Monday, March 28, 2016

മാര്‍ത്താണ്ഡവര്‍മ്മ



പ്രസിദ്ധ ആഖ്യായികകാരനായ സി.വി. രാമന്‍പിളളയുടെ ആദ്യത്തെ നോവലാണ് മാര്‍ത്താണ്ഡവര്‍മ്മ. മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രാഖ്യായികയാണിത്. തിരുവിതാംകൂര്‍ രാജ്യസ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ് ഈ നോവല്‍.
യുവാവായിരിക്കുമ്പോള്‍ തന്നെ രാജ്യഭരണസംബന്ധമായ നിരവധി ശത്രുക്കളെ നേരിടേണ്ടിവന്നു. സ്വന്തം മാതുലന്റെ പുത്രന്മാരായ തമ്പിമാര്‍ എട്ടുവീട്ടില്‍ പിളളമാരുടെയും മറ്റും ഒത്താശയോടുകൂടി രാജ്യാധികാരം പിടിച്ചെടുക്കാന്‍ ശ്രമംനടത്തി. രാജ്യത്തിന്റെ ഭരണം കൈയ്യാളിയിരുന്ന രാജാവിന്റെപുത്രന്മാരായ തമ്പിമര്‍ക്കും അനുചരന്മാര്‍ക്കും നല്ല സ്വാധീനം ഉണ്ടായിരുന്നു. തങ്ങളുടെ മാര്‍ഗ്ഗത്തിലെ ഏകതടസ്സം മാര്‍ത്താണ്ഡവര്‍മ്മയാണെന്ന് അവര്‍ മനസ്സിലാക്കി. മരുമക്കത്തായ രീതിയനുസരിച്ച് മാര്‍ത്താണ്ഡവര്‍മ്മയാണ് അടുത്ത കിരീടാവകാശി. മരുമക്കത്തായംമാറ്റി മക്കത്തായ രീതി നടപ്പാക്കണമെങ്കില്‍ യുവരാജാവായ മാര്‍ത്താണ്ഡവര്‍മ്മയെ വധിച്ചേ പറ്റൂ. ഇതിനുവേണ്ടി തമ്പിമാരും എട്ടുവീട്ടില്‍ പിളളമാരും നടത്തുന്ന എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തി അവരെ നിശേഷം നശിപ്പിച്ച് മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തിലേറുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
ഈ ചരിത്രസംഭവത്തെ ഭാവനയുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും പിന്‍ബലത്തോടെ നോവലിസ്റ്റ് സി.വി. രാമന്‍പിളള ഭംഗിയായി അവതരിപ്പിക്കുന്നു. ഇതിന്റെ പിന്‍ബലത്തിനായി ചില സങ്കല്പ കഥാപാത്രങ്ങളെയും അദ്ദേഹം സൃഷ്ടിക്കുന്നു. ഒരു സുന്ദരമായ പ്രണയകഥ കൂടി ഇതോടൊപ്പം ചേര്‍ത്ത് മനോഹരമാക്കിയപ്പോള്‍ ഒന്നാംതരമൊരു ചരിത്രാഖ്യായികയായി ഇത് പരിണമിക്കുകയാണ്.
പ്രേമകഥകളുടെ നായകനായ അനന്തപത്മനാഭന്റെ അത്ഭുതവീരപരാക്രമങ്ങളും നായികയായ പാറുക്കുട്ടിയുടെ നിഷ്കളങ്ക പ്രണയവും നോവലിനെ ആകര്‍ഷകമാക്കുന്നു. വായനക്കാരന്റെജിജ്ഞാസയെ വളര്‍ത്തി രസകരമായ സംഭവങ്ങളും വര്‍ണ്ണനകളും ചാലിച്ച് കഥയുടെ കൃത്യനിര്‍വ്വഹണം നടത്തിയിരിക്കുകയാണ്. മാര്‍ത്താണ്ഡവര്‍മ്മ , അനന്തപത്മനാഭന്‍ ,രാമയ്യന്‍ ,തിരുമുഖത്ത്പിളള , മങ്കോയിക്കല്‍ കുറുപ്പ് ,തമ്പിമാര്‍ , വേലുക്കുറുപ്പ് , പരമേശ്വരന്‍ പിളള, പാറുക്കുട്ടി, സുഭദ്ര, കാര്‍ത്യായനിയമ്മ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.
കഥാഗതി മുന്നോട്ട് നയിക്കുന്നതില്‍ ഓരോ കഥാപാത്രങ്ങളും വഹിക്കുന്ന പങ്ക് നോവലിസ്റ്റ് എഴുതിചേര്‍ത്തിരിക്കുന്നത് അത്യുത്തമമായ ഭാവനാവിലാസത്തോടെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തമായ പാത്ര സവിശേഷത നോവലിസ്റ്റ് കല്പിച്ചിട്ടുണ്ട്. സാഹസികനായ അനന്തപത്മനാഭന്‍ , സ്ത്രീലമ്പടനായ തമ്പി , ധീരയും രാജഭക്തയുമായ സുഭദ്ര , ചെമ്പകശേരി തറവാട്ടിന്റെ അന്തസ്സും അഭിജാത്യവും പുലര്‍ത്തുന്ന കാര്‍ത്യായനിയമ്മ, ഇങ്ങനെ പോകുന്നു പാത്രസൃഷ്ടി.
ചരിത്രാഖ്യായികകളില്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രമുഖസ്ഥാനത്തുതന്നെയാണ്. സി.വി. രാമന്‍പിളളയുടെ ഈ രംഗത്തെ നേട്ടം കാലമെത്ര ചെന്നാലും നിലനില്ക്കുകതന്നെചെയ്യും. മലയാളത്തിലെ വാള്‍ട്ടര്‍ സ്ക്കോട്ട് എന്നാണ് സാഹിത്യലോകം സി.വി. രാമന്‍പിളളയ്ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന ബഹുമതി.
സി.വി. യുടെ ചരിത്രാഖ്യായികകൾ
സി.വി. യുടെ മാർത്താണ്ഡവർമ്മ,ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധർമ്മരാജായിൽ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാർത്താണ്ഡവർമ്മയുടെ അനന്തരവനായ കാർത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപൻ ധർമ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാൾ പുറത്ത് മൈസൂരിൽ നിന്നാണ് ഇക്കാലയളവിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. ഒടുവിൽ രാജശക്തി തന്നെ ജയിക്കുന്നു.
കൃതികൾ
ചരിത്രനോവലുകൾ
മാർത്താണ്ഡവർമ്മ (1891) ധർമ്മരാജാ (1913) രാമരാജ ബഹദൂർ (1918)
പ്രസ്തുത നോവലുകളെ ചരിത്രാഖ്യായിക (Historical Narrative), കാല്പനിക ചരിത്രാഖ്യായിക (Historical Romance), ആഖ്യായിക (Narrative) എന്നീ വിഭാഗങ്ങളിലും പരാമർശിച്ചു കാണാറുണ്ട്.
സാമൂഹ്യനോവൽ
പ്രേമാമൃതം (1917)
ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
ചന്ദ്രമുഖീവിലാസം (1884 അപ്രകാശിതം‍)മത്തവിലാസം (അപ്രകാശിതം) കുറുപ്പില്ലാക്കളരി (1909) തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914) ഡോക്ടർക്കു കിട്ടിയ മിച്ചം (1916) പണ്ടത്തെ പാച്ചൻ (1918) കൈമളശ്ശൻറെ കടശ്ശിക്കളി (1915) ചെറതേൻ കൊളംബസ് (1917) പാപിചെല്ലണടം പാതാളം (1919) കുറുപ്പിൻറെ തിരിപ്പ് (1920) ബട്ട്ലർ പപ്പൻ ‍(1921)
ലേഖനപരമ്പര
വിദേശീയ മേധാവിത്വം (1922)
അപൂർണ്ണ കൃതികൾ
ദിഷ്ടദംഷ്ട്രം (നോവൽ) പ്രേമാരിഷ്ടം(ആത്മകഥ)
സി.വി. രാമൻപിള്ള
ജനനംമേയ് 19 1858
തിരുവനന്തപുരംമരണംമാർച്ച് 21, 1922
തിരുവനന്തപുരംദേശീയത ഭാരതീയൻതൊഴിൽനോവലിസ്റ്റ്, നാടകകൃത്ത്
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ.മാർത്താണ്ഡവർമ്മ,രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തി. തിരുവിതാംകൂർദിവാനായിരുന്ന രാജാകേശവദാസൻഅദ്ദേഹത്തിന്റെ പിതാമഹനായിരുന്നു
മാർത്താണ്ഡവർമ്മ നോവലിന്റെ ആദ്യ അച്ചടിയും പ്രകാശനവുO
മെസ്സേഴസ് അഡിസൻ ആൻറ് കമ്പനിയുടെ മദ്രാസിലെ അച്ചുകൂടത്തിൽ തയ്യാറാക്കിയ മാർത്താണ്ഡവർമ്മ 1891-ലാണ് ഗ്രന്ഥകാരൻ പ്രകാശിപ്പിച്ചത്. രണ്ടാമത്തെ പതിപ്പ് 1911-ൽ ബി.വി. ബുക്ക് ഡിപ്പോ ആണ് പ്രസിദ്ധീകരിച്ചത്. 1973 മുതൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള സാഹിത്യ അക്കാദമി1999-ൽ മലയാള നോവൽ സാഹിത്യത്തിൻറെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.
പ്രധാന തർജ്ജമകൾ
മാർത്താണ്ഡവർമ്മ നോവലിന്ആംഗലേയം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി അഞ്ചു വ്യത്യസ്ത തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. ആംഗലേയ ഭാഷയിലെ ആദ്യത്തെ വിവർത്തനം 1936-ലും, രണ്ടാമത്തേത് 1979-ലും, പ്രഥമ തമിഴ് വിവർത്തനം 1954-ലും, രണ്ടാമത്തെ തമിഴ് വിവർത്തനം 2007-ലും, ഹിന്ദി പരിഭാഷ 1990-ലും പ്രകാശിതമായി.
പുതിയ തലമുറയിലെ സാഹിത്യകാരന്മാർക്കും , സാഹിത്യപ്രേമികൾക്കും ഒരു പക്ഷേ ചരിത്രാന്വേഷികൾക്കും വഴികാട്ടിയാകാവുന്ന ഈ നോവൽ അതിന്റെ ഗാംഭീര്യം കൊണ്ട് എക്കാലവും മലയാളത്തിൽ തലയുയർത്തി നിൽക്കും .
ഈ ശ്രമം ഒരു ഓർമ്മപ്പെടുത്തലാണ് . നമ്മുടെ പുരാതന സംസ്കൃതിയുടെ ,രാഷ്ട്രീയത്തിന്റെ , സാമൂഹികതയുടെ , അനുരാഗത്തിന്റെ, ചതിയുടെ , വൈരത്തിന്റെ , സ്നേഹബന്ധങ്ങളുടെ .
നമുക്ക് തിരിഞ്ഞു നോക്കാം , എന്തൊക്കിലുമൊക്കെ സ്വീകരിക്കാനുണ്ടാവും ,പുറന്തള്ളാനുണ്ടാവും , അനുഭവിക്കാനുണ്ടാവും .
ചരിത്രത്തിൽ നിന്നും , ഈ ചരിത്ര നോവലിൽ നിന്നും

No comments:

Post a Comment