Wednesday, March 30, 2016

എന്റെ കേരളം...(ചരിത്രം)





ചരിത്രം.... എന്താണ് ചരിത്രം? 
കഴിഞ്ഞുപോയ കാര്യങ്ങൾ ആണോ അതോ നമുക്ക് മനസിലാക്കാൻ വേണ്ടി എഴുതിത്തയ്യാറാക്കിയ രേഖകളോ ......? 
ചരിത്രപുസ്തകം തയ്യാറാക്കുമ്പോൾ അതിൽ അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ ഒന്നോരണ്ടോ വരികളിൽ മാത്രം വിവരിച്ചുപോകുന്നതെല്ലാം കാലം കഴിയുംതോറും പുതിയതലമുറ മറന്നുപോകും. അങ്ങനെ മറന്നുപോയ ഒരു ചരിത്രസംഭവത്തിലേക്ക് നമുക്ക് കടന്നുചെല്ലാം എന്റെ നാട്ടിലെ സംഭവത്തിലേക്ക്.ചരിത്ര പുസ്തകം തയ്യാറാക്കിയവർ മനപ്പൂർവ്വമോ അല്ലാതെയോ ഒന്നോ രണ്ടോ വരികളിൽ ഒതുക്കിയ സംഭവത്തിലേക്ക്.... 
1947 അഗസ്റ്റ് 15 നു നമ്മുടെ രാജ്യം വെള്ളക്കാരന്റെ പിടിയിൽ നിന്ന് മോചിതമായി .1857 മെയ് 10 നു മീററ്റിൽ പൊട്ടിപ്പുറപ്പെട്ട, വിദേശി, ശിപായിലഹള എന്ന് വിളിച്ച് അധിക്ഷേപിച്ച സമരം അതാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ചരിത്രം പറയുന്നു. വിദേശികൾക്ക് എതിരെ നമ്മുടെ രാജ്യത്തിലെ ആദ്യ സമരം എന്ന് ചരിത്ര പുസ്തകം പറയുന്ന ഈ സമരത്തിന് മുന്പേ 1721 ഏപ്രിൽ 14 നു എന്റെ നാട്ടിൽ വെറിപിടിച്ച വിദേശിയുടെ തലയറുത്ത സമരം നടന്നു. സമരമല്ല ,കലാപം നടന്നു. 'എന്നെ നിയന്ത്രിക്കാൻ നീ ശ്രമിക്കണ്ട', എന്ന് വെള്ളക്കാരന് വ്യക്തമായ സന്ദേശം കൊടുത്ത ആദ്യകലാപം.
അറിയണ്ടേ നിങ്ങൾക്ക് ചരിത്രം മറന്നു പോയ ആ കലാപത്തെ കുറിച്ച് ? ആറ്റിങ്ങൽ കലാപം എന്ന് ഒറ്റവാക്കിൽ ചരിത്രം പറഞ്ഞു തീർത്തകലാപം. എന്തിനോ വേണ്ടി ചരിത്രപുസ്തകത്തിൽ നിന്ന് മാറ്റി നിർത്തിയ കലാപം.
ആറ്റിങ്ങൽ കേന്ദ്രമാക്കി കൊട്ടാരക്കരയും, നെടുമങ്ങാടും, തിരുവനന്തപുരവും കൊല്ലവും കായംകുളവും കരുനാഗപ്പള്ളിയും കാർത്തികപള്ളിയുമൊക്കെ ഭരിച്ചിരുന്നത് ആറ്റിങ്ങൽ റാണിയായിരുന്നു. നമ്മുടെ രാജ്യത്തെ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാൻ വേണ്ടി ബ്രട്ടിഷുകാരും ഡച്ചുകാരും തമ്മിൽ മത്സരം നിലനിന്ന കാലം രണ്ടുപേരും രാജ്യം മുഴുവൻ ഫാക്ടറികളും ഗോഡൌണുകളും സ്ഥാപിക്കുകയും പിന്നീട് ഇതു ആർമി ബാരക്കുകൾ ആയി മാറ്റുകയും ചെയ്തു ഇപ്പോഴത്തെ കന്യാകുമാരിയിലെ തെങ്ങപട്ടിണത്തിൽ ഡച്ചുകാർക്കും വിഴിഞ്ഞത്ത് ബ്രട്ടിഷുകാർക്കും ഫാക്ടറികൾ ഉണ്ടായിരുന്നു. കച്ചവടകുത്തക സ്ഥാപിക്കാനുള്ള വിദേശികളുടെ കിടമൽത്സരം രാജ്യത്തിന് അപകടം വരുത്തും എന്ന് മനസിലായ കുടമൻപിള്ള 1684 ൽ തെങ്ങപട്ടിണത്തിലെ ഡച്ചു ഫാക്ടറി ആക്രമിച്ചു നശിപ്പിക്കുകയും ഫാക്ടറി തലവനെ കൊലപ്പെടുത്തുകയും ഡച്ചുകാരുടെ രണ്ടു കപ്പൽ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അത് പോലെ തന്നെ വിഴിഞ്ഞം ഫാക്ടറിക്ക് ചുറ്റും മതിൽ നിർമ്മിക്കാൻ അനുവദിക്കണം എന്നുള്ള ബ്രട്ടിഷുകാരുടെ അപേക്ഷ സ്വീകരിക്കാൻ പാടില്ല എന്നും റാണിയെ ഉപദേശിച്ചു. 
രാജ്യത്തെ ഭരണപരമായ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കുന്നതിന് വേണ്ടി സാമ്പത്തികപ്രതിസന്ധിയിലായിരുന്ന റാണി അഞ്ചുതെങ്ങിൽ ഫാക്ടറി പണിയാനും റാണിയിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാനും ബ്രട്ടിഷുകാർക്ക് അനുമതി നൽകി. റാണിയുടെ മന്ത്രിമാരായ കുടമൻപിള്ളയുടെയും വാഞ്ചിമുട്ടം പിള്ളയുടെയും എതിർപ്പ് അവഗണിച്ചാണ് റാണി ബ്രട്ടിഷുകാർക്ക് അനുമതി നൽകിയത്
ആറ്റിങ്ങൽ റാണിയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാൻ വേണ്ടി കരാർ നേടിയ ബ്രട്ടിഷുകാർ ആ കരാറിന്റെ ബലത്തിൽ അഞ്ചുതെങ്ങിൽ കോട്ട കെട്ടാൻ ശ്രമിച്ചു. കരാർവ്യവസ്ഥകൾ ലംഘിച്ചു തോക്കുകളും പീരങ്കികളും കൊണ്ട് വന്നു. ബ്രട്ടിഷുകാർ നാട്ടുകാരെ ഭയപ്പെടുത്താനും അവരിൽ നിന്ന് നേരിട്ട് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാനും ശ്രമം നടത്തി.
1712 ൽ അഞ്ചുതെങ്ങ് കോട്ടയുടെ മേധാവിയായി എത്തിയ ജോൺ കയ്ഫിൻ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണം ധൂർത്തുനടത്തിയ കാരണം 1719 ല് അദ്ദേഹത്തെ മാറ്റി പകരം വില്ല്യം ഗൈഫോർഡിനെ അധികാരിയാക്കി. വില്ല്യം ഗൈഫോർഡ്ന്റെ അധികാരം വന്ന ശേഷം ബ്രട്ടിഷുകാർ നാട്ടുകാരോട് പെരുമാറിയത് വളരെ ക്രൂരമായ രീതിയിൽ ആയിരുന്നു Ignatio Malheiros എന്ന ബ്രട്ടീഷ് ഉദ്യോഗസ്ഥൻ നാട്ടിലെ മുസ്ലിം കച്ചവടക്കാരെ അപമാനിക്കുകയും ബ്രിട്ടീഷ് പറയുന്ന പണത്തിനു കച്ചവടം നടത്താൻ നിർബന്ധിക്കുകയും ചെയ്തു അത് പോലെ ബ്രാഹ്മണന്മാരെ അപമാനിക്കുകയും ഹിന്ദു അമ്പലങ്ങളുടെ സ്വത്തുക്കൾ കൈയേല്ക്കാന് ശ്രമിക്കുകയും ചെയ്തു കച്ചവടക്കരാർ പ്രകാരം റാണിക്ക് കൊടുക്കേണ്ടിയിരുന്ന തുക കൊടുക്കാതെ മനപൂര്വ്വം കുടിശ്ശിക വരുത്തി.
കോട്ടകെട്ടൽ നിർത്തി അഞ്ചുതെങ്ങ് വിട്ടുപോകുവാനുള്ള റാണിയുടെ ആജ്ഞ ബ്രട്ടിഷുകാർ ചെവിക്കൊണ്ടില്ല. അങ്ങനെ കുടമൻ പിള്ളയുടെ നേതൃത്വത്തിൽ നായർപട അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു. ദയനീയമായ തോൽവിയായിരുന്നു ഫലം. കുടമൻ പിള്ളയോട് വിരോധമുണ്ടായിരുന്ന വാഞ്ചിമുട്ടം പിള്ള ഒറ്റികൊടുത്തത് കൊണ്ടാണ് തോൽവി ഉണ്ടായത് എന്നും പറയുന്നു. റാണിയോട് എതിർത്ത് അഞ്ചുതെങ്ങിൽ നില്ക്കാൻ സാധിക്കില്ല എന്ന് ഉറപ്പായ വില്ല്യം ഗൈഫോർഡ് കുടിശ്ശിക മുതൽ തന്നുതീർത്തുകൊള്ളാം എന്നും പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാൻ തയ്യാറാവണമെന്നും അറിയിച്ചു.
വെറിപിടിച്ച വിദേശിയോട് പകരംവീട്ടാൻ ഇതുതന്നെ അവസരം എന്ന് മനസിലാക്കിയ കുടമൻപിള്ള തന്ടെ നായർപടയേയും മുസൽമാൻമാരെയും വിളിച്ചു കൂട്ടുകയും വില്ല്യം ഗൈഫോർഡ് Ignatio Malheiros അടക്കം കോട്ടയിലുള്ള മുഴുവൻ ബ്രട്ടിഷുകാരെയും കൊന്നുകളയുവാൻ തന്ത്രം മെനയുകയും ചെയ്തു. കൊട്ടാരത്തിലേക്ക് ബ്രട്ടിഷുകാരെ ക്ഷണിച്ച പിള്ള അവരോടു രാത്രി അവിടെ കഴിയുവാൻ അവശ്യപെട്ടു എന്നാൽ അന്ന് 1721 ഏപ്രിൽ 14 - അന്ന് രാത്രി അപകടം മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച വില്ല്യം ഗൈഫോർഡ്, Ignatio Malheiros, Simon Cowse തുടങ്ങിയ ക്രൂരന്മാരായ ബ്രട്ടിഷ് പ്രമുഖരെയും കൂടെയുള്ള 150 ബ്രട്ടിഷ് പടയാളികളെയും പിള്ളയും നായർ പടയും മുസ്ലിം പടയും കൂടി വെട്ടിക്കൊന്നു. 
വില്ല്യം ഗൈഫോർഡിന്റെ ശരീരം മരത്തടിയിൽ കെട്ടി നദിയിൽ ഒഴുക്കിവിട്ടു ബ്രിട്ടിഷുകാരുടെ ശവശരീരം നദിയിൽ വലിച്ചെറിഞ്ഞു.
ആറ്റിങ്ങൽ കൊട്ടാരത്തിന്റെ വഴികളിൽ കാതു കൂർപ്പിച്ചു നിന്നാൽ നിങ്ങൾക്ക് കേൾക്കാം അഭിമാനം പണയം വെയ്ക്കാത്ത ആത്മാഭിമാനത്തിന്റെ പ്രതീകമായ ഒരു ജനതയുടെ പോർവിളികളും ശത്രുവിനെതിരെയുള്ള അട്ടഹാസങ്ങളും ബ്രിട്ടിഷുകാരുടെ ശവശരീരം വലിച്ചെറിഞ്ഞ നദി ആദ്യം കൊല്ലുംപുഴ എന്നും ഇപ്പോൾ കൊല്ലമ്പുഴ എന്നും അറിയപ്പെടുന്നു. ചരിത്രമെഴുതിയവർ മറന്നു പോയാലും ഞങ്ങൾ മറക്കില്ല ഈ കലാപം. വെറി പിടിച്ച വിദേശിയുടെ രക്തം വീണു ചുവന്ന ഈ മണ്ണിൽ ചവിട്ടിനിന്ന് ഞങ്ങൾ പറയും.
ഇവിടെ, ഇവിടെയാണ് സ്വതന്ത്രത്തിന്റെ ആദ്യ അഗ്നിനാളങ്ങൾ ജ്വലിച്ചത്!!

No comments:

Post a Comment