Thursday, March 24, 2016

കാൻസർ വാർഡിലെ ചിരി



"പാൽ നിലാവിലും ഒരു നൊമ്പരം.
പാതിരാക്കിളി എന്തിനീ മൌനം.
സാഗരം മനസിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.."
ഈ വരികൾ കേട്ടാൽ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു മുഖമുണ്ട്. അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചാൽ കേൾക്കുന്ന റിങ്ങ്ടോണും ഇതാണ്. സാഗരം മനസിലുണ്ടെങ്കിലും കരയുവാൻ കണ്ണുനീരില്ലാത്ത മനുഷ്യൻ.
ഇന്നസെന്റായി ചിരിക്കുന്ന കാൻസർ രോഗി യുടെ പുസ്തകം. "കാൻസർ വാർഡിലെ ചിരി." വായനക്കാരിൽ ചിരിയും കരച്ചിലും ഉണർത്തി നശ്വരമായ ജീവിതത്തിൽ ചിന്തിക്കാൻ ഏറെ വക നൽകുന്നു.
മാതൃഭൂമി ബുക്സിനു വേണ്ടി, ഇന്നസെന്റിന്റെ ഓർമ്മക്കുറിപ്പുകൾ തയ്യാറാക്കിയത് ശ്രീകാന്ത് കോട്ടയ്ക്കൽ ആണ്. വില നൂറുരൂപ.
"ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിന് ഒരു മരുന്നാണ് " എന്ന് പ്രശസ്ഥ കാൻസർ രോഗ വിദഗ്ദൻ ഡോ. വി. പി. ഗംഗാധാരന്റെ സാക്ഷ്യപ്പെടുത്തൽ തല വാചകമായിട്ടാണ് പുസ്തകം തുടങ്ങുന്നത്.
ജീവിതത്തെ സ്നേഹിക്കുന്നവർക്കും ജീവിതത്തിനായി ദാഹിക്കുന്നവർക്കും ജീവിതം കാത്തു നിൽക്കുമ്പോൾ എങ്ങനെ മരിക്കാൻ സാധിക്കും?
തന്റെ മനോധൈര്യവും നർമ്മബോധവും കൊണ്ട് ഭീകരനായ രോഗത്തെ തോൽപ്പിച്ച കഥ പറയുന്ന പുസ്തകം.
രോഗത്തിന്റെ വിവിധ തലങ്ങളെ നർമ്മം കൊണ്ടു തോൽപ്പിച്ച രസകരമായ അനുഭവങ്ങൾ വായിക്കുമ്പോൾ കരഞ്ഞുകൊണ്ട്‌ ചിരിക്കാം. ചിരിച്ചുകൊണ്ട് കരയാം.
അസുഖം ഭേദമാവുന്നതിനു മുന്നേയുള്ള വിശ്രമസമയത്ത് ആക്രാന്തം മൂത്തു പരസ്യത്തിൽ അഭിനയിക്കാൻ പോയതിന്റെ വയ്യാവേലികൾ സരസമായി പറഞ്ഞിരിക്കുന്നു. പരസ്യത്തിനു കിട്ടിയ പ്രതിഫലത്തിന്റെ പത്തിരട്ടി ആശുപത്രിയിൽ പിന്നേയും കൊടുക്കേണ്ടി വന്നു. തന്നെ പരിശോധിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഡോക്ടർ ലിസിക്കും കാൻസർ എന്ന് ഗംഗാധരൻ ഡോക്ടർ പറയുമ്പോൾ, " അല്ല, ഗംഗാധരാ ഇനി നിങ്ങൾക്കും കൂടി കാൻസർ വന്നാൽ പിന്നെ എന്നെ ആരു ചികിത്സിക്കും?" എന്നു ചോദിച്ച്, മരവിച്ചു നിന്നുപോയവരെയെല്ലാം ചിരിപ്പിക്കാൻ വേറെ ആർക്കാണ് കഴിയുക?
മാമോഗ്രാം എന്ന വാക്കിന്റെ ഭംഗികണ്ട്, "ഇതു സ്ത്രീകൾക്കുള്ള കാൻസർ പരിശോധനയല്ലേ, നീ കൂടി ചെയ്തോളൂ" എന്നു ആലീസിനോട്‌ പറഞ്ഞത് വളരെ ലാഘവത്തോടെ ആയിരുന്നു. പക്ഷേ
ഇന്നസെന്റിന്റെ അസുഖം ഭേദമായി ആശുപത്രി വിടുന്ന ദിവസം തന്നെ ആലീസിനും കാൻസർ എന്നു സ്ഥിരീകരിച്ചപ്പോൾ തളർന്നുപോയി പാവം.
ഒരു മരണ വീട്ടിൽ നിന്ന് മടങ്ങും വഴി പുണ്യവാളന്റെ കപ്പേളയെ നോക്കി കൊഞ്ഞനം കുത്തിയ കഥ സോഷ്യൽ മീഡിയയിൽ കുറെ ഓടിയിരുന്നു. ദൈവത്തിനു ഇഷ്ടമുള്ളവരെയാ ആദ്യം വിളിക്കുക എന്നു പുരോഹിതൻ പ്രസംഗിച്ചതുകേട്ടു ദൈവം കോപിക്കാൻ വേണ്ടി കൊഞ്ഞനം കുത്താൻ വേറെ ആർക്കു തോന്നും? ചങ്കരനു ഒത്ത ചക്കിതന്നെ ആലീസും. ഇന്നസന്ടു പറഞ്ഞതുകേട്ട്‌ അടുത്തു കണ്ട കപ്പേള നോക്കി കൊഞ്ഞനം കുത്താൻ ആലീസും മറന്നില്ല.
ഡോക്ടർ വി.പി.ഗംഗാധരൻ, അശോകൻ ചരുവിൽ, മോഹൻലാൽ, ശ്രീകാന്ത് കോട്ടയ്ക്കൽ തുടങ്ങിയവരുടെ വാക്കുകളിലൂടെയും ഇന്നസെന്റിനെ വായിക്കാനാവും ഈ പുസ്തകത്തിൽ. രോഗിയായിരിക്കുമ്പോഴും അല്ലാതെയും കുടുംബാങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ചില ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌.
നൂറ്റി ഇരുപത്തേഴുപേജുകൾ ഉള്ള ഈ പുസ്തകം വായിച്ചു തുടങ്ങിയാൽ പിന്നെ തീരാതെ താഴെ വയ്ക്കില്ല. ഈയിടെ വല്ലാതെ സങ്കടപ്പെട്ടിരുന്ന ഒരു ദിവസം ഈ പുസ്തം ഒന്നൂകൂടി വായിച്ചു. എത്രപെട്ടന്നാണ്‌ എന്റെ സങ്കടം പോയിമറഞ്ഞ് മനസ്സിൽ പോസിറ്റീവ് എനർജി നിറഞ്ഞത്‌ എന്നെനിക്കറിയില്ല.
"സ്നേഹത്തോടെ എഴുതുന്ന വാക്കുകൾ വെറും വാക്കുകളല്ല. ഊർജ്ജവും ഔഷധവുമാണ്. ജീവൻ കരിഞ്ഞു പോകുമ്പോഴെല്ലാം വേരിലിറ്റിക്കുന്ന തീർത്ഥമാണ്." ഇതു വായിച്ചപ്പോഴേ വിചാരിച്ചതാ ഇതിനൊരു കുറിപ്പ് എഴുതണമെന്ന്. ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്. അതും വാങ്ങി വായിക്കാൻ തോന്നുന്നുണ്ട്.
ചിരിയാണ് ഏതു രോഗത്തിനും ഏറ്റവും വലിയ ഔഷധം. എല്ലാ വേദനകളെയും ചിരിച്ചു സ്വീകരിക്കാൻ നമ്മൾക്കും ശീലിക്കാം.

1 comment:

  1. വളരെ നല്ല ഒരു ആസ്വാദനം തയ്യാറാക്കിയതിന് നന്ദി. ഹൃദയം ഹൃദയത്തോടു സംവേദിക്കുമ്പോഴാണ് വാക്കുകള്‍ക്ക് ഭംഗിയേറുന്നത്; അര്‍ത്ഥമേറുന്നത്. ഇവിടെ അതു സാധിച്ചിരിക്കുന്നു.അര്‍ബുദ ബാധിതനായിരുന്ന എന്നെ സംബന്ധിച്ച് ഈ പുസ്തകത്തിലെ ഓരോ താളും വിലപ്പെട്ടതാണ്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും വലിയ ഒരു ലോകം ഇതു നമുക്ക് സമ്മാനിക്കുന്നു. എന്റെ എഴുത്തുവഴികളില്‍ പലപ്പോഴും ഞാനും ഇക്കാര്യങ്ങള്‍ കവിതകളിലൂടെ അനുവാചകരെ ഓര്‍മ്മിപ്പിക്കാറുണ്ട്. എങ്കിലും ശ്രീമാന്‍. ഇന്നസെന്റ് വളരെ സരസമായി ഇക്കാര്യം അവതരിപ്പിക്കുമ്പോള്‍ വേദനരഹിതമായ ഒരു ലോകമാണ് നമുക്കു മുന്നില്‍ തുറക്കുന്നത്. ഈ കുറിപ്പെഴുതാന്‍ സന്മനസ്സ് കാണിച്ച താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
    സ്നേഹാദരങ്ങളോടെ,
    അന്‍വര്‍ ഷാ ഉമയനല്ലൂര്‍

    ReplyDelete