Thursday, March 24, 2016

എന്ന് സ്വന്തം മൊയ്ദീന്‍



നീയീ പുഴയുടെ കര പിടിച്ചു നടന്നാൽ അറബിക്കടലായി . അതിനി എത്ര കടവത്തു ഏതു തോണിക്കാരൻ കുത്തിനിർത്തിയാലും ഇരുവഴിഞ്ഞി പുഴ അറബിക്കടലിലെത്തുക തന്നെ ചെയ്യും .ഇരുവഴഞ്ഞി അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാണ് . ഇത് മൊയ്തീന്റെ വാക്കാ ... വാക്കാ ഏറ്റവും വലിയ സത്യം ."
മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം ഒരു വെറും കഥയോ ഭാവനയോ അല്ല അത് ജീവിച്ചിരുന്ന കഥാപാത്രങ്ങൾ ആണ് . ഈ കാഴ്ച ഉള്ളിൽ നിറച്ചു കൊണ്ട് ആണ് എന്ന് നിന്റെ മൊയ്തീൻ കാണാൻ ഇരുന്നതും . മലബാറിന്റെ മണ്ണിൽ ജീവിച്ച മൊയ്തീനും കാഞ്ചന മാലയും ഉറ്റ സ്നേഹിതരായ രണ്ടു കുടുംബങ്ങളുടെ ഇടയിൽ വിതയ്ക്കുന്ന അശാന്തിയുടെയും വേദനയുടെയും കഥ കൂടിയാണ് അത് .
വളരെ സ്നേഹത്തോടും ശാന്തിയോടും മതസൌഹാർദ്ദത്തോടും ആണ് ദേശത്തു മാധവന്റെയും ഉണ്ണിമൊയ്തീൻ സാഹിബിന്റെയും കുടുംബങ്ങൾ കഴിഞ്ഞു വന്നിരുന്നത് . ഇവർ രണ്ടു പേരും മതത്തേക്കാൾ ഉപരി സ്നേഹബന്ധത്തിന് ആണ് പ്രാധാന്യം കൊടുത്തിരുന്നതും . മുക്കത്തെ പ്രധാനസാമൂഹ്യ പ്രവര്‍ത്തകനായ സാഹിബു കറകളഞ്ഞ ഒരു കോണ്ഗ്രസ് പ്രവർത്തകൻ ആണ് . എന്നാൽ അദ്ധേഹത്തിന്റെ മകനായ മൊയ്തീൻ ആകട്ടെ ഒരു കമ്യൂണിസ്റ്റ് പ്രവര്ത്തകനും . വീട്ടിന്നുള്ളിൽ അവർ തമ്മിൽ പലപ്പോഴും വാഗ്വാദങ്ങൾ ഉണ്ടാകുന്നുമുണ്ട് ഇതിനെ കുറിച്ച് . അപ്പോഴൊക്കെ സഹായമായി ഇടയിൽ എത്തുന്നത് ഉമ്മയാണ് . ഇത് പോലെ കമ്യൂണിസ്റ്റ്കാർക്ക് വേണ്ടപ്പെട്ട ഒരു സഹായമായി നില്‍ക്കുന്ന തറവാട് ആണ് മാധവന്റെ എന്ന് പറയാം . മാധവന്റെ മക്കളിൽ ഡോക്ടറിനു പഠിക്കുന്ന കാഞ്ചനമാല ഹോസ്റ്റലിൽ ആണ് നിന്ന് പഠിക്കുന്നത് . അവൾ ഹോസ്റ്റലിൽ തന്റെ വിപ്ലവ ആശയങ്ങൾ പ്രകടിപ്പിക്കുന്ന അവസരങ്ങൾ കാണിക്കുന്നത് അവളിലും ഉറഞ്ഞു കിടക്കുന്ന കമ്യൂണിസ്റ്റ് ചിന്തകൾ തന്നെയാണ് '.
മൊയ്തീന്റെ പ്രണയം കാഞ്ചന തിരിച്ചറിയുന്നത്‌ ഹോസ്റ്റലിൽ തന്നെ തേടി വന്ന പുസ്തകങ്ങൾ മുഖാന്തിരമാണ് . അവയിലെ അടയാളങ്ങൾ നോക്കി പോകുമ്പോൾ അവൾ ചെന്നെത്തുന്നത് മോയ്തീനില്‍ ആണ് . കൂട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇടയിലും ആരും അറിയാതെ അവരുടെ പ്രണയം പതിയെ വളർന്നു തുടങ്ങുകയായിരുന്നു . സാഹിബ് ഒരു വിവാഹം കൊണ്ട് വരുന്ന അവസരത്തിൽ ആണ് മൊയ്തീന്‍ ആദ്യമായി കാഞ്ചനയുമായി ഉള്ള സ്നേഹം വെളിപ്പെടുത്തുന്നത് . പരസ്പരം തൊട്ടു പോലും അശുദ്ധമാക്കാൻ ശ്രമിക്കാത്ത ദിവ്യ പ്രണയം ആയിരുന്നു അവര്‍ക്കിടയിൽ . നാട്ടിൽസ്പര്‍ദ്ധ ഉണ്ടാകും എന്ന ഭയത്താൽ അവർ ഒളിച്ചോടുക എന്ന സംഗതി തന്നെ വേണ്ട എന്ന് കരുതിവയ്ക്കുക ആണ് . അതുപോലെ മതം മാറുക എന്നതും അവർക്ക് സമ്മതമാകുന്നില്ല .
അനസ്യൂതം അവർ തങ്ങളുടെ പ്രണയം കത്തുകളിലൂടെ കൈമാറി വരുമ്പോർ ആണ് ആ കത്തുകൾ കാഞ്ചനയുടെ വീട്ടുകാര്‍ പിടിക്കുന്നതും അവൾ വീട്ടു തടങ്കലിൽ ആകുന്നതും . പക്ഷെ അപ്പോഴും അവൾ തമ്മിലുള്ള പ്രണയം അഭംഗുരം തുടർന്ന് വന്നു . മർദ്ദനങ്ങൾ കൊണ്ടൊന്നും കാഞ്ചനയുടെ മനസ്സ് മാറ്റാന്‍ അവർക്കാകുന്നില്ല . കത്തുകൾ പിടിക്കാൻ തുടങ്ങിയപ്പോൾ അവർ തങ്ങൾക്കിടയിൽ ഒരു പുതിയ ഭാഷ തന്നെ വികസിപ്പിച്ചെടുക്കുക ഉണ്ടായി തങ്ങളുടെ പ്രണയഭാഷ്യം ചമയ്ക്കുവാൻ . ക്ഷമയോടെ കാലങ്ങളോളം അവർ രണ്ടുപേരും കാത്തിരിക്കുന്നു . അവിവാഹിതയായ കാഞ്ചനയും നര കയറിയ തലയിൽ നോക്കി മൊയ്തീനും .
എല്ലാ ബാധ്യതകളും കഴിയുമ്പോൾ കാഞ്ചനയുമായി ഒളിച്ചോടാൻ മൊയ്തീൻ ശ്രമിക്കുമ്പോൾ രണ്ടു വട്ടം അവർക്ക് മറ്റു തടസ്സങ്ങൻൾ മൂലം നടക്കാതെ പോകുന്നു . കാഞ്ചനയോടു സ്നേഹം ഉള്ള സഹോദരൻ സേതുവും അവിവാഹിതൻ ആയി കഴിയുന്നത്‌ അവളോടുള്ള വാത്സല്യം മൂലം ആണ് . ഇതിനിടയില്‍ മൊയ്തീനെ സേതു കൊല്ലാൻ ശ്രമിക്കുകയും അയാൾ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട് . പക്ഷെ സാഹിബ് തന്റെ പകയാൽ മൊയ്തീനെ കുത്തി വീഴ്ത്തുന്നു പിന്നീട് . മരണത്തിൽ നിന്നും രക്ഷപ്പെട്ടു വന്ന മൊയ്തീൻ പക്ഷെ കോടതിയിൽ കള്ളം പറഞ്ഞു ബാപ്പയെ രക്ഷിക്കുന്നു. തുടർന്ന് മൊയ്തീന്റെ ഉമ്മ വീട് വിട്ടു പോകുന്നു അവരും മൊയ്തീനും ഒന്നിച്ചു ഉമ്മയുടെ തറവാട്ടു വീട്ടിൽ ജീവിക്കുന്നു . കാലം പിന്നെയും കടന്നു പോകുന്നു . തങ്ങളുടെ സ്വപ്നം പൂവണിയാൻ ഒരു അവസാന ശ്രമം പോലെ ഒടുവിൽ പുറംനാട്ടിലേക്ക് പോകാൻ മൊയ്തീൻ പാസ്പോർട്ട് ശരിയാക്കുന്നു . യാത്രയ്ക്ക് തയ്യാറായി ഇരിക്കുന്ന കാഞ്ചനയുടെ അടുത്തേക്ക്‌ മൊയ്തീൻ പാസ്പോർട്ടുമായി വരുമ്പോൾ മഴ മൂലം തോണി മറിയുന്നു . യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ഉള്ള ശ്രമമത്തില്‍ ഒടുവില്‍ മൊയ്തീൻ പുഴയിൽ മുങ്ങി മരിക്കുന്നു . കാഞ്ചന ആത്മഹത്യക്ക് ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു . മൊയ്തീൻ മുങ്ങിമരിച്ച പുഴയിലെ വെള്ളം ഒരു മോന്ത കുടിച്ചുകൊണ്ട് കാഞ്ചന മോയ്തീന്റെ ഉമ്മയുടെ കൂടെ മൊയ്തീന്റെ മണവാട്ടി ആയി അയാളുടെ വീട്ടിൻ എത്തുന്നിടത്ത് കഥ അവസാനിക്കുന്നു .
ചരിത്രത്തെ, ആ കാലത്തെ അതുപോലെ അഭ്രപാളികളിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട് . വേഷവിധാനങ്ങളും സംസാരഭാഷയും മറ്റും കാലഘട്ടത്തെ തിരികെ കൊണ്ട് വരാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി കാണാം . അതിൽ അവർ വിജയിച്ചു എന്നതും പ്രണയം എത്ര കണ്ടാലും മതിവരാത്തതും ആയതിനാൽ നല്ലൊരു ചിത്രമായി എന്ന് നിന്റെ മൊയ്തീൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . പൃഥി രാജും പാർവ്വതി തെരുവോരത്തും പ്രധാന വേഷങ്ങളിൻ അഭിനയിച്ച ഈ ചിത്രം രചന, സംവിധാനം ചെയ്തിരിക്കുന്നതു ആർ എസ് വിമൻ ആണ് . ചങ്ങമ്പുഴയുടെയും റഫീക്ക് അഹമ്മദിന്റെയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ എം ജയചന്ദ്രനും രമേശ്‌ നാരായണനും ആണ് .

No comments:

Post a Comment