Thursday, March 31, 2016

പ്രണയമഴ നനഞ്ഞ ഗന്ധർവൻ



ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന , അപൂര്‍വ പ്രകാശം പരത്തുന്ന ഒരു നക്ഷത്രശോഭയാണ് എന്നും മലയാളിക്ക് പദ്മരാജന്‍ എന്ന സിനിമാക്കാരന്‍.
കള്ളന്‍ പവിത്രനായി സിനിമയുടെ പെരുവഴിയമ്പലത്തില്‍ കുടിയിരിക്കുന്ന എക്കാലത്തെയും സിനിമയുടെ രാജകുമാരന്‍. സിനിമ പദ്മരാജന് കവിതയും, കഥയും, നാടകവും , നോവലും , അതിലേറെ അനുഭവങ്ങളും ഇഴപിരിയുന്ന ദൃശ്യ സ്വപ്നങ്ങള്‍ ആയിരുന്നു. തന്‍റെ സിനിമ അത് എഴുത്ത് മാത്രമായാലും , അതല്ല അതിന്‍റെ സംവിധാന ചുമതല ഉണ്ടെങ്കിലും കൃത്യമായ ദൃശ്യ ബോധം , കാവ്യഭംഗി അതെല്ലാം ഇല്ലാതെ ഒരു സീന്‍ പോലും പകര്‍ത്തി വെക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല . അതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ് ചെറിയകാലംകൊണ്ട് അദ്ദേഹം തന്നിട്ടു പോയ വലിയ സിനിമകള്‍...
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പിറവിയെടുക്കുമ്പോള്‍ ആ അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല ,മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുവാന്‍ പോകുന്ന വിഖ്യാത സംവിധായകനായി ആ കുട്ടി മാറുമെന്ന് .
എഴുത്തിന്റെ വഴികളിലെ പുതുമ തേടി അലയുകയായിരുന്നു അദ്ദേഹം. കണ്ടെത്തിയതൊക്കെ പുതുമകളും പുതിയ ഓര്‍മകളും പുതിയ സുഖങ്ങളും ആയിരുന്നു എന്ന് നമ്മളൊക്കെ അനുഭവിച്ചറിഞ്ഞു. പ്രയാണം എന്ന ആദ്യചിത്രം തിരക്കഥയെഴുതി പി പദ്മരാജന്‍ എന്ന പപ്പേട്ടന്‍ മലയാള സിനിമയുടെ ആരെയും തള്ളുകയും ആരെയും ഏറ്റെടുക്കുകയും ചെയ്യുന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നു എങ്കിലും പദ്മരാജനെന്ന മഹാനായ എഴുത്തുകാരനെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ഠിച്ച
ചിത്രങ്ങളായിരുന്നുരതിനിര്‍വേദം ,തകര ,കൂടെവിടെ ,തൂവാനത്തുമ്പികള്‍ എന്നിവ ...
പ്രണയ പാപങ്ങളുടെ നടവഴികളിലൂടെ നടന്നു പോയ മലയാളത്തിന്റെ പദ്മരാജന്‍ . കയ്യിലുള്ള കഥയുടെ മാന്ത്രികവടി കൊണ്ട് മലയാള ചലച്ചിത്ര ലോകത്തെ തൊട്ടു ഉണര്‍ത്തിയ കാവ്യ പ്രതിഭ . കൈവിട്ടു പോകാവുന്ന കഥാ മുഹൂര്‍ത്തങ്ങള്‍ മാത്രം തൊട്ടെടുത്ത ആ ഗന്ധര്‍വ സാമീപ്യം സിനിമയുടെ കാല യവനികക്കപ്പുറം ഇന്നുമുണ്ട്.
തേക്കിന്‍ കാട് ചുറ്റി നടന്നു കണ്ട് എഴുതിയ ആദ്യ തിരക്കഥ
സിനിമയായില്ല .പക്ഷെ വടക്കുംനാഥന്റെ മുന്നില്‍ നിന്ന് പിന്നെയും കുറെ ദൂരം നടന്നു പദ്മരാജന്‍.ആപൂര്‍വതയുടെ അനുഗ്രഹീത വഴികള്‍ ആയിരുന്നുവത് . അത്കൊണ്ടാണ് ആദ്യ തിരക്കഥയിലെ അവറാച്ചന്‍ നൊമ്പരത്തിപ്പൂവില്‍പുനര്‍ജ്ജനിച്ചത്‌ .
കൂട്ടുകാരൊത്തു കടലില്‍ കുളിക്കാന്‍ പോയ പയ്യന്‍ അവനെ കാത്തിരിക്കുന്ന മുത്തച്ഛന്‍, മൂന്നാം പക്കം തിരിച്ചു വരാനിരിക്കുന്ന വലിയ സങ്കടത്തെ തിരശീലയില്‍ പകര്‍ത്തുമ്പോള്‍ പദ്മരാജന്‍ അഴിച്ചുവിട്ട നൊമ്പരക്കാറ്റ് ചെന്നു പതിച്ചത് മലയാളിയുടെ ഹൃത്തിലാണ് എന്നു നാമറിയുന്നു
കൗമാരത്തിന്റെ വികൃതികള്‍ കയറു പൊട്ടിക്കുന്ന ' പാമ്പ് ' എന്ന കഥ രതിനിര്‍വേദം എന്ന എക്കാലത്തെയും ഹിറ്റ് സിനിമയായപ്പോള്‍ നെറ്റി ചുളിച്ച സിനിമാനിരൂപകര്‍ രതിഭാവങ്ങളുടെ പുതുമുഖം , പൈതൃകഭംഗി കണ്ടു അന്ധാളിച്ചു
പോയത് ആ പ്രതിഭയുടെ അക്ഷരകൂട്ടിനു മുന്നിലാണ് .മലയാളിയുടെ കപട സദാചാരം , കൗമാര യൗവ്വന കാലം ഒളിപ്പിക്കുന്ന സൂത്രവിദ്യകള്‍ , പ്രണയം വഴിമാറും രതി , കാവും മഴയും, ഇണചേരും ശരീരം .... ഇതെല്ലാം സ്വപ്നങ്ങളില്‍ ഒളിച്ചു കടത്തുന്ന മലയാളിയുടെ മുഖം മൂടി വലിച്ചു കീറുകയായിരുന്നു രതിനിര്‍വേദം.
അല്‍പ്പം തെറ്റിയാല്‍ അശ്ലീലത്തിലേക്ക് വഴുതി വീഴാവുന്ന പ്രമേയങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തു വെയ്ക്കാനുള്ള കയ്യടക്കം പാലിച്ചു പദ്മരാജന്‍.. തിരക്കഥ എന്നാല്‍ അക്ഷര വ്യായാമം അല്ലെന്നു തിരുത്തിയെഴുതിയ തൂലിക.പദ്മരാജന്റെ തിരക്കഥകള്‍ അഭ്രപാളിയിലെ കവിതകളായിരുന്നു ... ഇന്നലെകള്‍ നഷ്ട്ടപെട്ടവരുടെ ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനുള്ള യാത്രകള്‍ മനുഷ്യ മനസ്സിന്റെ സൂക്ഷ്മതകള്‍ അക്ഷരചെപ്പില്‍ ഒളിപ്പിക്കുന്ന സമവാക്യങ്ങള്‍ പദ്മരാജന് കരഗതമായിരുന്നു . ഒന്നാം രാഗം പാടി ... ഒന്നിനെ മാത്രം തേടി , പ്രണയ വഴികളില്‍ അലഞ്ഞു തിരിഞ്ഞ അജ്ഞാത കാമുകന്‍, മഴയുടെ ഭാവങ്ങളില്‍ ജയകൃഷ്ണനും ക്ലാരയും നിറഞ്ഞപ്പോള്‍, മൗനം കുടിച്ചിരിക്കുന്ന തൊട്ടാവാടിയായി രാധയും മിന്നി മറഞ്ഞ തൂവാന തുമ്പികളായി പാറി പറന്നു നടന്നത് എക്കാലത്തെയും അനുരാഗികളുടെ ചിത്ത ങ്ങളില്‍ തന്നെയായിരുന്നു
കള്ളന്‍ പവിത്രനും ,ജയകൃഷ്ണനും ക്ലാരയും ,സോളമനും എല്ലാം മലയാളിയുടെ മനസിലെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു.പദ്മരാജന്‍ ചിത്രങ്ങള്‍ എന്നും ജീവിതത്തോട് ഒട്ടി നില്‍ക്കുന്നവയായിരുന്നു .ജീവിതത്തെ തമാശ പോലെ പുസ്തകത്താളുകളിലേക്ക് പകര്‍ത്തുകയായിരുന്നു പപ്പേട്ടന്‍ ...
വേശ്യയെ പ്രണയിച്ച നാട്ടുമാടബിയെക്കുറിച്ച്,
ജയകൃഷ്ണനും ക്ലാരയും ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ആ പ്രണയം അവനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇത്രയും മനോഹരമായി ചിത്രീകരിച്ചിട്ടില്ല മറ്റൊരു സംവിധായകരും.
നാട്ടു സുന്ദരിയെ സ്നേഹിച്ച ഗന്ധര്‍വന്‍. എന്താണ് ഗന്ധര്‍വന്‍ എന്നുപോലും അറിയാത്ത നമ്മളൊക്കെ നെഞ്ചോടു ചേര്‍ത്ത് ഏറ്റു വാങ്ങുകയായിരുന്നു ആ മനോഹരമായ പ്രണയകാവ്യം. അറം പറ്റുന്നു എന്നറിയാതെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരനായിരുന്നു പി. പത്മരാജന്‍. തനിക്കപരിചിതമായ ഒരു ലോകത്തിലൂടെ അലയാന്‍ വിധിക്കപ്പെട്ട തീര്‍ത്ഥാടകനായ എഴുത്തുകാരന്‍. ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്തായിരുന്നു പത്മരാജന്‍.
പകയുടെയും പ്രതികാരത്തിന്റെയും തീപൊള്ളുന്ന കഥ എണ്ണമയമുള്ള വാണിയന്‍ തെരുവിനെ പശ്ചാത്തലമാക്കി, ഭാവസാന്ദ്രമായ ഒരു ഗീതം പോലെ അഭ്രപാളികളില്‍ രചിക്കപ്പെട്ട പെരുവഴിയമ്പലം എന്ന സിനിമയിലൂടെ. ജീവിതത്തിന്റെ രണ്ടറ്റത്ത്‌ നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ നിലവിലുള്ള നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക വഴി, പാത്രസൃഷ്‌ടി സിനിമയുടെ വലിയ ഒരു ഭാഗമാണെന്ന്‌ പത്മരാജന്‍ കുറിച്ചിട്ടു. എന്നാല്‍ പത്മരാജനിലെ സംവിധായകന്‍ പരിലസിച്ചുനില്‍ക്കുന്നത്‌ ഒരിടത്തൊരു ഫയല്‍മാന്‍ എന്ന ചിത്രത്തിലാണ്‌. കല ജീവിതവൃത്തിയായി സ്വീകരിക്കുന്ന കലാകാരന്റെ ഏകാന്തതയും ഭീതിയും നിസ്സംഗതയും ഈ സിനിമയിലൂടെ ദൃശ്യഭാഷയായി. ഒരു കലാകാരന്റെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ചെന്നതുപോലെ ദാമ്പത്യത്തിന്റെ തകര്‍ച്ചെയെകുറിച്ചുമുള്ള സിനിമ കൂടിയാണ്‌ ഒരിടത്തൊരു ഫയല്‍മാന്‍.
മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും പശ്ചാത്തലമാക്കി രചിച്ച നമ്മുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. സ്വവര്‍ഗ്ഗാനുരാഗത്തെ രതിയുടേയും അശ്ലീലതയുടേയും നൂല്‍പ്പാലത്തിന്റെ നേരിയ അതിര്‍വരമ്പുകളിലൂടെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല ഇവയൊക്കെ മനോഹരമായ ഒരു കവിതപോലെ ഹൃദ്യമാണ്‌.
കാലത്തിന്റെ കവചകുണ്‌ഢലങ്ങളണിഞ്ഞ്‌ വശ്യതയുടെകടുംചായങ്ങള്‍ചുണ്ടില്‍ തേച്ചുപിടിപ്പിച്ച്‌ രാവുകളുടെ ഏകാന്തയാമങ്ങളില്‍ പ്രണയഗീതികള്‍ക്ക്‌ ചെവിടോര്‍ത്തലയുന്ന ഗന്ധര്‍വ്വസങ്കല്‍പ്പത്തെ പാടെ പൊളിച്ചെഴുതി , മാനുഷികവികാരങ്ങള്‍ക്കടിമപ്പെടുകയും മനുഷ്യന്റെ പരിമിതികളേയും ബലഹീനതകളേയും സ്‌നേഹിക്കുകയും ചെയ്യുന്ന ആധുനിക ഗന്ധവ്വസങ്കല്‍പ്പത്തിലേക്കുയര്‍ത്തിയ മനുഷ്യാവസ്ഥയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ ജീവിതത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍.
തന്റേതായ ഒരു പന്ഥാവിലൂടെ കഥ പറയുകയും ജീവിതത്തിന്‌ ദൃശ്യഭംഗി നല്‍കുകയും ചെയ്‌ത്‌ ഗന്ധവ്വലോകത്തേക്കൊരുനാള്‍ വിടവാങ്ങിയ പദ്മരാജന്‍ പാലപ്പൂ പൂക്കുന്ന തൊടിയില്‍ , മുത്തുച്ചിപ്പി തിളങ്ങുന്ന കടല്‍ക്കരയില്‍ ദിവ്യാനുരാഗത്തിന്റെ പാദസര കിലുക്കവുമായി ഗന്ധര്‍വനെ തേടി നടന്ന വശ്യ മനോഹരിയോടൊപ്പം വാക്കുകളുടെ ഗന്ധര്‍വനായി പദ്മരാജന്‍ ഗഗന നീലിമയില്‍ മറഞ്ഞപ്പോള്‍ നഷ്ടം നവംബറിന്റെ മാത്രമല്ല ഋതുഭേദങ്ങളുടെ നഷ്ട്ടം കൂടിയായിരുന്നു ...അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ നിന്ന് ഒരു കരിയില കാറ്റു പോലെ വിണ്ണിലേക്ക് മറഞ്ഞ ആ ചലച്ചിത്രകാരന്‍ അപൂര്‍വ ചിത്ര സമന്വയങ്ങള്‍ വാരി വിതറാന്‍ ദേവാങ്കണങ്ങളില്‍ കാത്തിരിപ്പുണ്ട്‌...

No comments:

Post a Comment