Thursday, March 31, 2016

നിലയ്ക്കാത്ത മണിയൊച്ച



" ഉമ്പായി കുച്ചാണ്ട് പാണൻ കത്തണ് മമ...
വാഴെല പൊട്ടിച്ച് പാപ്പണ്ടാക്കണമമ "...
ആമുഖമോ അലങ്കാരമോ വേണ്ടാത്ത പ്രായഭേദമന്യേ ഓരോ മലയാളിയുടെ മനസ്സിലും നൊമ്പരം നിറച്ച് കടന്നു പോയ മണി നാദം..
പിന്നിട്ട വഴിയിലെ യാതനവും നൊമ്പരങ്ങളും ഒരു കനലായി എരിച്ചു കൂടെ കൊണ്ട് നടന്ന അസാമാന്യ വ്യക്തിത്വം. അതിലൂടെ അദ്ദേഹം തണലേകിയത് തന്നെ പോലെ ജീവിതത്തിനോട് മല്ലിട്ട അനേകം പേർക്കായിരുന്നു.. സ്വന്തം പ്രയത്നം കൊണ്ടും കഴിവ് കൊണ്ടും മാത്രം ജീവിതത്തിനോട് മല്ലിട്ട് വിജയം കണ്ടെത്തിയ ഒറ്റയാൾ പട്ടാളം... കാരിരുമ്പിന്റെ കരുത്തുള്ള ശരീരത്തിനകത്ത് പക്ഷെ നമ്മൾ പലപ്പോഴും കണ്ടത് കൊച്ച് കൊച്ച് സങ്കടങളിൽ വിങ്ങി പൊട്ടിയിരുന്ന,, കൊച്ച് കൊച്ചു സന്തോഷങ്ങളിൽ പൊട്ടി ചിരിക്കാൻ മടിക്കാത്ത നിഷ്കളങ്കമായ ഒരു മനസ്സായിരുന്നു..
വെട്ടിയിട്ടാൽ മുറി കൂടുന്ന ഈ പ്രായത്തിൽ മണി ചേട്ടനെ കുറിച്ച് ഒരു ഓർമ്മ കുറിപ്പ് എഴുതേണ്ടി വരുന്നത് ഏറേ വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ്....
ഒഴിഞ്ഞ വയറിന്റെ ചൂടു മറക്കാൻ അയലത്തെ വീട്ടിലെ ചാണകം മെഴുകിയ തറയിൽ മലർന്ന് കിടന്ന് ആകാശ വാണിയിലെ ചലചിത്ര ഗാനം കേട്ടിരുന്ന ഒരു കുട്ടിക്കാലം മണി ഓർത്തെടുക്കാറുണ്ടായിരുന്നു... ഗുരുനാഥനും സാധകവും ഇല്ലാത്ത ആ മണിയൊച്ചക്ക് ശ്രുതിയും താളവും നല്കിയത് പച്ചയായ ജീവിതമാണ്.' അത് കൊണ്ടാവാം വരികൾക്കിടയിൽ വിതുമ്പുന്ന ഗായകനൊപ്പം നമ്മളും വിതുമ്പിയത് ,, അനുകരണാതീതമായ ആ പൊട്ടിച്ചിരിക്കൊപ്പം നമ്മളും ചിരിച്ചത്..
തന്നിലെ അനുകരണ കലയെ തിരിച്ചറിഞ്ഞ് അതിനെ വ്യത്യസ്തമായി വേദിയിൽ അവതരിപ്പിച്ചു എന്നതായിരുന്നു മണി എന്ന മിമിക്രിക്കാരനെ വ്യത്യസ്തനാക്കിയത്...
ആബേലച്ചനെ അമ്പരിപ്പിച്ച കോളിങ് ബെൽ ശബ്ദം, കലാഭവനിലേക്ക് മണിക്ക് വാതിൽ തുറന്നു കൊടുത്തു..
മുന്നിൽ വന്ന അവസങ്ങളിൽ ഒരിടത്തും ആർക്കും മണിയെ അവഗണിക്കാൻ ഇട കൊടുക്കാത്ത അത്ര കുറ്റമറ്റതായിരുന്നു പ്രകടനങത്രയും..
സല്ലാപത്തിലൂടെ ലോഹിതദാസിന്റെ പ്രതീക്ഷ കാത്ത് ഒരു പൊട്ടിച്ചിരിയോടെ കലാഭവൻ മണി എന്ന വ്യത്യസ്തനായ കലാകാരൻ പ്രേക്ഷകരുടെ നെഞ്ചിനകത്ത് ചിര പ്രതിഷ്ഠ നേടി.. പിന്നീടങ്ങോട്ട് അദ്ദേഹം കൈകാര്യം ചെയ്യാത്ത വേഷങ്ങൾ കുറവായിരുന്നു.. മണിയുടെ അന്ധ ഗായക കഥാപാത്രം ഇന്നും പകരക്കാരനില്ലാതെ നിലനിൽക്കുന്നു.. അന്യഭാഷ ചിത്രങളിലെ വില്ലൻ കഥാപാത്രങ്ങൾ നായകരേക്കാൾ കൈയ്യടി നേടിയവയാരുന്നു..
ഒരിക്കൽ ഒരു കാസെറ്റ് റീലീസിനിടക്ക് എങ്ങനെ ഇത്ര പെട്ടന്ന് ഇത്ര ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുകയുണ്ടായി.
"ഈ റോക്കറ്റിന് എന്താ ഇത്ര ഉയരത്തിലും സ്പീഡിലും പറക്കാൻ പറ്റുന്നേ എന്നറിയോ..
ആസനത്തിൽ തീ പിടിച്ചാ പിന്നെ വേറേ എന്തൂട്ടാ ഒരു വഴി.. ആ അവസ്ഥയാണ് ഇമ്മക്കും ,,മൂട്ടിലാ പിടിച്ചേക്കണേ തീ!!! "
സ്വന്തം നേട്ടങളേ പറ്റി ഒരു മണി സ്റ്റൈൽ വിശദീകരണം..
ചാലക്കുടിയിലെ കവലയും പൂരവും പെരുന്നാളും ആഘോഷങ്ങളും മണിയിലൂടെ മലയാളികൾക്ക് സുപരിചിതമായിരുന്നു...
ഒടുവിൽ ഒരു പൂരം പോലെ കൊണ്ടാടിയ ജീവിതത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് ഇട്ട് അദ്ദേഹം കടന്നു പോയി....
മണിയുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ ചൂടു പറ്റിയ ഒരോ മനസ്സിന്റേയും ഉരുക്കം ആയിരുന്നു അദേഹത്തിന്റെ മരണത്തിന് ശേഷം തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്...
സങ്കടം വരുമ്പോ പാട്ടു പാടാൻ നമ്മളേ പഠിപ്പിച്ചത് മണിയാണ്,.അദേഹത്തിന്റെ ഭൗതിക ശരീരം അടക്കാൻ നേരം അവിടെ അലയടിച്ചത് തേങ്ങലടക്കി പിടിച്ച നാടൻ പാട്ടിന്റെ ഈരടികളായിരുന്നു....
സൗഭാഗ്യങ്ങളും സന്തോഷങ്ങും സൗഹൃദങ്ങുമായി ജീവിതം ജീവിച്ചു തിമിർക്കുമ്പോൾ ഇടക്കെപ്പോഴോ സ്വയം സംരക്ഷിക്കാൻ അദേഹം മറന്നിരുന്നു എന്ന് വേണം കരുതാൻ.... ഇന്നും ആ മരണത്തിന്റെ പേരിലുള്ള വിവാദങ്ങളും അഭ്യൂഹങ്ങും മീഡിയ റേറ്റിംഗ് കൂട്ടുമ്പോൾ മണിയെ സ്നേഹിച്ച ഓരോ മനസ്സിന്റേയും തേങ്ങലടക്കാൻ ഒരു ഉത്തരങ്ങൾക്കും ആവില്ല എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടി വരുന്നു..
ഇന്നി കുറിപ്പെഴുതാൻ തുടങ്ങിയത് ഒരു മത്സരത്തിന്റെ ഭാഗമായാണ് എങ്കിലും,, മനസ്സ് വിതുമ്പാതെ ഈ പേന താഴെ വെക്കാനാവില്ല...
പണ്ട് മഹാബലി എന്ന ഉത്തമനായ അസുരനെ വാമനൻ ചവിട്ടി താഴ്ത്തിയത് അദേഹത്തിന്റെ അവവിനതീതമായ നന്മ കൊണ്ടായിരുന്നു...
ഇവിടെ കണ്ടു കണ്ടിരിക്കെ കൈവിട്ടു പോയ മണി ചേട്ടന്റെ വിയോഗം ഓർമ്മിപ്പിക്കുന്നത് അതാണ്.
അസൂയ തോന്നിയിരുന്നോ ദൈവങളേ,,
അനുഗ്രഹീതനായ ഒരു സാധാരണ മനുഷ്യന്റെ വളർച്ചയിൽ...???
"പടിഞ്ഞാറുദിച്ച് ഉയർന്ന് നിന്നിരുന്ന സൂര്യൻ
ഇന്ന് തെക്കേ വളപ്പിലെ ആറടി മണ്ണിൽ ഉറങ്ങുന്നു "

No comments:

Post a Comment