Thursday, March 24, 2016

അമ്പിളിമാമൻ കഥപറയുന്നു

അമ്പിളിമാമന്റെ നാട്ടിലും
നമ്മുടെ അമ്മാവന്മാർ ചിലർ
പോയി വന്നു.
അഞ്ചാറുകല്ലുകളത്രേ നമുക്കവർ
സമ്മാനമായിങ്ങുകൊണ്ടു വന്നു."
"എന്നെക്കുറിച്ചു പാടിയതു കേട്ടെനിക്ക് സന്തോഷായി. വേറൊന്നും കൊടുത്തുവിടാൻ എന്റെ കൈവശം ഉണ്ടായില്ല മക്കളേ. ആട്ടെ ഈയിടെയായി ആരുമെന്താ ഇങ്ങോട്ടു വരാത്തത്? നിങ്ങളെയൊക്കെ ഒന്നടുത്തുകാണാൻ എനിക്കു കൊതിയാവുന്നു."
"ജാനൂട്ടിയുടെ കുഞ്ഞ് ആയില്യം നാളിൽ ജനിച്ചതിന്റെ പേരിൽ അയൽവീട്ടുകാർ വഴക്കുണ്ടാക്കിയത്‌ ഞാനറിഞ്ഞു.
കഷ്ടം. എന്തിനാ മനുഷ്യരിങ്ങനെ വഴക്കുണ്ടാക്കുന്നതു? ആ കുഞ്ഞിനു ആയില്യം നാള് ആയതു എങ്ങനാണെന്നു ഞാൻ പറഞ്ഞു തരട്ടേ?"
"ഒരുകുഞ്ഞു ജനിച്ചുകഴിഞ്ഞാൽ ഉടനേയതു ആണോ പെണ്ണോ എന്നാണല്ലോ എല്ലാർക്കും അറിയേണ്ടത്. തുടർന്നു നാളേതാണെന്നും.ഓരോ ദിവസത്തിനും ഓരോ നക്ഷത്രങ്ങളുടെ പേരാണ്.
ദിവസവും എന്റെ അടുത്തായി കാണപ്പെടുന്ന നക്ഷത്രമാണതു. അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങൾ. ഞാൻ ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാനെടുക്കുന്ന സമയവും 27ദിനങ്ങൾ. ഓരോ ദിവസവും എന്റെ പുറകിൽ വ്യത്യസ്ഥ നക്ഷത്രങ്ങൽ. അതിൽ പ്രധാനനക്ഷത്രത്തിന്റെ പേരാണ് അന്നത്തെ നാൾ. 360° തിരിയാൻ 27ദിവസം എടുക്കുന്നതുകൊണ്ട് ഒരു ദിവസം 13.33° ആണു എന്റെ യാത്ര. ദിവസവും എന്നെ 
നിങ്ങൾ വ്യത്യസ്ഥ സ്ഥാനങ്ങളിൽ കാണുന്നതിന്റെ കാരണമിതാണ്. ചിലപ്പോൾ ഈ ദൂരത്തിനിടയിൽ രണ്ടു നക്ഷ്ത്രങ്ങളോ കൂടുതൽ സമയം ഒരു നക്ഷത്രം മാത്രമായോ ഉണ്ടാകാം. അതുകൊണ്ട് സമയവും കൂടി നോക്കിയാലേ നാൾ ശരിയായി പറയാൻ കഴിയൂ. ചിലപ്പോൾ ഒരേ ദിവസം തന്നെ രണ്ടു നക്ഷത്രങ്ങളും രണ്ടു ദിവസത്തേക്ക് ഒരേ നക്ഷത്രവും കാണുകയും ചെയ്യാം. ആ കുഞ്ഞു ജനിച്ചപ്പോൾ എന്റെ അടുത്തതായി കാണപ്പെട്ട നക്ഷത്രം ആയില്യം ആയതിനു വീട്ടുകാരോട് വഴക്കിടേണ്ട കാര്യമുണ്ടോ?"
"അനേകം പ്രകാശവർഷങ്ങൾ അകലെയുള്ള ഈ നക്ഷത്രങ്ങളും സൗരയൂഥത്തിലെ ഗ്രഹങ്ങളും കുഞ്ഞിന്റെ ഭാവിയും തമ്മിലുള്ള ബന്ധം എന്താണാവോ?
ശുക്രനും വ്യാഴവും കുഞ്ഞിനു നന്മനേരുമെങ്കിൽ അസൂയക്കാരായ ചൊവ്വയും ശനിയും കുഴപ്പമുണ്ടാക്കുമെന്നുമാണ് വിശ്വാസം. ബുധൻ ഗുണത്തിനും ദോഷത്തിനുമില്ലെന്നു തോന്നുന്നു. യുറാനസും നെപ്ട്യൂനും ഈ വഴി തിരിഞ്ഞുപോലും നോക്കില്ല. കുഞ്ഞുങ്ങളെ ഇഷ്ടമില്ലായിരിക്കും."
"അമാവാസി ദിവസം എന്റെ സ്ഥാനം ഭൂമിക്കും സൂര്യനുമിടയിലായിരിക്കും. അപ്പോൾ സൂര്യപ്രകാശം പതിക്കുന്ന ഭാഗം ഭൂമിയിൽ ദൃശ്യമല്ല.അന്നു സൂര്യനും ഞാനും ഒന്നിച്ചു ഉദിച്ചു അസ്തമിക്കും.നേർ രേഖയിൽ വന്നാൽ ഞാൻ സൂര്യനെ മറയ്ക്കും.അതാണ്‌ സൂര്യഗ്രഹണം. സാധാരണ അമാവാസി ദിവസം നേർരേഖയിൽ വരാതെ ഞാൻ 5°വരെ മാറുന്നു. അപ്പോൾ സൂര്യൻ മറയുന്നില്ല, ഗ്രഹണം സംഭവിക്കുന്നില്ല. കലണ്ടറിൽ പ്രഥമ എന്നു എഴുതിയിട്ടുള്ള പിറ്റേ ദിവസം ഞാൻ 13.33° മാറിയിട്ടുണ്ടാവും. സൂര്യോദയത്തിനു ശേഷമേ ഉദിക്കുകയുള്ളൂ. സൂര്യൻ അസ്തമിച്ചു അല്പം കഴിഞ്ഞേ അസ്തമിക്കൂ. അപ്പോൾ സൂര്യപ്രകാശം പതിക്കുന്ന എന്റെ വളരെ ചെറിയ ഭാഗം പടിഞ്ഞാറു കടൽ തീരത്തു അൽപ്പ സമയത്തേക്ക് ദൃശ്യമാകും. ഒരോ ദിവസവും ( ദ്വിതീയ, ത്രിതീയ, ...) എന്റെ ഉദയ സമയം വൈകുന്നു. സൂര്യാസ്തമയ ശേഷം എന്നെ കാണാൻ കഴിയുന്ന സമയം കൂടുന്നു. സൂര്യപ്രകാശം പതിക്കുന്ന എന്റെ ഭാഗം നിങ്ങൾക്കു കാണാൻ കഴിയുന്നത്‌ കൂടിക്കൂടി വരികയും ചെയ്യുന്നു. ഇതാണ് എന്റെ 'വൃദ്ധി' (waxing of moon). ഏഴാം ദിവസം നട്ടുച്ചയ്ക്കാണ് ഞാൻ ഉദിക്കുന്നത്. അന്നു സൂര്യൻ അസ്തമിക്കുമ്പോൾ തലയ്ക്കു മുകളിൽ അർദ്ധചന്ദ്രനെ കാണാൻ കഴിയും. അർദ്ധരാത്രി അസ്തമിക്കുകയും ചെയ്യും. അടുത്ത ഏഴു ദിവസങ്ങൾ കൂടി കഴിയുമ്പോൾ സൂര്യൻ അസ്തമിക്കുമ്പോൾ ഞാൻ ഉദിക്കും. സൂര്യപ്രകാശം പതിക്കുന്ന എന്റെ വശം മുഴുവനും ഭൂമിക്കു നേരേ ആയിരിക്കും. ഇതാണ് പൌർണ്ണമി. അന്നു നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴൽ എന്നെ മറയ്ക്കും. അതാണ്‌ ചന്ദ്രഗ്രഹണം. ഇവിടെയും എന്റെ പരിക്രമണ തലത്തിന്റെ 5° വ്യത്യാസം കാരണം എല്ലാ പൌർണ്ണമിയിലും ഗ്രഹണം നടക്കുന്നില്ല. പിറ്റേന്ന് മുതൽ നിങ്ങൾക്കു കാണാൻ കഴിയുന്ന എന്റെ ഭാഗം ചെറുതായി ചെറുതായി വരും. ഇതാണ്‌ എന്റെ 'ക്ഷയം' (waning of moon). സൂര്യാസ്തമയത്തിനു ശേഷമേ ഉദിക്കുകയുള്ളൂ. പൌർണ്ണമി കഴിഞ്ഞു ഏഴാം ദിവസം അർദ്ധരാത്രിയിൽ ഉദിക്കും. പിറ്റേന്ന് സൂര്യനുദിക്കുമ്പോൾ തലയ്ക്കു മുകളിൽ അർദ്ധചന്ദ്രനുണ്ടാവും. തുടർന്നു
ള്ള ദിവസങ്ങളിൽ സൂര്യോദയത്തിനു ശേഷം പടിഞ്ഞാറൻ മാനത്തു എന്നെ കാണാൻ കഴിയും. ഒരാഴ്ചകൂടി കഴിയുമ്പോൾ സൂര്യന്റെ ഒപ്പം ഞാനും ഉദിക്കുന്ന അമാവാസി ദിനമാകും. ഇതിങ്ങനെ തുടരും.
"ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു തിരിയുന്നത് കൊണ്ട് എല്ലാ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഞാനും കിഴക്കുദിച്ചു പടിഞ്ഞാറു അസ്തമിക്കുന്നു. കിഴക്കുദിക്കുന്ന ചന്ദ്രക്കല സൂര്യാസ്തമയത്തിനു ശേഷമേ പടിഞ്ഞാറെ മാനത്ത് നിങ്ങളുടെ കണ്ണിൽപ്പെടുന്നുള്ളൂ."
"ഭൂമിക്കു ചുറ്റുമുള്ള എന്റെ കറക്കവുമായി ബന്ധപ്പെട്ടാണ് അറബ്കലണ്ടർ. ഒരു മാസത്തിൽ 29/30ദിവസങ്ങൾ മാത്രം.അതുകൊണ്ട് ഇംഗ്ലീഷ് കലണ്ടറിനെക്കാൾ 10/12ദിവസങ്ങൾ കുറവായിരിക്കും ഒരു വർഷത്തിനു. ഇംഗ്ലീഷ്കലണ്ടർ പ്രകാരം മാസത്തിന്റെ തുടക്കത്തിൽ അമാവാസി/പൗർണ്ണമി വന്നാൽ അവസാനം ഒന്നൂടെ ഉണ്ടാവാം. രണ്ടാമത് ദൃശ്യമാകുന്ന പൌർണ്ണമിയെ 'ബ്ലൂ മൂണ്‍' എന്നറിയപ്പെടുന്നു. ഇതുപോലെ വല്ലപ്പോഴും സംഭവിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാൻ
"once in a blue moon" എന്നു പറയാറുണ്ട്.
ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന പൌർണ്ണമിയിൽ എന്നെ കൂടുതൽ വലിപ്പത്തിലും തിളക്കത്തിലും കാണാൻ കഴിയും. ഇതാണ് സൂപ്പർ മൂണ്‍.
എന്റെ ഭ്രമണകാലവും പരിക്രമണ കാലവും തുല്യമായതിനാൽ ഒരു വശം മാത്രമേ ഭൂമിയിൽ നിന്നു കാണാൻ കഴിയൂ."
"മരക്കൊമ്പിൽമേൽ നിന്നു കോലോളം ദൂരത്തിൽ നിലാവൊളിയാൽ ഭൂമിയിൽ പ്രണയം നിറയ്ക്കുന്ന നിങ്ങളുടെ സ്വന്തം അമ്പിളിമാമനെക്കുറിച്ച് പറയാൻ ഇനിയും ഒത്തിരിയൊത്തിരി ബാക്കി... അതു പിന്നീടൊരിക്കലാകാം മക്കളെ.

No comments:

Post a Comment