Friday, March 25, 2016

നിശ്ശബ്ദതയുടെ നീർക്കെട്ടിലേക്ക്........ നിഗൂഡതകളിലേക്ക്


യാത്ര എന്നും ഹരമാണ് എനിക്ക്..... അല്ല നിങ്ങൾക്കും അങ്ങിനെ തന്നെയല്ലെ.... എങ്കിൽ വരു.... എന്റെ ഒരു യാത്രാനുഭവത്തിന്റെ ഓർമ്മത്തുരുത്തിലേക്ക്.......
പാലക്കാട് ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരുവിലായി സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക്.
ഞങ്ങൾ കുറച്ചു കുടുംബാംഗങ്ങളുമായിട്ടാണ് യാത്ര പുറപ്പെട്ടത്. മണ്ണാർക്കാട്ടെ കുന്തിപ്പുഴയുടെ തീരത്തുള്ള ബന്ധുവീട്ടിലാണ് ആദ്യം എത്തിയത്‌. ശാന്തസുന്ദരമായ കുന്തിപ്പുഴ കണ്ട ശേഷം സൈലന്റ് വാലിയിലേക്ക് പുറപ്പെട്ടു.
സൈലൻറ് വാലി :- മഹാഭാരതകഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു സൈലന്റ് വാലിയുടെ ചരിത്രം.. സൈരന്ധ്രി (അജ്ഞാതവാസക്കാലത്തെ ദ്രൌപദിയുടെ പേര് ) വനം പിന്നീട് സൈലന്റ് വാലിയായതെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. സൈരന്ധ്രി വനത്തിൽ നിന്ന് കുതിച്ചൊഴുകുന്ന നദിയാവട്ടെ കുന്തിപ്പുഴ.
സൈലന്റ് വാലി നിത്യഹരിത മഴക്കാടിനുമപ്പുറം പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്. ജൈവവൈവിധ്യത്തിന്റെ അക്ഷയഖനിയാണ്. ഏതാണ്ടു് അഞ്ചുകോടി വർഷം മുമ്പ് രൂപപ്പെട്ടതാണെന്ന് ഭൌമ ശാസ്ത്രജ്ഞന്മാർ കരുതുന്നു.പത്തൊമ്പതാം നൂറ്റാണ്ടുവരെ അവിടെ മനുഷ്യ സാന്നിദ്ധ്യം ഉള്ളതായി അറിവില്ല. സൈലന്റ് വാലി മറ്റു വനമേഖലകളിൽ നിന്ന് വ്യത്യസ്തമായത് നിത്യഹരിതം എന്ന സവിശേഷതകൊണ്ടാണ്. അതിനു കാരണം സമുദ്രനിരപ്പിൽ നിന്ന് ആയിരം മീററർ ഉയരത്തിലുള്ള പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ്.
മണ്ണാർക്കാട്ടു നിന്ന് പതിനൊന്ന് ഹെയർ പിൻ വളവുകളുള്ള അട്ടപ്പാടി ചുരം കയറി മുക്കാലിയിലെത്തി ഇടത്തോട്ട് തിരിഞ്ഞ് അധികം ദൂരമല്ലാത്ത ദുർഘടമായ വഴിയിലൂടെ പോയാൽ സൈലന്റ് വാലിയിലെത്താം. പക്ഷെ വനം വകുപ്പിന്റെ സമ്മതം വാങ്ങണം. മാത്രമല്ല മുക്കാലി വരെ മാത്രമെ സ്വകാര്യ വാഹനങ്ങൾ അനുവദിക്കു അവിടുന്നങ്ങോട്ട് Eco Development Committee വക ജീപ്പിലാണ് യാത്ര
പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളായതിനാൽ ഇതര വനങ്ങളിൽ കാണാറുള്ള ചീവിട് തുടങ്ങിയ ജീവജാലങ്ങളുടെ ശബ്ദങ്ങൾ കേക്കാറില്ലാത്തതും സൈലന്റ് വാലി എന്ന പേർ വരാൻ കാരണമായി എന്നു പറയുന്നുണ്ടെങ്കിലും നാനാജാതി പക്ഷിപ്രാണികളാൽ ശബ്ദമുഖരിതമായിരുന്നു
.
ബഫർ സോൺ :- ഇനി ഇരുപതു കിലോമീറ്ററിലധികം നീളുന്ന അതിസുന്ദരവും വിജ്ഞാനപ്രദവുമായ വനത്തിന്റെ ഉൾക്കാടുകളായ കന്യാവനത്തിലേക്കാണ്ട് നാം എത്തിച്ചേരുക .സമുദ്രനിരപ്പിൽ നിന്ന് 658 മീറ്റർ മുതൽ 2384 മീററർ വരെ വ്യത്യാസപ്പെട്ടുകിടക്കുന്ന ഈ വനത്തിന് 70ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ടത്രെ.ബഫർ സോൺ മേഖലയോടു ചേർന്നു കിടക്കുന്ന പ്രകൃതി ഭംഗിയാൽവശ്യസുന്ദരമായ പാത്രക്കടവ് വെള്ളച്ചാട്ടം ലോക പ്രസിദ്ധമാണ്. ആ പേരും ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നത് പാഞ്ചാലിയുടെ അക്ഷയപാത്രത്തെ അനുസ്മരിപ്പിക്കുന്നതുകൊണ്ടാണ്
ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനനത്തിൽ ഒരു മൃഗത്തെപ്പോലും കാണാൻ കഴിഞ്ഞില്ല. പക്ഷെ അത്യപൂർവ്വ ഇനം സസ്യങ്ങളും ഔഷധവീര്യമുള്ള ചെടികളും ഇടതൂർന്നു വളരുന്ന കാടുകളും ഇന്ത്യയിൽ വേറെ എവിടെയുമില്ലെന്ന് കേട്ടപ്പോൾ ഞാൻ അതിശയിച്ചു പോയി.
വേങ്ങാച്ചോല എന്ന ഒരു പ്രത്യേകതരം മരം കണ്ടു. കടുവകൾ ഇരപിടിച്ചു കഴിയുമ്പോൾ നഖത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് കളയാനും ഇരപിടിക്കുമ്പോൾ നഖത്തിലും മറ്റുമുണ്ടാവുന്ന വ്രണങ്ങൾ ഉണക്കാനും ഇതിന്റെ നീരിന് കഴിയുമത്രെ. വൃക്ഷങ്ങളിൽ കടുവകൾ മാന്തിയ അടയാളങ്ങൾ കാണാം.
കാടിന്റെ ഉള്ളിൽ നിന്നും 13 കിലോമീറ്ററോളം ഒഴുകിയൊഴുകിയെത്തുന്ന കുന്തിപ്പുഴ സൈലൻറ് വാലിയുടെ ജീവാത്മാവും പരമാത്മാവുമാണ്. മഴക്കാടുകളെ രണ്ടു ഭാഗമായി പകുത്ത് മരങ്ങൾക്കിടയിലൂടെ പ്രവഹിക്കുന്ന കുന്തിപ്പുഴയുടെ അഭൌമ സൌന്ദര്യം വാക്കുകൾക്കതീതമാണ്.
അവിടെ നിന്ന് നോക്കിയാൽ വാച്ച് ടവർ കാ ണാം. ആ ദൃശ്യവും അതി മനോഹരമാണ്.
കാടിനെ എങ്ങിനെയാണ് വാക്കുകൾ കൊണ്ടു് വർണ്ണിക്കുക.. അനുഭവിച്ചറിയാനല്ലെ കഴിയൂ
അട്ടകളെ കാലിൽ നിന്നെടുത്തു മാറ്റുന്നതു മാത്രമാണ് വിഷമിപ്പിച്ച കാര്യം.
അർപ്പണബുദ്ധിയും ആദർശശുദ്ധിയുമുള്ള ഒരു പിടി മനുഷ്യരുടെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് സൈലന്റ് വാലി നശിക്കാതെ നില്ക്കുന്നത്.പ്രൊ: എം.കെ പ്രസാദ് പ്രൊ.. ജോൺ സി ജേക്കബ് ഡോക്ടർ സതീഷ് ചന്ദ്രൻനായർ സുഗതകുമാരി ഇന്ദിരാഗാന്ധി ഇവർക്കൊക്കെ നിർണ്ണായകമായ പങ്കാളിത്തം ഉണ്ടു് ഈ കാനന ഭൂമിയുടെ സംരക്ഷണത്തിൽ
തിരിച്ചു വരുമ്പോൾ.......
2007 ൽ സൈലന്റ് വാലി സന്ദർശിച്ച ഓർമ്മക്കായി യശഃശരീരനായ ഒ.എൻ.വി രചിച്ച വരികൾ അന്തരംഗത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു
" എന്നുമിവിടെ വരാനെനിക്കാവില്ല -
യെങ്കിലുമിത്താഴ്വരതൻ സ്മൃതിയുമായ്
യാത്രയാവുന്നു ഞാൻ! പോയ് വരട്ടെ ഭൂത-
ധാത്രിതൻ പൊന്മകളേ വിട നൽകുക "

No comments:

Post a Comment