Saturday, April 2, 2016

എന്‍റെ ഗ്രാമംബാങ്കിലെ ജോലിക്ക് വിദേശത്തേക്ക് ഒരു സ്ഥലം മാറ്റം തികച്ചും അപ്രതീക്ഷിതം ആയിരുന്നു..
വേറേ വഴി ഒന്നും ഇല്ലാത്തോണ്ട് മണലാരണ്യത്തിലേക്ക് ഒരു കൂട് മാറ്റത്തിന് തയ്യാറായി ഉണ്ണിയേട്ടൻ വിമാനം കയറി...'
കുട്ടികൾക്ക് വേനലവധി വരുമ്പോൾ ഒരു വിദേശ യാത്ര അന്നേ സ്വപ്നം കണ്ട് തുടങിയതാ....
സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫ്ലൈറ്റ് ഇറങ്ങിയിട്ട് ഇപ്പൊ ഒരാഴ്ച ആയി...
രാവിലെ കുട്ടികൾ ഉണരും മുൻപ് ഒരു കപ്പ് കാപ്പിക്കൊപ്പം ജനലിലൂടെ കാണുന്ന അറേബ്യൻ കാഴ്ചകൾക്കൊപ്പമാണ് ചിന്തകളുടെ കടിഞ്ഞാൺ അഴിച്ചു വിടുന്നത്..
വരണ്ട മൊട്ട കുന്നുകൾക്ക് മീതെ സൂര്യന്റെ താണ്ഡവം തുടങ്ങി കഴിഞ്ഞിരിക്കുന്നു..
ഇപ്പോ ഇന്നിവിടെ ഇരിക്കുമ്പോ എനിക്ക് മനസ്സിലാവുന്നു ഞാൻ പുച്ഛിച്ചു തള്ളാറുള്ള ഉണ്ണിയേട്ടന്റെ നൊസ്റ്റാൽ ജിയ...പുള്ളി എപ്പോഴുo പറയാറുള്ള അയ്യപ്പൻ കാവും ആൽതറയും കുറുമാലി പുഴയും എല്ലാം ചേർന്ന എന്റെ ഗ്രാമം...
അവിടെ വീടിന്റെ ബാൽക്കണിയിൽ ഇരുന്നാൽ കാണുന്നത് ഇത്തിരി കുഞ്ഞൻ കോക്കാൻ കുന്നാണ്.. പാറമട ലോബി മാറു തുരന്നിട്ടും പച്ചപ്പിനൊട്ടും കുറവില്ലാത്ത കുന്നിന്റെ മുകളിൽ മഴ പെയ്യുന്നത് കാണാൻ തന്നെ വല്ലാത്ത ഒരു ചന്തമുണ്ട് ചെവിയിൽ മുഴങ്ങുന്ന പാട്ടിനൊപ്പം ഞാൻ ലയിച്ചിരുന്ന് ആസ്വദിക്കുന്ന ചന്തം...
വൈകീട്ട് വീട്ടിൽ കിടക്കുന്ന ട്രെഡ് മില്ലിനെ തീർത്തും അവഗണിച്ച് കൊണ്ട് ഞാൻ സൈക്കിൾ എടുത്ത് ഇറങ്ങും.. പാടം മുറിച്ച് കടക്കാൻ ഇത്തിരി പാടാണെങ്കിലും തേവരുടെ അമ്പലത്തിനു മുന്നിലെ ഇടവഴിയാ നല്ലത്.. ക്ഷീണിക്കുമ്പോ അമ്പലത്തിന് പിന്നിൽ തെളിഞ്ഞൊഴുകുന്ന കുറുമാലി പുഴയുടെ പടവിലാ വിശ്രമം.. കാറ്റിന്റേയും കിളികളുടേയും പാട്ടല്ലാതെ ഒരു ശബ്ദം വേറേ കേൾക്കുലാ... അപ്പുറത്തെ പറമ്പിൽ എന്നെ മൈന്റ് ചെയ്യാതെ കുണുങ്ങി നടക്കുന്ന മയിൽ അല്ലാതെ ഒരു അനക്കവും കാണൂലാ...
അമ്പലത്തിൽ ഭക്തി ഗാനം വെക്കുമ്പോളേ പിന്നെ സ്ഥലകാല ബോധം വരൂ.. നേരം ഇരുട്ടി തുടങ്ങി കാണും. അമ്മക്ക് അത്ര പിടുത്തം ഇല്യാ എന്റെ ഈ ശീലം.. ഒറ്റക്ക് അന്തിക്ക് പുഴയോരത്ത് പോയി ഇരിക്കണ്ട ഒരോ സഞ്ചാരങ്ങൾ ഉള്ള സ്ഥലാന്ന് താക്കീത്...
ഞാൻ കണ്ടിട്ടില്യാ ഈ പറഞ്ഞ ഒരു സഞ്ചാരിയേയും...
ഗ്രാമം എന്നു വെച്ചാൽ നാടു മാത്രല്ല നാട്ടുകാരും കൂടിയാ...
വൈകിട്ടു കുട്ടികൾക്ക് വേണ്ടി വിട്ടു കൊടുക്കുന്ന സീരിയലിന്റെ പകൽ പീഡനം കാണാൻ മുടങ്ങാതെ എത്തും കാർത്തു ചേച്ചി'.. അച്ചമേമടെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് പിളേളര് കളിയാക്കി വിളിക്കൽ..പിന്നീട് അങ്ങോട്ട് അകായീല് ചുരുളഴിയുന്നത് സിരിയലിനെ വെല്ലുന്ന നാട്ടുകഥകൾ...
ഇവിടെ അപ്പുറത്താര് എന്ന് ഊഹിക്കാൻ പറ്റാത്ത ഫ്ലാറ്റ് ജീവിതത്തിലാ കാർത്തു ചേച്ചീടെ സന്ദർശനത്തിന്റെ വില അറിയുന്നത്...
ഇലക്ഷൻ കാലം തുടങ്ങുന്നതോടെ മണിചിത്രത്താഴിൽ പപ്പു ചേട്ടൻ വെള്ളം ചവിട്ടാതെ നടക്കുന്ന പോലെ ചാടി ചാടി വേണം റോഡിലൂടെ നടക്കാൻ... ചവിട്ടുന്നത് ഇന്നത്തെ മന്ത്രിയുടേയോ നാളത്തെ MLA യു ടേയോ മോന്ത ക്കിട്ടാണോ എന്ന് അറിയില്ലാലോ I?..
പിള്ളേര് സൊറ പറഞ്ഞിരിക്കുന്ന കലുങ്കിനു പേര് സുബ്രമണ്യപുരം എന്നാണ്.. അവിടം പതിച്ചു കിട്ടാൻ കമ്മി കളും സംഘികളും തമ്മിലടി പതിവാ...
പൂരം പോലും അവിടെ ഇപ്പോ കൊടി നിറത്തിലാ.. കാവിക്കാരുടെ കാവടി സെറ്റിനെ തോൽപിക്കാൻ ചുവപ്പൻ കാവടി പട...
അതിന് മുൻപേ തുടങ്ങും ഫ്ലെക് സിന് മുകളിൽ മുട്ടൻ വാചക കസർത്ത് കൊണ്ട് യുദ്ധം...
പക്ഷെ ഇതൊക്കെ കഴിഞ്ഞാൽ കാണാം സഖാക്കളും കാവിക്കാരും ഒരു കുടക്കീഴിൽ പാമ്പായി നടക്കുന്നത്.... രസം അതല്ല ഇവൻമാർ എല്ലാം ഒന്നിച്ച് ചേർന്ന് ടിസ്റ്റടിക്കുന്നത് പള്ളി പെരുന്നാളിന് അമ്പ് എഴുന്നള്ളിക്കുന്ന ബാന്റ് മേളത്തിന്...
ജാതീം മതവും തോറ്റു പോകുന്ന നാട്ടിൻ പുറത്തെ നന്മ....
നാട്ടിലാർക്കും എന്തു പ്രശ്നത്തിനും മുണ്ടും മടക്കി കുത്തി ഓടി എത്തുന്ന ചുണക്കുട്ടൻ മാരുടെ വില ഇവിടെ ഈ മുഖമറിയാത്തവരുടെ ലോകത്ത് മനസ്സിലാക്കാൻ പറ്റും...
അങ്ങനെ പലതും മനസ്സിലാക്കാൻ അമ്മയുടെ മാറ് പോലെ വാത്സല്യം തന്നിരുന്ന ആ ഗ്രാമത്തിന് സംരക്ഷണം വിട്ട് ഇങ് ഏഴു കടല് താണ്ടി പോരേണ്ടി വന്നു...
മരുഭൂമിയിരുന്ന് വേലയുടെ വെടിക്കെട്ട് ഫോണിലൂടെ കേട്ടറിഞ രഞ്ചുന്റെ സ്വരത്തിൽ അന്ന് മുഴുവൻ നിറഞ്ഞു നിന്ന നഷ്ടബോധം....
ജന്മനാ കിട്ടിയ കലാബോധം ജീവിക്കാനുള്ള പരക്കം പാച്ചിലിൽ നഷ്ടപ്പെടുത്താതെ ദുബായ് മലയാളി സദസ്സിൽ നാടകം കളിച്ച് കൈയടി വാങ്ങുന്ന സുബൂന്റെ കഷ്ടപ്പാട്...
സവാരിക്കിടയിൽ ഞാൻ എടുത്ത് പോസ്റ്റുന്ന പച്ചപ്പിന്റെ ചിത്രങ്ങൾ കണ്ട് ഓസ്ട്രേലിയയിൽ ഇരുന്ന് പല്ലുകടിക്കുന്ന സ്മൈലി അയക്കുന്ന സ്വപ്നയുടെ അമർഷം കലർന്ന സങ്കടം...
ഭൂമാഫിയ തമ്പുരാക്കൻമാരുടെ കൈയിൽ പെടാതെ ഏഴഴകുള്ള,, കന്നി മണ്ണിൻ ഗന്ധമുള്ള ഒരു കിടാത്തി പെണ്ണായി എന്റെ ഗ്രാമം കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഇതിനി എത്ര കാലം എന്നറിഞ്ഞൂടാ..
പക്ഷെ ഒന്നുറപ്പാ..
ഈ ഒരു മാസം കഴിഞ്ഞാൽ ഞാൻ തിരികേ പോകുന്നത് പെറ്റമ്മയുടെ മാത്രം അല്ല പോറ്റമ്മയായ എന്റെ ഗ്രാമത്തിന്റെ കൂടി മടിത്തട്ടിലേക്കായിരിക്കും.....
കോളിംഗ് ബെൽ ശബ്ദിക്കുന്നു,, കുടി വെള്ളം കൊണ്ടു വരുന്ന ആൾക്ക് രണ്ട് റിയാൽ കൊടുക്കാൻ പറഞ്ഞിരുന്നു...
കിണറും വെള്ളവും മഴയും തണലും പുഴയും കുന്നും ഉള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലൊരു ഗ്രാമം സ്വന്തമായിട്ട് ഉള്ളപ്പോ നമമളിൽ എത്ര പേർക്കറിയും അതിന്റ വില....

No comments:

Post a Comment