Saturday, April 2, 2016

മലയാളത്തിന്റെ സ്വന്തം ശിവകാമി - സ്മിത പാട്ടീല്‍.



1970-80 കാലഘട്ടത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിറ സാന്നിധ്യമായിരുന്നു സ്മിത പാട്ടില്‍. മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്‍റെയും സാമൂഹ്യ പ്രവര്‍ത്തക വിദ്യാതായ് പാട്ടീലിന്റെയും മകളായി 1955 ഒക്ടോബര്‍ 17 നായിരുന്നു സ്മിതയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്മിത അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍റെ പരിപാടികളില്‍ പങ്കെടുത്തും അവതാരകയായും സ്മിത ആസ്വാദകരുടെ മനം കീഴടക്കി തുടങ്ങി. ഇതിനിടയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടിയ സ്മിത പിന്നീട് ശ്യാം ബെനേഗലിന്റെ ചരണ്ദാസ് ചോര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് കടന്നു വന്നു. അഭിനയം കൂടാതെ സ്ത്രീ പുരോഗമന സംഘടനകളിലും മറ്റു സന്നദ്ധ സംഘടനകളിലും സ്മിത സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഭാരതീയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയും മുംബൈ വിമന്‍സ് സെന്‍ററിന്റെ മെമ്പറുമായിരുന്നു സ്മിതാ പാട്ടീല്‍. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ സ്മിത സ്ഥിരോത്സാഹം കാണിച്ചിരുന്നു.

സമാന്തര കഥാപാത്രങ്ങളുടെ വ്യവസ്ഥാപിതമായ ഒരു മുഖമായിരുന്നില്ല സ്മിതയുടെ കഥാപാത്രങ്ങള്‍ക്ക്. മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം സ്ത്രീകളുടെ യാതനകളുടെയും വേദനകളുടെയും ചെറുത്തു നില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും മുഖഭാവങ്ങളായിരുന്നു സ്മിതാ പാട്ടില്‍ തന്‍റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിലേക്കു എത്തിച്ചിരുന്നത്. തേച്ചുമിനുക്കിയ മുഖങ്ങള്‍ക്കും കണ്ടു മടുത്ത അഴകുകള്‍ക്കുമപ്പുറം സ്ത്രീ സഹനത്തിന്‍റെയും ശക്തിയുടെയും വ്യത്യസ്തമായ മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. സ്ത്രീ അബലയാണെന്നും പുരുഷന്‍റെ ആജ്ഞാനുവര്‍ത്തിയായി അടുക്കളയിലെ പുകമറയ്ക്കുള്ളില്‍ കഴിയേണ്ടവളാണെന്നുമുള്ള മിഥ്യാധാരണയില്‍ ജീവിച്ചിരുന്ന ഒരു വലിയ വിഭാഗം സ്ത്രീ സമൂഹത്തെ വിളിച്ചുണര്‍ത്തി. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്‍റെ കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിനു സ്മിത നല്‍കിയ സംഭാവന. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും പങ്കില്ലായ്മയും ലൈംഗികതയും സ്ത്രീകള്‍ അനുഭവിക്കുന്ന ആശങ്കകളും ചൂഷണങ്ങളും തന്‍റെ കഥാപാത്രങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ മുന്നിലെത്തിച്ചു. യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു സ്മിത സിനിമയിലൂടെ നടത്തിയിരുന്നത്. പെണ്ണിന്‍റെ കരുത്തിനും കാമനകള്‍ക്കും ജീവിതത്തിന്‍റെ യഥാര്‍ത്ഥ വര്‍ണ്ണങ്ങള്‍ ചാലിച്ച് പകര്‍ന്നാടിയപ്പോള്‍ സ്മിതാ പാട്ടില്‍ അഭ്രപാളിയിലെ ഒരു വേറിട്ട നക്ഷത്രമായി മാറുകയായിരുന്നു.

ഒട്ടേറെ അവസരങ്ങള്‍ സ്മിതയെ തേടിയെത്തിയെങ്കിലും കലാമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചു സമാന്തര സിനിമകളില്‍ മാത്രമായി സ്മിത പാട്ടില്‍ തന്റെ അഭിനയം പരിമിതപ്പെടുത്തി. ഗോവിന്ദ് നിഹലാനി, ശ്യാം ബെനെഗല്‍, മൃണാള്‍ സെന്‍, സത്യജിത്ത് റായ്, രമേഷ് സിപ്പി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ സ്മിതാ പാട്ടില്‍ തന്‍റെ അഭിനയ മികവു തെളിയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ സിനിമയുടെ രാജ്ഞി എന്നും സ്മിതയെ വിശേഷിപ്പിക്കുന്നുണ്ട്. 1977 ല്‍ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

ഭൂമിക, നിഷാന്ത്, ഹാദ്സ, നമക് ഹലാല്‍, ചക്ര, ജെയ്ത് റെ ജെയ്ത്, ഉമ്പര്‍ത്ത, ബാസാര്‍, ആജ്കി ആവാസ്, അര്‍ത്, മന്ദി തുടങ്ങി, സ്മിതയെന്ന അഭിനേത്രിയുടെ കഴിവിന്‍റെ മാറ്റുരച്ച നിരവധി ചിത്രങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്‌ . ഏതാണ്ട് പതിനൊന്നു വര്‍ഷത്തോളം മാത്രം നീണ്ടുനിന്ന അഭിനയ കാലത്ത് എഴുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മറാത്തി, പഞ്ചാബി, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച സ്മിത മലയാള സിനിമയിലും കൈയ്യൊപ്പ് പതിപ്പിക്കാന്‍ മറന്നില്ല . 1985 ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡും കേരള സര്‍ക്കാരിന്‍റെ അഞ്ചു ഫിലിം അവാര്‍ഡുകളും നേടിയ പ്രശസത സംവിധായകന്‍ ജി. അരവിന്ദന്‍റെ "ചിദംബര" ത്തിലെ ശിവകാമിയെ മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.

സിനിമാലോകത്തിനും , സ്ത്രീ ശാക്തീകരണ സംഘടനകൾക്കും മറ്റു സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്രമായ സംഭാവനകള്‍ നല്‍കിയ സ്മിതാ പാട്ടീലിനെ 1985 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന രാജ് ബബ്ബാര്‍ ആയിരുന്നു സ്മിതയുടെ ജീവിത പങ്കാളി. സിനിമാ സാമൂഹ്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സ്മിതാ പാട്ടീലിന്‍റെ ദാമ്പത്യജീവിതം പക്ഷെ പരാജയമായിരുന്നു എന്നറിയുന്നു. 1986 ല്‍ ഒരു പുത്രന് ജന്മം നല്‍കി, പ്രസവ സംബന്ധമായുണ്ടായ ആരോഗ്യ പ്രശ്നങ്ങളാല്‍ സ്മിതാ പാട്ടില്‍ നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി. അവര്‍ അഭിനയിച്ച പത്തോളം ചിത്രങ്ങള്‍ അവരുടെ മരണ ശേഷമാണ് റിലീസ് ചെയ്തത്. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു എങ്കിലും തിളക്കമേറിയ ധ്രുവ നക്ഷത്രമായി ജനഹൃദയങ്ങളില്‍ മിന്നിത്തിളങ്ങുന്നുണ്ടിപ്പോഴും... നമ്മുടെയും ശിവകാമി

No comments:

Post a Comment