് പഠിക്കാന്‍ വീട്ടില്‍ സഹായിക്കാറുള്ളത് എന്ന ചോദ്യത്തിന് ,
ആരുമില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.
"മെയ്ഡ്സ് ആര്‍ ദേര്‍, ബട്ട്‌ ദേ വോന്റ്റ്‌ ടീച്ച് അസ് ".
" ഓക്കേ ,ദെന്‍ വാട്ട് എബൌട്ട്‌ യുവര്‍ ഫാദര്‍ "?
" ഹീ വില്‍ കം ടു ഓര്‍ ത്രീ ഡേയ്സ് ഇന്‍ അ വീക്ക്‌".
"ഓക്കേ ഗിവ് മി യുവര്‍ ഫാദേര്സ് നമ്പര്‍ ."
" ഐ വില്‍ ഗിവ് യു ടോമോറോ മാം ."
അപ്പോഴാണ് ഒരു വിരുതന്‍, അവന്‍റെ പിതാവ് ഷെയ്ക്ക് ആണ് എന്ന് വിളിച്ചു പറയുന്നത് . അവനെ ഒരു നോട്ടം കൊണ്ടു നിശ്ശബ്ദനാക്കി ഞാന്‍.
അടുത്ത ദിവസം കുട്ടികള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഫ്രീ പീരീഡ്‌ ആയതിനാല്‍ കളിയ്ക്കാന്‍ വിട്ടതാണ്. ആ സമയം മാനേജര്‍ സാര്‍ അതുവഴി വന്നു. ഞാന്‍ അദ്ദേഹത്തെ വിഷ് ചെയ്തു. അദ്ദേഹം തിരിച്ചും. അല്പം ഫ്രീ ആയതിനാലാവും അദ്ദേഹം അല്പനേരം സംസാരിച്ചു. അതിനിടയില്‍ സഹ്രാന്‍ വന്നു അദ്ദേഹത്തെ വിഷ് ചെയ്തു പോയി.
"ഇവന്‍ എങ്ങനെ ഉണ്ട് ക്ലാസ്സില്‍ "?
"പഠിത്തത്തില്‍ വളരെ പിന്നിലാണ് സാര്‍ . ഇത്രയും മോശമായ കുട്ടികളെ പിന്നെയും പിന്നെയും പ്രൊമോട്ട് ചെയ്‌താല്‍ അവരുടെ ഭാവി എന്താകും?"
"അവനെ പ്രൊമോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ല. നമ്മുടെ സ്പോണ്‍സര്‍ ഷെയ്ക്ക് ആണ് അവന്‍റെ ഗാര്‍ഡിയന്‍."
"അവന്‍ അദ്ദേഹത്തിന്‍റെ മകനോ ?"
"അവനെ എടുത്തു വളര്‍ത്തുന്നു "
"അപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ?"
"അത് ആര്‍ക്കുമറിയില്ല . പള്ളിയുടെ സമീപത്തു നിന്നും കിട്ടിയതാണിവനെ ."
"അയ്യോ " എന്നൊരു നിലവിളി അറിയാതെ എന്നില്‍ നിന്നും പുറത്തേക്കൊഴുകി.
"അതെ ടീച്ചര്‍ , ഇത്തരത്തില്‍ തെരുവുകളില്‍ നിന്നും ഓടയില്‍ നിന്നും പോലും കുട്ടികളെ കിട്ടിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. . നിയമപരമായി വിവാഹിരാകാത്തവര്‍ , അവിഹിതമായ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ എന്നിവരെയൊക്കെ ജനിച്ചയുടനെ ഇങ്ങനെ ഉപേക്ഷിക്കുന്നു . ഇപ്പോള്‍ പത്തോളം കുട്ടികള്‍ ഉണ്ട്.അവരെ നോക്കാന്‍ ആയമാരും."
ഞാന്‍ അന്തം വിട്ടു ഇതെല്ലാം കേട്ടുകൊണ്ട് നിന്നു. മനസ്സില്‍ അന്നത്തെ ആ കാഴ്ച വീണ്ടും ...........
"വരൂ സ്ഥലമെത്തി . ഇറങ്ങാം ", റോയിച്ചന്‍ .
"അവനെക്കുറിച്ചാവും അല്ലേ ചിന്ത ? "
" അതെ , ഞാന്‍ അതൊക്കെ ഒന്ന് ഓര്‍ക്കുകയായിരുന്നു. അവന്‍റെ ഫാദര്‍ സ്കൂളില്‍ വരുമെന്നു പറഞ്ഞ ദിവസം അവന്‍ തുള്ളിച്ചാടുകയായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രസന്നത അവന്റെ മുഖത്തു കണ്ടു. എന്നാല്‍ അദ്ദേഹത്തിന് വരാന്‍ കഴിയാതെ ഡ്രൈവര്‍ ആണ് എത്തിയത്. അത് അവനെ ഏറെ ദുഖത്തിലാഴ്ത്തി .
"സഹ്രാന്‍ വിഷമിക്കേണ്ട , ഇനി ഒരിക്കല്‍ അദ്ദേഹം വരും , ഇപ്പോള്‍ ഞങ്ങള്‍ ഒക്കെയുണ്ടല്ലോ" .എന്ന എന്റെ ആശ്വാസവചനങ്ങള്‍ അവനില്‍ ചെറിയൊരു ചലനം ഉണ്ടാക്കാനേ ഉപകരിച്ചുള്ളൂ.
കുട്ടികളുടെ നിലവാരം അറിയാനാണ് വന്നത്. 'ഇനിയും മെച്ചപ്പെടേണ്ടതുണ്ട്' എന്ന് ഞാന്‍ പറഞ്ഞു. എന്റെ നമ്പറും വാങ്ങി അദ്ദേഹം പോവുകയും ചെയ്തു. പിന്നീട് സഹ്രാനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കഷ്ടിച്ച് ജയിക്കുന്ന പരുവം എത്തി. അപ്പോഴേയ്ക്കും വര്‍ഷാവസാനവും എത്തി .
"സഹ്രാന്‍ , നിനക്ക് ഇനി നന്നായി പഠിക്കാന്‍ കഴിയും.നല്ല ഒരു ജോലിയൊക്കെ വാങ്ങി എന്നെ വന്നു കാണണം . അനിയന്മാരെയും അനിയത്തിമാരെയും സഹായിക്കണം ". അവസാനദിവസം അത്ര മാത്രമേ അവനോടു പറയാന്‍ കഴിഞ്ഞുള്ളൂ .
"ഇപ്പോള്‍ അത് തന്നെയല്ലേ സംഭവിച്ചത് ? "
അതെയെന്നു മറുപടി റോയിച്ചനു കൊടുക്കുമ്പോള്‍ സന്തോഷത്തിന്റെ പ്രതിഫലനം കണ്ണുകളില്‍ മഴവില്ല് തീര്‍ക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment