Monday, March 28, 2016

ചായില്യം...



ചായില്യം...
***************************
നിര്‍മ്മാണം..മനോജ്‌ കാന.
അഭിനേതാക്കള്‍..
അനുമോള്‍,ഗോപകുമാര്‍ ,ജിജോയ് അശോകന്‍.etc
ഗാനങ്ങള്‍..കുരീപ്പുഴ ശ്രീകുമാര്‍
===============================
ചുവപ്പിൻറെ നാനാർത്ഥങ്ങളുമായി ഒരു ചിത്രം.
ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. "ചായില്യം", പേര് സൂചിപ്പിക്കുന്നത് പോലെതന്നെ തെയ്യത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം..
തെയ്യം കലാകാരന്മാരുടെ ആചാരങ്ങളും അവർക്കിടയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥിതി, ആചാരവിശ്വാസങ്ങൾ ഇവമൂലം സ്ത്രീത്വം നേരിടുന്ന പ്രതിസന്ധികളും അവതരിപ്പിക്കുന്നു. ആർത്തവരക്തം പുരണ്ട വസ്ത്രങ്ങൾ പുഴയിലൊഴുക്കി കുളിച്ചു കയറുന്ന ഗൗരിയുടെ ദൃശ്യത്തിലാരംഭിക്കുന്ന ചായില്യം ഗൗരിയുടെ ഓർമ്മകളിലൂടെ അവളുടെ ജീവിതത്തിന്റെ ദുരന്താവസ്ഥകൾ അവതരിപ്പിക്കുന്നു.
ഭർത്താവ്‌ മരിച്ച ഗൗരിയെ തറവാട്ടിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന ഭർത്തൃപിതാവ്‌ അമ്പു പെരുവണ്ണാൻ സമുദായ നേതാക്കളുടെ എതിർപ്പുകളെ അവഗണിക്കുന്നു. അമ്പു പെരുവണ്ണാനെ എതിർക്കുന്ന വണ്ണാൻ സമുദായ നേതൃത്വത്തിന്റെ മുമ്പിൽ തെയ്യത്തിന്റെ ചുവടുകൾ വെയ്ക്കുന്ന ഗൗരിയിൽ ദേവിയുടെ പ്രത്യക്ഷപ്പെടലുണ്ടായെന്നു ഗ്രാമവാസികൾ വിശ്വസിക്കുന്നു.
അറുപതുവർഷമായി കോലോത്ത്‌ മുടങ്ങിയ കളിയാട്ടം ഗൗരിയിലൂടെ പുനരാരംഭിക്കണമെന്ന്‌ ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ തെയ്യം കെട്ടിനുള്ള അടയാളം വാങ്ങി നാൽപ്പത്തൊന്ന്‌ ദിവസത്തെ വ്രതം ഗൗരി ആരംഭിക്കുന്നു
നാട്ടുവൈദ്യൻ കൂടിയായ അമ്പുപെരുവണ്ണാൻ ഗൗരിയുടെ അകാലത്തിൽ നിലച്ചുപോയ ആർത്തവത്തെ വീണ്ടെടുക്കുന്നതിനുള്ള ചികിത്സകൾ സമാന്തരമായി നടത്തുന്നു. തെയ്യത്തിന്റെ അനുഷ്ഠാനശീലങ്ങൾ പഠിച്ചുതീരുന്ന വേളയിൽ നിലച്ചുപോയ ആർത്തവം ഗൗരിയിൽ പുനഃസ്ഥാപിക്കപ്പെടുന്നു. അനുഷ്ഠാനത്തെയും നാട്ടാചാരങ്ങളേയും ഭയക്കുന്ന ഗൗരി ആർത്തവം തിരികെ കിട്ടിയത്‌ അമ്പുപെരുവണ്ണാനെ അറിയിക്കുകയും അയാൾ അവൾക്ക്‌ ധൈര്യം നൽകുകയും ചെയ്യുന്നു.
മാതൃവാത്സല്യം നിഷിദ്ധമാക്കപ്പെട്ട ഗൗരിയുടെ മകൻ ആദർശ്ശ്‌ രാത്രി ഒളിച്ചെത്തി അമ്മയുമായി വഞ്ചിയിൽ ദൂരെയുള്ള കരയിലേയ്ക്ക്‌ നീങ്ങുകയും ചെയ്യുന്നിടത്ത്‌ ചിത്രമവസാനിക്കുന്നു. സ്ത്രീയുടെ വ്യക്തിത്വത്തെ, സ്ത്രൈണതയെ പൂർണ്ണതയിലെത്തിക്കുന്ന ആർത്തവചക്രം അകാലത്തിൽ നിലയ്ക്കുമ്പോൾ ഗൗരിയിൽ പ്രത്യക്ഷപ്പെടുന്ന മാനസിക വിഭ്രാന്തികളെ പ്രാദേശിക സമൂഹം അതിനെ ദേവിയുടെ പ്രത്യക്ഷപ്പെടലായി, പരകായപ്രവേശമായി വിലയിരുത്തുന്നു. തെയ്യമായി പകർന്നാടുന്നതിന്‌ മുന്നോടിയായി വ്രതാനുഷ്ഠാനത്തിലേർപ്പെടേണ്ടി വരുന്ന ഗൗരിയ്ക്ക്‌ ഒരേസമയം തന്റെ ഭൗതികാവസ്ഥകളെയും മത സമുദായിക ആചാരവിശ്വാസങ്ങളെയും മറികടക്കുകയെന്ന സമ്മർദ്ദാവസ്ഥകളെ നേരിടേണ്ടിവരുന്നു.
കണ്ണൂർ ജില്ലയിലെ ചെറുകുന്ന്‌ പ്രദേശത്തെ പശ്ചാത്തലമായി സ്വീകരിച്ച്‌ ആഖ്യാനം ചെയ്യപ്പെട്ട ചായില്യം പ്രാദേശികതയിൽ അടിസ്ഥാനമായി നിലകൊള്ളുന്ന രാഷ്ട്രീയത്തെയും ആവിഷ്ക്കരിക്കുന്നുണ്ട്‌. വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ചലച്ചിത്രകാരന്മാർക്കിടയിൽ മനോജ്‌ കാനയെന്ന സംവിധായകൻ വ്യത്യസ്തനാകുന്നത്‌ വ്യക്തമായ പുരോഗമന രാഷ്ട്രീയ നിലപാടുകൾ പുലർത്തുകയും അവ പൊതുവേദികളിൽ തുറന്നു പ്രകടിപ്പിച്ചുകൊണ്ടുമാണ്‌.
സമാന്തരസിനിമകളിലെ സ്ത്രീ ആവിഷ്കരണത്തിൽ നിന്നും വിഭിന്നമായ കഥാപാത്രമാണ്‌ ചായില്ല്യത്തിലെ ഗൗരി. ഭർത്താവിന്റെ നിരുത്തരവാദിത്വങ്ങളെ, അപമൃത്യുവിനെ അതിജീവിക്കുന്ന ആത്മഹത്യയിലൊതുങ്ങാതെ ജീവിതം ജീവിച്ചുതീർക്കുവാനൊരുങ്ങുന്ന ഗൗരി കീഴാള സ്ത്രീത്വത്തിന്റെ കരുത്ത്‌ പ്രകടിപ്പിക്കുന്നവളാണ്‌.
നവ ഹൈന്ദവ വരേണ്യവർഗ്ഗബോധങ്ങൾ പുലർത്തുന്ന സന്യാസിമഠങ്ങൾ പലതും പ്രതിലോമകരമായ ഇടപെടലുകൾ നിർവഹിക്കുന്നതിനെ പ്രത്യക്ഷതലത്തിൽ വിമർശന വിധേയമാക്കുവാൻ ചായില്യത്തിന്‌ കഴിയുന്നു...
ഇതിലെ കഥയും കഥാപാത്രങ്ങളും ഞങ്ങൾ മലയാളികളുടെ സാമൂഹിക ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയാണ്...
ആള്‍ദൈവസംസ്കാരം അര്‍ബുദം പോലെ പടരുന്ന വര്‍ത്തമാനകാലത്ത് അതിനെ സ്തുതിക്കാനല്ലാതെ വിമര്‍ശിക്കാന്‍ കലാകാരന്മാര്‍ അധികമൊന്നും ധൈര്യം കാട്ടുന്നില്ല എന്നത് വസ്തുതയാണ്. സത്യജിത് റെയും (ദേവി) പ്രിയനന്ദനനെയും പോലുള്ള ചില സംവിധായകർ (ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്) ആള്‍ ദൈവങ്ങള്‍ക്കു പിന്നിലുള്ള ക്രിമിനല്‍ മൂലധനത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയിട്ടുണ്ട്. ഇതിനു തുടര്‍ച്ച തീര്‍ക്കുകയാണ് മനോജ്കാന എന്ന സംവിധായകന്‍ 'ചായില്യം' എന്ന ചിത്രത്തിലൂടെ. അനേകം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദര്ശിപ്പിച്ച ഈ ചിത്രം നവാഗതർക്കുള്ള ഹസ്സന്‍കുട്ടി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചായില്യം ഒന്നാന്തരം സ്ത്രീപക്ഷ ചിത്രം കൂടിയാണ്.
നായികാ കഥാപാത്രം ലീഡ് ചെയ്യുന്ന അധികം സിനിമകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പോലും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം...
ചായില്യത്തെ വ്യത്യസ്തമാക്കുന്ന മറ്റു രണ്ടു ഘടകം അതിലെ രാഷ്ട്രീയവും പ്രാദേശികത്തനിമയുമാണ്.
ചുവപ്പിൻറെ നാനാർത്ഥങ്ങൾ പലപ്പോഴും, തെയ്യം മുഖത്ത് തേക്കുന്ന ചായില്യത്തിന്റെ ചുവപ്പ്. ആര്‍ത്തവരക്തം, തെയ്യക്കോലങ്ങളുടെ ചുവപ്പ്, ഗൌരിയുടെ ചുവന്ന ബ്ളൌസ്, ചുവന്ന പെയിന്റടിച്ച വെയ്റ്റിങ് ഷെഡ് എന്നിങ്ങനെ പലമട്ടില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അവിടെയെല്ലാം സംവിധായകൻറെ ഭാവന വളരെ സിംപോളിക്കായിട്ടു പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ സ്ഥിരം ഫോർമുലകളിലും ക്ളീഷേയിലും അകപ്പെടുത്താതെ ഗൌരിയെ പ്രേക്ഷകന് സമ്മാനിച്ചതിനു ഒരു സംവിധായകൻ എന്ന നിലയിൽ മനോജ്‌ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നില്ക്കുന്നു.
സമൂഹത്തിൻറെ രാഷ്ട്രീയം വളരെ വ്യക്തമായിത്തന്നെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നു. അതിനു ഉദാഹരണമാണ് ഗൌരിയും കണ്ണനും കുടില്‍കെട്ടി താമസിക്കുന്ന പറമ്പിന്റെ പേര് 'പാര്‍ടി വളപ്പ്'. തെയ്യം കെട്ടുന്ന അധഃസ്ഥിതരും ഒരുകാലത്ത് ജന്മിത്വത്തിനെതിരെ പോരാടിയതെന്ന ചരിത്രസത്യം ചിത്രം വിളിച്ചുപറയുന്നു.
പ്രണയദാമ്പത്യങ്ങളില്‍ നിന്നൊറ്റപ്പെടുന്ന ഗൌരിയെ രക്ഷിക്കാനെത്തുന്നത് ഭര്‍തൃപിതാവായ അംബുപ്പെരുവണ്ണാന്‍. നായിക ഗൌരിക്ക് ഉണ്ടാകുന്ന Mental Delusion ശരീരത്തിൽ ദേവി കൂടിയതായി സമൂഹം വിശ്വസിക്കുന്നു.
ഉന്മാദലക്ഷണം കാണിക്കുന്ന ഗൌരി രണ്ടുതവണ അതുവഴി സമൂഹത്തിന്റെ ക്രൂരതകളെ ഞെട്ടിക്കുന്നുണ്ട്. സമുദായഭ്രാന്തന്മാര്‍ അവളുടെ പേരില്‍ പെരുവണ്ണാനു നേരെ ഉറഞ്ഞുതുള്ളുമ്പോഴും. മിച്ചഭൂമിയിലെ തന്റെ കുടില്‍ പൊളിക്കാന്‍ ജെസിബി എത്തുമ്പോഴും വാക്കത്തി ഏന്തി തെയ്യത്തെപ്പോലെ ഉറഞ്ഞാടുന്ന ഗൌരിക്കു മുന്നില്‍ ജെസിബിയുടെ യന്ത്രക്കൈ നിശ്ചലമാകുന്ന ദൃശ്യം ഗംഭീരമാണ്. ജാതിക്കോമരങ്ങളും അന്ധവിശ്വാസികളുമായ പുതിയ തലമുറയ്ക്കു മുന്നില്‍ മനുഷ്യത്വത്തിന്റെ നട്ടെല്ലുമായി നിവര്‍ന്നുനില്‍ക്കുന്ന അംബുപ്പെരുവണ്ണാന്‍ നവോത്ഥാന പാരമ്പര്യത്തിന്റെ ആള്‍രൂപമാണ്. കോലംകെട്ടി സ്വയം ദൈവമായി മാറാറുള്ള അദ്ദേഹം ആള്‍ദൈവ സംസ്കാരത്തെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നു. വിശ്വാസത്തേക്കാള്‍ യുക്തിക്ക് പരിഗണന നല്‍കുന്നു. അമാനുഷികമായി തെയ്യത്തെ അവതരിപ്പിക്കുകയാണ് പൊതുവെ തെയ്യം ചലച്ചിത്രങ്ങള്‍ ചെയ്യാറ്. ഇവിടെ തെയ്യക്കോലത്തിനുള്ളിലെ പച്ചമനുഷ്യനിലാണ് ഊന്നല്‍. വല്യച്ഛന്‍ മരിച്ചുകിടക്കുന്നതുകണ്ട് കതിവന്നൂര്‍ വീരന്‍വേഷത്തില്‍ പൊട്ടിക്കരയുന്ന കണ്ണന്റെ ദൃശ്യം ഇതിന്റെ മികച്ച തെളിവാണ്.
.
കണ്ണൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗത്തെ പ്രാദേശികഭാഷയും സംസ്കാരവും അതിന്റെ തനിമയില്‍ ചായില്യത്തിലുണ്ട്. മ്ണ്ടറ് (മിണ്ടരുത്), മട്ടുനക്കുക (മദ്യപിക്കുക) തുടങ്ങിയ വാക്കുകള്‍ ആദ്യമായാകാം അതേമട്ടില്‍ ഒരു സിനിമയില്‍ വരുന്നത്.
ഒരു പൂര്‍ണമായ കല എന്ന നിലക്ക് സിനിമകള്‍ ഉണ്ടാവുമ്പോള്‍ ആണ്, അത് നിറവു തരുന്ന ആസ്വാദനം തരുന്നത്. വളരെ മോശം കോപ്രായങ്ങളും, അശ്ലീല ചുവകലര്‍ന്ന സംഭാഷണങ്ങളും നിറഞ്ഞ ചിത്രങ്ങള്‍ വീണ്ടും വീണ്ടും നിര്‍മിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നത് ഒരു തകര്‍ച്ചയുടെ അടയാളമാണ്.
സ്ഥിരം ഫോര്‍മുലകളും ക്ലീഷേകളും അരങ്ങു വാഴുമ്പോള്‍ മൂല്യം നിറഞ്ഞ സിനിമകള്‍ കണ്ടില്ലെന്നു നടിക്കരുത്...തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീയുടെ ജീവിത കഥ വരച്ചു കാട്ടിയ തന്മയത്വം നിറഞ്ഞ ഒരു സിനിമ.സമൂഹം എങ്ങനെ വ്യക്തി ജീവിതത്തിനെ നയിക്കുകയും,തകര്‍ക്കുകയും ചെയ്യുന്നു എന്നുള്ള സൂചന ആയിട്ടാണ് എനിക്ക് ഈ സിനിമ നല്‍കിയ സന്ദേശം.ഒരു പക്ഷെ മലയാളത്തിലെ സ്ത്രീ പക്ഷ സിനിമയുടെ വേറിട്ട മുഖം കൂടിയാണ് ചായില്യം,ഗൗരി എന്ന കഥാപാത്രം സാഹചര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഇന്നിന്റെയും,എന്നത്തേയും പെണ്‍മനസ്സ് തന്നെയാണ് തുറന്നു കാട്ടുന്നതും....
ഈ സിനിമയെ' വേറിട്ടു നിര്‍ത്തുന്നത് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍, ഭക്തിയും,യുക്തിയും തമ്മിലുള്ള ഒരു ശീതയുദ്ധം തന്നെയാണ്.തെയ്യത്തെ ഭക്തിയും അതോടൊപ്പം യുകതിയോടും കൂടി കാണുന്ന വണ്ണാന്‍ വൈദ്യന്‍ എന്ന കഥാപാത്രവും സിനിമയുടെ ലാസ്യ,രൌദ്രം ഭാവവുമാണ്.തെയ്യത്തെ വെറും പൊറാട്ട് നാടകമായി കണ്ട് അതിലൂടെ ഭക്തികച്ചവടം നടത്തുന്ന കള്ളസ്വാമിമാരുടെ സാനിദ്യം ഒരു പക്ഷെ നമുക്ക് നല്‍കുന്ന സാമൂഹ്യ സന്ദേശം കൂടിയാണ്.തെയ്യം എന്ന അനുഷ്ഠാന കലയെ യാതൊരു തരത്തിലും പരിഹസിക്കാനോ,വിമര്‍ശിക്കാനോ സിനിമ പ്രാധന്യം നല്‍കിയില്ല എന്ന് മാത്രമല്ല മറിച്ചു അതിനു വേണ്ട എല്ലാ പരിഗണനയും സിനിമ നല്‍കി എന്നാണ് എനിക്ക് തോന്നിയത്....
തീര്‍ച്ചയായും ജനകീയതയിൽ പിറന്ന ഒരു ചിത്രം അഭിനന്തനങ്ങള്‍ അര്‍ഹിക്കുന്നു..
കാമ്പുള്ള കഴമ്പുള്ള സിനിമകള്‍ക്കായി നമുക്കിനിയും കാതോര്‍ക്കാം ആശംസകള്‍...

No comments:

Post a Comment