Monday, March 28, 2016

ലഹരിയിൽ കരിയുന്ന കുരുന്നു പൂക്കൾ"



ലഹരി ഉപയോഗം കുട്ടികളിൽ വർദ്ധിക്കുന്നുവൊ ?
നമ്മുടെ മക്കൾ ലഹരിമാഫിയാകളുടെ നിരീക്ഷണത്തിലോ "? 
. "നടുക്കുന്ന അറിവ്"
-----------------------------------------------------------------------------------
കേരളത്തിലെ സ്കൂൾ കുട്ടികൾ ലഹരിയുടെ പിടിയിലോ ??
അടുത്ത കാലത്ത് ഒരു പത്രറിപ്പോർട്ട് വായിച്ചു ഭയന്നുപോയ ഞാൻ എന്റേതായ രീതിയിൽ ഒരന്വേഷണം നടത്തി ..
ഫലം ഞെട്ടിക്കുന്നതായിരുന്നു ..അതെ! നമ്മുടെ കുഞ്ഞുങ്ങൾ ലഹരിയുടെ പാതയിലേക്ക് പിച്ചവയ്ക്കുകയാണ് ...ഇനിയും നമ്മൾ അറിയാത്ത ഭാവം നടിച്ചാൽ വരാൻ പോകുന്നത് അതി ഭയങ്കരമായ ഒരു നാശത്തിലേക്കാകും .ഓ! ഇതൊന്നും എന്റെ നാട്ടിൽ സംഭവിക്കില്ല..എന്റെ കുട്ടി അങ്ങനൊന്നും പോകില്ല എന്ന് ആശ്വസിക്കാൻ വരട്ടെ ....പത്രവാർത്തകളിൽ നിന്നും മനസ്സിലാകും ഇതു കൂടുതലും കഷ്ടപ്പാടറിഞ്ഞു വളരുന്ന തെരുവിന്റെ സന്തതികൾക്കല്ല മറിച്ച്‌ എല്ലാ സൌഭാഗ്യങ്ങളും അറിഞ്ഞു വളരുന്ന കുട്ടികളിൽ തന്നെയാണ് സംഭവിക്കുന്നതെന്ന് .,
കണക്കുകൾ എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാകും അടുത്തകാലത്ത് നടന്നിട്ടുള്ള മിക്ക ക്രിമിനൽ കുറ്റങ്ങളും ,കവർച്ച ,കൊലപാതകം ,റേപ്പിംഗ് കേസുവരെ തെളിഞ്ഞത്, കുറ്റവാളികൾ എല്ലാം തന്നെ ലഹരി ഉപയോഗിക്കുന്നവർ ആയിരുന്നു എന്നതാണ് .
ജില്ലയിലെ ഒരു സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് എടുക്കുവാൻ ഒരു SI യെ ക്ഷണിച്ചു .ക്ലാസ്സിനു മുൻപ് അദ്ധ്യാപകൻ അവരോടു പറഞ്ഞു .."അദ്ദേഹം ഒരു മെഷീൻ കൊണ്ട് വരും .എല്ലാരെയും ഊതിക്കും .ഒരു മാസം മുൻപ് മദ്യപിച്ചവരെ അറിയാൻ സാധിക്കും" എന്ന്
അത് വിശ്വസിച്ചു അറുപതോളം കുട്ടികൾ ആണത്രേ "എന്നെ അതിൽ ഊതിക്കല്ലെ എന്ന് പറഞ്ഞു മാഷിന്റെ അടുത്തു എത്തിയത് ...!!
ഇപ്പോ സ്കൂൾ യൂണിഫോം, ഇട്ട് ബാറിനു മുന്നിൽ ക്യു നിൽക്കാൻ ഒരു മടിയുമില്ല കുട്ടികൾക്ക്‌ .. മിക്കകുട്ടികളും കൂസലില്ലാതെ പറഞ്ഞേക്കാം "ഞങ്ങൾ ബിയർ ആണ് കുടിച്ചത്.അത് ആരോഗ്യത്തിനു നല്ലതാണ്"എന്ന്. എന്നാൽ മദ്യസേവയുടെ സ്റ്റാർട്ടിങ്ങ് ബിയർ ആണെന്ന് ഓർക്കുക ..അതിൽ നിന്നും ബ്രാണ്ടിയിലേക്കും വിസ്കിയിലേക്കും അവർ പ്രമോഷൻ നേടുന്നു .
കുട്ടികളുടെ മദ്യപാനം നമ്മൾ നിസ്സാരമായി കാണരുത്...ചെറിയ പ്രായത്തിൽ മദ്യം രുചിക്കുന്ന കുട്ടി പിന്നീട് മുഴുക്കുടിയനായ്‌ മാറാം .
ഇതുപോലെ തന്നെയാണ് മയക്കു മരുന്ന് ഉപയോഗം ...ചതിക്കുഴികൾ എല്ലായിടത്തും പതിയിരിക്കുന്നു ...അടുത്തുള്ള ചെറിയ കടകൾ ,ബേക്കറികൾ എന്നിവയിൽ നൽകുന്ന മിഠായി, ,കൂൾ വാട്ടർ ,തുടങ്ങിയവയിൽ കൂടി ചെറിയ അളവിൽ ലഹരി ഉളളിൽ ചെല്ലുന്ന കുട്ടി അതിൽ ആസക്തനായി വീണ്ടും വീണ്ടും അത് വാങ്ങി ഉപയോഗിക്കുകയും താമസിയാതെ വലിയ അളവിൽ അത് ലഭിക്കാനുള്ള ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു ..ഇതു ലഹരി മാഫിയാകളുടെ ചതിക്കുഴിയാണന്നു മനസ്സിലാക്കുമ്പോഴേക്കും കാര്യങ്ങൾ പിടിവിട്ടു പോയിരിക്കും ...ഞെട്ടിക്കുന്ന മറ്റൊരു കാര്യം ഇതു നമ്മുടെ ആൺകുട്ടികളിൽ മാത്രമല്ല പെൺകുട്ടികളിലും കാണുന്നു എന്ന വാർത്തയാണ് .പലപ്പോഴും അത് നൽകുന്നതു അവരുടെ ആണ്സുഹൃത്തുക്കളും .
എന്നാൽ ഇതൊക്കെ ശീലമാക്കും മുൻപുള്ള ഘട്ടം തിരിച്ചറിയാൻ മാതാപിതാക്കൾക്ക് സാധിക്കും .
തന്റെ കുട്ടി മദ്യപിക്കാൻ തുടങ്ങിയോ എന്ന ഭയം കൊണ്ട് ശിക്ഷയും ബഹളവും വേണ്ട.അത് കൂടുതൽ പ്രശ്നങ്ങൾ 
സൃഷ്ടിക്കുകയെ ഉള്ളു .അവനു പറയാനുള്ളത് ശാന്തമായി കേൾക്കുക ...ആവശ്യമെങ്കിൽ കുട്ടി ഇഷ്ടപ്പെടുന്ന ഏതെങ്കിലും ബന്ധുവിനെയോ ,അധ്യാപകനെയോ കാര്യങ്ങൾ പറഞ്ഞു അവനെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുക...കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ മാത്രം ഒരു മനശാസ്ത്രസഹായം തേടുക .
പലകുട്ടികളിലും ഈ ശീലം വരാൻ പല കാരണങ്ങൾ ആകും ...പലരും ഒരു കൌതുകത്തിനു വേണ്ടിയോ ...കൂട്ടുകാരുടെ പ്രലോഭനങ്ങൾക്കു വഴങ്ങിയോ ആയിരിക്കും ഇതിൽ ചെന്ന് ചാടുക...വീട്ടിൽ എന്നും കലഹിക്കുന്ന മാതാപിതാക്കൾ ...മക്കളെ ശ്രദ്ധിക്കാൻ സമയം ഇല്ലാത്ത അച്ഛനമ്മമാർ ,വിവാഹേതര ബന്ധങ്ങളിലേക്ക് പോകുന്ന മാതാപിതാക്കൾ ,മദ്യപിക്കുന്ന പിതാവിന്റെ മക്കൾ...ഇവരൊക്കെ വേഗം ഇത്തരം ശീലങ്ങളിൽ പെട്ടുപോകുന്നു ..അല്ലെങ്കിൽ ഇതൊക്കെ അവർക്കു പറയാൻ ഓരോ ഉപാധികള്‍ ആകുന്നു...ഇന്ന് ചെറിയ ക്ലാസ്സുകളിൽ തന്നെ പ്രണയം പിടിപെടുന്ന കുട്ടികൾ അതിന്റെ പരാജയം ലഹരിയിൽ തീർക്കുന്നു ....തങ്ങൾ ആരാധിക്കുന്ന ഹീറോയെ അനുകരിക്കുന്നവരും കുറവല്ല ...ഇന്നത്തെ സിനിമകളിൽ ആർക്കും കാണാൻ പറ്റാത്ത വിധം "മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന് എഴുതി വച്ചത് കൊണ്ട് എന്ത് ഗുണം ആണുള്ളത് ? ...ചുണ്ടിൽ പുകയുന്ന സിഗരറ്റും ..കൈയ്യിൽ ഒരു മദ്യക്കുപ്പിയും ഇല്ലെങ്കിൽ പൗരുഷം,വരില്ലെന്ന് ഇന്നത്തെ സിനിമകൾ കുട്ടികൾക്ക്‌ കാണിച്ചു കൊടുക്കുന്നു ...
ആദ്യം നമ്മൾ അവർക്കു അതിനുള്ള അവസരം നൽകാതിരിക്കുക എന്നതാണ് അനുവർത്തിക്കേണ്ടത് ..
ഒന്ന് -കുട്ടികൾക്ക്‌ ആവശ്യത്തിൽ കവിഞ്ഞ പോക്കറ്റുമണി നൽകാതിരിക്കുക ....അഥവാ നൽകിയാൽ അത് അവർ എങ്ങനെ ചിലവഴിക്കുന്നു എന്ന് നമ്മൾ കൂടി അറിയണം ...
ഇന്നത്തെ ക്കാലത്ത് മൊബൈൽ നിയന്ത്രിക്കാൻ സാധിക്കില്ല അതിനാൽ അത്യാവശ്യം അവരുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് നമ്മൾ കൂടി അറിഞ്ഞിരിക്കണം ...
ഫേസ് ബുക്ക്‌ .പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ പാസ് വേർഡ്‌ തീർച്ചയായും നമുക്ക് കൂടി അറിവുള്ളതാവണം. പ്രായത്തെക്കാൾ മുതിർന്ന ചേട്ടന്മാരോടോളള അധികം സൗഹൃദങ്ങൾ ശ്രദ്ധിക്കുക ... 
അവർ ഒരിക്കലും കുടുംബത്തിൽ ഒറ്റപ്പെടരുത്‌ ...എന്തും നമ്മളോട് പറയാനുള്ള സ്വാതന്ത്ര്യംഅവർക്ക്‌ അനുവദിക്കുക...അപ്പോൾ അറിയാതെ ഒരു തെറ്റ് അവരിൽ നിന്നും സംഭവിച്ചു പോയാലും നമുക്കത് തിരുത്താൻ സാധിക്കും ..
ഒരിക്കലും കുട്ടികളുടെ മുൻപിൽ വച്ച് മുതിർന്നവർ ഒന്നിച്ചിരുന്നു മദ്യപിക്കാൻ ശ്രമിക്കരുത് ...എന്തെങ്കിലും വിശേഷ അവസരങ്ങളിലോ കൂട്ടുകാർ ഒന്നിക്കുമ്പോഴോ ആകും നമ്മൾ ചിലപ്പോ അങ്ങനെ ചെയ്യുന്നത് .പക്ഷെ അത് കാണുന്ന കുട്ടികളിൽ അത് ഒരു സാധാരണ കാര്യം മാത്രം ആണെന്നും അതിൽ തെറ്റില്ല എന്നും ഒരു തോന്നൽ ജനിപ്പിക്കുന്നു ..അവനും അതുപയോഗിക്കാൻ ഒരു സങ്കോചവും കാണിക്കില്ല...പിന്നെ നമുക്കത് നിയന്ത്രിക്കാൻ സാധിക്കില്ല ...
എന്നാൽ അച്ഛൻ അല്ലെങ്കിൽ ,മാമൻ ,മദ്യപിച്ചതോ എന്ന് അവർ ചോദിച്ചാൽ നമുക്ക് മൊഴിമുട്ടിപ്പോകും ...അതുകൊണ്ട് അച്ഛന്‍മാർ അതൊന്നു ശ്രദ്ധിക്കുക...
അമ്മമാർ അലക്ഷ്യമായി കാശ് കൈകാര്യം ചെയ്യരുത് ...അത് അവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു ....ഒരു രൂപ അയാലും അത് അറിഞ്ഞു കൊടുക്കുക ....
വീട്ടിലെ ആഘോഷങ്ങളിൽ മദ്യം വാങ്ങാൻ പറഞ്ഞയക്കുകയോ അത് വിളമ്പാൻ കൂട്ടിനു വിളിക്കുകയോ ചെയ്യരുത് ...വീട്ടിൽ കുടുംബാങ്ങങ്ങൾ ഒന്നിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യുകയും ആഹാരം കഴിക്കുകയും ചെയ്യാൻ പരമാവധി ശ്രമിക്കുക .അർഹിക്കുന്ന അംഗീകാരവും വാത്സല്ല്യവും അവർക്ക്‌ നൽകുക....
തുമ്പിയെ ക്കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ നമ്മുടെ സ്വപ്‌നങ്ങൾ കൂടി അവരിൽ അടിച്ചെൽപ്പിക്കുകയും ,അവരെക്കൊണ്ടു ചുമപ്പിക്കുകയും ചെയ്യരുത് ...
സ്കൂളിലെ കൊച്ചു കൊച്ചു പ്രതിസന്ധികളിൽ തളരാതെ അവയെ നേരിടാനുള്ള ധൈര്യം പകർന്നു കൊടുക്കണം നമ്മൾ .
മക്കളുടെ ചങ്ങാതി കൂട്ടവുമായി നമ്മളും ഒരു അടുപ്പം വയ്ക്കുക ...
"ഉൽസാഹമുണ്ടാക്കും , ഓർമ ഉണർത്തും ",എന്നൊക്കെ വിശ്വസിപ്പിച്ചാണ് പാവം കുട്ടികളെ ലഹരിയുടെ വലയിൽ വീഴ്ത്തുന്നത് ..എന്നാൽ അത് പിന്നീട് മനസ്സിന്റെ ശക്തികളെ ചോർത്തിക്കളയും ,ഒടുവിൽ തീവ്രമായ 
ഭ്രാന്തിനോട് സാമ്യമുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു .
ഭീതിജനകമായ ശബ്ദങ്ങൾ കേൾക്കുന്നു ,അകാരണമായ ഭയം മനസ്സിൽ ഉണ്ടാകുന്നു ,മായക്കാഴ്ചകൾ ഉണ്ടാക്കുന്നു ഇങ്ങനെയുള്ള വിഭ്രമകരമായ അനുഭവങ്ങൾ ഉണ്ടാകാം ..അത് മുൻപേ നമ്മൾ കണ്ടെത്തുന്നിടത്താണ് വിജയം ..സ്കൂൾ ബാഗിലോ മുറിയിലോ എന്ത് പൊതി കണ്ടാലും ശ്രദ്ധിക്കുക ..ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ കലങ്ങി ചുവന്നിരിക്കും ,വല്ലാത്ത വിശപ്പും ദാഹവും ചിലർ പ്രകടിപ്പിച്ചേക്കാം ,മുറിയടച്ചു ഒറ്റയ്ക്കിരുന്നേക്കാം ടോയലറ്റിൽ കൂടുതൽ സമയം ചിലവഴിക്കുക, അകാരണമായ മൌനം അല്ലെങ്കിൽ കോപം ഇവ പ്രകടിപ്പിച്ചേക്കാം .ഇതൊക്കെ നമ്മൾ ശ്രദ്ധിക്കുക എപ്പോഴും ....അത് നമ്മുടെ മക്കളുടെ ജീവിതത്തെ എത്രയും വേഗം തിരിച്ചു കൊണ്ടുവരാൻ സാധിക്കും 
ഏതൊരു ലഹരി വസ്തു ഉപയോഗിക്കുന്നതിലും അതിലൊരു പ്രേരണ ഉണ്ടാകും .സമപ്രായക്കാരിലോ ബന്ധുക്കളിലോ ഇത്തരം പ്രവണത കണ്ടെത്തിയാൽ അകറ്റിനിർത്തുക തന്നെ വേണം ....
ശ്രദ്ധിക്കുക .....പ്രീയ മിത്രങ്ങളേ- നമ്മുടെ മക്കളുടെ ചുറ്റിനും കഴുകന്മാർ വട്ടമിട്ടു പറക്കുന്നു ...തരം കിട്ടിയാൽ കൊത്തിയെടുത്തു റാഞ്ചിപ്പറക്കാൻ, അവരുടെ ദേഹത്ത് കൊത്തിപ്പറിക്കാൻ .....!
നമ്മുടെ ഒറ്റ അശ്രദ്ധ മതി അവരെ അവർ കൊണ്ടുപോകാൻ .അതുകൊണ്ട് കരുതലോടെയിരിക്കുക..സദാ കണ്ണ് തുറന്നിരിക്കുക ....ലഹരി മാഫിയാ പരുന്തിൽ നിന്നും നമ്മുടെ കുരുന്നുകളെ ചിറകിനടിയിൽ പൊതിഞ്ഞു കാത്തുവയ്ക്കാം അവർക്കു ചിറകുമുളയ്ക്കുന്നത് വരെ എങ്കിലും ..

No comments:

Post a Comment