Monday, March 28, 2016

നെയ്യാർ



ഈ ആറ്റിന്റെ തീരത്താണ് ഞാൻ ജനിച്ചതും കളിച്ചു വളർന്നതും. എന്റെ സ്വന്തം നെയ്യാറ്റിൻകര. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്.
അഗസ്ത്യാർകൂടത്തിൽ നിന്നും ഉത്ഭവിച്ച് തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നെയ്യാറിന് 56 കിലോമീറ്ററാണ് നീളം. നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്. ഈ അണക്കെട്ടിനും എനിക്കും ഒരേ പ്രായമാണ്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിന്റെ തെക്കുള്ള മനോഹരമായ ഉയരം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു.
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പുറകുവശത്തെ കടവാണ് ചിത്രത്തിൽ കാണുന്ന 'കന്നിപ്പുറം' കടവ്. ഈ കടവിൽ ഞാൻ നീന്തി തുടിക്കാറുണ്ടായിരുന്നത് ഇന്നും ഗൃഹാതുരതെയോടെ ഓർക്കുന്നു. അമ്മയുടെ വിരൽ തുമ്പിൽ തൂങ്ങി എന്നും ഈ കടവിലെത്തുമായിരുന്നു. നെയ്യാർ എനിക്ക് അമ്മയെപ്പോലെയാണ്. ഈ മാറിലാണ് ഞാൻ നീന്തൽ പഠിച്ചതും, മുങ്ങാം കുഴിയിട്ടതും, 100 എണ്ണുന്നതുവരെ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നതുമെല്ലാം. ഈ കടവിലിറങ്ങുമ്പോഴൊക്കെ ഓർമ്മകളും കൂടെയിറങ്ങാറുണ്ടായിരുന്നു.
അന്ന് മൂന്നിൽ പഠിക്കുന്ന കാലത്ത് , ആറ്റുവെള്ളം കറിയ സമയം. കുളിക്കടവിൽ ആളുകൾ കുളിക്കുന്നു. കൂടെ പഠിക്കുന്ന ചിത്രയും ഉണ്ടായിരുന്നു. കൽപടവിൽ കയറിനിന്ന് ചേട്ടന്മാർ ആറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി പോകുന്നതു കണ്ടപ്പോൾ എനിക്കും ആവേശം വന്നു. ചാടാൻ ഒരുങ്ങിയപ്പോൾ ചങ്കരമാമൻ വിലക്കിയതു വകവയ്ക്കാതെ ഞാൻ ആറ്റിലേക്ക് ജംബ് ചെയ്തു. നീന്തുമ്പോൾ ഒഴുക്കിൽപ്പെട്ടു പോയി. അത്രയും ശക്തിയുള്ള ഒഴുക്കിൽ നിലയ്ക്കാത്ത വെള്ളത്തിൽ ആ ചാട്ടം ആദ്യമായിട്ടായിരുന്നു. പെട്ടന്ന് നെയ്യാർ ഒരു ചുഴിയായതു പോലെ എനിക്കു തോന്നി. കണ്ണിൽ ഇരുട്ടു കയറി. അലറിവിളിച്ചപ്പോൾ വെള്ളം കുടിച്ചു....
കൽപ്പടവിൽ കുളിച്ചുകൊണ്ട് നിന്നവർ ഉച്ചത്തിൽ വിളിച്ചു കൂവി
“ദാ...... ചെറുക്കനെ ഒഴുക്കു കൊണ്ടുപോണേ...”
ഇതെല്ലാം നോക്കിക്കണ്ട് കൽപ്പടവിൽ നിന്ന ചങ്കരമാമൻ നീന്തി വന്ന് ചുഴിയിൽ നിന്നും എന്നെ പൊക്കി തോളത്തിട്ട് നിലവെള്ളം ചവിട്ടിനിന്നുകൊണ്ട് എന്നോടു ദേഷ്യപ്പെട്ടു....
"ചാടാൻ നേരത്ത് വെലക്കിയതല്ലേടാ നിന്നെ...? ഒഴുക്ക് പയങ്കരമാണെന്ന് പറഞ്ഞപ്പം നീ എന്തരെ പറഞ്ഞത്.....? ഇതൊക്കെ എന്തര് ഒഴുക്കാണെന്ന് അല്ലേ....!
ഇപ്പം എങ്ങനെയിരിക്കണ്...?"
ഒന്നും മിണ്ടാതെ ചങ്കരമാമന്‍റെ കഴുത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് തോളിൽ ചമ്മി കിടന്നു. മാമൻ മെല്ലെ എന്നെയുംകൊണ്ട് നീന്തി കടവിലെത്തി പടവിൽ ഇറക്കിവിട്ടു..
കടവിൽ നിന്നവരെല്ലാം കളിയാക്കി. മുഖം ഉയർത്താതെ വീട്ടിലോട്ട് ഓടാൻ ഭാവിക്കുമ്പോൾ ഉടുത്തിരുന്ന കുട്ടിത്തോർത്ത് കാണുന്നില്ല. അത് ഒഴുക്ക് കൊണ്ട് പോയി. ഇതു കണ്ട് കുടുകുടാ ചിരിച്ച ചിത്രയുടെ മുഖത്ത് പിന്നെ ഒരാഴ്ച ഞാൻ നോക്കിയിട്ടില്ല.
നെയ്യാറിൽ മുങ്ങിക്കുളിക്കുമ്പോൾ ഇതെല്ലാം എന്‍റെ മധുരിക്കും ഓർമ്മകൾ ആയിരുന്നു.
പെട്ടന്നാണ് നെയ്യാർ മണൽ മാഫിയയുടെ പിടിയിൽ അമർന്നത്. മണലൂറ്റുകാരടെ ക്രൂരത നെയ്യാറിന്റെ മാറിൽ അഗാധ കയങ്ങൾ സൃഷ്ടിച്ചു. ആ കയങ്ങളിൽ വ്യവസായികളും ആശുപത്രികളും അറവുശാലകളും മാലിന്യങ്ങൾ ഒഴുക്കി വിട്ടു കൊണ്ടിരുന്നു. ഒരു കാലത്ത് നെയ്യ് ഒഴുക്കിയിരുന്നു എന്ന് പറയപ്പെടുന്ന നെയ്യാർ രൂക്ഷമായ ദുർഗന്ധം പരത്തി ചീഞ്ഞ് നാറി, കാലക്രമേണ അവശയായി. ആളുകൾ കൈയ്യൊഴിഞ്ഞു. ഭരണകൂടം നോക്കുകുത്തിയായി.
ഞാൻ അമ്മയായി കണ്ടിരുന്ന എന്നെ മകനെപോലെ സംരക്ഷിച്ച എന്റെ പുഴ മരിച്ചു പോയി. കഴിഞ്ഞ ദിവസമാണ് ആ വാർത്ത ഞാൻ കേട്ടത്. 'നെയ്യാർ വറ്റി വരണ്ടു' http://www.manoramanews.com/…/trivandrum-neyyar-drought.html
ചരിത്രത്തിലാദ്യമായി കാട്ടാക്കട ,നെയ്യാറ്റിൻകര താലൂക്കുകളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ നെയ്യാർ വറ്റി വരണ്ടു. മേഖലയിലെ കർഷകരുടെ പ്രധാന ജലസ്രോതസ്സായ നെയ്യാർ വറ്റിയതോടെ കൃഷിക്കാരുടെ ദുരിതവും ഇരട്ടിയായി. വേദനയോടെയാണ് ഞാൻ ആ വാർത്ത കേട്ടത്.
ഈ ലേഖനം എഴുതുമ്പോൾ മരിച്ചു പോയ എന്റെ പുഴയെക്കുറിച്ചോർത്ത് കണ്ണുകൾ നനയുന്നു.

No comments:

Post a Comment