Thursday, March 24, 2016

പൂക്കൃഷി--- വിനോദവും വിപണനവും


ഗ്ളാഡ്ര്യോലസ് വസന്തം ............
വിപണത്തിനായി കേരളത്തിന് പുറത്ത് നിന്ന് വരുത്തുന്ന പൂക്കളുടെ വിത്തുകളും ,കിഴങ്ങുകളും പരീക്ഷണാര്‍ത്ഥം രണ്ടുമൂന്നെണ്ണം മണ്ണില്‍ കുഴിച്ചിടുന്ന ശീലമുണ്ടെനിക്ക്. പലപ്പോഴും ചെടികളുടെ ആവാസ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന കുസൃതി. ചിലപ്പോഴൊക്കെ ഫലം കണ്ടിട്ടുണ്ട് .വിടര്‍ന്ന് സൗരഭം പൊഴിക്കുന്ന പൂക്കളുടെ രൂപത്തില്‍. അങ്ങനെയാണ് വ്യാപാര പ്രതിസന്ധി നേരിട്ട് തളര്‍ന്ന് കിടന്നിരുന്ന ഗ്ളാഡ്ര്യോലസ്( Gladiolus) കിഴങ്ങുകള്‍ക്ക് എന്റെ പൂന്തോട്ടത്തിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്.
ഞാനതിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ശേഖരിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നല്ല ചൂടുളള സ്ഥലങ്ങളിലെല്ലാം ഈ പൂക്കൃഷി വ്യാപകമായി ചെയ്യാം. നനവ് അധികം കെട്ടിനില്‍ക്കാത്ത നല്ല സൂര്യപ്രകാശം കിട്ടുന്ന മണ്ണിലാണ് കിഴങ്ങുകള്‍ നടേണ്ടത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ നടീല്‍ ആരംഭിക്കാം. മണ്ണ് കിളച്ച് മയപ്പെടുത്തി ചാണകപ്പൊടിയും ചാരവും ചേര്‍ത്ത് 2 inch കനത്തില്‍ പൊക്കി വാരം കോരണം. ഏകദേശം 6'' താഴ്ത്തി അകലത്തില്‍ കുഴി എടുത്ത് സുഡോമോണസ് ലായനിയില്‍ മുക്കിയ കിഴങ്ങ് ഇറക്കിവച്ച് മണ്ണിട്ട് മൂടാം.
മഴകിട്ടാത്ത സമയമായതുകൊണ്ട് ദിവസവും നന ആവശ്യമായ് വരും. വെളളം തടത്തില്‍ കെട്ടിനില്‍ക്കാനും അനുവദിക്കരുത്.
കിഴങ്ങ് പാകി മൂന്നാഴ്ചയ്ക്കുളളീല്‍ മുള വന്ന് തുടങ്ങും. ഒറ്റത്തണ്ടായ് വളരുന്ന ചെടിയില്‍ ഇലകള്‍ വിശറിപോലെ ഇരുവശത്തേയ്ക്കും വിടരും. ഒരു ശരാശരി ഗ്ളാഡ്ര്യോലസ് ചെടി നാലടിയോളം നീളം വയ്ക്കും. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇടയ്ക്ക് കള പറിച്ച് കളഞ്ഞ് ചാണകവെളളം കലക്കി ഒഴിച്ച് കൊടുക്കണം. കിഴങ്ങ് നട്ട് കഴിഞ്ഞാല്‍ 4 മാസത്തിനുളളില്‍ പൂക്കള്‍ ഉണ്ടാകാന്‍ തുടങ്ങും. നിറങ്ങളില്‍ വൈവിധ്യത്തോടെ കാണുന്ന ഗ്ളാഡ്ര്യോലസ് പുഷ്പങ്ങള്‍ക്ക് ഗന്ധമില്ല. പൂക്കള്‍ കട്ട് ഫ്ളവര്‍ ആയാണ് ഉപയോഗിക്കുന്നത്. ബൊക്കെ അലങ്കാരത്തിലെ പ്രിയതാരമായി വളര്‍ന്നു വരുന്ന പുഷ്പ്പമാണ് ഗ്ളാഡ്ര്യോലസ് . വിവിധ നിറങ്ങളില്‍ പൂക്കളുണ്ടെങ്കിലും വെളള പൂവിനാണ് കൂടുതല്‍ ആവശ്യക്കാര്‍. സീസണില്‍ 15 രൂപ മുതല്‍ 18 രൂപ വരെ ഒരു പൂവിന് വില കിട്ടും. നമ്മുടെ അടുത്തുളള പൂക്കടകളില്‍ ലോക്കല്‍ ആയി വില്‍ക്കുന്നതാണ് ലാഭകരം.
വിളവെടുത്ത് കഴിഞ്ഞാല്‍ ചെടിയെ അങ്ങനെ തന്നെ നിലനിര്‍ത്തണം. കുറെ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇലകള്‍ ഉണങ്ങി ചെടികള്‍ താഴെ വീഴാന്‍ തുടങ്ങും. ഈ അവസരത്തില്‍ മണ്ണിളക്കി കിഴങ്ങ് പുറത്തെടുക്കാം. ഒന്നോ രണ്ടോ ദിവസം പുറത്തിട്ട് കിഴങ്ങില്‍ വെളളമയം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ചാക്കില്‍ കെട്ടി സൂക്ഷിച്ചാല്‍ അടുത്ത കൃഷിയ്ക്കുളള വിത്ത് ശേഖരണവുമായി.
ഗ്ളാഡ്ര്യോലസ് കൃഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശക്തമായ മഴയാണ്. അതുകൊണ്ട് തന്നെയാണ് മഴയൊഴിഞ്ഞ സെപ്റ്റംബര്‍ മാസം വിത്ത് നടാന്‍ ഉത്തമം. പൂവിടുന്ന സമയത്ത് ഭാരം കൊണ്ട് ചെടി വീണുപോകാന്‍ സാധ്യത ഉണ്ട്. ആ സമയത്ത് മണ്ണിട്ട് തടം ഉയര്‍ത്തി കൊടുക്കുകയോ കല്ലുകള്‍ വച്ച് തട കൊടുക്കുകയോ ചെയ്താല്‍ മതി. ഇലയ്ക്ക് മഞ്ഞളിപ്പ് കണ്ടാല്‍ ബാവസ്റ്റിന്‍ എന്ന കുമിള്‍നാശിനി വെളളം ചേര്‍ത്ത് തളിച്ചാല്‍ മതിയാകും.
ഗ്ളാഡ്ര്യോലസ് കൃഷി വലിയ മുതല്‍ മുടക്കില്ലാതെ ആയാസരഹിതമായി നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചെയ്യാവുന്ന ഒന്നാണ്. അധികം വിസ്തീര്‍ണ്ണത്തില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ കൈ നിറയെ പണവും ഉറപ്പ്. Sword lily എന്നറിയപ്പെടുന്ന ഈ പൂക്കള്‍ നിങ്ങളുടെ പൂന്തോട്ടത്തെയും അലങ്കരിക്കട്ടെ........ 

No comments:

Post a Comment