Tuesday, March 29, 2016

മണമ്പൂര്‍



തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്കില്‍പ്പെടുന്ന പ്രകൃതിരമണീയമായ ശാന്തമായ എന്‍റെ ഗ്രാമമാണ് മണമ്പൂര്‍. സുബ്രഹ്മണ്യന്‍ തിരുമണം (വിവാഹം ) ആഘോഷിച്ച ഊരാണ് മണമ്പൂര്‍ ആയതെന്നു ഐതിഹ്യം.
പണ്ടുകാലം മുതല്‍ തന്നെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. കുടിപ്പള്ളിക്കൂടങ്ങളിലൂടെ അറിവ് പകര്‍ന്നു നല്‍കി നാടിനെ സമ്പന്നമാക്കുന്ന പ്രക്രിയ ഇവിടെ പണ്ട് മുതലേ നിലനിന്നിരുന്നു. ശ്രീനാരായണഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാന്‍ മണമ്പൂര്‍ വാഴാംകോട്ടു നടത്തിയിരുന്ന സംസ്കൃതപാഠശാല വളരെ പ്രസിദ്ധമായിരുന്നു. ഇവിടെ നിന്നുമായിരുന്നു മഹാകവി കുമാരനാശാന്‍ സംസ്കൃതം പഠിച്ചത്. ഈയൊരു സംസ്കൃതപാരമ്പര്യം നിലനിന്നതുകൊണ്ടാവും ധാരാളം വൈദ്യന്മാരും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു.
1943 ഇല്‍ തന്നെ ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ ഗ്രന്ഥശാല എന്ന സാംസ്കാരിക കേന്ദ്രം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ചുവര്പത്രങ്ങള്‍ ഉള്‍പ്പെടെ അക്ഷരങ്ങള്‍ നിറയുന്ന സംരംഭങ്ങള്‍ അന്നത്തെ തലമുറ ചെയ്തുപോന്നിരുന്നു. ഇവിടെ നിന്നും തുടങ്ങിയ കൈയെഴുത്തുമാസികയായ സംഗമമാണ്, 'ഇന്ന്' ഇന്‍ലാന്‍ഡ്‌ മാസികയായി മാറിയത്.
1981 ഡിസംബര്‍ മാസത്തില്‍ 'ഇന്ന്' എന്ന പേരില്‍ ആരംഭിച്ച ഇന്‍ലാന്‍ഡ്‌ മാസിക ഇന്നും അതിന്‍റെ യാത്ര തടസ്സങ്ങളില്ലാതെ തുടരുകയാണ്.കഴിഞ്ഞമേയ് മാസത്തില്‍ ഇതിന്‍റെ നാനൂറാംലക്കം പുറത്തിറങ്ങി.ഇത്രയും ലക്കങ്ങളില്‍ എത്തിച്ചേര്‍ന്ന ഒരു ഇന്‍ലാന്‍ഡ്‌ മാസിക ഈ ഭൂലോകത്തില്‍ത്തന്നെ വേറെയില്ല എന്നത് എന്‍റെ ഗ്രാമത്തിലെ ഓരോ വ്യക്തിക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു, അതിനാല്‍ തന്നെ അതിന്റ അമരക്കാരനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിനെ ഓര്‍ക്കാതിരിക്കാനും കഴിയില്ല.
മാറിവരുന്ന ജീവിതസാഹചര്യങ്ങളും തിരക്കുകളും മനുഷ്യനെ അക്ഷരങ്ങളുടെ ലോകത്തുനിന്നും കുറെയൊക്കെ അകറ്റുന്നുണ്ട്, പ്രത്യേകിച്ചും സ്ത്രീകളെ. വായനയ്ക്കും മറ്റും സമയം കണ്ടെത്താന്‍ ജോലിയുള്ള അമ്മമാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അവിടെയാണ് എന്‍റെ ഗ്രാമത്തിലെ 'നവകേരളം ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് അസോസിയേഷന്‍റെ' പ്രാധാന്യം. കേരളത്തില്‍ തന്നെ ഈ രീതിയില്‍ ഒരു സംസ്കാരികമുന്നേറ്റം നടത്തുന്ന ഒരു ഗ്രാമം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ വായനകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി എല്ലാ മാസവും രണ്ടാം ശനിയാഴ്ച സഹൃദയര്‍ ഒത്തുകൂടുന്നു.
വെറുതെ ഒരു ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്. പുതിയതും പഴയതുമായ രചനകള്‍ ഇവിടെ ചര്‍ച്ചചെയ്യപ്പെടുകയും വിലയിരുത്തുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, അവിടെ വരുന്നവരെല്ലാം വായിച്ചിട്ടാണ് വരുന്നത് എന്നതാണ്. ഓരോ തവണയും വായിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് പുസ്തകം എത്തിച്ചുകൊടുക്കയോ അവയുടെ കോപ്പികള്‍ കൊടുക്കുയോ ചെയ്യുന്നു. ധാരാളം സ്ത്രീകള്‍ ഇതില്പങ്കെടുക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഒട്ടുമിക്കവാറും വരുന്ന സാഹിത്യകാരന്മാരെ ഒക്കെ ഇവിടത്തെ പിന്‍തലമുറയ്ക്കും പരിചയമാണെന്നത് ഇന്നത്തെക്കാലത്ത് എടുത്തുപറയേണ്ട കാര്യമാണ്.
വളര്‍ന്നു വരുന്ന തലമുറയുടെ ചിന്താശക്തിയും ചിന്താരീതികളും രൂപപ്പെടുത്തിയെടുക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യം തന്നെയാണ്. ഇപ്പോള്‍ കുട്ടികളും ഇതിലേക്ക് ധാരാളമായി വന്നു പങ്കെടുക്കുന്നു എന്നത് അഭിമാനിക്കാന്‍ വക നല്കുന്നു. ചിത്രമെഴുത്ത്‌, സംഗീതക്ലാസുകള്‍, നൃത്തക്ലാസ്സുകള്‍ തുടങ്ങി നാടിന്‍റെ സാംസ്കാരികമായ ഉന്നതിക്ക് വേണ്ടുന്ന ധാരാളം സംരംഭങ്ങള്‍ മുടക്കമില്ലാതെ ഇന്നും ഇവിടെ തുടരുന്നു. കേരളത്തിലെ സംസ്കാരിക നായകന്മാര്‍ എം.ടി. ഉള്‍പ്പെടെ ധാരാളം പേര്‍ ഇവിടെയെത്തി, നേരില്‍ക്കാണാന്‍ സാധിച്ചിട്ടുണ്ട് ഈ ഗ്രാമവാസികള്‍ക്ക്‌.
വ്യക്തിവികാസത്തിലൂടെ കുടുംബവും സമൂഹവും ഉന്നതിയില്‍ എത്തുമെന്നതിനു ഉത്തമോദാഹരണമാണ് മണമ്പൂര്‍ എന്ന എന്‍റെ ഗ്രാമം.

No comments:

Post a Comment