Thursday, March 31, 2016

പത്തിയൂർ- പുഴയും പുഞ്ചയും പിന്നെ ഞങ്ങളും



മഹാത്ഭുതങ്ങള്‍
ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രത്തേക്കാള്‍ എനിക്ക് ഏറെയിഷ്ടം ഇന്നും എന്‍െറ ഗ്രാമത്തിന്‍െറ ഐശ്വര്യമായി ഗ്രാമത്തിനെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്ന ഈ ചെറു തോടാണ്....ജയരാജും ഷാജിയും കുഞ്ഞുമോനും ഒക്കെ കളിച്ചു വളർന്ന പത്തിയൂർ എന്ന ഒരു ഗ്രാമപ്രദേശം.
ഈ തോടിനു കിഴക്കു വശം ക്രിസ്ത്യൻ പള്ളിയും തോടിനു അരികിലായി മുസ്ലിം പള്ളിയും
പടിഞ്ഞാറ് ക്ഷേത്രവും നിലകൊള്ളുന്നു.പത്തിയൂർ കാരൊക്കെ മതത്തിന് അതീതമായി ചിന്തിക്കാൻ കാരണം തന്നെ ഈ ഒരുമയാണ്,



പാമ്പാ നദി യുടെ കൈവഴി മണിമല ആറായി കരിപ്പുഴ പുഞ്ചയിലൂടെ ഒഴുകി കായംകുളം കായലിൽ എത്തുന്ന ഒരു ജല മാർഗം അതാണ് ഞങ്ങളുടെ പത്തിയൂർ തോട്.... കുട്ടനാടന്‍ പുഞ്ചയുടെ തുടക്കമായ ഉള്ളിട്ടപുഞ്ചയിലെ നൂറ് മേനി വിളവിന് ഈ തോട്ടിലെ ജലം
ഒരുവലിയ പങ്ക് വഹിക്കുന്നു.
ഉള്ളിട്ട പുഞ്ചയെ പറ്റി കേരളവർമ വലിയകോയി തമ്പുരാൻ 1894ൽ
എഴുതിയ മയൂര സന്ദേശം കാവ്യത്തിൽ പരാമർശിക്കുന്നുണ്ട്.
ഏതാണ്ട് നാല്പത് വര്‍ഷം മുന്‍പ് വരെ ,അതായത് വാഹനഗതാഗതം ഇന്നത്തെ പോലെ സാധാരണമല്ലായിരുന്ന കാലത്ത് തെക്കന്‍ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കായംകുളത്തു(പഴയ ഓടനാട് രാജ്യം) നിന്നും മാവേലിക്കര, ചെങ്ങന്നൂര്‍,മാന്നാര്‍ ,തിരുവല്ല,ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് ചരക്ക് എത്തിക്കാനും യാത്രക്കും ഈ ജലപാത ഉപയോഗിച്ചിരുന്നു...!
ഓടനാട് രാജാവ് ഈ പുഴയിലൂടെയായിരുന്നു യാത്ര ചെയ്തിരുന്നത് എന്ന് ചരിത്രം പറയുന്നു....!
എല്ലാ വര്‍ഷവും കര്‍ക്കിടകം ഒന്നാം തീയതി പത്തിയൂര്‍ പുഴയിലെ ജലോല്‍സവത്തോടെയാണ് കേരളത്തിലെ ജലോത്സവങ്ങള്‍ തുടങ്ങുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്...സംഘാടകരോ, ട്രോഫികളോ ഇല്ലാത്ത ജലോത്സവം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ജലോത്സവത്തിന്.. ചുണ്ടന്‍ വള്ളങ്ങള്‍ മത്സരങ്ങള്‍ക്ക് പോകുന്നതിന് മുന്‍പ് ഞങ്ങളുടെ ഗ്രാമദേവതയുടെ മുന്നില്‍ വഞ്ചിപ്പാട്ട് പാടി കാണിക്ക അര്‍പ്പിക്കുന്നതോടെയാണ് കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്...! (കേരളത്തിലെ പുരാതനമായ108 ദുർഗാ ക്ഷേത്രങ്ങളിലൊന്നാണ് പത്തിയൂര്‍ ദേവീക്ഷേത്രം)
ഷാജിയും കുഞ്ഞുമോനും
നീന്തല് പഠിച്ചതും, ചാടിമറിഞ്ഞും, മുങ്ങാംകുഴിയിട്ടും രസിച്ചിരുന്നതും ഈ തോടിന്‍െറ മടിത്തട്ടിലായിരുന്നു.
ഞാൻ കണ്ടു നിൽക്കറെ ഉള്ളു....
ഷാജിക്ക് മികച്ച നീന്തൽ താരത്തിനുള്ള അവാർഡ് (ഒരു സ്റ്റീൽ ടംബ്ലാറും, റെയ്‌നോൾഡ് പേനയും) സ്കൂളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
പത്തിയൂര്‍ ഗ്രാമത്തിന്‍െറ ഐശ്വര്യമാണ് മൂന്ന് ദേവാലയങ്ങളും ഈ പുഴയും പുഞ്ചയും.
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്തു ഉച്ച ഊണ് കഴിഞ്ഞു നേരെ ഓടുന്നത് ഈ തോടിനു അരികിലേക്കാണ്...
കുറുകെ വരമ്പ് കെട്ടി മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്‌തു വിടും ഒരു വലയിൽ കൂടിയാണ് വെള്ളം വിടുന്നത്.....ഓരോ അര മണിക്കൂറിലും വല ഉയർത്തും ഇതു കാണാനാണ് ഞങ്ങൾ പോകുന്നത്....പുഴ മീനുകൾ പലതരം ഉണ്ട്....കുറുവ പരൽ, പള്ളത്തി, കാരി, കൂരി, വരാൽ, കരട്ടി തുടങ്ങി അനേകം മീനുകൾ വളരെ രസകരമാണ് മീൻ പിടുത്തം കാണാൻ.
ചിലപ്പോളൊക്കെ അമ്മ പൈസയും തന്നു വിടും മീൻ വാങ്ങാൻ....എനിക്ക് ഇഷ്ടം ആദ്യ മഴക്ക് വരുന്ന പൊടി മീനുകൾ ആണ്.വെട്ടാൻ ഒന്നും പറ്റില്ല തീരെ ചെറുത്.നന്നായി ഉപ്പിട്ട് കഴുകി കുരുമുളകും ഉപ്പും തേങ്ങയും ചേർത്ത് വെളിച്ചെണ്ണ വാഴ ഇലയിൽ പുരട്ടി ചീനചട്ടിയിൽ
വച്ച് അട ഉണ്ടാക്കും.നല്ല രുചിയാണ്....
വലിയ വരാൽ ഒക്കെ ആണെങ്കിൽ തേങ്ങാ വരുത്തറച്ചു വെക്കും 2,3 ദിവസം ഇരുന്നാലും കുഴപ്പമില്ല രുചി കൂടുകയെ ഉള്ളു.
വൈകിട്ട് കറിവച്ച് രാവിലെ അല്പം തൈരും കൂടി പഴംകഞ്ഞി
ഹോ....അന്യായ രുചിയാണ്....
കാലം ഏറെ മാറി ,ഇപ്പൊ കൃഷി ചെയ്യാൻ പുഞ്ചയിൽ ആളില്ല.മത്സ്യങ്ങൾ കുറഞ്ഞു തുടങ്ങി.കുറെയാളുകൾ ഒക്കെ കൃഷി ചെയ്യുന്നുണ്ട് പഴയ ആ പ്രതാപം ഇല്ല.വെള്ളത്തിന്റെ വരവ് മൂന്നിൽ ഒന്നായി.തോടിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്,കായംകുളത്ത് എത്തുമ്പോൾക്കും ഹോട്ടലുകാർ പുറംതള്ളുന്ന അവശിഷ്ടങ്ങളും ഒക്കെ നിറഞ്ഞു മലിനജലമായാണ് ഇപ്പൊ കണ്ടുവരുന്നത്....എന്നാലും ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗമായി എന്നും പത്തിയൂർ തോട് ഉണ്ടാവും.......

No comments:

Post a Comment