Tuesday, March 29, 2016

നന്ദിത



അകാലത്തിൽ പൊലിഞ്ഞുപോയ താരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ കടന്നുവരുന്ന ഒരു മുഖമുണ്ട് ...
നിർമ്മലമായ, വിഷാദം ഒളിപ്പിച്ചു വച്ച ആ സുന്ദരമായ മുഖം ...
"നന്ദിത "....എന്ന നക്ഷത്രം !!
ഒരു നിഗൂഡത സമ്മാനിച്ചു അനന്തതയിൽ ലയിച്ചു ചേർന്ന അത്ഭുത പ്രതിഭ . മുഖപുസ്തകത്തിൽ വന്നശേഷം അവീചാരിതമായാണ് ഞാൻ ആ എഴുത്തുകൾ കണ്ടത് ...അകാംഷകൊണ്ട് കൂടുതൽ അന്നേഷണം തുടർന്നു .
ഓരോ വായനയും കഴിയുമ്പോൾ നന്ദിതയിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപ്പെട്ടു ...കാന്തം ഇരുമ്പിനെ ആകർഷിക്കുന്നപോലെ ,
ഞാൻ നന്ദിതയിലേക്ക് അലിഞ്ഞു ചേരുന്ന പോലെ .. .
അങ്ങനെ നന്ദിതയെ ക്കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞു .
1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മടക്കി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛൻ ശ്രീധര മേനോൻ , അമ്മ പ്രഭാവതി. ഇഗ്ലീഷിൽ M. A. യും B-Ed ഉം എടുത്തു. വയനാട്‌ മുട്ടിൽ WMO കോളേജ്-ൽ അധ്യാപികയായിരുന്നു. 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതമായി തുടരുന്നു .
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറച്ചു കവിതകൾ മാത്രം അവശേഷിപ്പിച്ചിരുന്നു. 
പക്ഷെ അതുപോലും മറ്റുള്ളവരിൽ നിന്നും രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. ...
അന്ന് രാത്രി മരണത്തിനു തൊട്ടു മുൻപ് -
കിടക്കാൻ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; “അമ്മേ ഒരു ഫോൺ വരും. ഞാൻ തന്നെ അറ്റന്റു ചെയ്തുകൊള്ളാം.” ആ ഫോൺ കാൾ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോഴേക്കും മുകളിലെമുറിയോട്‌ ചേർന്നുള്ള ടെറസ്സിൽ നിന്നു താഴെക്കു സാരിത്തുമ്പിൽ ആ ജീവൻ അവസാനിച്ചിരുന്നു !! 
എല്ലാവരും ഒന്നുമറിയാതെ ആ മരണം കണ്ടു നിന്നു ...എന്തിനെന്നറിയാതെ!അർത്ഥം അറിയാതെ കിടക്കുന്ന ഒട്ടേറെ താളുകൾ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകൾക്കും കടങ്കഥകൾക്കും ഉത്തരം നൽകാൻ പോന്ന കുറേ കവിതകൾ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകൾ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. എന്നാൽ 1993 മുതല്‍ 1999 വരെയുള്ള കവിതകൾ കണ്ടുകിട്ടേണ്ടതുണ്ടത്രെ .
"എന്റെ ജൻമദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്.....
ഇളം നീല വരകളുള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറി വരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കാൻ പോന്നവ
അന്ന്, തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന്, സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങി പോവുകയും ചെയ്യുന്നു.
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ, പഴയ പുസ്ക കെട്ടുകൾക്കിടയിൽ നിന്നു
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു!"
നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നിൽ 
പകച്ചുനിന്നുപോയ പെൺകുട്ടി ആയിരുന്നു ..
കണ്ടില്ലേ എത്ര വ്യക്തമായി നന്ദിത ചൂണ്ടി കാട്ടുന്നു .?അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ആശംസകലെക്കാൾ അവൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും മറ്റേതോ തൂലികയെ ആയിരുന്നു .കണ്ടെത്തിയപ്പോഴേക്കും അത് കേട്ടുപോയെന്നും വിലപിക്കുന്നു ..എങ്ങനെ ?ആ തൂലിക പിടിച്ച കരങ്ങൾ സ്വയം പിൻവലിച്ചതോ അതോ അതും മരണപ്പെട്ടു പോയിരുന്നിരിക്കുമോ ?നമ്മുടെ സംശയങ്ങല്ക്ക് മറുപടി തരാൻ നന്ദിതയില്ലല്ലോ ... 


"കനലുകൾക്ക് പുറത്ത് മനസ്സ് നൃത്തം വെക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു
നിശ്ചലമാകുന്നു
വീണ്ടും മൗനം ബാക്കി.
ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീരുകൊണ്ട് കഴുകി
ചുണ്ടുകൾ കൊണ്ട് ഒപ്പുന്നതാര്
യോഹന്നാന്റെ ശിരസ്സിനു വേണ്ടി ഉറഞ്ഞു തുള്ളുന്നതും
അവളല്ലയോ? 
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പിക്കുന്നു
കല്കിക്ക് ശേഷം
ഇനിയാരെന്നറിയാതെ കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം ആരുടെയും ഉറക്കം കെടുത്താതെ
ഇനി ദൈവപുത്രനുമെത്തുന്നതോർത്ത്
സ്വപ്നങ്ങളെന്നെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമയുമായി
വേനലുകളുടെയും വർഷങ്ങളുടെയും കണക്കെടുക്കാതെ
ഇനിയെത്തുന്നത് ദൈവപുത്രനാവുമെന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം"
അങ്ങനെ കാത്തിരിക്കാനും നന്ദിത നിന്നില്ലല്ലോ ...ഒരു പ്രഹേളികയായി 
എങ്ങോ മാഞ്ഞുപോയല്ലോ .
കരിന്തിരി കത്തി കെട്ടുപോയ ഒരു കാർത്തിക വിളക്കായിരുന്നു അവൾ . 
എന്നാലും എന്തിനാകും നന്ദിത ആത്മഹത്യ ചെയ്തത്.. ഇത്രയും തീക്ഷ്ണമായ വിരഹം ഉള്ളിൽ നിറയാൻ എന്താകും കാരണം.?. ഒരുപക്ഷെ ആത്മഹത്യാ പ്രവണത തോന്നിപ്പിക്കുന്ന വിഷാദ രോഗത്തിന് ഇരയായിരുന്നുവോ അവൾ ?ആരെയോ അവൾ പ്രണയിച്ചിരുന്നു എന്ന് അവളുടെയാ ഡയറി കുറിപ്പുകളിലൂടെ നമുക്ക് മനസ്സിലാകുന്നു ..എങ്കിൽ അതാരായിരുന്നു ?...അവളുടെ മരണത്തിലൂടെ അത് ആരോരുമറിയാതെ മാഞ്ഞുപോയി ..ഉറ്റ കൂട്ടുകാരികൾക്കോ ബന്ധുക്കൾക്കോ അറിയാൻ കഴിയാതെപോയ ആ വ്യക്തി ആരായിരുന്നു ?ഒരു പക്ഷെ അതവളുടെ മാത്രം തോന്നലുകൾ ആയിരുന്നുവോ ?ആവാം .
കണ്ടു കൊതിതീരും മുമ്പേ , ജീവിച്ചു കൊതിതീരും മുമ്പേ,
കണ്ണുനീരിന്റെ നനവും,ചിരിയുടെ നൈർമ്മല്ല്യവും ,നമ്മിലർപ്പിച്ചു ,കടന്നുപോയവൾ !ഇതാ നന്ദിത എന്നെ നോക്കി പുഞ്ചിരിക്കുന്നു .....നിഗൂഡമായ പൊള്ളുന്ന ചിരി ....!
മരണത്തെ വരിച്ചു ഇരുട്ടിന്റെ തേരിലേറിപോയ നന്ദിതയുടെ ആത്മാവിന് മുന്നിൽ പകച്ചു നിൽക്കാനേ എനിക്കും നിങ്ങൾക്കും കഴിയു .
അതെ, നന്ദിത ! അകാലത്തിൽ എരിഞ്ഞു തീർന്നൊരു നക്ഷത്രം !!

No comments:

Post a Comment