Thursday, March 31, 2016

ഗീതാ ഹിരണ്യന്‍



മനസ്സില്‍ അഗ്നി കോരി ഇടുമ്പോള്‍ ...
ചിലത് അങ്ങനെയാണ്. അനുരണനം പോലെ
നമ്മുടെ ഉള്ളു പിടഞ്ഞ് അലയൊലി ഉതിര്‍ക്കുന്ന മട്ടില്‍
ഓരോ വാക്കും കര്‍മ്മവും സ്വായത്തമാക്കിയവര്‍.
ഇവിടെ നമ്മള്‍ മറന്നു പോവാന്‍ പാടില്ലാത്ത ഒരു
സാഹിത്യ പ്രതിഭയെ ആണ് ഞാന്‍ പറഞ്ഞു വരുന്നത്.
ഇവരും അധ്യാപികയായിരുന്നു. നാലര പതിറ്റാണ്ട് മാത്രം
തന്റെ ജന്മവും കര്‍മ്മവും തീര്‍ത്ത് നമ്മെയൊക്കെ സങ്കടത്തിലാക്കി
അകാലത്ത്‌ വിട്ടുപോയ ഗീതാ ഹിരണ്യന്‍ എന്ന എഴുത്തുകാരിയെ.
തന്റെ ഓരോ ദുര്യോഗങ്ങളും തീര്‍ത്തും മന്ദഹാസപൂര്‍ണ്ണമായി
വിരുന്നൂട്ടിയും സ്വീകരിച്ചും സ്വാംശീകരിച്ചും ജീവിതത്തെ
വഴിമാറ്റി എന്നതാണ് അവരെ വേറിട്ട്‌ നിര്‍ത്തുക.
അതിശയങ്ങളായിരുന്നു ഗീതടീച്ചറുടെ ഓരോ
എഴുത്തും.ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും ദുഃഖം
പേറുന്നത് ആണെന്നും ശരികളില്‍ ഉറങ്ങുന്ന
പല ഭാഷ്യങ്ങളും ഉള്ളു പിടയുന്ന നൊമ്പരം
തന്നെ ആണെന്നും ഇവര്‍ കല്‍പ്പിച്ചു.
മരണം മഹത്വം കൊണ്ടുവരുന്ന ചില വ്യക്തിത്വങ്ങള്‍
നമുക്ക് ചുറ്റുമുണ്ട്.
ഏറെ പ്രിയയായ ഈ എഴുത്തുകാരി മലയാളിയുടെ
അഭിമാനം തന്നെയാണ് ഏതുകാലത്തും.
സര്‍ഗാത്മക രചനയുടെ ശുദ്ധസംസ്കാരമായിരുന്നു
ഗീതാ ഹിരണ്യന്‍ എന്ന ഗീത ടീച്ചര്‍.
സ്ത്രീപക്ഷത്ത്‌ നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ആത്മസംഘര്‍ഷം
ഇത്രമാത്രം സംവദിച്ച എഴുത്തുകാരി വേറെ ഉണ്ടോ എന്ന്
സംശയമാണ്.
ആത്മാവ് സംസാരിക്കുന്ന അതിമനോഹരമായ ഒരു വിനിമയരീതി
ടീച്ചര്‍ സ്വായത്തമാക്കിയിരുന്നു .മറയില്ലാതെ , കൃത്രിമത്വത്തിന്റെ
കാപട്യങ്ങള്‍ തെല്ലുമില്ലാതെ അവര്‍ കഥ പറഞ്ഞു.
സ്നേഹം പഠിപ്പിച്ച ഗീത ജീവിതത്തെ അതിയായി ഇഷ്ടപ്പെട്ടു തുടങ്ങിയ
നേരത്തുതന്നെ അവരെ അര്‍ബുദം കീഴടക്കി.തന്റെ കൊഴിഞ്ഞു പോയ
തലമുടിയെ കുറിച്ച് അവര്‍ അസുഖനാളുകളില്‍ അസ്വസ്ഥയായില്ല.
മറിച്ച് ചിരിച്ചുകൊണ്ട് അവസ്ഥകളെ നേരിട്ടു ഈ അന്തര്‍ജ്ജനം.
കിളികളെ ,അരുവിയെ , കുട്ടികളെ , പ്രകൃതിയെ സ്നേഹിച്ച ടീച്ചര്‍
കുട്ടികളെ പോലെ മാറി.
''ഭൂമി കറങ്ങി തിരിഞ്ഞു തിരിഞ്ഞു. പിന്നീട് എനിക്ക്
കറുത്ത വാവുകളെ കൊണ്ടുവന്നു ..'' ഇങ്ങനെയായിരുന്നു ടീച്ചര്‍.
ഈ വഴിക്കായിരുന്നു ഗീതാ ഹിരണ്യന്‍ എന്ന നൈര്‍മ്മല്യം നിറഞ്ഞു നിന്നത്.
ഗീത ടീച്ചര്‍ തന്റെ ഓരോ എഴുത്തിലും ഒന്നാന്തരം ദാര്‍ശനികത പുലര്‍ത്തിയിരുന്നു.
ഒരു പ്രസ്ഥാനത്തിനും തന്നെ വില്‍പ്പനക്ക് വെച്ചില്ല അവര്‍.സ്നേഹം എന്ന
മന്ത്രം കൊണ്ട് അവര്‍ നമ്മെ കരയിപ്പിച്ചു.
''ഇന്നു സ്വപ്നങ്ങളുടെ ലോകം എന്നെ വിട്ടു പോയോ ?
ഒരു സ്വപ്നവും കൊരുത്തു വരുന്നില്ല ''
ആതുരാലയത്തിലെ രണ്ടു കൊല്ലം കഴിഞ്ഞ് അവര്‍
വന്നപ്പോള്‍ തേങ്ങി കരഞ്ഞത് നമ്മുടെ മനസ്സ് കൂടിയായിരുന്നു.
സിദ്ധാന്തങ്ങളുടെ കേമം പറയാതെ നാട്ടു വഴിയിലെ പെണ്‍കരുത്ത്
കാട്ടി അവര്‍ നമ്മെ വിസ്മയിപ്പിച്ചു എഴുത്തിലൂടെ.സ്വച്ഛമൊഴുകുന്ന അരുവിപോലെ മനോഹരമായ
എഴുത്തനുഭവം ആയിരുന്നു ടീച്ചര്‍.
കവി, കഥാകാരി,അധ്യാപിക,സുഹൃത്ത് ..ഒക്കെയായിരുന്നു ഗീത.
1956 മാര്‍ച്ച് 20 ന് കൊട്ടാരക്കര ജനിച്ച് ഏറെ എഴുതിയ ഈ കോളേജ് അധ്യാപിക
ഒരു ജന്മസത്യം , ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല.ഇനിയും വിടരാത്ത ഹൃദയത്തിന്റെ കടം
എന്നീ പുസ്തകങ്ങളിലൂടെനമ്മില്‍ ഇപ്പോഴും ജീവിക്കുന്നു ... 2002 ജനുവരി 2 ന്
അര്‍ബുദത്തോട് തോറ്റ് നമ്മെ വിട്ടുപിരിഞ്ഞ ഈ താരകത്തെ നമ്മള്‍ എങ്ങനെ മറക്കാനാണ്....?

No comments:

Post a Comment